മനു എസ് പിള്ള

ദേശീയത മതവുമായി കൂടിക്കലര്‍ന്നിട്ട് ഒരു നൂറ് വര്‍ഷം ആയിക്കാണും. ഹിന്ദുത്വത്തിന് വര്‍ഗ്ഗീയ സ്വഭാവം വരുന്നത് ദേശീയതയുമായികൂടിക്കലരുമ്പോഴാണ്. പാശ്ചാത്യ സ്വഭാവമുള്ള ദേശീയത ഇന്ത്യയിലെ പഴയ മതവുമായി കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വിഷയമാണത്. കോളനിവല്ക്കരണത്തിന്മുമ്പ് തന്നെ ഈ ആശയം ഉണ്ട്. 1347-ല്‍ വിജയനഗര രാജാവ് തന്നെ വിശേഷിപ്പിച്ചിരുന്നത് ഹിന്ദുക്കളുടെ സുല്‍ത്താന്‍ എന്നാണ്. സിന്ധുനദിക്കപ്പുറമുള്ളവരെല്ലൊം ഹിന്ദുക്കള്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. അതിനെ സ്വാംശീകരിച്ച് ഒരു പ്രതിച്ഛായ ആദ്യമായി ഉണ്ടാക്കിയത് വിജയനഗരരാജാക്കന്മാരാണ്. ഇതൊരു രാഷ്ട്രീയ സ്വത്വമായിരുന്നില്ല. അതൊരു രാജകീയ സ്വത്വമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദേശീയതയുമായി ഹിന്ദുത്വംകൂടിക്കലരാന് തുടങ്ങി. 1347-ല്‍ ഹിന്ദു എന്ന സ്വത്വം ഉണ്ടായിരുന്നുവെങ്കിലും അത് മതവുമായി കൂടിക്കലര്ന്നിട്ടില്ലായിരുന്നു.
ഛത്രപതി ശിവാജിയുടെ അച്ഛന്റെപേര് ഷഹാജി, ചിറ്റപ്പന്റെ പേര് ഷരീഫ്ജി. ശിവാജിയുടെ അപ്പൂപ്പന് കുട്ടികളില്ലാതിരുന്നപ്പോള്‍ അവര്‍ ഒരു സൂഫിവര്യന്റെ അടുത്തുപോയി.അദ്ദേഹത്തിന്റെ അനുഗ്രഹം വഴിയാണ് കുട്ടികളുണ്ടായത്. ഷാ ശരീഫ് എന്ന സൂഫിയുടെ പേരാണ് മക്കള്‍ക്ക് അദ്ദേഹം നല്‍കിയത്. ശിവാജിയുടെരാജത്വത്തില് ഹിന്ദുത്വം ഉണ്ട്. അപ്പൂപ്പന്റെ കാലത്ത് ആളുകള്‍ തമ്മില്‍ നല്ലരീതിയില്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നു. പള്ളികളില്‍ പോകുന്നശിവഭക്തരുണ്ടായിരുന്നു. എത്രയോ തരത്തിലുള്ള ആചാരങ്ങളും ജീവിത രീതികളും ഉണ്ടായിരുന്ന ഇടമാണിത്.
1558ല്‍ ഹുസൈന് നിസാം ഷായുമായി പോരാടാന്‍ അലി അദില്‍ ഷാ തേടിയത് വിജയനഗര രാജാവായ രാമരായയുടെ സഹായമായിരുന്നു. അലിയെ രാമരായയുടെ ഭാര്യ മകനായി ദത്തെടുക്കുകയും ചെയ്തു. 1565ലെ യുദ്ധത്തില്‍ ഹിന്ദുക്കളായ മറാത്തകള്‍ പിന്തുണച്ചത് വിജയനഗരത്തിലെ ഹിന്ദു രാജാവിനെയല്ല. മുസ്ലിമായ ഡക്കാണ് സുല്‍ത്താനെ. സരസ്വതിയുടെ കടുത്ത ആരാധകനായ ബിജാപൂരിലെ ഇബ്രാഹിം അദില്‍ ഷാ രണ്ടാമന്റെ ജീവിതകഥ അവിശ്വസനീയമാണ്. തന്റെ പിതാവ് ഗണപതിയും മാതാവ് സരസ്വതി ദേവിയുമാണെന്നാണ് അദില്‍ ഷാ പറഞ്ഞിരുന്നത്. ചുരുക്കത്തില്‍ അവര്‍ അവരുടെ കാലത്ത് കല്പിക്കാത്ത വര്‍ഗീയ അര്‍ഥങ്ങളാണ് അവരെച്ചൊല്ലി പിന്നീടു പലരും കല്‍പ്പിച്ചത്.
