UAPA ചുമത്തിയ കേസു മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. പോലീസിനു മുകളിൽ ഒരാൾ നിയന്ത്രിക്കാനില്ലാ എന്നതാണ്

294

 

Dr Manoj Vellanad

ഒരു ഡോക്ടർക്ക് ചികിത്സാ പിഴവുണ്ടായാൽ തെളിവ് സഹിതം കേസു കൊടുക്കാനും ശിക്ഷിക്കാനും വകുപ്പുണ്ട്. ഡോക്ടർമാരുടെ ജോലി, ജീവന്റെ സംരംക്ഷണമായതുകൊണ്ടാണങ്ങനെ.

അതേ സമയം മനുഷ്യന്റെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും മന:സമാധാനത്തിനും സംരംക്ഷണം നൽകേണ്ട പോലീസുകാർ തെറ്റു ചെയ്താൽ എന്താണ് ശിക്ഷ. കുറ്റം ചെയ്തെന്നുറപ്പില്ലാതെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന, കുറ്റവാളികൾക്ക് പകൽ വെളിച്ചത്തിൽ പോലും ഒത്താശ പാടുന്ന, പീഢനക്കേസിലെ ഇരകളെ പോലും അധിക്ഷേപിക്കുന്ന പോലീസുകാരെയൊക്കെ കഴിഞ്ഞ കുറച്ചു നാളുകളായി ധാരാളം കാണുന്നുണ്ട്. കെവിൻ കേസിലൊഴികെ മറ്റൊരിടത്തും എന്തെങ്കിലും സംഭവിച്ചതായി അറിയില്ല. മനുഷ്യന് തന്നെ അപമാനമായ DySP സോജൻ പോലും ഒന്നിനെയും പേടിക്കാതെ ഇപ്പോഴുമവിടുണ്ട്.

എന്നുവച്ചാൽ അവർക്കതിനുള്ള അലിഖിതമായ ഒരധികാരം നൽകപ്പെട്ടിട്ടുണ്ടെന്നാണ്. അല്ലെങ്കിൽ ആരും ചോദിക്കാനില്ലെന്ന ധാർഷ്ട്യം. ഏതായാലും പണവും സ്വാധീനവുമില്ലാത്തവർ പെട്ടു പോകുമെന്ന് മാത്രം.

ഇന്നലെ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യപ്പെട്ട 19 ഉം 20 ഉം വയസുള്ളവർ പാർട്ടി അനുഭാവികളായതു കൊണ്ട് പോലീസ് ചെയ്തത് തെറ്റെന്ന് വാദിക്കുന്ന ചിലരുണ്ട്. അത് മറ്റൊരു തെറ്റ്. ആരു ഭരിക്കുമ്പോഴും ആര് തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണമെന്നാണ് വാദിക്കേണ്ടത്. ചെയ്താൽ മാത്രം. ഇവിടെയവർ അത്തരമൊരു തെറ്റു ചെയ്തിട്ടില്ലാത്തതിനാലാണ് പോലീസ് ചെയ്തത് തെറ്റാവുന്നത്.

മുമ്പ് നദിയെ അറസ്റ്റ് ചെയ്തപ്പോഴും ഇതേ തെറ്റ് തന്നെയാണവർ ചെയ്തത്. മാസങ്ങൾ കഴിഞ്ഞ്, അയാൾ നിരപരാധിയെന്ന വിധിയിൽ പുറത്തു വരുന്നു. വെറുതേ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത പോലീസുകാരെ നിയമം എങ്ങനെയാണ് ശിക്ഷിച്ചത്. അങ്ങനൊരു സംഭവം കേട്ടുകേൾവി പോലുമില്ല. അതാണവരുടെ ധൈര്യവും.

ഒരാളുടെയും ആ കുടുംബത്തിന്റെയും പിന്നീടുള്ള ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതാണ് ഒരു പോലീസ് അറസ്റ്റ്. പോലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചുപോയി ആത്മഹത്യ ചെയ്ത എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. എന്തുകൊണ്ടാണങ്ങനെ? എന്താണവിടെ സംഭവിച്ചതെന്നോ ആരെങ്കിലും കുറ്റക്കാരാണോ എന്നോ പിന്നൊരിടത്തും നമ്മൾ വായിക്കില്ല. അതൊക്കെ മറ്റൊരു വാർത്തയിൽ മുങ്ങി മാഞ്ഞുപോവും. അറസ്റ്റുകൾ മാത്രമല്ലാ, മാധ്യമപ്രവർത്തകൻ ബഷീറിനോടും വാളയാറിലെ പാവങ്ങളോടും പോലീസ് കാട്ടിയത് അനീതിയാണ്. അവിടെയെങ്ങും ഒരു പോലീസുകാരും അധികാര ദുർവിനിയോഗത്തിനോ കുറ്റകരമായ നിസംഗതയ്ക്കോ നിയമനടപടി നേരിട്ടിട്ടില്ല.

പറഞ്ഞു വന്നത് ഒരു UAPA ചുമത്തിയ കേസു മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. പോലീസിനു മുകളിൽ ഒരാൾ നിയന്ത്രിക്കാനില്ലാ എന്നതാണ്. അതു വേണം. അങ്ങനെയൊന്നും സംഭവിക്കാത്തിടത്തോളം ഇതൊക്കെ തന്നെ ആവർത്തിക്കും. ഇതെഴുതിയ എനിക്കൊ ലൈക്ക് ചെയ്യുന്ന നിങ്ങൾക്കൊ നാളെ ഇതിലൂടെ കടന്നു പോകേണ്ടി വരാം. സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷെ സംഭവിക്കാൻ ഒരു പാടുമില്ലെന്നതാണ് സത്യം.

മനോജ് വെള്ളനാട്