കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ മനു ജഗത് എഴുതുന്നു.
സച്ചിയേട്ടൻ
അയ്യപ്പനും കോശിയും കഥയുടെ തുടക്കം മുതൽ അതിന്റെ വൺ ലൈൻ മുതൽ എഴുത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ വിളിച്ചു സച്ചിയേട്ടൻ തന്നെ വായിച്ചു കേൾപ്പിക്കികുമായിരുന്നു. വായനയിൽ കഥാപാത്രങ്ങളുടെ അതെ ഊർജം ഉൾക്കൊണ്ടുകൊണ്ട് തന്നെ പറയുന്നത് സച്ചിയേട്ടന്റെ ഒരു പതിവായിരുന്നു. ഓരോ പ്രാവശ്യവും കഥയ്ക്കും കഥാപാത്രങ്ങൾക്കും ശൗര്യം കൂടി. സ്ക്രിപ്റ്റ് തുടങ്ങിയ സമയത്ത് മമ്മൂക്ക അയ്യപ്പൻ നായരും , ബിജുമേനോൻ കോശിയുമായിരുന്നു. പിന്നീട് പ്രൊജക്റ്റ് കൺഫേം ആയപ്പോ ബിജുമേനോൻ അയ്യപ്പൻ നായരും പൃഥ്വിരാജ് കോശിയുമായി. ആദ്യം കേട്ടപ്പോ എനിക്കെന്തോ ഉൾക്കൊള്ളാൻ പറ്റിയില്ല. ഒരു പക്ഷെ കുറച്ചുനാളായി എന്റെ മനസ്സിൽ മറ്റു രണ്ടുപേരും നിറഞ്ഞുകൊണ്ടതാവാം. എന്നാൽ സിനിമ വന്നപ്പോൾ ഒന്നും പറയാനില്ലായിരുന്നു. ആ സ്ക്രിപ്റ്റിന്റെയൊരു പവർ അതായിരുന്നു.
കഥാപാത്രങ്ങളായി വന്നവരും തങ്ങളുടെ പ്രകടനം കൊണ്ട് തകർക്കുക തന്നെ ചെയ്തു .ഡാ എനിക്കൊരു പോലീസ് സ്റ്റേഷൻ സ്കെച്ച് ചെയ്തു തരണം. ഒരു കുന്നിൻ ചരിവിൽ ഒരു പോലീസ് സ്റ്റേഷൻ മാത്രം. പിന്നിൽ ഒരു വിൻഡ് മിൽ ( കാറ്റാടി യന്ത്രം ) വേണേൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനോട് ചേർന്ന് ഒരു പെട്ടിക്കട. പോലീസ് സ്റ്റേഷനിലേയ്ക് ചായ സപ്ലൈ ചെയ്യാൻ പറ്റിയ ഒരു കുഞ്ഞു പെട്ടിക്കട. സ്റ്റേഷൻ റൂഫ് പഴയ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതാകണം . കരിങ്കല്ല് കൊണ്ടുള്ള ചുവരുകൾ ഒരു പഴയ ബ്രിട്ടീഷ് ഫീൽ ബിൽഡിംഗ് .. ഇത്രയും ഡീറ്റൈൽഡ് ആയ ഒരു വിവരണം
എനിക്കും സത്യത്തിൽ കൊതിയായി. സെറ്റ് മാത്രല്ല സച്ചി എന്ന സംവിധായകനൊപ്പം ഒരു ജ്യേഷ്ഠ സഹോദരനൊപ്പം എന്റെ ആദ്യ സിനിമ. ഇത് ഞാൻ തകർക്കും മനസ്സിലുറപ്പിച്ചു.ഒരു ദിവസം പതിവുപോലെ സച്ചിയേട്ടൻ വിളിച്ചു. കുട്ടാ നീ ഫ്രീ ആണോ.. ഒന്നത്യാവശ്യമായി കാണണം ഞാൻ എന്റെ ബുള്ളറ്റുമായി കാക്കനാട് സെസിനടുത്ത ഒരു വില്ലയിലേക്ക് ചെന്നു. ചെന്നപാടെ എന്നോട് ചോദിച്ചത് നിന്റെ കാർ ഏതാണ് എന്നാ. എന്റെ കാറും , ബസ്സും ഒക്കെ ഇവനാന്നു പറഞ്ഞപ്പോ സച്ചിയേട്ടൻ ദേഷ്യപ്പെട്ടു. നീ ഇനി കാറുവാങ്ങും. ഈ പടം കഴിയുമ്പോ നിനക്കൊരു കാറുണ്ടാവും ഇത് സച്ചിയാണ് പറയുന്നത്. സച്ചിയേട്ടൻ അത് പറയുമ്പോ എന്റെ മനസ്സിലെന്തൊക്കെയോ ഓർമ്മകൾ മിന്നിമറഞ്ഞു .. നല്ലതും ചീത്തയുമായ എന്തൊക്കെയോ അനുഭവങ്ങൾ ..
