കേസു നടത്തിയും കുപ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി

274

Manoj Vellanad

രണ്ടു നൊബേൽ പ്രൈസ് നേടിയ ആളായിരുന്നു ലിനസ് പോളിങ് എന്ന അമേരിക്കക്കാരൻ. അതും രണ്ട് വ്യത്യസ്ത മേഖലകളിൽ- ആദ്യം കെമിസ്ട്രിക്കും പിന്നെ സമാധാനത്തിനും. 850 ലധികം ശാസ്ത്രലേഖനങ്ങളുടെ കർത്താവ്. ശാസ്ത്രത്തിനും മനുഷ്യരാശിക്കും ഒരുപാട് സംഭാവനകൾ നൽകിയ അദ്ദേഹം അവസാനകാലത്ത് ജലദോഷത്തിന് വൈറ്റമിൻ സി വലിയ അളവിൽ കൊടുത്താൽ രോഗം മാറുമെന്നൊക്കെയുള്ള പ്രബന്ധങ്ങളാണ് എഴുതിയിരുന്നത്. മെഗാ വൈറ്റമിൻ തെറാപ്പിയെന്നൊക്കെ വിളിക്കുന്ന ആ പ്രബന്ധത്തെ ശാസ്ത്രലോകം അപ്പാടെ നിരാകരിച്ചു. കാരണമത് തെറ്റായിരുന്നു.

ഇത്രയും അറിവും അനുഭവവും പ്രായവുമൊക്കെ ഉള്ള ഒരാളല്ലേ, അപ്പൊ പോളിംങ് പറഞ്ഞത് ശരിയായിക്കുമല്ലോ എന്നല്ല ശാസ്ത്രം ചിന്തിച്ചത്. പരിശോധിച്ചു നോക്കിയപ്പൊ തെറ്റാണെന്ന് കണ്ട് എടുത്തു ദൂരെ കളയുകയാണ് ചെയ്തത്. കാരണം ആരു പറയുന്നൂ എന്നതല്ലാ, എന്തു പറയുന്നു എന്നതിലാണ് കാര്യം. Eminence അല്ല, Evidence ആണ് ലോകത്തെവിടെയും പറയുന്ന വിഷയത്തിന്റെ മെറിറ്റ് നിർണയിക്കുന്നത്.

മറ്റൊരാളാണ് പത്മഭൂഷൻ ഡോക്ടർ ബി.എം. ഹെഗ്ഡേ. കാർഡിയോളജിസ്റ്റാണ്. അദ്ദേഹം റിട്ടയർമെന്റ് കഴിഞ്ഞപ്പൊഴാണ് മനസിലാക്കിയത്, ഹൃദ്രോഗങ്ങൾക്കൊന്നും മരുന്ന് കഴിക്കാനോ ആഞ്ചിയോപ്ലാസ്റ്റി ചെയ്യാനോ പാടില്ലെന്ന്. പ്രകൃതി ചികിത്സയാണതിന് വേണ്ടതെന്ന്. മോഡേൺ മെഡിസിൻ കഴിക്കാനേ പാടില്ലാന്നായി. പിന്നെ അതിന്റെ പ്രചാരകനായി. ജേക്കബ് വടക്കഞ്ചേരിയുടെ ഗോഡ്ഫാദറായി. പക്ഷെ സ്വന്തമായി അസുഖം വന്നപ്പോ അതൊക്കെ മറന്നും പോയി. ഇപ്പോഴും കഴിക്കുന്നുണ്ട്. മണ്ടന്മാരായ ഫാൻസ് ഇപ്പോഴുമതറിഞ്ഞിട്ടില്ല.

