പ്രിയപ്പെട്ടവരേ ഭൂമിയിലെ മാലാഖമാരേ നിങ്ങൾ ഏറ്റെടുത്തിട്ടുള്ളത് ചെറിയ ഉത്തരവാദിത്ത്വമല്ല, നിങ്ങളുടെ ആശങ്കകളും പ്രയാസങ്ങളും ഞങ്ങളുടേത് കൂടിയാണ്

66

മൻസൂർ അഹമ്മദ്

ഊണും ഉറക്കവുമില്ലാതെ,പേരും പ്രശസ്തിയും ആഗ്രഹിക്കാതെ തങ്ങളുടെ കൃത്യ നിര്‍വ്വഹണം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്ന മെഡിക്കല്‍ പ്രഫഷനല്‍സാണ് കൊറോണ കാലത്തെ പിന്നാമ്പുറ കാഴ്ചകള്‍ , അതിലേറെ എടുത്ത് പറയേണ്ടത് നഴ്സുമാരെയും അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നമ്മളറിയുന്നുണ്ടോ ?. വിശ്രമമില്ലാത്ത അധ്വാനത്തിലൂടെ മഹാമാരിയെ പ്രതിരോധിക്കുകയാണവര്‍ .മറ്റെല്ലാ മേഖലയിലുള്ള ജോലിക്കാരും വാണിജ്യ സ്ഥാപനങ്ങളും, എന്തിന് കളിസ്ഥലങ്ങള്‍ പോലും കൊറോണ ഭീതി കാരണം അടച്ച് പൂട്ടി വിശ്രമിക്കുന്ന ഈ വേളയില്‍ അവര്‍ സദാ സമയവും ജോലിയില്‍ ജാഗരൂകരാണ്. കേവലം ജോലിയെന്നതിലപ്പുറം മാനുഷിക മൂല്ല്യങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നൊരു മെഡിക്കല്‍ പ്രഫഷനാണ് അവരുടേത്. കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായ മിലാനിലെ ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നമ്മളൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.

ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളും കൊറോണ വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങിനെ തന്റെ നഴ്‌സിംഗ് ജോലിയെ സ്‌നേഹിക്കുന്നു എന്നും വരച്ചുകാട്ടിയ ചിത്രമായിരുന്നു അത്.നമുക്ക് നമ്മളെയും ചുറ്റുമുള്ളവരെയും മാത്രം ശ്രദ്ധിച്ചാൽ മതിയാകും , എന്നാല്‍ ജീവൻ പണയം വെച്ചും മറ്റുള്ളവർക്ക് വേണ്ടി ഓടി നടക്കുന്ന ഇവർ ഒരേ സമയം ഹോസ്പിറ്റലിലും വീട്ടിലും ശ്രദ്ധിക്കേണ്ടി വരുന്നു… മണിക്കൂറുകള്‍ തുടര്‍ച്ചയായി ഇവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടി വരുന്നു. സുരക്ഷയ്ക്കായി ആഴ്ചകളോളം മാസ്‌ക് ധരിക്കുന്നതിനാല്‍ മുഖം വലിഞ്ഞു മുറുകി ചുവന്നു തടിക്കുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവർ പ്രത്യേകിച്ചും സ്ത്രീകൾ വീട്ടിലെത്തിയാൽ ചെയ്യുന്ന അധിക ഭാരവും ചില്ലറയല്ല ,ഡ്യൂട്ടിയിൽ ഉപയോഗിച്ച വസ്ത്രം ഡെറ്റോൾ വെളളത്തിൽ ദിവസേന അലക്കിയിടണം. ഉപയോഗിച്ച മൊബൈൽ ,ലാപ് ടോപ് , ബാഗ് തുടങ്ങിയതെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് ക്ലീൻ. ചെയ്തതിന് ശേഷം മാത്രമേ അവർക്ക് വീട്ടുകാരുമായി ഇടപഴകാന്‍ സാധിക്കുന്നുള്ളൂ, എന്തൊരു കഷ്ട്ടമാണല്ലേ.

ഉപയോഗിച്ച ഗ്ലൗസുകള്‍ അബദ്ധവശാല്‍ തൊട്ടു പോവുമോ എന്നവര്‍ ഭയപ്പെടുന്നു. ലാബ് കോട്ട് കാരണം ചിലപ്പോഴൊക്കെ അവര്‍ വിയര്‍ക്കുന്നു. അത് ധരിച്ചാല്‍ പിന്നെ ബാത്ത് റൂമില്‍ പോവാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. ആഴ്ചകളായി ഇതേ അവസ്ഥയില്‍ ജോലി ചെയ്യുന്നത് കാരണം ശാരീരിക അസ്വസ്ഥകളും വല്ലാതെ വീര്‍പ്പ് മുട്ടിക്കുന്നു. നീണ്ട അദ്ധ്വാനത്തിന് ശേഷമുള്ള ഉറക്കം പോലും പലപ്പോഴും ഹോസ്പിറ്റല്‍ വരാന്തകളിലും സ്ട്രക്ച്ചറുകളിലുമായി ഒതുക്കുന്നു. എന്നിട്ടും ഇതൊന്നും അവരെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ലെന്നതാണ് സത്യം. കാരണം അവര്‍ അവരുടെ ജോലിയെ സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരേ ഭൂമിയിലെ മാലാഖമാരേ നിങ്ങൾ ഏറ്റെടുത്തിട്ടുള്ളത് ചെറിയ ഉത്തരവാദിത്ത്വമല്ല. നിങ്ങളുടെ ആശങ്കകളും പ്രയാസങ്ങളും ഞങ്ങളുടേത് കൂടിയാണ്, പ്രാർത്ഥനയിലുണ്ടെന്നും.