വിവേകാനന്ദൻ ജാതിവാദിയും മതപ്രമാണങ്ങളെ അന്ധമായി പിന്തുടർന്ന ആളുമായിരുന്നു എന്ന് ലിറ്റ്മസിൽ പ്രഭാഷണം അവതരിപ്പിച്ച മാനുജ മൈത്രി പറയുമ്പോൾ സത്യം എന്താണ് ? വിവേകാന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതു തന്നെ അന്ധമായ ജാതിവാദം കൊണ്ടെന്നും മനുജ പറയുന്നു. (ഈ പോസ്റ്റിൽ വീഡിയോയും ചേർത്തിട്ടുണ്ട്) . കാർഷിക വിദഗ്ധനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ വേണുഗോപാൽ കൊടുക്കുന്ന മറുപടി ചുവടെ വായിക്കാം.

Venu Gopal

കാലം 1880-1900…. അന്നത്തെ ഹിന്ദു മതത്തിലെ അഗ്രഗാമികളുടെ നടത്തിപ്പ് വ്യവസ്ഥകളെ എതിർത്ത വ്യക്തിയാണ് വിവേകാനന്ദൻ. ഹിന്ദു മത സംസ്കാരത്തിൽ നിന്നുകൊണ്ടുതന്നെ. വിവേകാനന്ദൻ മത വിരോധിയോ നിരീശ്വര വാദിയോ കമ്യൂണിസ്റ്റോ അല്ല. മതചിന്തകളിൽ തന്നെ നവോഥാന ചിന്തകൾ വരുത്താൻ ശ്രമിച്ച വ്യക്തി എന്ന നിലയിൽ വേണം കാണാൻ. ഇന്നത്തെ മതവിശ്വാസ അന്ധതകളും വൈരങ്ങളും നിറഞ്ഞ ചിന്തകളും വിവേകാനന്ദൻ ആ കാലഘട്ടത്തിൽ, ഏകദേശം നൂറ്റി പത്തു വര്ഷം മുൻപ് പറഞ്ഞ കാര്യവും ശ്രദ്ധേയമാകുന്നത് ഇന്നത്തെ മത ചിന്തകളെ കൂടി കണക്കിലെടുത്തുകൊണ്ടുവേണം. ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയാൽ ചട്ടിയോളം എന്ന് പറയാറില്ലേ? മത ചിന്തകൾ എത്രതന്നെ നവോഥാനം കൊണ്ടുവന്നാലും അതിനു പരിമിതികളുണ്ട് എന്നത് ഇന്നത്തെ ശാസ്ത്രീയ ചിതകൾക്ക് അറിയാം. പക്ഷെ നൂറു വര്ഷം മുൻപ് അങ്ങനെയായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണ് വിവേകാന്ദൻ ഒരു മതചിന്താ നവീകരണ ആശയവാദ നവീകരണ നേതാവായി പരിഗണിക്കുന്നത്. മാർക്‌സും ഏംഗൽസും ഹെഗലിനെയോ ഫോയർബാഹിനെയോ ആക്ഷേപിക്കുകയോ തള്ളിക്കളയുകയോ അല്ല ചെയ്തത് പകരം അവരിലൂടെ ഉയർന്ന ആശയങ്ങളെ ഒന്നുകൂടി മെച്ചപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. സാമൂഹ്യ വളർച്ച, സാമൂഹ്യ ജ്ഞാനം എന്നതെല്ലാം അങ്ങിനെയാണ് വളരുന്നത്. അതുകൊണ്ടാണല്ലോ ഹെഗലിനും മുന്നെയാണ് മാർക്സ് ജനിച്ചിരുന്നതെങ്കിൽ മാർക്സ് ഇന്നത്തെ മാർക്സ് ആവില്ലായിരുന്നു എന്ന് പറയുന്നത്.

വിവേകാനന്ദൻ തികച്ചും ഒരു ആശയവാദി തന്നെയായിരുന്നു. യാതൊരു സംശയവുമില്ല. പക്ഷെ എന്നത് ഉയർന്ന നിലയിലുള്ള ചിന്തകൾ തന്നെയായിരുന്നു.. അന്നത്തെ വടക്കേ ഇന്ത്യയിൽ മറ്റൊരു ആത്മീയ ഗുരുക്കളിലും കാണാതിരുന്ന… വിവേകാന്ദൻ വര്ഷം 2000 ത്തിൽ ആണ് ജനിച്ചിരുന്നതെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് ഏത് മഹാന്മാരുടെയും ആ കാലഘട്ടത്തിലെ പോരായ്മകൾ നികത്തേണ്ടത് തുടർന്നുള്ള സമൂഹമാണ്.


ഇന്ത്യൻ നവോഥാനത്തിന്റെ അഗ്രഗാമി എന്ന് വിശേഷിപ്പിക്കാമെങ്കിൽ രാജാറാം മോഹൻ റായി തന്നെയാണ് എന്ന് പരിഗണിക്കാം.. എന്നുവെച്ച് രാജാറാം മോഹൻ റായിയും താൻ ജീവിക്കുന്ന താൻ കൂടി അടങ്ങുന്ന മത വിശ്വാസികളുടെ അന്ധതയെയാണ് എതിർത്തത്.. അല്ലാതെ നിരീശ്വര വാദമല്ല.


ശ്രീനാരായണ ഗുരുവും ഒരു നിരീശ്വരവാദിയായോ കമ്യൂണിസ്റ്റ് ആയോ അല്ല പരിഗണിക്കുന്നത്. പക്ഷെ 1928 വരെയുള്ള കാലഘട്ടത്തിലെ അന്ധതകളെ ഒരു ആത്മീയ ഗുരു എന്ന നിലയിലാണ് പ്രവർത്തിച്ചത്.. അങ്ങിനെയാണ് അദ്ദേഹത്തെ നവോഥാന നായകനായി കാണുന്നത്. നവോഥാന നായകർ എന്നാൽ കൊല്ലവർഷം 2000 ആം ആണ്ടിലെ ശാസ്ത്രീയ ധാരണകളുടെ അടിസ്ഥാനത്തിൽ വിഷയങ്ങളെ സമീപിക്കുന്നവരായിരിക്കണം എന്ന് കരുതുന്നതിൽ അർത്ഥമില്ല. അങ്ങിനെയെങ്കിൽ മാർക്സ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജർമ്മനിയിൽ ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ തത്വചിന്തകൾ വളർന്നത് മനസ്സിലാക്കാൻ വിവേകാനന്ദനോ ശ്രീനാരായണ ഗുരുവിനോ രാജാറാം മോഹൻ റായിക്കോ കഴിഞ്ഞില്ല എന്ന് ആക്ഷേപിക്കുന്നതിലും കാര്യമില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.