അക്കൂട്ടത്തിൽ കേരളത്തിലിപ്പോഴുള്ള ഒരാളാണ് ഡോക്ടർ ഗണപതി. അദ്ദേഹത്തിന്റേതും മേളിൽ പറഞ്ഞ പോലുള്ളതരം ‘തല തിരിഞ്ഞ തിരിച്ചറി’വാണ്. കേസു നടത്തിയും മറ്റു പ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം ഇത്രയധികം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി. ഇവിടെ നടക്കുന്നതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സമീപനം. നിലവിൽ മസ്തിഷ്ക മരണ സ്ഥിരീകരണത്തിന് കൃത്യമായ മാർഗ്ഗരേഖകൾ നമുക്കിവിടെ ഉള്ളപ്പോഴും ആ രീതിയിൽ മാത്രമേ കാര്യങ്ങൾ നടക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ഒരു സർക്കാർ സംവിധാനമുള്ളപ്പോഴും അദ്ദേഹത്തിന് സംതൃപ്തിയില്ല. ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

കേരളത്തിലെ പാവങ്ങൾക്കു വേണ്ടിയാണിദ്ദേഹം നിയമയുദ്ധം നടത്തുന്നതെന്നും പറയുന്നു. ആ പാവങ്ങളാണ് മൃതസഞ്ജീവനിയിൽ രെജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. 2015-ൽ 218 ഉം 2016-ൽ 199-ഉം മരണാനന്തര അവയവദാനങ്ങൾ നടന്ന നാട്ടിൽ 2017- ലത് 60 ആയും 2018-ൽ 29 ആയും കുറച്ചതാണ് ഇദ്ദേഹം പാവങ്ങൾക്കു വേണ്ടി ചെയ്ത നല്ല കാര്യം. 1747 ആണ് ഇപ്പോൾ ഈ നിമിഷം വരെ മൃതസഞ്ജീവനിയിൽ കിഡ്നിയ്ക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നവരുടെ എണ്ണം.

അതേ സമയം കാശുള്ളവർ പുറത്തെവിടേലും പോയി അവയവം മാറ്റി വച്ച് തിരിച്ചുവരും. അല്ലെങ്കിൽ നിയമവിരുദ്ധമായി നടക്കുന്ന അവയവക്കച്ചവടക്കാരിലേക്കവർ അന്വേഷിച്ചു ചെല്ലും. അതുമല്ലെങ്കിൽ മാഫിയ അവരെ തേടി ചെല്ലും. 3 ലക്ഷത്തിന്റെ ഓപറേഷൻ 30 ലക്ഷമാകുന്നതൊക്കെ അങ്ങനെയാണ്. പക്ഷെ, നമ്മുടെ ഗണപതി സാറിന് അതൊന്നും വിഷയമേയല്ലാ. പാവങ്ങളെ സഹായിക്കാനെന്ന വ്യാജേന അവരുടെ കഞ്ഞിയിൽ പാറ്റയിടുക മാത്രമാണ് ലക്ഷ്യം. അവർ കുറേക്കാലം കാത്തിരുന്നിട്ടങ്ങ് മരിച്ചോട്ടേന്ന്. ആർക്കെങ്കിലും ഉപയോഗപ്പെടേണ്ട അവയവങ്ങൾ അഴുകിയും എരിഞ്ഞും പൊയ്ക്കേട്ടേന്ന്.

അതിലും വലിയ തമാശകളുണ്ട്. മരണമെന്ന് പറയുന്നത് ദേഹത്തു നിന്നും ദേഹിയിറങ്ങിപ്പോകുന്നതാണെന്നാണ് ഡോക്ടർ അഭിമുഖത്തിൽ പറഞ്ഞുതുടങ്ങുന്നത് തന്നെ. ‘മസ്തിഷ്‌കമരണമെന്നാൽ വീണ്ടെടുക്കാനാവാത്തവിധം ബോധം നഷ്ടമായെന്നാണോ? ആത്മാവ് സംസാരബന്ധങ്ങളിൽ നിന്നു വേർപെട്ട് മറഞ്ഞുവെന്ന് ഉറപ്പിക്കാമോ?’ എന്നൊക്കെ പറയുന്നൊരാളിൽ നിന്ന് വൈദ്യശാസ്ത്രം എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ല. വ്യാജൻ മോഹനന് പറയാമെങ്കിൽ ഡോക്ടർ ഗണപതിയ്ക്കും പറയാം. ഒരേ ഭാഷയും. രണ്ടാമത്തെയാൾ സ്വന്തം ക്രെഡിബിലിറ്റി ദുരുപയോഗം ചെയ്യുന്നെന്ന് മാത്രം. കൂടുതൽ അപകടകാരി.

