രണ്ടു ഹെൽമറ്റുമായി ബൈക്കിൽ വരുന്ന ഒരേ ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ. തിരോന്തരം മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറിയിലെ ഡോക്ടർ രോഹൻ മാത്രം. ഞാൻ കാണുന്ന കാലം മുതലേ പുളളിയങ്ങനെയാണ്. ആരെങ്കിലും കൂടെ കയറിയാൽ അവർക്കാദ്യമാ ഹെൽമറ്റെടുത്ത് കൊടുക്കും. ഹെൽമറ്റ് വച്ചേ പുറകിലിരിക്കാൻ പറ്റൂ.
ഇരുചക്രവാഹനങ്ങളിൽ പുറകിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കാര്യം 100% സ്വാഗതാർഹമാണ്. ബൈക്കപകടങ്ങളിൽ ഓടിക്കുന്ന ആളേക്കാൾ പരിക്കേൽക്കാനും മരിക്കാനും സാധ്യത പിലിയൻ റൈഡർ അഥവാ പുറകിലിരിക്കുന്ന ആളിനാണ്.
പക്ഷെ, ഇതൊക്കെ എന്ത് മെനക്കേടാണെന്നായിരിക്കും നമുക്കാദ്യം തോന്നുക. ഒരെണ്ണത്തിന്റെ കാര്യം പറഞ്ഞാ തന്നെ നൂറു ന്യായങ്ങൾ കണ്ടെത്തുന്നവർക്കിത് ദഹിക്കാനൽപ്പം പാട് തന്നെയാണ്. പക്ഷെ പൊതുബോധമനുസരിച്ചല്ലല്ലോ ഗതാഗത സുരക്ഷാ നിയമങ്ങളിൽ തീരുമാനമെടുക്കേണ്ടത്. റോഡ് നന്നാക്കിയിട്ടുമതി പുതിയ നിയമമെന്നൊക്കെ പറയുന്നവരുമുണ്ട്. അവിടെ ചിന്തിക്കേണ്ടത്, നല്ല റോഡും നമുക്ക് വേണം, അതാവശ്യപ്പെടുകയും വേണം, പക്ഷെ വ്യക്തിപരമായ സുരക്ഷയ്ക്ക് പകരമൊന്നുമാവില്ല ചേട്ടാ, റോഡിന്റെ സൗന്ദര്യം.
പിന്നെ, ഹെൽമറ്റ് വയ്ക്കുമ്പോ ചിൻ സ്ട്രാപ്പ് ഇടാൻ മടിക്കരുത്. ഇന്നുച്ചയ്ക്കും കണ്ടു, കുമാരപുരം ജംഗ്ഷനിൽ വച്ച്, ഒരു മെഡിക്കൽ റെപ്പാണെന്നാണ് തോന്നുന്നു, ട്രാഫിക് സിഗ്നലിനൊന്നും കാത്തുനിൽക്കാൻ വയ്യാതെ എങ്ങോട്ടോ അത്യാവശ്യപ്പെട്ട് പോകുന്നത്. ഹെൽമറ്റ് തലയിലുണ്ട്, പക്ഷെ ചിൻ സ്ട്രാപ് പറന്ന് നടക്കുന്നുമുണ്ട്. അപകടം നടന്നാൽ, ഇടിയുടെ ആഘാതത്തിലാദ്യം പറക്കുന്നത് ആ ഹെൽമറ്റായിരിക്കും.
ഈ ഹെൽമറ്റ് തലച്ചോറിനെ മാത്രമല്ലാ, നിങ്ങടെ മുഖത്തിനേം സംരക്ഷിക്കും, നേരാം വണ്ണം ഉപയോഗിച്ചാൽ മാത്രം. താഴത്തെ ചിത്രത്തിലെ പോലെയൊക്കെ മുഖം മൊത്തം പൊട്ടിപ്പൊളിഞ്ഞ്, ഷേപ്പൊക്കെ മാറി, ശ്വാസമെടുക്കാൻ കഴുത്ത് തുളച്ച് ട്യൂബൊക്കെയിട്ട് കിടക്കുന്നത് കാണാൻ ഒരു ഭംഗീം കാണൂല്ല. പെറ്റ തള്ള പോലും സഹിക്കൂല്ല. കാമുകിമാരെയൊക്കെ വെറുതെ തേപ്പുകാരികളുമാക്കും.
അതോണ്ട് നോക്കൂ, ഹെൽമറ്റ് നല്ലതിന്..
നിങ്ങൾക്കും, പുറകിലിരിക്കുന്നാൾക്കും, രണ്ടുപേരുടെയും വീട്ടുകാർക്കും..
പിന്നെയീ നിയമം വരുമ്പോ പെട്ടുപോകുന്നത് വഴിയിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു കയറി പോകുന്നവരാണ്. ഞാൻ സാധാരണ ആരെങ്കിലും കൈ കാണിച്ചാൽ ലിഫ്റ്റ് കൊടുക്കാറുള്ളതാണ്. ഇനിയങ്ങനെ ചെയ്യണമെങ്കിൽ ഒരു ഹെൽമറ്റ് എക്സ്ട്രാ കരുതേണ്ടി വരുമെന്നാണ് തോന്നുന്നത്. ഇല്ലെങ്കിൽ കണ്ടില്ലാന്ന് നടിച്ച് പോരേണ്ടി വരും.
*