ഒരിത്തിപ്പോരം സ്ത്രീ വിരുദ്ധത അഥവാ എല്ലാവർക്കും കൊതുകുദിനാശംസകൾ

231

Manoj Vellanad എഴുതുന്നു 

ഒരിത്തിപ്പോരം സ്ത്രീ വിരുദ്ധത 🙅🏃

SHE has zero potential എന്നൊരു സംഗതി പണ്ട് +2 കെമിസ്ട്രി പുസ്തകത്തിലുണ്ടായിരുന്നു. സ്ത്രീകൾക്ക് പൊട്ടൻഷ്യലില്ലാന്ന് ഇങ്ങനെ പബ്ലിക്കായി പറയുന്നതിനെതിരേ രസതന്ത്രജ്ഞരായ പെണ്ണുങ്ങൾ പണ്ട് പ്രതിഷേധിച്ചിരുന്നതായി SHE യുടെ രസതന്ത്രം പഠിപ്പിച്ച ‘സാർ’ പറയുകയും ചെയ്തു. പക്ഷെ, എന്തു ചെയ്യാം അതൊരു ശാസ്ത്രസത്യമായിരുന്നു, SHE (Standard Hydrogen Electrode) has zero potential at any temperature എന്നത് (Theoretically)

Manoj Vellanad

ഇങ്ങനെ മതങ്ങളെക്കണക്ക് ശാസ്ത്രവും ചിലപ്പോഴെങ്കിലും സ്ത്രീവിരുദ്ധമാകാറുണ്ട്. പക്ഷേ, ശാസ്ത്രമായതുകൊണ്ടുതന്നെ അതിനെ കേവലമായ ഫെമിനിസ്റ്റ് ഫിലോസഫികൾ കൊണ്ട് നേരിടാനോ എതിരിട്ട് തോൽപ്പിക്കാനോ കഴിയില്ല. ലോകചരിത്രത്തിൽ ആരോഗ്യമേഖലയുടെ സംതുലിതാവസ്ഥയെ തകർക്കാൻ ചില സ്ത്രീകൾ ചെയ്തിട്ടുള്ളിടത്തോളം ക്രൂരത മറ്റാരും ചെയ്തിട്ടുണ്ടാകില്ല. ലോക മഹായുദ്ധങ്ങളിൽ മരിച്ചവരേക്കാളധികം പേർ ഈ പെൺപിറന്നവരുടെ ചെയ്തികളിൽ മരിച്ചിട്ടുണ്ടെന്നാണ് ‘ഹിസ്’റ്ററി.

ഇത്രയും സ്ത്രീവിരുദ്ധമായി രാവിലെ തന്നെ സംസാരിക്കുന്നതിന് കാരണമുണ്ട്. ഇന്ന് ലോക കൊതുകുദിനമാണ്. പെൺകൊതുകുകൾ കടിക്കുന്നത് കാരണമാണ് മലമ്പനിയെന്ന (Malaria) മാരകരോഗം പടരുന്നതെന്ന് സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണേലാ തിരുമേനീ.. സോറി, കണ്ടെത്തിയ ആ ദിവസമാണ് ഇന്ന്. ആഗസ്റ്റ് 20. ഓന് അതിന്റെ പേരില് നോബൽ സമ്മാനമൊക്കെ കിട്ടിയിനി, 1902-ൽ.

എന്തായാലും കൊതുകുപെണ്ണുങ്ങളുടെ ക്രൂരമുഖം അതോടെ ലോകമറിഞ്ഞു. എല്ലാ കൊതുകുജന്യരോഗങ്ങളും പെണ്ണുങ്ങളാണ് പരത്തുന്നതെന്ന് ശാസ്ത്രം കണ്ടെത്തി. കാരണം, അവരാണ് രക്തദാഹികൾ. ധാരാളം മുട്ടയിട്ട് സന്തതിപരമ്പരകൾ നിലനിർത്താൻ അവർക്കത് വേണം. എന്നിട്ടോ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, ജപ്പാൻ ജ്വരം, മഞ്ഞപ്പനി, മന്ത്, സിക്ക വൈറൽ പനി തുടങ്ങി എന്തോരം പ്രശ്നങ്ങളാണിവർ ഉണ്ടാക്കുന്നതല്ലേ. ചുമ്മാതല്ല, പാട്ടും പാടി വരുന്നത് കാണുമ്പൊഴേ ആൾക്കാർക്ക് ദേഷ്യം വരുന്നത്.

ഈ സമയങ്ങളിൽ ശുദ്ധരിൽ ശുദ്ധരായ കൊതുകാണുങ്ങൾ എന്തു ചെയ്യുകയാവും? അവർ പഴച്ചാറുകളും ഇലച്ചാറുകളുമൊക്കെ വാറ്റി വൈകുന്നേരങ്ങൾ ആഘോഷിച്ചു വല്ല ഓടയിലോ പൊത്തിലോ പോയി നിശല്യരായി കഴിയും. ‘സ്വന്തം സമാധാനം, പിന്നെ ലോകത്തിനും സമാധാനം’ എന്നതാണ് അവരുടെ മോട്ടോ.

സ്ത്രീപക്ഷം:
1. ലിംഗം ഒരു സോഷ്യൽ കൺസ്ട്രക്റ്റ് ആണെന്നും കൊതുകുകളിൽ സ്ത്രീയും പുരുഷനും ഇല്ല എന്നുമാണത്. പുരുഷാധിപത്യസമൂഹം, രോഗം പരത്തുന്ന കൊതുകിനെ സ്ത്രീയായി മുദ്ര കുത്തിയിരിക്കുകയാണ്. പുരുഷ നിയന്ത്രിതമായ ശാസ്ത്രം ഹിംസാത്മകമാണ് എന്നതിനുള്ള തെളിവാണ് ഇത്.
2. സ്ത്രീകളെ മർദ്ദിക്കാനും രക്തം കുടിച്ചു എന്ന നിസാരകാരണം ചൂണ്ടിക്കാട്ടി തലാക്ക്, സോറി തല്ലിക്കൊല്ലാനുമുള്ള ആളുങ്ങളുടെ സൈക്കളോടിക്കൽ മൂവ്.
3. ജാതിലിംഗമതരാഷ്ട്രീയഭേദമന്യേ എല്ലാ മനുഷ്യന്മാരെയും ഒരുപോലെ കാണുന്ന, എല്ലാവരുടെയും രക്തമൊന്നാണെന്ന് ലോകത്തോട് വിളിച്ചു പറയുന്ന കൊതുകുപെണ്ണുങ്ങളേക്കാൾ വലിയ ഫിലോസഫേഴ്‌സ് വേറാരുണ്ട്. 🦟😍

രാവിലെ കുറച്ചു പെണ്ണുങ്ങളെ കുറ്റം പറഞ്ഞപ്പോ എന്തരാശ്വാസം. ഇനി അമ്മയുണ്ടാക്കിയ ഫുഡും കഴിച്ച്, അനിയത്തി അയൺ ചെയ്തുവച്ച ഉടുപ്പുമിട്ടോണ്ട് ജോലിയ്ക്ക് പോട്ടേ.

എല്ലാവർക്കും കൊതുകുദിനാശംസകൾ..!

മനോജ് വെള്ളനാട്