മാത്രമല്ലാ, എന്ത് ബാലിശമായതും വളച്ചൊടിച്ചതുമായ ഉദാഹരണങ്ങളൊക്കെയാണദ്ദേഹം പറയുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കും മുമ്പ് അവയവം സ്വീകരിക്കേണ്ടയാളെ വിളിച്ചു വരുത്തിയെന്നാണദ്ദേഹം പറയുന്നത്. ഒരു രോഗിയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതിക്കുമ്പോൾ മാത്രമേ മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നൂലാമാലകളിലേക്ക് കടക്കാൻ പറ്റൂ. അവർ സമ്മതിച്ചില്ലെങ്കിൽ ഏതൊരാളെയും പോലെ ആ രോഗിയങ്ങ് മരിക്കും. അത്ര തന്നെ. അവർ സമ്മതിച്ചാലെ ‘അപ്നിയ ടെസ്റ്റ്’ ചെയ്യാൻ മൃതസഞ്ജീവനിയിലെ ഡോക്ടർമാരെ അല്ലെങ്കിൽ അതിന് നിയോഗിക്കപ്പെട്ട ആൾക്കാരെ വിളിക്കാൻ പറ്റൂ. അവർ വന്ന് 6 മണിക്കൂർ ഇടവേളയിൽ 2 പ്രാവശ്യം ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം ഉറപ്പിക്കുന്നത്. ആ സമയത്ത് നേരത്തേ രെജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ ലിസ്റ്റിൽ നിന്നും മാച്ചും പ്രയോറിറ്റിയും അനുസരിച്ച് ഓരോരുത്തരെയായി വിളിക്കും. അന്നേ ദിവസം സർജറിക്ക് ഏറ്റവും സ്യൂട്ടബിളായ ആളോട് വരാൻ പറയും. കാരണം, മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ പിന്നധികം വൈകാതെ ഓപറേഷൻ തുടങ്ങണം. ഇതൊന്നും അറിയാത്ത ആളല്ല ഇദ്ദേഹം.

അധികം നീട്ടുന്നില്ല. മരണാനന്തര അവയവദാനത്തിന് ജോസഫ് സിനിമ നൽകിയ പ്രഹരം ചെറുതല്ല. 100% അസംഭവ്യമായ ഒരു ഫിക്ഷൻ വർക്കിനത്രയും പിന്തുണ കിട്ടിയത് നമ്മുടെ പൊതുബോധത്തെ അതങ്ങേയറ്റം തൃപ്തിപ്പെടുത്തിയത് കൊണ്ടുമാത്രമാണ്. ആ പൊതുബോധത്തിലാണ് ഡോക്ടർ ഗണപതിയുടെയും പിടിത്തം. സപ്പോർട്ട് കിട്ടും.

ഒറ്റക്കാര്യമേ അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളൂ, ഈ വർഷം മുതൽ കഷ്ടപ്പെട്ട് വീണ്ടുമൊന്ന് ഉണർന്നു തുടങ്ങിയ മരണാനന്തര അവയവദാനത്തിന് (2019- 46) ചുവട്ടിൽ ദയവു ചെയ്ത് ആസിഡൊഴിക്കരുത്. ആർക്കെങ്കിലും ഉപയോഗമുണ്ടായി പോട്ടേ..