യഥാർത്ഥത്തിൽ സച്ചിയേട്ടൻ എനിക്കാരാണ്..എനിക്ക് വേണ്ടിയും, എന്നെ ചേർത്തുപിടിക്കാനും ഒരാൾ .. എന്റെ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകും മുന്നേ സച്ചിയേട്ടൻ അകത്തോട്ട് കേറിവരാൻ പറഞ്ഞു. ഇവിടെ ഇത്രനേരം രഞ്ജി ഏട്ടൻ ഉണ്ടായിരുന്നു. പുള്ളി പുറത്തെവിടെയോ പോയതാ.. ചിലപ്പോ രഞ്ജിയേട്ടനാവും നമ്മുടെ പ്രൊഡ്യൂസർ. നിനക്കെന്തെലും പ്രശ്നം ഉണ്ടോ രഞ്ജിയേട്ടനുമായി .. സച്ചിയേട്ടൻ ചോദിച്ചു.
എനിക്ക് പഴ്സണലായി വേറൊന്നും ഇല്ല. അദ്ദേഹത്തിന് എന്നോടുണ്ടോ എന്നത് എനിക്കറിയില്ലായെന്നും പറഞ്ഞു.
ക്യാപിറ്റൽ തിയേറ്റർ കമ്പനിയുടെ പാർട്ണറൂം രഞ്ജിയേട്ടന്റെ സുഹൃത്തു കൂടിയായ ശശിയേട്ടൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. മനു ഈ വർക്ക് ചെയ്യുന്നതിൽ രഞ്ജിത്തേട്ടന്റെ താല്പര്യമില്ലായ്മ ശശിയേട്ടൻ സൂചിപ്പിച്ചു. നിനക്കു എനിക്ക് വേണ്ടി വർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള താല്പര്യം മാത്രം എനിക്കറിഞ്ഞാൽ മതി. മറ്റാരുടേം പ്രശനം എന്നെ ബാധിക്കുന്നില്ല അയ്യപ്പനും കോശിയും നീ ചെയ്യുന്നു .. എന്താ നിന്റെ അഭിപ്രായം ? അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ സന്തോഷത്തിന്റെയും കടിഞ്ഞാണിൽ ആരോ ശക്തിയായി വലിച്ചപോലെ.. എത്ര സിനിമ നഷ്ടപ്പെട്ടാലും ആരൊക്കെ എന്നെ വേണ്ടാന്ന് പറഞ്ഞാലും നിങ്ങളെ എനിക്ക് വേണം സച്ചിയേട്ടാ.. ഈ സിനിമ ചെയ്താൽ ചിലപ്പോ എനിക്ക് സച്ചിയേട്ടനെ നഷ്ടപ്പെടും. ചുറ്റുമുള്ളവർ ചിലപ്പോ ഈ ബന്ധം തന്നെ ഇല്ലാതാക്കും. എനിക്ക് സച്ചിയേട്ടനെ നഷ്ടപ്പെടുത്താൻ ഒരിക്കലും പറ്റില്ലായിരുന്നു. അത്രയും ആ മനുഷ്യൻ എന്നിൽ കലർന്നിരുന്നു.
