Manu Varghese
ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്ന “കിന്നാരത്തുമ്പികൾ ” എന്ന ചിത്രം എല്ലാവർക്കും അറിയാമായിരിക്കാം.
വിപിൻ മോഹൻ എന്ന ക്യാമറമാന്റെ സഹായിയായിയാണ് ആർ ജെ പ്രസാദ് മലയാള സിനിമയിലെത്തുന്നത്.
വേണു നാഗവള്ളിയുടെ കിഴക്കുണരും പക്ഷി,ഹരിദാസിന്റെ മൂന്നിലൊന്ന് എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രസാദിന്റെ ആദ്യ സംവിധാന സംരംഭമാണ് കിന്നാരത്തുമ്പികൾ.
പ്രസാദ് തിരക്കഥയെഴുതി ലോ ബജറ്റിൽ സംവിധാനം ചെയ്ത ചിത്രം കോടികൾ ലാഭം നേടി. ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രസാദ് തന്നെയാണ് നിർവ്വഹിച്ചത്. മഞ്ഞുകാലപക്ഷി, പുന്നാരപ്പൂങ്കുയിൽ തുടങ്ങിയ ബി ഗ്രേഡ് ചിത്രങ്ങളും വിജയം കൊയ്തു.
മലയാള സിനിമയിൽ നിന്ന് നീണ്ട പതിനാല് വർഷം വിട്ടു നിന്ന പ്രസാദ് അക്കാലത്ത് ബംഗാളി സിനിമകളുടെ ഛായാഗ്രഹകനായി പ്രവർത്തിച്ചു. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സംവിധായകനായി വീണ്ടും തിരിച്ചെത്തിയത് മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു
ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ സാഹിത്യകാരനുമായ എസ്.കെ പൊറ്റക്കാടിന്റെ പ്രേമശിക്ഷ നോവലിനെ ആസ്പദമാക്കി ആർ ജെ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാണിക്യം. ജനാർദ്ദനൻ, ഇന്ദ്രൻസ്, ശ്രീലയ, സേതുലക്ഷമി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരൂപക ശ്രദ്ധ നേടി.