Image may contain: 1 person, text

ഈ വിഷയത്തെ കുറിച്ച് 2017 -ൽ ഡോക്ടർ നെൽസൺ ജോസഫ് ( Nelson Joseph)എഴുതിയത്

അവയവദാനത്തെക്കുറിച്ച് നേരത്തെയും എഴുതിയിട്ടുണ്ട്. രണ്ടാമതും എഴുതാനുള്ള ഒരേയൊരു കാരണം അവയവം കിട്ടാതെ മരണപ്പെടുന്ന ആയിരങ്ങൾ ഉള്ളപ്പോൾ സ്വതവേ ജനത്തിന് തെറ്റിദ്ധാരണകൾ പലതുമുള്ള ഈ മേഖലയിൽ കൂടുതൽ സംശയവും തെറ്റിദ്ധാരണയും പരത്താൻ മാത്രം സഹായിക്കുന്ന വാർത്തകൾ ” വൈറൽ ” ആകുന്നത് തന്നെയാണ്. ഈ വിഷയത്തെക്കുറിച്ച് Kerala Koumudi ദിനപത്രത്തിൽ വന്നതിന്റെ ഒരു ചെറിയ കട്ടിങ്ങാണ് ഫേസ്ബുക്കിൽ കറങ്ങി നടക്കുന്നതായി കണ്ടത്. ചെറിയ ഒരു തിരച്ചിൽ നടത്തിയപ്പൊ വിവിധ സ്ഥലങ്ങളിലായി കുറച്ചുകൂടി ഇൻഫർമേഷൻ കാണാനിടയായി. അതിന്റെയൊന്നും ആധികാരികത വേരിഫൈ ചെയ്യാൻ തൽക്കാലം നിർവാഹമില്ലാത്തതുകൊണ്ട് കയ്യിലുള്ളതിനെക്കുറിച്ച് പറയാം.

വാർത്തയിൽ ഡോ. ഗണപതി ഉന്നയിച്ച 3 ആവശ്യങ്ങളും പിന്നെ നിഥിൻ എന്ന യുവാവിന്റെ മരണവുമാണ് ഉള്ളടക്കം.

ഡോ. ഗണപതിയുടെ ആവശ്യങ്ങൾ വായിക്കുന്ന ഏതൊരാൾക്കും മസ്തിഷ്കമരണം കേരളത്തിൽ ഇപ്പോൾ സർട്ടിഫൈ ചെയ്യപ്പെടുന്നത് വ്യക്തമായ മാനദണ്ഡമില്ലാതെയാണെന്ന് സംശയം തോന്നുന്നത് സ്വഭാവികമാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.

മസ്തിഷ്കമരണവും അവയവദാനവും സംബന്ധിച്ച ഓർഡറുകളിൽ പ്രധാനം G.O (MS)No.36/2012/H&FWD Dated, 04.02.2012 Thiruvananthapuram ആണ് (ലിങ്ക്:http://knos.org.in/pdf/go_ms_36_2012.pdf). മസ്തിഷ്കമരണം ആരു സർട്ടിഫൈ ചെയ്യണം എന്നും അതിന്റെ പ്രൊസീജിയറുകളും വളരെ വ്യക്തമായി അതിൽ പ്രതിപാദിക്കുന്നുണ്ട്. ( കേരള കൗമുദിയുടെ അവകാശവാദം കണക്കിലെടുത്താൽ മനപ്പൂർവം രോഗിയെ കൊന്നാലും അറിയില്ല എന്ന തികച്ചും അപകീർത്തികരവും അതീവഗുരുതരവുമായ ആരോപണം / നിരുത്തരവാദപരമായ സ്റ്റേറ്റ്മെന്റ് നടത്തിയ ആരോഗ്യവകുപ്പ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദൻ തന്നെയാണ് ആ ഓർഡറിൽ ഒപ്പ് വച്ചിരിക്കുന്നത്. പറഞ്ഞതിന്റെ വീഡിയോ ഞാൻ കണ്ടിട്ടില്ല, വാർത്ത തെറ്റാണെങ്കിൽ കേരള കൗമുദിക്കെതിരെ ഡോക്ടർമാരും ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് സെക്രട്ടറിയും നിയമനടപടി സ്വീകരിക്കുന്നതാണ് ഉചിതം)

നാല് ഡോക്ടർമാരാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ട ടീമിൽ ഉണ്ടാകേണ്ടത്. THO Rules 1995 ലെ ഫോം 8ൽ നിശ്ചിത ഫോർമാറ്റിൽ നാലുപേരും ഒപ്പു വച്ച് ഫോമിൽ പറഞ്ഞിരിക്കുന്ന പരിശോധനകളും അപ്നിയ ടെസ്റ്റും നടത്തിയാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. ഡോക്ടർമാർ ഇവരാണ്.

