പരിസ്ഥിതി ആഘാതവും നാശവുമൊന്നും ആർക്കും ഒരു വിഷയമല്ല, പൊളിക്കണം അത്രമാത്രം

189
സുജിത് കുമാർ
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ പോകുന്നു- അവ പൊളിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതവും അത്രയും ഫ്ലാറ്റുകളിലെ താമസക്കാർ പുതിയ വീടുകൾ ഉണ്ടാക്കുന്നതു വഴി ഉണ്ടാകാൻ പോകുന്ന പരിസ്ഥിതി നാശവുമൊന്നും ആർക്കും ഒരു വിഷയമല്ല. പൊളിക്കണം. ഇനി നിയമ ലംഘനം നടത്തുന്നവർക്ക് ഒരു പേടി ഉണ്ടാകണമെന്നൊക്കെയാണ്‌ ചിലരുടെ അഭിപ്രായം. ഇനി എന്താണ്‌ ചെയ്യാൻ പോകുന്നത് ഈ ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥലത്ത് കുഴിച്ച് കുളം തോണ്ടുകയാണോ അതോ കായൽ അതുവഴി തിരിച്ചു വിടുകയോ? അതോ കാടു വച്ചു പിടിപ്പിക്കുകയോ? ഈ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത് അതിനെ സർക്കാർ സ്ഥാപനങ്ങളോ ഓഫീസുകളോ ആക്കി മാറ്റുകയോ ചെയ്യുക എന്ന രീതിയിലുള്ള ഒരു വിധി ആയിരുന്നെങ്കിൽ മാതൃകയാവുകയില്ലായിരുന്നു അല്ലേ? ജുഡീഷ്യൽ ആക്റ്റിവിസത്തിന്റെയും ടെററിസത്തിന്റെയുമൊക്കെ ഉദാഹരണമാണ്‌ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റപ്പെടുന്നതിലൂടെ നാം കാണുന്നത്.
പൊളിക്കുക, തീ കത്തിക്കുക, നശിപ്പിക്കുക, അടിച്ചോടിക്കുക ഇതൊക്കെ മനുഷ്യന്റെ ബേസിക് ഇന്സ്റ്റിംഗ്റ്റിൽ ഉള്ളതാണ്‌. അതുകൊണ്ടാണ്‌ നമുക്ക് പരിക്കേൽക്കാത്ത തീകത്തലും പൊളിക്കലും പൊളിഞ്ഞു വീഴലുമൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നത്. യൂടൂബിലൊക്കെ നോക്കിക്കഴിഞ്ഞാൽ ഒരു ആവശ്യവുമില്ലാതെ ആയിരക്കണക്കിനു തീപ്പെട്ടിക്കൊള്ളികൾ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോകൾക്കും ഐഫോൺ തല്ലിപ്പൊട്ടിക്കുന്ന വീഡിയോകൾക്കുമൊക്കെ ലക്ഷക്കണക്കിനു വ്യൂവേഴ്സ് ആണുള്ളത്. ആ ഗണത്തിലേക്ക് ഇനി മരടു ഫ്ലാറ്റ് പൊളിക്കൽ വീഡിയോകളും വരും. അല്ലെങ്കിലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് വ്ലോഗ് ചെയ്യാൻ നല്ല രസമാണ്‌.