താലി അഥവാ മംഗല്യസൂത്രത്തിന്റെ പിന്നിൽ കേട്ടു ചിരിക്കാൻ തക്കമുള്ള കെട്ടുകഥകളുടെ ഘോഷയാത്രയുണ്ട്

0
205

മനുജ മൈത്രി 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ഗോത്രകാല ശേഷിപ്പുകളാണ് താലിയും നെറ്റിയിലെ സിന്ദൂരവും. ആന ചവുട്ടിയപോലെ നെറ്റിയിൽ കുങ്കുമം കലക്കിയൊഴിച്ചും, എടുത്താൽ പൊങ്ങാത്ത മാലയിൽ ‘പത്മഭൂഷൺ’ കിട്ടിയ തലയെടുപ്പോടെ താലിയുമിട്ടു നടക്കുന്ന ദാമ്പത്യ രത്നങ്ങളായ അഭിനവ കുലസ്ത്രീകളാണ് അടക്കവും ഒതുക്കവുമുള്ള ഉദാത്ത പെണ്ണെന്നു വാഴ്ത്തപ്പെടാറുള്ളത്.

സനാതന സംസ്കാരമെന്നും, ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സങ്കേതമെന്നുമൊക്കെയുള്ള വാചാടോപങ്ങളിൽ താലിയും സിന്ദൂരവും മറച്ചു കടത്തുന്ന സ്ത്രീവിരുദ്ധത പക്ഷെ കാണാതെ പോകരുത്.

Image result for christian thali"വിവാഹ സമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന താലി അഥവാ മംഗല്യസൂത്രത്തിന്റെ പിന്നിൽ കേട്ടു ചിരിക്കാൻ തക്കമുള്ള കെട്ടുകഥകളുടെ ഘോഷയാത്രയുണ്ട്. താലി തുമ്പിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്ണുവും താലിയുടെ മുകളിൽ ശിവനും സ്ഥിതി ചെയ്യുന്നതായാണ് വിശ്വാസം (ഈ മൂന്നുപേരും കൂടി ആ ഇട്ടാവട്ടത്തു എങ്ങനെ ഇരിക്കുന്നു എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല 😂). കഴുത്ത് പ്രാണസ്ഥാനം ആണെന്നും, ഈ പ്രാണസ്ഥാനത് ത്രിമൂർത്തിയെയും ഒപ്പം താലി കെട്ടുന്നതിന്റെ ദൃഢതയും ചേർത്താൽ ആർക്കും മനസിലാകാത്ത പ്രപഞ്ച ശക്തി താലിയിലേക്ക് സ്വാംശീകരിക്കപ്പെടുമത്രേ(എന്തരോ എന്തോ).

സ്ത്രീയെന്ന ജീവാത്മാവും പുരുഷനെന്ന പരമാത്മാവും താലി ചരടിലൂടെ ഒന്നാകുമ്പോൾ ദാമ്പത്യ ബന്ധം ദീർഘകാലം തുടരുമെന്നും, സ്ത്രീ പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളും ആകുന്നു എന്നും വ്യവസ്ഥ ചെയ്യപ്പെടുന്നു.പക്ഷെ താലി കെട്ടി ഭാര്യയിരിക്കെ ഭർത്താവ് മരിച്ചാലും താലി ഈ ദീർഘകാല ദാമ്പത്യമെന്ന തള്ളുമായി കാലങ്ങളായി തുടരുന്നു. കല്യാണം കഴിഞ്ഞ് തിരിച്ചു മടങ്ങവെയും, മധുവിധുവിനിടയിലും മരിക്കുന്നവരെത്ര. വിശ്വാസത്തിന്റെ മൂഢതയിൽ പക്ഷെ ഈ യാഥാർഥ്യങ്ങൾക്കും യുക്തിക്കും എന്ത് വില. ഇത്തരം വിശ്വാസ മണ്ടത്തരങ്ങൾ ലോകത്തെ ബഹുഭൂരിപക്ഷത്തിനും അറിയുക പോലുമില്ലെന്ന് സനാതനവാദികൾ ശ്രദ്ധിക്കാറുമില്ല. പൊട്ടക്കൊളത്തിൽ പൊളവൻ king കോബ്രയാകുന്ന പ്രതിഭാസം പോലെയാണിതും.