ശിവജിയുടെ അച്ഛനും ചെറിയച്ഛനും അവരുടെ അച്ഛന് മാലോജിയാണ് പേരിട്ടത്. നിസാം ഷായുടെ വിശ്വസ്തനായ അദ്ദേഹമിട്ട പേരുകളില്‍ സൂഫി വര്യനായ ഷാ ഷറീഫിനോടുള്ള ആദരവ് തുളുമ്പി നിന്നു. ഷാ ഫറീഫിന്റെ പേരിലെ രണ്ടു ഭാഗങ്ങള്‍ എടുത്ത് ഷാഹ്ജി എന്നും ഷറീഫ് ജിയെന്നുമായിരുന്നു പ്രിയപുത്രന്മാര്ക്ക് അദ്ദേഹം പേരിട്ടത്. ഈ പാരമ്പര്യമുള്ള ശിവജിയെ പിന്നീട് മുസ്ലിങ്ങളെ തോല്പ്പിക്കല് ദൗത്യമാക്കിയ ഹിന്ദു രാജാവാക്കി ചിത്രീകരിച്ചു. മുസ്ലിം രാജാധികാരത്തെ പ്രതിരോധിച്ച വിജയനഗര രാജാവായ കൃഷ്ണ ദേവരായയുടെ തലയില്‍ തിളങ്ങിയത് പേര്‍ഷ്യന്‍ തൊപ്പിയായിരുന്നു. ഹംപിയിലെ വിത്താല ക്ഷേത്രത്തിലെ ചുമരില്‍ കുതിരപ്പുറത്തിരിക്കുന്ന മുസ്ലിം യുവാവിന്റെ ശില്പമുണ്ട്. ദേവരായ രണ്ടാമന് തന്റെ സേനയിലെ മുസ്ലിംങ്ങള്‍ക്കു വേണ്ടി മോസ്ക് പണിതു നല്കിയ രാജാവായിരുന്നു.
ഞാന്‍ അറിയുന്നിടത്തോളം ബാബറിന്റെ കീഴിലുണ്ടായിരുന്ന ഒരു പ്രഭു പണിത പള്ളിയാണ്. അതിന്റെ അടിയില്‍ എന്തോ പഴയ നിര്‍മ്മിതിയുണ്ടെന്ന് കോടതിപറയുന്നുണ്ട്. പക്ഷെ അത് ഒരു ക്ഷേത്രം തകര്‍ത്തിട്ടാണെന്ന തെളിവില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ഇത് വിശ്വാസത്തേക്കാളുപരിരാഷ്ട്രീയമാണ്. എല്ലാവര്ക്കും വാദിക്കാനുള്ള അവകാശമുണ്ട്. മതേതരത്വത്തിന്റെ തോല്‍വിയായാണ് ആ വാദം കുപ്രസിദ്ധി നേടുന്നത്.കോണ്‍ഗ്രസ്സും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആ അമ്പലത്തില്‍ ആദ്യം പൂജ തുടങ്ങിയതും ഗേറ്റ് തുറക്കുന്നതുമൊക്കെ കോണ്‍ഗ്രസുകാരാണ്.
അംബേദ്കര്‍ പണ്ട് പറഞ്ഞിട്ടുണ്ട്, നമ്മള് ഇത്രയും നല്ല ഒരു ഭരണഘടന ഉണ്ടാക്കിയിട്ടുണ്ട്. ഈ സമൂഹത്തിന്റെ മുകള്‍ തട്ടില്‍ നിന്ന് കൊടുക്കുന്നഭരണഘടനയാണ്. താഴെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതിവ്യവസ്ഥയുണ്ട്, വംശീയതയുണ്ട്, ദിക്കുകളുടെ വ്യത്യാസമുണ്ട്. ജനായത്ത തത്ത്വങ്ങള്പാലിക്കാത്ത ഒരു സമൂഹത്തിലേക്ക് ഉദാരമായ ജനാധിപത്യ ഭരണഘടന ഉണ്ടാക്കിക്കൊടുത്തു. അതിനെ നിലനിര്‍ത്തണമെങ്കില്‍ ഭരണകര്ത്താക്കള്നിരന്തരമായി പരിശ്രമിക്കണം. എന്നാല്‍ ഒരു ഘട്ടത്തില്‍ ഭരണകര്‍ത്താക്കള്‍ ഭരണഘടനയില്‍ വിട്ടുവീഴ്ചകള്‍ അനുവദിച്ചു തുടങ്ങി. നെഹ്റുവിന്റെ കാലത്ത്തന്നെ പുസ്തകങ്ങള്‍ നിരോധിച്ചു തുടങ്ങിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്കി. തുടക്കംമുതല്‍ തന്നെ എഴുതിവച്ചിരിക്കുന്നതില്‍ നിന്ന് വ്യതിചലിച്ചാണ് ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഭരണഘടന വെറുമൊരുപുസ്തകമാണ്.
ആള്‍ക്കാരുടെ വിചാരം ഈ ആചാരങ്ങളൊക്കെ ഒരിക്കലും മാറാതെ, അയ്യായിരം വര്‍ഷങ്ങളായി പാലിച്ച് പോരുന്നതാണെന്നാണ്. അങ്ങനല്ല, ഓരോ കാലത്തും ഓരോരാജാക്കന്മാര് വരുമ്പോഴും ഓരോ വ്യത്യാസങ്ങള്‍ വരുത്തും. മുമ്പുണ്ടായിരുന്ന ആള്‍ക്കാര്‍ക്ക് ചിലപ്പോള്‍ പുതിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടില്ല. പക്ഷെ രാജാവിന് താന്‍ വരുത്തുന്ന മാറ്റങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുത് എന്നായിരുന്നു ശ്രീചിത്തിര തിരുനാളിന് കമ്മീഷന് നല്കിയ റിപ്പോര്‍ട്ട്. തന്ത്ര സമുച്ചയം പ്രകാരം താഴ്ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ വിഗ്രഹത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വേറൊരു പശ്ചാത്തലത്തില്‍ ഇതേ കാര്യം തന്നെയാണ് ഇന്നും ചിലര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് 1936ല്‍ നിയമം കൊണ്ടുവരുന്നത്. അധികാരത്തില്‍ ഉള്ളവര്‍ക്ക് എന്നും ആചാരം മാറ്റാനുള്ള അവകാശം അന്നുമുണ്ട്.