Manu Varghese
ഒരു കാലത്ത് മലയാള സിനിമയുടെ രോമാഞ്ചമായിരുന്ന ചിലരെക്കുറിച്ചാണീ ഈ കുറിപ്പ്. തുടരെയെത്തിയ ഒരേ ഫോർമാറ്റിലുള്ള കോമഡി ചിത്രങ്ങളുടെ മടുപ്പിക്കുന്ന അവതരണങ്ങളും ആശയ ദാരിദ്രവും തിയേറ്റർ സമരവും താരചിത്രങ്ങൾ തുടരെ തുടരെ പരാജയപ്പെടുകയും ചെയ്ത കാലത്താണ് ഷക്കീല ചിത്രങ്ങൾ മലയാളത്തിൽ വേരുറയ്ക്കുന്നത്.
സിൽക്ക് സ്മിത നായികയായ പ്ലേ ഗേൾസ് എന്ന ചിത്രത്തിലൂടെയാണ് ഷക്കീല സിനിമയിലെത്തുന്നത്. കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ ഷക്കീല ചിത്രങ്ങൾക്ക് ഡിമാൻഡായി. രാക്കിളികൾ, തങ്കത്തോണി, കാതര, മഞ്ഞുകാല പക്ഷി, കൗമാരം, നാലാം സിംഹം, വേഴാമ്പൽ, കിന്നാരം ചൊല്ലി ചൊല്ലി, ചാരസുന്ദരി, ലാസ്യം, സ്വർഗ്ഗവാതിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. തന്റെ പതിനഞ്ചാം വയസിലാണ് ഷക്കീല സിനിമയിലെത്തിയത്.
ഷക്കീലയെപ്പോലെ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് രേഷ്മ .കൗമാരം എന്ന ചിത്രത്തിലൂടെയാണ് രേഷ്മ ബി ഗ്രേഡ് ഇൻഡസ്ട്രിയിലെത്തുന്നത്.രേഷ്മയുടെ സൗന്ദര്യം അവർക്ക് ഈ രംഗത്ത് മുതൽക്കൂട്ടായി . പിന്നീട് സിന്ധു, മറിയ, ഹേമ, ദേവി, മോണിക്ക ,വിനീത, സജിനി, റോഷ്നി തുടങ്ങി നിരവധി നടിമാർ എത്തിയെങ്കിലും ഷക്കീലയും രേഷ്മയും ഈ രംഗത്തെ സൂപ്പർസ്റ്റാറുകളായി നില കൊണ്ടു.
കന്നഡ സിനിമകളിൽ അഭിനയിച്ചിരുന്ന രേഷ്മ പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെയാണ് ബി ഗ്രേഡിലേയ്ക്ക് വരുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസിൽ ഒരു തമിഴ് സോഫ്റ്റ് പോൺ ചിത്രത്തിലൂടെയാണ് രേഷ്മ സിനിമയിലെത്തുന്നത്. സ്നേഹ, അപ്സര, സുന്ദരിക്കുട്ടി, വിവാദം തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ ആളെ നിറച്ചു.
ബി ഗ്രേഡ് ചിത്രങ്ങളുടെ യുഗം അവസാനിച്ചതോടെ മെയിൻ സ്ട്രീം സിനിമകളിൽ നിന്നും അവസരം ലഭിക്കാതെ ആയതോടെ രേഷ്മ എന്ന നടി എവിടെയോ മറഞ്ഞു. പിന്നീട് 2007-ൽ കൊച്ചി കാക്കനാട് ഒരു ഹോട്ടലിൽ നിന്നും വ്യഭിചാര കുറ്റം ചുമത്തപ്പെട്ട് ഈ നടി അറസ്റ്റിലായി. രേഷ്മ ഇന്നൊരു കുടുബിനിയാണെന്നും മൈസൂരിലെവിടെയോ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സുഖമായി ജീവിക്കുകയാണെന്നും പിന്നീട് ഷക്കീലയിലൂടെ പുറം ലോകം അറിഞ്ഞു.
ബി ഗ്രേഡ് യുഗത്തോടെ നിരവധി നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും പചപ്പിടിച്ചെങ്കിലും ഇതിൽ അഭിനയിച്ച പല നടിമാർക്കും ജീവിതം പച്ച പിടിപ്പിക്കാൻ കഴിഞ്ഞില്ല. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഈ നടിമാർ ലോകത്തിലെ ഏതെങ്കിലും കോണുകളിൽ ഉണ്ടാവും. സിന്ധുവും മറിയയുമൊക്കെ എവിടെയുണ്ടെന്ന് സുഹൃത്തായ ഷക്കീലയ്ക്ക് പോലും അറിയില്ല.
