മനു നീ എവിടെയാണ്

223

മനു നീ എവിടെയാണ്. 16 വര്‍ഷങ്ങളായില്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.

ഉച്ചക്ക് സ്‌കൂളില്‍ ഊണ് സമയത്ത്!, ഞാന്‍ എന്നും ഓരോ തരം കറികള്‍ നിനക്കായ് വീതിക്കുമ്പോള്‍, നിന്റെ പാത്രത്തില്‍ എനിക്ക് തരാന്‍ എന്നും ചെറുപയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ. നിനക്ക് മടുത്തു എങ്കിലും എനിക്ക് സ്‌കൂളിലെ ചെറുപയര്‍ (കഞ്ഞിയും പയറും) ഒരിക്കലും മടുത്തിട്ടില്ല കേട്ടോ.

നീ ഒരിക്കല്‍ കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ നൂലില്‍ തൂങ്ങി വന്ന ഒരു പുഴു നിന്റെ പാത്രത്തില്‍ വീണപ്പോള്‍ അതിനെ എടുത്തു കളഞ്ഞ് ബാക്കി കഞ്ഞി കുടിച്ചത് നിന്റെ ഗതികേട് കൊണ്ടാണെന്ന് എനിക്കറിയാം.

സ്‌ക്കൂളില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയത് നീ ഓര്‍ക്കുന്നില്ലേ .

നിനക്ക് അന്ന് ഞങ്ങളെക്കാള്‍ പൊക്കം കുറവായത് കൊണ്ടല്ലേ, ഞങ്ങള്‍ നിന്നെ ‘ഉണ്ട മനു’ എന്ന് വിളിച്ചു കളിയാക്കിയിരുന്നത്. എങ്ങനാ ഇപ്പൊ നീ ഉയരം വെച്ചോ. ആറാം ക്ലാസ്സിലെയും എഴാം ക്ലാസ്സിലെയും ഒക്കെ ഫോട്ടോ കുറെ നാള്‍ ഞാന്‍ സുക്ഷിച്ചു വെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവ തമ്മില്‍ ഒട്ടി, ഒന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ആണ്.

ഒരിക്കല്‍ നമ്മള്‍ സ്‌ക്കൂള്‍ മൈതാനത്തിന്റെ സൈഡിലുള്ള പാറക്കല്ലുകള്‍ എടുത്തു മാറ്റികൊണ്ടിരുന്നപ്പോള്‍, എന്റെ കൈ വഴുതി നിന്റെ കാലില്‍ കല്ല് വീണത് നീ ഓര്‍ക്കുന്നില്ലേ. അന്ന് ടീച്ചര്‍ ചോദിച്ചിട്ടും എന്റെ പേര് പറയാതെ എന്നെ തല്ലില്‍ നിന്നും നീ രക്ഷിച്ചു. നിന്റെ ഇടത്തേ കാലില്‍ സ്ടിച് ഇട്ട പാടുകള്‍ ഇപ്പോഴുമുണ്ടോ?

നിന്നെ കുറിച്ച് ഞാന്‍ ഓര്‍കുട്ടിലെ നമ്മുടെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും നിന്നെ കുറിച്ച് യാതൊരു വിവരവുമില്ല. നീ ഓര്‍കുട്ടിലോന്നും ഇല്ല അല്ലെ.

ഞാന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ, നിന്റെ ലക്ഷം വീട് കോളനി നിന്നിരുന്ന ഭാഗത്ത് വന്നിരുന്നു. നിന്റെ ഓല മേഞ്ഞ വീടിരുന്ന സ്ഥലത്തിനടുത്ത് ഇപ്പൊ ഒരു ഹോട്ടല്‍ ആണല്ലേ.

നീ ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും ഉണ്ടോ?. ഉണ്ടെങ്കില്‍ മറുപടി അയക്കില്ലേ.

മനു നീ എവിടെയാണ്.

നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?

നീ എന്നെ മറന്നോ?

Advertisements