രണ്ടു പേർ തമ്മിൽ ഏറ്റവും ആഴത്തിൽ തിരിച്ചറിയപ്പെടുന്നത് എപ്പോളാവും

0
209

മനു

രണ്ടു പേർ തമ്മിൽ ഏറ്റവും ആഴത്തിൽ തിരിച്ചറിയപ്പെടുന്നത് എപ്പോളാവും.

ആ ഒരു നിമിഷത്തിന്റെ എല്ലാ വികാരങ്ങളും ഉൾകൊണ്ടുകൊണ്ട് തമ്മിൽ കെട്ടിപ്പിടിക്കുമ്പോൾ ആവുമെന്ന് തോന്നുന്നു.ശരീരത്തിന്റെ അതിരുകളെ മറക്കുമ്പോൾ ആണ് മനുഷ്യർ കെട്ടിപ്പിടിക്കുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

തന്മാത്രയിൽ രമേശൻ നമ്പ്യാർ തന്റെ ചുറ്റുമുള്ളവരോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്-നിങ്ങളിൽ എത്ര പേർ മക്കളെ തലോടിയിട്ടുണ്ട്. മൂർധാവിൽ ചുംബിച്ചിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുട്ടുണ്ട് എന്ന്. ആലോചിച്ചു നോക്കിയാൽ ലൈംഗികമായി മാത്രം നാം അകറ്റി നിർത്തപ്പെട്ട തമ്മിൽ പുണരാനുള്ള രണ്ട്‌ പേരുടെ ഏറ്റവും മനോഹരമായ ചോദനയാണ് കെട്ടിപ്പിടുത്തങ്ങൾ എന്ന് കാണാനാവും.

നിനക്ക് കിട്ടിയ ഏറ്റവും നല്ല കെട്ടിപ്പിടുത്തം ഏതെന്ന് ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ വിങ്ങിപ്പൊട്ടി ഇരിക്കുന്ന നേരത്തു ഒരുവൻ അനുവാദം പോലും ചോദിക്കാതെ തന്ന ഒരെണ്ണം ആണെന്നാണ് പറഞ്ഞത്. അതിനു ശേഷം അവൻ എന്നോട് ഒന്നും പറയേണ്ടതില്ലെന്നും ആ ഒരൊറ്റ നിമിഷത്തിൽ എല്ലാമുണ്ടെന്നും ആണ് അവൾ പറഞ്ഞത്.

ആകാശദൂതെന്ന സിനിമയിൽ തനിച്ചായി പോയ അനിയനെ ചേർത്തുനിർത്തുന്ന കൂടപ്പിറപ്പുണ്ട്.അവരുടെ ഉള്ളിൽ ഉള്ളതെല്ലാം വാക്കുകളെക്കാൾ ഹൃദയത്തെ സ്പര്ശിക്കുന്നത് അത്തരം ചേർത്തുനിർത്തലുകൾ കാണുമ്പോളാണ്.അമ്മ എന്നെ അന്ന് കെട്ടിപ്പിടിച്ചില്ലായിരുന്നു എങ്കിൽ, തോളത്തു തട്ടി നിന്നെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന ഞാൻ ഉണ്ടാവില്ലെന്നായിരുന്നു വേറൊരു സുഹൃത് പറഞ്ഞത്.

ചെറുപ്പത്തിലെ ഏറ്റവും നല്ല ഓർമകളിൽ ഒരു റെയിൽവേ സ്റ്റേഷൻ രംഗമുണ്ട്.കാലങ്ങൾക്ക് ശേഷം കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു ട്രെയിൻ ൽ കേറിയ അച്ഛന്റെ മുഖത്തോട്ട് നോക്കാൻ തോന്നാതിരുന്ന ഒരു പതിനഞ്ചു വയസ്സുകാരൻ ഉണ്ടതിൽ.വേറെ യാതോന്നിനും മറച്ചുപിടിക്കാൻ ആവാത്തവണ്ണം അയാളവിടെ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.