മലയാള സിനിമാ വ്യവസായം തന്നെ പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരു സമയത്ത് തിയേറ്ററുകളിൽ വീണ്ടും ആളെ നിറച്ചത് ഷക്കീല ചിത്രങ്ങളായിരുന്നു. രണ്ടായിരം മുതൽ രണ്ടായിരത്തി മൂന്ന് വരെയുള്ള കാലയളവിൽ ബി ഗ്രേഡ് ചിത്രങ്ങൾ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും പെട്ടി നിറച്ചു. പല സംവിധായകരും ഡമ്മി പേരുകളിൽ ഷക്കീല ചിത്രങ്ങൾ നിർമ്മിച്ചു.
1998 മുതൽ മലയാളത്തിൽ കുളിർക്കാറ്റ്, ക്യാപ്റ്റൻ, രാക്കിളികൾ, തങ്കത്തോണി, കാതര, മഞ്ഞുകാലപ്പക്ഷി,നീല തടാകത്തിലെ നിഴൽ പക്ഷികൾ എന്നീ ചിത്രങ്ങൾ ഇറങ്ങിയിരുന്നെങ്കിലും 2000 മാർച്ച് 10-ന് റിലീസ് ചെയ്ത കിന്നാരത്തുമ്പികളിലൂടെയാണ് ബി ഗ്രേഡ് സിനിമകളുടെ വസന്തകാലം ആരംഭിച്ചത്.
ആർ.ജെ പ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോടികൾ നേടി. കേരളത്തിലെ തിയേറ്ററുകളിൽ നൂറു ദിവസത്തിലേറെ ചിത്രം പ്രദർശിക്കപ്പെട്ടു. കൗമാരം, വേഴാമ്പൽ, നാലാം സിംഹം, ഡ്രൈവിംഗ് സ്കൂൾ, മാമി, ലാസ്യം, ആലിലത്തോണി, ശിശിരം, കല്ലുവാതുക്കൽ കത്രീന എന്നീ ചിത്രങ്ങളും വിജയമായി. മലയാള സിനിമയിൽ മുഴുനീള പ്രമേയമായി ആദ്യമായി അവതരിക്കപ്പെട്ടത് ആദിപാപം എന്ന ചിത്രത്തിലാണ്. അഭിലാഷ നായികയായ ചിത്രം വിജയിച്ചതോടെ സോഫ്റ്റ് പോൺ സിനിമകളുടെ കാലം ആരംഭിച്ചു. പി.ചന്ദ്രകുമാർ അഭിലാഷയെ നായികയാക്കി ഏഴോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1988 മുതൽ 1992 വരെ ആ യുഗം നില നിന്നു. പിന്നീട് കോമഡി ചിത്രങ്ങൾ വൻ തോതിൽ ശ്രദ്ധിയ്ക്കപ്പെട്ടതോടെ സോഫ്റ്റ് പോൺ സിനിമകൾ ഇറങ്ങാതെയായി.
കോമഡി ചിത്രങ്ങളും സൂപ്പർ താരചിത്രങ്ങളും ആവർത്തന വിരസത മൂലം ജനങ്ങൾ കൈവിട്ടതോടെയാണ് രണ്ടായിരത്തിൽ സോഫ്റ്റ് പോൺ സിനിമകൾ വീണ്ടും സജീവമായത്. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തിയേറ്ററുകാർക്കും മാത്രമല്ല നികുതി ഇനത്തിൽ സർക്കാരിനും വലിയ ആശ്വാസമായിരുന്ന ബി ഗ്രേഡ് ചിത്രങ്ങൾ ക്ക് തിരിച്ചടിയായത് സി.ഡി വ്യവസായമായിരുന്നു. സി.ഡി പ്ലെയറുകൾ വീടുകളിൽ എത്തിയതോടെ തിയേറ്ററുകളിലേയ്ക്ക് സോഫ്റ്റ് പോൺ ചിത്രങ്ങൾ കാണാൻ ആളുകൾ എത്താതെയായി. പതിവ് ഫോർമാറ്റുകളിൽ മാറി പ്രേക്ഷകരെ ആകർഷിക്കാൻ സംവിധായകർക്ക് കഴിഞ്ഞതുമില്ല.
പുതിയ നടിമാരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടായില്ല. അതോടെ ബി ഗ്രേഡ് ചിത്രങ്ങളുടെ നിർമ്മാണവും നിലച്ചു. ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റയും വ്യാപനം ഈ മേഖലയുടെ തിരിച്ചു വരവിന് തിരിച്ചടിയായി. സണ്ണി ലിയോണും മിയാ ഖലീഫയും അരങ്ങു വാഴുന്ന പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് ആ രതി തരംഗം ഇനി വരില്ല…..