1. മസ്തിഷ്കമരണം സംഭവിച്ച ആശുപത്രിയിലെ ഇൻ ചാർജ് ആയ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ.
2. ഉചിതമായ അഥോറിറ്റി നാമനിർദ്ദേശം ചെയ്ത പാനലിലെ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ.
3. നാമനിർദ്ദേശം ചെയ്യപ്പെട്ട പാനലിലെ ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോസർജൻ
4. മസ്തിഷ്കമരണം സംഭവിച്ചയാളെ ചികിൽസിക്കുന്ന രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ.

ഇതിൽ നമ്പർ 2&3 ഡോക്ടേഴ്സ് മസ്തിഷ്കമരണം സംഭവിച്ച ആശുപത്രിയിൽ ഉള്ളവരായിരിക്കാൻ പാടില്ല. എം പാനൽ ചെയ്ത ഡോക്ടർമാരുടെ സൗത്ത് – സെന്റ്രൽ – നോർത്ത് സോൺ തിരിച്ചുള്ള കണക്കുകൾ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. (http://knos.org.in/KnosStaticPages/ListOfEmpanalDoctors.aspx). അതായത് അത്രത്തോളം സുതാര്യമാണ് ഡോക്ടേഴ്സ് ആരൊക്കെയെന്നുള്ള വിവരമെന്ന് ചുരുക്കം.

ഇനി മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിലേക്ക്. മസ്തിഷ്കമരണം സംശയിക്കാൻ തക്കവിധമുള്ള പരിക്കുകളോ സ്കാൻ റിപ്പോർട്ടുകളോ മിക്ക സന്ദർഭങ്ങളിലും ആദ്യം തൊട്ടേ ഉണ്ടാകാറുണ്ട്. അത് ആദ്യമേ തന്നെ പറയാറുമുണ്ട്. മസ്തിഷ്കമരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കാൻ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഇടവേളയിലുള്ള രണ്ട് ടെസ്റ്റുകളാണ് ചെയ്യേണ്ടത്. വിശദീകരിക്കുന്നത് ശ്രമകരമാണ്. മനസിലാകണമെന്നുമില്ല. ചുരുക്കിപ്പറയാം. വെന്റിലേറ്റർ സഹായത്തോടെ പ്രവർത്തിക്കുന്ന ശരീരത്തിന്റെ അവശ്യപ്രവർത്തനങ്ങൾ മസ്തിഷ്കം നടത്തുന്നുണ്ടോ എന്ന് അറിയാനുള്ള പരിശോധനകളാണവ. മസ്തിഷ്കമരണമെന്ന് തോന്നിപ്പിക്കാവുന്ന മറ്റ് അവസ്ഥകൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതിനുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടുന്നു. വിശദവിവരങ്ങൾ മുകളിലെ ലിങ്കിലുണ്ട്.

ഇനി മസ്തിഷ്കമരണം സ്ഥിരീകരിച്ചെന്ന് തന്നെ കരുതുക. അപ്പൊഴും കഴിഞ്ഞില്ല. ചുരുങ്ങിയ കാലം വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്ന ഒരു യൂണിറ്റിൽ പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ എല്ലാ മസ്തിഷ്കമരണങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങളിലും അവയവം ദാനത്തിനു യോഗ്യമാകണമെന്നില്ല. ഉദാഹരണത്തിനു വൃക്ക മാറ്റിവയ്ക്കാൻ അനുയോജ്യമാണോ എന്ന് തിരിച്ചറിയാൻ ബയോപ്സി അടക്കമുള്ള പരിശോധനകൾ വേറേയും നടത്തേണ്ടതുണ്ട്. ഇത്രയും സമയം മസ്തിഷ്കം പ്രവർത്തിക്കാത്ത, അതായത് ജീവൻ ( അത് അവയവത്തിന്റെ ആണെങ്കിലും ) നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങളൊന്നും യഥാവിധി നടക്കാത്ത ശരീരത്തിൽ അവയവം കേട് കൂടാതെ സൂക്ഷിക്കാൻ ഭഗീരഥപ്രയത്നം നടത്തേണ്ടത് ഡോക്ടർമാർ തന്നെയാണ്. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർ…