നാളുകൾക്ക് ശേഷം ഒരു യാത്ര പറച്ചിൽ കണ്ണുകളും അതിലേറെ ഹൃദയവും നിറച്ചത് മജീദ് സുഡാനിയെ യാത്രയാക്കുന്ന സീനിൽ ആണ്. പരസ്പരം കെട്ടിപ്പിടിക്കുകയും ഒരു അവയവം പോലെ കൂടെയുള്ള ജേഴ്‌സികൾ തമ്മിൽ കൈമാറുകയും ചെയ്യുകയെന്നല്ലാതെ അവിടെ വേറെന്താണ് കാണിക്കാനാവുക..
ഈ വർഷത്തെ ഏറ്റവും നല്ല കണ്ടുമുട്ടൽ കഴിഞ്ഞമാസം കോട്ടയത്ത് വെച്ചായിരുന്നു. ആദ്യം കണ്ടപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചതും അവസാനം “കാണാട്ടോ” ന്നൊരൊറ്റ വാക്കിനു ശേഷം കെട്ടിപ്പിടിച്ചതും അന്നേ വരെ കിട്ടിയിട്ടുള്ളത്തിൽ വെച്ചേറ്റവും സ്നേഹത്തോടെ ഉള്ളതാണ്.

ക്ളാരയോട് ജയകൃഷ്ണൻ അയാളെ പറ്റി പറയുന്നത് തിരമാലകളുടെയും ജോൺസൻ മാഷിന്റെയും ശബ്ദമനോഹാരിതയുടെ അകമ്പടിയിൽ അവളുടെ മടിയിൽ കിടന്നുകൊണ്ടാണ്. അപ്പു മാത്തനോട് “sex is not a promise”എന്ന് പറയുന്നത് അയാളെ ഒരു കുഞ്ഞിനെപ്പോലെ വാരിപ്പുണർന്നതിനു ശേഷമാണ്… സദയത്തിൽ സത്യനാഥന്റെ ചേർത്തുപിടിക്കലിന് സ്നേഹത്തിനെക്കാൾ മരണത്തിന്റെ, പേടിയുടെ, നിസ്സഹായതയുടെ ,അങ്ങനെ എന്തിന്റെയൊക്കെയോ അകമ്പടിയുണ്ട്. അവരുടെ ഹൃദയമിടിപ്പ് നിലക്കുന്നതിലോളം വലിയൊരു കാവൽ അവർക്ക് നല്കാനില്ലെന്നു തോന്നിയാണ് രാജിയെയും മിനിമോളെയും അയാൾ ചേർത്തുപിടിക്കുന്നത്.

രണ്ടു മനുഷ്യർ തമ്മിലുള്ള അകലം ഏറ്റവും കുറയുന്നതും പരസ്പരം കെട്ടിപ്പിടിക്കുമ്പോൾ തന്നെയാണ്. അതുകൊണ്ടാവാം “പുണർന്നു പേറുന്നതെല്ലാം ഒരിനമാം” എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ടാവുക. ചുറ്റുമുള്ളതെല്ലാം, അകറ്റി നിർത്തുന്നതെല്ലാം , പലതെന്നു പറഞ്ഞു പഠിപ്പിച്ചതെല്ലാം നിസ്സാരമായിപോവുന്ന വേറേത് സ്നേഹപ്രകടനം ഉണ്ട് നമുക്ക്. രണ്ടു പേരുടെ ഹൃദയമിടിപ്പിന്റെ താളം ഇത്രയും അടുത്തറിയാൻ വേറെ എന്തിനാവും. വാക്കുകൾ പോരാതെ വരുമ്പോൾ ഒരു ചേർത്തുനിർത്തലിന് അല്ലാതെ മറ്റെന്തിനാണ് മനുഷ്യരെ സമാശ്വസിപ്പിക്കാൻ ആവുക. കൂടെയുണ്ടെന്ന് വാക്കാൽ പറയുന്ന അത്രയും ഇന്റൻസിറ്റിയിൽ വേറെ എന്ത് ചെയ്താണ് നമുക്ക് അത് പ്രകടിപ്പിക്കാനാവുക.

ഗാസയിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം കെട്ടിപ്പിടിച്ചു കരയുന്ന മനുഷ്യന്റെ അത്രയും നൊമ്പരപ്പെടുത്തിയ ചിത്രം വേറെ ഏതാണ് ഉള്ളത്.അതുകൊണ്ട് സാധിക്കുമ്പോളെല്ലാം മനുഷ്യരെ ചേർത്തുനിർത്തുക. കെട്ടിപ്പിടിക്കുക, സൗഹൃദങ്ങൾക്ക് മേൽ അതിർവരമ്പുകൾ സൃഷ്ടിക്കാതിരിക്കുക. മനുഷ്യനായി ഇരിക്കുക.