വേശ്യയും ഫിറോസ് കുന്നുംപറമ്പിലും

560
മനുജ മൈത്രി

വേശ്യയും ഫിറോസ് കുന്നുംപറമ്പിലും
———————————-

സ്വന്തമായി നിലപാട് പറയുന്നവളെ, പരസഹായം ഇല്ലാതെ കാലുറപ്പിച്ചു നിൽക്കുന്നവളെ, അഭിപ്രായം പറയുന്നവളെ നാളിന്നു വരെയും പൊതുസമൂഹം വിളിച്ചത് വേശ്യ എന്ന് തന്നെയാണ്.. നന്മമരം ഫിറോസ് വിളിച്ചപ്പോൾ വെട്ടുകത്തിയും കോടാലിയും കൊണ്ടു വന്നു തെറി വിളിക്കുന്ന പുരോഗമന പക്ഷത്തെ ആൺ സിംഹങ്ങളിൽ ഭൂരിപക്ഷവും, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് ഒരു പെണ്ണ് ചെയ്യുന്നതെങ്കിൽ എതിർക്കാൻ ഉപയോഗിച്ച വാക്കുകളിൽ ഒന്ന് അവൾ വേശ്യ ആണെന്നോ അവൾ പോക്ക് കേസാണെന്നോ ഒക്കെയാണ്…

കനകദുർഗയെയും ബിന്ദുവിനെയും വേശ്യ എന്ന് വിളിക്കാത്ത സംഘികളും, ശബരിമലയിൽ വിശ്വാസം കാത്തു സൂക്ഷിക്കാൻ നിന്ന പെണ്ണുങ്ങളെ വേശ്യ എന്ന് വിളിക്കാത്ത കമ്മികളും, ആണുങ്ങൾക്ക് ഒപ്പം നടന്നതിനോ കൂട്ട് കൂടിയപ്പോളൊ നിനക്ക് എത്രയാ റേറ്റ് എന്ന് ചോദിക്കാത്തവരും, ഷാൾ മാറിപ്പോകുമ്പോൾ, ലെഗിൻസ് ഇടുമ്പോൾ, പൊതു ഇടങ്ങളിൽ അഭിപ്രായം പറഞ്ഞപ്പോൾ, പ്രണയം നിരസിച്ചപ്പോൾ പെട്രോൾ ഒഴിക്കാൻ മനസ്സുകൊണ്ടെങ്കിലും വിചാരിക്കാത്തവർ, നിങ്ങളുടെ ഇഷ്ടത്തിന് വഴങ്ങാത്തപ്പോൾ അവൾ ഒരുമ്പെട്ടോളാണെന്നും പിഴച്ചതാണെന്നും പറയാത്തവർ മാത്രം ഫിറോസിനെതിരെ കല്ലെറിഞ്ഞാൽ മതി.. കാരണം ഏതൊക്കെയോ സമയങ്ങളിൽ നിങ്ങളും ആ നന്മമരത്തിന്റെ വകഭേദങ്ങളായിരുന്നു, ഇനിയും ആയിരിക്കുകയും ചെയ്യും …

ഇനി ഫിറോസിനോടാണ്, അല്ല ഫിറോസേ, ഒരു സ്ത്രീ സ്വന്തം ശാരീരിക സുഖങ്ങൾക്ക് വേണ്ടി sex ചെയ്താൽ, അവൾ ഇഷ്ടമുള്ള പോലെ ജീവിച്ചാൽ നിങ്ങൾക്കെന്താണ്… അതിന് ഫിറോസിനെ പറഞ്ഞിട്ട് എന്താണ് കാര്യം, ഒരു പുരുഷന് രണ്ടു സ്ത്രീകൾ എന്ന ഇരട്ട നീതി പഠിപ്പിച്ച ഇസ്ലാം മതമല്ലേ താങ്കളുടെ തലയിലും, കുറ്റം പറയാൻ പറ്റില്ല. പഠിച്ചതല്ലേ പാടു… ഷക്കീലയെയും സണ്ണി ലിയോണിനെയും തലവഴി മുണ്ടിട്ടു ആസ്വദിക്കുന്നവർ, അവരുടെ പേരുകൾ പൊതുസമൂഹത്തിന് മുൻപിൽ ഉറച്ചു പറഞ്ഞത്, സണ്ണി ലിയോൺ ചാരിറ്റി ചെയ്യുന്നുണ്ടെന്നും, ഷക്കീല transgendar ആയ ഒരുപാടാളുകളുടെ മമ്മി ആണെന്ന് അറിഞ്ഞപ്പോഴും ആണ്.. ശരീരം ആസ്വദിക്കാൻ തന്നവർ ചാരിറ്റി ചെയ്താലേ ഞങ്ങൾ ഉത്തമ – കുടുംബത്തിൽ പിറന്നവർ അംഗീകരിക്കു എന്നത് തന്നെയാണ് പൊതു സമൂഹത്തിന്റെ കപടത.

ലൈംഗികത എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്… ആകാരത്തിലോ, ജൻഡറിലോ ഉടക്കാതെ, ആഹാരം പോലെ, വസ്ത്രം പോലെ വെള്ളം പോലെ ലൈംഗികത ആസ്വദിക്കാൻ വ്യക്തിക്ക് അവകാശമുണ്ട്.. നിങ്ങൾ ഒരാളെ വേശ്യ എന്ന് വിളിക്കുന്നതിന്‌ പിന്നിലെ നിങ്ങളുടെ രാഷ്ട്രീയ ബോധം എത്ര അന്തസ്സ് കെട്ടതാണ്. വേശ്യ വിൽപ്പനക്ക് വെക്കുന്നത് രതിയാണ്. നിങ്ങളുടെ ലൈംഗിക ദാരിദ്ര്യം മാറ്റാനുള്ള രതി.. ലൈംഗികത വാങ്ങുന്നവൻ പ്രതി ചേർക്കപ്പെടാത്ത ഈ കച്ചവടത്തിൽ സ്ത്രീകൾ മാത്രം പിഴച്ചവൾ ആകുന്ന ഈ കെട്ട സമൂഹത്തിന്റെ ഒരു എക്സ്റ്റൻഷൻ മാത്രമാണ് ഫിറോസ് കുന്നുംപറമ്പിൽ എന്നയാൾ… സ്വയം തിരുത്താൻ വ്യക്തികൾ തയാറാകാത്തിടത്തോളം ഇനിയും വേശ്യ വിളികൾ ഒരു കീഴ് വഴക്കം എന്നപോൽ തുടരും.

വാൽകഷ്ണം : പ്രവാചകനെ പോലും നിന്ദിക്കുന്നവൾ എന്നൊക്കെ പുട്ടിനിടക്ക് പീര പോലെ മതവും ഫിറോസ് തിരുകുന്നുണ്ട്. മതം നല്ല കച്ചവട ഉപാധിയാണ്. ആ കളം അറിഞ്ഞു തന്നെയാണ് ഫിറോസിന്റെ കളി.. ഓടും കുതിര ചാടും കുതിര മതം കണ്ടാൽ നിൽക്കും കുതിര എന്നാണല്ലോ നാട്ടു നടപ്പ്… നാളിന്നു വരെ നമ്മുടെ നാട്ടിൽ വിജയിച്ചു പോന്ന ഇതേ ഫോർമുല തന്നെയാണ് ഫിറോസിന്റെ ആയുധം.. ആ ഫോർമുല വിജയിപ്പിച്ചത് ഈ സമൂഹവും…

നബി : നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നതിലും നല്ലതാ ഫിറോസേ ശരീരം വിറ്റു ജീവിക്കുന്നത്…