മാവോയിസം എന്നാൽ എന്തെന്ന് ആർക്കറിയാം

0
754

റഫീഖ് അഹമ്മദ് എഴുതുന്നു…

മാവോയിസം എന്നാൽ എന്തെന്ന് ആർക്കറിയാം. മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് പോലീസുകാർ അല്ലാതെ ആര് കണ്ടിരിക്കുന്നു? ഇരുപത്താറു വയസ്സുള്ള ഒരു യുവാവ് വെടിയേറ്റു മരിച്ചു എന്നു മാത്രമേ നമുക്കറിയൂ.രാഷ്ട്രീയ കൊലപാതകം അല്ലാത്തതിനാലും തിരഞ്ഞെടുപ്പിനെ ഒരു വിധത്തിലും സ്വാധീനിക്കുന്ന ഒന്നല്ലാത്തതിനാലും ആരും ഒന്നും മിണ്ടാനിടയില്ല. ഒരു ഹർത്താലും കേരള യാത്രയും ഉണ്ടാവില്ല. ഒരു മുതലയും കണ്ണീർ പൊഴിക്കില്ല. ഡ്യൂപ്പ് അമ്മമാർ നെഞ്ചത്തടിച്ച് കരയില്ല. മങ്ങി മങ്ങി അത് മാഞ്ഞു പോകും.

.അയാൾ Ak 47 തോക്കു കൊണ്ട് പോലീസിനെ ആക്രമിച്ചു എന്നും ജീവരക്ഷയ്ക്കു വേണ്ടി പോലീസ് തിരിച്ച് വെടിവെച്ചു എന്നുമാണ് പറയുന്നത്. ഭരണഘടനയിൽ വിശ്വസിക്കുന്ന ഒരു ഉത്തമ പൗരനായ ഞാൻ അത് വിശ്വസിക്കുന്നു. ഉള്ള ഒരേയൊരു സംശയം ഇതാണ്.

റാഫേൽ വിമാനങ്ങളും അഗ്നി മിസൈലും അതി ശക്തമായ സൈനിക ശക്തിയുമുള്ള ഇന്ത്യാ മഹാരാജ്യത്തെ നിലമ്പൂർ കാട്ടിലിരുന്ന് പൊട്ടത്തോക്കു കൊണ്ട് വെടിവെച്ച് തോൽപ്പിക്കാം എന്ന് കരുതാൻ മാത്രം ബുദ്ധിശൂന്യത എങ്ങനെ ഈ കുട്ടികൾക്ക് ഉണ്ടാവുന്നു? എൻട്രസ് എക്സാം എഴുതി നിഷ്പ്രയാസം ഡോക്ടറോ എഞ്ചിനീയറോ ആകാവുന്ന ഈ കുട്ടികൾ ആത്മഹത്യാപരമായ ഇത്തരമൊരു മാർഗം തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാവാം?

പൊട്ടിത്തെറിച്ചു മരിക്കാനും സിറിയൻ മരുഭൂമികളിൽ ആടു മേക്കാനും പോകുന്നവർക്ക് ഹൂറികളും മദ്യപ്പുഴയുമുള്ള സ്വർഗം കിട്ടും. അന്യജാതിക്കാരെ ചുട്ടു കൊല്ലുന്ന സംഘിക്ക് ബ്രഹ്മത്തിൽ വിലയം പ്രാപിച്ച് മോക്ഷം നേടാം. പക്ഷെ വിഡ്ഡികളായ ഈ മാവോയിസ്റ്റുകൾക്ക് എന്തു കിട്ടാനാണ്! ഇവർ എന്തുകൊണ്ട് കാടുകളിൽ ഒളിഞ്ഞിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ കവണയുദ്ധം നടത്തുന്നു?

സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കാത്ത ഒരൊറ്റ രാഷ്ട്രീയപ്പാർട്ടിയും ഇന്ത്യയിലില്ല. ദരിദ്രരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയാത്ത ഒരു പാർട്ടിയും ഇല്ല. എന്നിട്ടും എന്തുകൊണ്ട് നിങ്ങളിൽ വിശ്വാസമില്ലാതെയാവുന്നു. ആദിവാസികളും അരികു വൽക്കരിക്കപ്പെട്ടവരും മാവോയിസ്റ്റുകളെപ്പോലുള്ള, നകസലൈറ്റുകളെപ്പോലുള്ള അപ്രായോഗിക മതികളിൽ എന്തുകൊണ്ട് വിശ്വാസമർപ്പിക്കുന്നു? ബൗദ്ധികരായ കമ്മ്യൂണിസ്റ്റുകാരേ, ഫാസിസഭീഷണിയിൽ ജാഗരൂകരായ’ സാംസ്കാരിക ധുര ന്ധരരേ, മഹാ ജനാധിപത്യ കോൺഗ്രസ്സുകാരേ, ആർഷഭാരത ബീജേപ്പികളേ നിങ്ങളെ ഇങ്ങനെ ഒരു ചോദ്യം എപ്പോഴെങ്കിലും അലട്ടുകയുണ്ടായോ. ഉണ്ടാവില്ല. അതു മാത്രമാണ് നിങ്ങളോട് എനിക്കുള്ള അസൂയ.