Image result for muslim thali"നെറ്റിയിലെ കുങ്കുമത്തോളം ആഭാസമായ മറ്റൊരു ചിഹ്നവുമില്ല.നെറ്റിയുടെ മധ്യഭാഗത്തു മുടി രണ്ടായി പിളരുന്നത് സ്ത്രീയുടെ യോനീമുഖത്തെ പ്രതിനിധീകരിക്കുകയും, അവിടെ താഴെ നിന്ന് മുകളിലേക്ക് സിന്ദുരം തൊടുന്നത് ഇവളുടെ കന്യകാത്വം നഷ്ടമായിരിക്കുന്നു എന്നും പ്രതിനിധാനം ചെയ്യുന്നു. പുരുഷനാൽ സംരക്ഷിക്കപ്പെടുന്ന പതിവൃതയായ പത്നി എന്ന സങ്കല്പവും ഇതിനുപിന്നിലുണ്ട്. എന്തൊക്കെയായാലും ഉദാത്ത സ്ത്രീകളുടെ നടപ്പ് രീതികളുടെ പിറകിലെ രഹസ്യങ്ങളൊന്നും പുറത്തു പറയാൻ കൊള്ളില്ലെന്ന് ചുരുക്കം.

കല്യാണം കഴിഞ്ഞാലുടൻ ഓണർഷിപ്പ് അഛനിൽ നിന്ന് മാറ്റി ഭർത്താവിന് നൽകി പേരിന്റെ വാലായി ഭർത്താവിന്റെ പേര് ചേർക്കുന്ന കുലസ്ത്രീ രീതികളും സൈക്കോസിസിന്റെ മറ്റൊരു വേർഷനാണെന്ന് നിസംശയം പറയാം. ഇതിന്റെ വാല് പിടിച്ചു കന്യകാത്വ സങ്കൽപ്പവും ആർത്തവ പാപവത്‌ക്കരണവുമൊക്കെ പുറകെയുണ്ട്. ഈ ഗോത്രകാല ജീവികൾ കാലുറപ്പിച്ചോടുന്ന പെണ്ണുങ്ങളുടെ കാലുകളിലും ഉടക്കാറുണ്ട്. ആചാരങ്ങളുടെ മഹത്വവത്‌ക്കരണവും, കപട സദാചാര ബോധവും മുന്നോട്ട് പായുന്ന ഒരു സമൂഹത്തിനെ പിന്നോട്ട് വലിക്കും എന്ന് തീർച്ച.

കഴുത്തിൽ കുരുക്കിട്ട്, അവളുടെ സംരക്ഷണം ഏറ്റെടുക്കുന്ന അഭിനവ ഭർത്താക്കന്മാരൊക്കെ സ്ത്രീയെന്ന തുല്യ പങ്കാളിയെ തിരിച്ചറിയാനോ, സഹജീവിയോട് ചെയ്യുന്ന ഈ നീതികേടിന് വിശ്വാസത്തിന്റെ പേരിൽ അറിഞ്ഞോ അറിയാതെയോ കൂട്ടുനില്കുന്നവരാണ്. പിന്നീടങ്ങോട്ട് ജീവിതത്തിലുടനീളം പെണ്ണ് രണ്ടാംകിട തന്നെ. ആണധികാരത്തിൽ ചക്കര മതവിശ്വാസം കൂടി ചേരുമ്പോൾ ചൂണ്ട തലപ്പിലെ ഞാഞ്ഞൂൽ കെണിക്ക് രുചി കുറച്ചു കൂടുതലാണ്.

സ്ത്രീ ശരീരത്തെ നിർണയിക്കാനും സ്ത്രീശരീരത്തിന്റെ വാർപ്പുമാതൃകകൾ സൃഷ്ടിക്കാനും ഇങ്ങനെ മിനക്കെടുന്ന മതശാസനകളും സനാതന ധർമ പാലകരും സ്ത്രീയെ ലൈംഗീക ഉപകരണം എന്നതിൽ ഉപരിയായി ഒരു വ്യക്തിയായി പരിഗണിക്കാറുപോലുമില്ല എന്ന് വ്യക്തം. ചക്കര വിശ്വാസം പൊതിഞ്ഞു സ്ത്രീ ഉടലിന്റെയും ജീവിതത്തിന്റെയും മേൽ കെട്ടിപൊക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളും രീതികളും ഒരു സങ്കോചവുമില്ലാതെ എടുത്തണിയുന്ന കുലസ്ത്രീകൾ ചങ്ങല സ്വന്തമെന്ന് ധരിക്കുന്ന അടിമകളുടെ അതെ മാനസികാവസ്ഥ പുലർത്തുന്നവരാണ്.

Advertisements