ഇനി ആർക്ക് അവയവം ലഭിക്കുമെന്നത്….അവയവം ലഭ്യമാകുന്നത് കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിന്റെ മൃതസഞ്ജീവനി പദ്ധതി അനുസരിച്ച് രജിസ്റ്റർ ചെയ്തവർക്കാണ്. അപേക്ഷകരുടെ പ്രായവും രക്തഗ്രൂപ്പും ജെൻഡറും ആശുപത്രിയും തിരിച്ചുള്ള എണ്ണം www.knos.org.in വെബ് സൈറ്റിൽ ലഭ്യമാണ്. ഏത് ആശുപത്രിയിലാണോ മസ്തിഷ്കമരണം സംഭവിക്കുന്നത് ആ ആശുപത്രിയിലുള്ള രോഗികൾക്ക് മുൻ ഗണനാ ക്രമത്തിൽ അവയവം ലഭിക്കും. ചില കാരണങ്ങളാൽ ( ബ്ലഡ് ഗ്രൂപ്പ് അനുയോജ്യമല്ലങ്കിൽ പോലെ ) അവർ അയോഗ്യരായാൽ അതേ സോണിലുള്ള മറ്റേതെങ്കിലും ആശുപത്രിക്ക് ലഭിക്കും. ഇതെല്ലാം knos വഴിയേ സാദ്ധ്യമാകൂ.

വൃക്കയ്ക്കായി ഏറ്റവും കൂടുതൽ രോഗികൾ കാത്തിരിക്കുന്ന ആശുപത്രി ഒരു സ്വകാര്യ ആശുപത്രിയല്ല. അത് ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരമാണ്. 324 പേർ. രണ്ടും മൂന്നും സ്ഥാനത്ത് അമൃതയും (മിംസ് എന്നാണു നൽകിയിരിക്കുന്നതെങ്കിലും അമൃത എന്നാണ് എക്സ് ആക്സിസിൽ – 244 പേർ) ലേക് ഷോറും (194 പേർ). 2017 വരെയുള്ള വാർഷിക കണക്ക് ലഭിക്കാൻ വിവരാവകാശം നൽകി കാത്തിരിക്കണമെന്നില്ല. അതും knos സൈറ്റിലുള്ള വിവരം തന്നെയാണ്.

ഡോ.ഗണപതിയുടെ ആവശ്യങ്ങളിൽ ഒന്ന് ഒരു സർക്കാർ ഡോക്ടർ ടീമിൽ ഉണ്ടാകണമെന്നാണ്. അത് ഗവണ്മെന്റ് അംഗീകരിക്കുകയും ചെയ്തു. രണ്ടാമത്തേത് ” അപ്നിയ ടെസ്റ്റ് ” വീഡിയോയിൽ പകർത്തണമെന്നതും. അതും വളരെ നല്ല ആവശ്യമായാണു തോന്നിയത്. ഏറ്റവും കുറഞ്ഞത് ഡോക്ടർമാർ കൊന്നതാണെന്നുള്ള ആരോപണം ഇല്ലാതാക്കാം. മൂന്നാമത്തെ ആവശ്യം തികച്ചും അനാവശ്യമായാണു തോന്നിയത്. മസ്തിഷ്കമരണം നിർണയിക്കുന്നതും കണ്ടെത്തുന്നതും തുടർന്നുള്ള നടപടിക്രമങ്ങളും വൈകുന്നതും ഇപ്പൊഴുള്ള പരിശോധനകൾ പര്യാപ്തമെന്നിരിക്കെ ആഞ്ജിയോഗ്രാം പോലെയുള്ള ചിലവേറിയ പരിശോധന നടത്തുന്നതും ട്രാൻസ്പ്ലാന്റിന്റെ സാദ്ധ്യതകളെ തല്ലിക്കെടുത്താനും വൈകിപ്പിക്കാനും ചിലവ് കൂട്ടാനും മാത്രമേ ഉപകരിക്കൂ എന്ന് തോന്നുന്നു.

വാർത്തയിലെ മറ്റ് വിവരങ്ങൾ സെൻസേഷണലിസത്തിന്റെ ബാക്കിപത്രമായേ തോന്നിയുള്ളൂ.