ഒരു വലിയ കള്ളം പറയാൻ ഞാൻ നിർബന്ധിതനായി..ഇല്ലാത്ത ഒരു തെലുങ്ക് സിനിമയുടെ പേരും പറഞ്ഞു ( ശെരിക്കും എന്റെ ഒരു സുഹൃത് ചെയ്യാനിരുന്ന തെലുങ്ക് ഫിലിം റെമ്യൂണറേഷന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോ വേണ്ടാന്ന് വെച്ചിരുന്നു. ആ ഫിലിമിന്റെ പേരിലുള്ള ചില മെസ്സേജുകൾ സച്ചിയേട്ടനെ വിശ്വസിപ്പിക്കാൻ കാണിച്ചു) സച്ചിയേട്ടന്റെ അയ്യപ്പനും കോശിയിൽ നിന്നും ഒഴിവായി..
എന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം സച്ചിയേട്ടൻ പറഞ്ഞു ഡാ.. ഒന്നുറപ്പിച്ചോ ഇനിയുള്ള സിനിമകൾ സച്ചിയുടെ ഓൺ പ്രൊഡക്ഷൻ ആയിരിക്കും , അവിടെ നീയുണ്ടാവും.. നമ്മൾ ഒന്നിച്ചുള്ള സിനിമകൾ ഉണ്ടാവും..നീയവിടെ ഒരു ആർട്ട് ഡയറക്ടർ മാത്രമായിരിക്കില്ല..
ഞാനൊരു വില്ല പ്രൊജക്റ്റ് പ്ലാനുണ്ട് . അവിടെ നമ്മളുടെ ഒപ്പമുള്ളവർ ഒക്കെ ഉണ്ടാവും. ഒരു വീട് നിനക്കും. നമ്മൾ സിനിമകൾ ചെയ്യും ആരെയും ബോധിപ്പിക്കാനല്ലാതെ നമ്മുടേതായ നല്ല സിനിമകൾ ..
സച്ചിയേട്ടന്റെ സാരഥിയായ സ്വാമിയേട്ടൻ പൊട്ടിച്ചു വെച്ച ബിയറിനു അന്ന് വല്ലാത്തൊരു ലഹരിയായിരുന്നു..അയ്യപ്പനും കോശിയും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി. ആ സിനിമ ചെയ്യാൻ പറ്റാഞ്ഞതിൽ വിഷമമൊന്നും തോന്നിയില്ല . ഇതുപോലെ അല്ലെങ്കിൽ ഇതിലും മനോഹരമായ എത്രയോ സിനിമകൾ ഇനിയും വരാനിരിക്കുന്നു സച്ചിയേട്ടന്റേതായി ..പക്ഷെ വിധി വേറൊന്നായിരുന്നു .. തന്റെ ജൈത്രയാത്രയുടെ കുതിപ്പിന്റെ മുന്നോടിയായ അയ്യപ്പനും കോശിയും ആഘോഷിക്കപ്പെടും മുൻപേ സച്ചിയേട്ടൻ ആരോടും പറയാതെ തനിക്കേറെ ഇഷ്ടപ്പെട്ട കുടജാദ്രിയിലെ മേഘങ്ങളിവിടെയോ പോയിമറഞ്ഞു. ഒഴിവാക്കാൻ അവർക്കു മാത്രമല്ല സച്ചിയേട്ടാ ..
അയ്യപ്പനും കോശിയിൽ നിന്ന് ആർക്കു എന്നെ ഒഴിവാക്കാൻ പറ്റിയോ .. അതേ ആളുകൾക്കൊപ്പം ഇനിയൊരു സിനിമ ഞാനും ചെയ്യില്ല .. ഒരാൾക്ക് മാത്രം അല്ലല്ലോ ചില തീരുമാനങ്ങൾ നമ്മൾക്കും ആകാം…
( ആരോടും ഒരു പരിഭവവുമില്ല )