നൊബേൽ സമ്മാനവും നമ്മളും

0
390

Manoj Vellanad എഴുതുന്നു 

നൊബേൽ സമ്മാനവും നമ്മളും 🙅

🙈 അങ്ങൊരിടത്ത് സ്വീഡനിൽ ഗുരുത്വാകർഷണ തരംഗങ്ങളെപ്പറ്റി ഗവേഷണം നടത്തി, നക്ഷത്രസമൂഹങ്ങൾ തമ്മിലുള്ള ദൂരം പോലും തലനാരിഴയ്ക്ക് കൃത്യമായി പറയുന്ന സാങ്കേതികവിദ്യയ്ക്ക് നോബൽ സമ്മാനം കിട്ടുന്നു. അതേസമയം ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ ഒരാളുടെ അസംബന്ധങ്ങൾ മാത്രം നിറഞ്ഞ ഓഡിയോ സന്ദേശം കേട്ട് ‘നിങ്ങൾ വാക്സിനെടുക്കല്ലേ..’ന്ന് നിലവിളിക്കുന്നവൻ, പ്രബുദ്ധമലയാളി. (🔭ഫിസിക്സ്📡)

🙉 ഒരിടത്ത് ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച്, അതുവഴി ഏറ്റവും സൂക്ഷ്മാണുക്കളായ സിക്ക വൈറസിന്റേതുൾപ്പെടെ ത്രിമാന ചിത്രങ്ങളെടുത്ത്, അതുകണ്ട് ശാസ്ത്രലോകം അന്തംവിട്ടിരിയ്ക്കുമ്പോൾ, വൈറസും ബാക്ടീരിയയും അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് മൈക്ക് വച്ച് വിളിച്ചുപറയുന്നവന് ലക്ഷം ലക്ഷം പിന്നാലെയെന്ന് ആർപ്പുവിളിയ്ക്കുന്നവൻ പ്രബുദ്ധമലയാളി. (🔬കെമിസ്ട്രി 🧪)

🙊 ഒരിടത്ത് ജൈവഘടികാര (circardian rhythm) ത്തിന് പിന്നിലെ രഹസ്യമായ അതിസൂക്ഷ്മ രാസപ്രക്രിയയ്ക്ക് ശാസ്ത്രലോകം അംഗീകാരം നൽകുമ്പോൾ, കരളിൽ നിന്നാണ് മൂത്രമുണ്ടാകുന്നതെന്നും ബന്ധപ്പെടുമ്പോൾ കണ്ണടച്ചാൽ അന്ധരായ കുട്ടിയുണ്ടാകുമെന്നും പാടിനടക്കുന്നവന്റെ പാണന്മാരായും ഫാൻസ് അസോസിയേഷൻ പ്രതിനിധികളായും മാറുന്നവൻ പ്രബുദ്ധമലയാളി. (💉മെഡിസിൻ 🧬)

✒️ രണ്ടുവർഷം മുമ്പൊരു (2017) നോബൽ സമ്മാന സമയത്തെഴുതിയ കുറിപ്പാണ് മുകളിൽ. നോക്കണേ, കാലം മാറിയപ്പൊ ലോകത്തിനും നമുക്കുമുണ്ടായ മാറ്റങ്ങൾ കൂടി നോക്കണേ..

2️⃣0️⃣1️⃣9️⃣

🤡പ്രപഞ്ചത്തിന്റെ പരിണാമത്തെ പറ്റിയുള്ള ഗവേഷണത്തിന് ഫിസിക്സിനുള്ള നൊബേൽ നേടുന്ന ദിവസം, നമ്മളിവിടെ യുദ്ധവിമാനത്തിന് നാരങ്ങയും തേങ്ങയും കെട്ടാനുള്ള വള്ളി അന്വേഷിച്ചു നടക്കുന്നു. ആഹാ, അന്തസ്!

🐃 നമ്മളിവിടെ ഓക്സിജൻ പുറത്തുവിടുന്ന പശുവിന്റെയും ആൽമരത്തിന്റെയും വീരകഥകൾ പാടി നടക്കുമ്പോൾ, അവിടെ ഓരോ കോശത്തിനുളളിലെയും ഓക്സിജൻ സെൻസറുകളെ പറ്റി പഠിച്ചവർക്ക് അംഗീകാരം നൽകുന്നു ശാസ്ത്രലോകം.

👻 നമ്മളിവിടെ ചാണകത്തീന്ന് ഇല്ലാത്ത പ്ലൂട്ടോണിയവും ഗോമൂത്രത്തീന്ന് കാൻസർ മരുന്നും കണ്ടുപിടിക്കാൻ ഫണ്ടിറക്കുമ്പോൾ, വെള്ളം കണ്ടാൽ പോലും പേടിച്ചോടുന്ന ലിഥിയത്തെ പിടിച്ച് ബാറ്ററിയുണ്ടാക്കിയവർക്ക് കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം കിട്ടുന്നു..

പ്രതിഷേധിക്കണ്ടേ സേട്ടന്മാരെ നമുക്ക്. ഈ ലിഥിയം അയോൺ ബാറ്ററിയാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിന്റെ ജീവൻ തന്നെ. പശു, ചാണകം, ആൽമരം, ഗോമൂത്രം, നാരങ്ങ, തേങ്ങ ഇവയിലൊക്കെ എന്തോ ഉണ്ടെന്ന് വിശ്വസിക്കുന്നവർ കയ്യിലിരിക്കുന്ന ആ മൊബൈൽ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞ് നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാത്ത ഈ ശാസ്ത്രത്തോട് പ്രതിഷേധിക്കണമെന്നാണ്, നിങ്ങടെ അന്തസുയർത്തിപ്പിടിക്കണമെന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്.. ചെയ്യില്ലേ ഗുയ്സ്.. 🦹

മനോജ് വെള്ളനാട്