(1) knos സൈറ്റിൽ എല്ലാവർക്കും ലഭ്യമായ കണക്കുകൾ തന്നെയാണ് വാർത്തയിലും. മൂന്നര വർഷത്തെ 75 ദിവസത്തോട് താരതമ്യം നടത്തുന്ന വിവരക്കേടിനെ എന്ത് വിളിക്കണമെന്ന് അറിയില്ല. ( ഇവരെന്താ ഉദ്ദേശിച്ചത് മൂന്നാലു വർഷം ഗവണ്മെന്റിനെ പറ്റിച്ചവർ ഈ ഒരു കേസിന്റെ വാർത്ത കണ്ട് “കൊല്ലുന്നത്” നിർത്തിയെന്നോ? അടിപൊളി…ബാ പോകാം).

(2) അതിന്റെ കൂടെ നൽകിയ അവയവത്തിന്റെ “വിലകൾ” അവയവ മാറ്റം നടത്താൻ പ്രാരംഭാവസ്ഥയിൽ ചെയ്യുന്ന പരിശോധനകൾ തുടങ്ങി സർജറിക്കും മരുന്നുകൾക്കുമെല്ലാം കൂടെ വരുന്ന ഏകദേശ തുകയാണ്. അതുപോലും വാർത്തയിൽ ഊതിവീർപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 30 ലക്ഷം കൊടുത്ത് അവയവം വാങ്ങുന്നു എന്നത് തെറ്റിദ്ധാരണാജനകമാണ്. ജനത്തെ അവയവദാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഇത്രയുമാണുള്ളത്… ഒരു ബൾബ് അയല്വക്കത്തുനിന്ന് അടിച്ചുമാറ്റി സ്വന്തം വീട്ടിലെ ഹോൾഡറിൽ ഇടുന്നത്ര ഈസിയല്ല അവയവദാനം. അതൊരു സങ്കീർണമായ പ്രോസസാണ്. അതിനെക്കുറിച്ചുള്ള അജ്ഞതയും അഭ്യൂഹങ്ങളും അടച്ചുകളയുന്നത് ജീവിതത്തിലേക്ക് തിരിച്ചുവരാനിടയുള്ള ഒരാളുടെ അവസാന പ്രതീക്ഷയാണ്.ഡോ.ഗണപതി അവയവദാനത്തിനെതിരല്ല എന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തികളും അതിനെ ദുരുപയോഗം ചെയ്യുന്നവരും അതിനെതിരുതന്നെ. സ്വതവേ ദുഷ്കരമായ പ്രക്രിയയിൽ നിയമത്തിന്റെ നൂലാമാല ചേർത്താൽ ഒട്ടു മിക്കവരും പിന്മാറുകയേ ഉള്ളൂ.

ഗവണ്മെന്റിന്റെ നേതൃത്വത്തിൽ അവയവദാനത്തിനെയും അതിന്റെ ആഫ്റ്റർ എഫക്റ്റുകളെയും കുറിച്ച് പഠിക്കുന്നതും എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ വിവരം സൂക്ഷിക്കുന്നതും ഒരു മെഡിക്കൽ സ്റ്റുഡന്റെന്ന നിലയിൽ പൂർണമായി സ്വാഗതം ചെയ്യുന്നു. മോഡേൺ മെഡിസിന്റെ വളർച്ചയുടെ സൂചകം അവിശ്വാസികളായ തോമസുകൾക്ക് നേരിൽ കണ്ട് മനസിലാക്കാൻ അത് ഉപകരിക്കും. അക്കാഡമിക് താല്പര്യവും അതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.

(ഒരു വൈറൽ ന്യൂസിന്റെ 5% പോലും ആളുകളിൽ ഇത് എത്തണമെന്നില്ല. പക്ഷേ പറയേണ്ടത് അത്യാവശ്യമാണെന്ന് തോന്നി.പ്രത്യേകിച്ച് ആൾക്കാരെ ഇടിച്ച് കൊല്ലാൻ വാഹനം ഇറക്കുന്നെന്ന് പോലും കമന്റ്സ് കണ്ട സ്ഥിതിക്ക് – തിരക്കിട്ടെഴുതിയതിൽ തെറ്റുകളുണ്ടാകാം. ചൂണ്ടിക്കാട്ടിയാൽ തിരുത്തുന്നതാണ്)