പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്

മനോജ് വെള്ളനാട്
പൂച്ച മാന്തിയതുകാരണം പേവിഷബാധയേറ്റ് 11 വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലും രണ്ടു ദിവസമായി ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. നിസാരമായി ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.
ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല. ആ കുട്ടി പൂച്ച മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകർത്താക്കളത് അറിയാത്തതോ ആവാം. അറിഞ്ഞാലും പൂച്ച കാരണം റാബീസ് വരുമെന്ന് പലരും ചിന്തിക്കില്ലാ, അതുകൊണ്ട് തന്നെ കുത്തിവയ്പ്പെടുക്കണമെന്നും. അതുകൊണ്ട് എല്ലാവരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി. ഈ പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ ‘പട്ടി’യുടെ ‘കടി’യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്.
ഡിയർ ഇന്ത്യൻസ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്. പിന്നെ ചില കുറുക്കന്മാരും ഇന്ത്യൻ പൗരന്മാരല്ലാത്ത വവ്വാലുകളും ഇക്കൂട്ടരിൽ പെടും. ഇവയുടെയൊക്കെ ‘കടി’ മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.
ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.
മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe
എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.
ഇമ്യൂണോ ഗ്ലോബുലിൻ വേണ്ടി വന്നാൽ മാത്രം കാശാവും. മുറിവേത് കാറ്റഗറിയിൽ പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറതൊക്കെ വേണോ വേണ്ടേന്ന് തീരുമാനിക്കുന്നത്.
പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.
0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.
കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.
10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.
ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.
തെരുവ് നായയൊക്കെ ആണെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.
എല്ലാ മൃഗങ്ങളുടെയും കടി/മാന്തൽ റാബീസ് പരത്തില്ല.. എലി, മുയൽ, അണ്ണാൻ, ഇന്ത്യൻ വവ്വാൽ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം.
നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം.
മരിച്ചുപോയ കുട്ടിയ്ക്ക് ആദരാഞ്ജലി.