നിങ്ങൾക്ക് ജീവനുണ്ടെന്ന് സ്വയം തോന്നുന്നെങ്കിൽ ആ ജീർണിച്ച നിഷ്പക്ഷതയെ തോട്ടിലെറിഞ്ഞ്, ഇനിയെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം

0
185

ഡോ മനോജ് വെള്ളനാട്

ഉരുക്കു കൊണ്ടുള്ള നമ്മുടെ ഭരണഘടനമാത്രമാണീ രാഷ്ട്രീയ ചിതലുകൾക്ക് രാജ്യത്തെ തുരന്നു നശിപ്പിക്കാൻ തടസമായിരുന്നത്. ഇരുമ്പാണിക്ക് പകരം മുളയാണി വച്ച് ഭരണഘടനയെ ദുർബലമാക്കുകയും പതിയെ അത് തുരന്ന് തിന്നുകയുമാണ് ഇന്നതേ കപട രാജ്യസ്നേഹികൾ ചെയ്യുന്നത്.അപ്രതീക്ഷിതമായതൊന്നുമല്ല. ഇലക്ഷൻ സമയത്തേ ഭയപ്പെട്ടിരുന്നത് തന്നെ. എന്നാലും ഇന്ന്, ആ ഭരണഘടനയെ വെറുതേ വിടൂ, മതത്തിന്റെ പേരിൽ നമ്മളെ വിഘടിക്കരുതെന്നേ നമ്മൾ പറയുന്നുള്ളൂ. അതിനാണ് രാജ്യതലസ്ഥാനത്തവർ കലാപം സൃഷ്ടിക്കുന്നത്. വർഗീയ കലാപങ്ങൾ നടത്തി കൈ തെളിഞ്ഞവരാണവർ. അതിനാൽ തന്നെ നമ്മൾ കൂടുതൽ ജാഗരൂകരായിരിക്കണം.

അങ്ങേയറ്റം സങ്കടകരവും ഭയപ്പെടുത്തുന്നതുമായ ഈ അവസ്ഥയിലും നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് മൗനികളായിരിക്കുന്ന മനുഷ്യരോടും ഇരകളോടൊപ്പം നിൽക്കാത്ത ‘നിഷ്പക്ഷ’ മാധ്യമങ്ങളോടും ഒന്നേ പറയാനുള്ളൂ, വെറും ശവങ്ങളാണ് നിങ്ങൾ. ചത്താലും മനുഷ്യശരീരം അവിടവിടങ്ങളിൽ ചെറുതായി വിറയ്ക്കും. രോമാഞ്ചമുണ്ടാവും. ജീവനുണ്ടോയെന്ന് കാണുന്നവർക്ക് തെറ്റിദ്ധാരണയുണ്ടാക്കും. പക്ഷെ, സമയമാവുമ്പോ ഉള്ളിലെ ജീർണത പുറത്തുവന്നോളും. അങ്ങനെ രോമാഞ്ചമണിഞ്ഞ, തണുപ്പേൽക്കുമ്പോ തുടിക്കുന്ന ശവങ്ങളാണ് നിങ്ങൾ.

നിങ്ങൾക്ക് ജീവനുണ്ടെന്ന് സ്വയം തോന്നുന്നെങ്കിൽ ആ ജീർണിച്ച നിഷ്പക്ഷതയെ തോട്ടിലെറിഞ്ഞ്, ഇനിയെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം.ഈ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജാഗ്രതയുമൊക്കെ മുസ്ലീങ്ങൾക്കു വേണ്ടിയേ അല്ല. ഇന്ത്യയെ ഒരു മതേതര രാജ്യമായി നിലനിർത്താൻ വേണ്ടി മാത്രമാണ്. നിങ്ങൾ ചാണകമല്ലാ തിന്നുന്നതെങ്കിൽ നിങ്ങൾക്കത് മനസിലായിട്ടുണ്ടാകും. മനസിലായെങ്കിൽ മറ്റൊന്നും ചെയ്യാനായില്ലെങ്കിലും, ഒരു നെടുവീർപ്പു കൊണ്ടെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം..