മരണത്തിന്റെ മറുപുറം

bicky_121അരുണിന്റെ ദൃഷ്ടികള്‍ അകലെയെങ്ങോ എന്തിനോ വേണ്ടി പരതുന്നതു പോലെ…..

കുറ്റാക്കുറ്റിരുട്ടിന്റെ അങ്ങേതലക്കല്‍ ഭാവിയുടെ ശുഭ പ്രതീക്ഷയുടെ പ്രതിബിംബം പോലെ കടല്‍ക്കരയിലെ ലൈറ്റ് ഹൌസിന്റെ കത്തി അണയുന്ന പ്രകാശബിംബങ്ങള്‍….

നഗരത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഇടുങ്ങിയ മുറിയിലായിരുന്നു അരുണ്‍…. ഒപ്പം വിശ്വനും.

“അരുണ്‍…. ഒന്നും പറഞ്ഞില്ല….”

നീണ്ട മൌനത്തിന് വിരാമമിടുകയായിരുന്നു വിശ്വന്‍……അത് ഒരു നിശ്വാസമായി പുറത്തു വന്നു.

“വിശ്വേട്ടാ…. ഞാന്‍ എന്തു പറയാന്‍…. എന്റെ ഭാവിയെ കുറിച്ച് എനിക്ക് അത്ര വലിയ ആശങ്കയൊന്നുമില്ല… പക്ഷെ വരുണ്‍…. അവന്‍…. അവനെ കുറിച്ചാണ് എന്റെ ആശങ്കകള്‍ അത്രയും… ഇനി ഞാന്‍ എന്താ ചെയ്യുക…”

സംസാരത്തിനിടെ അരുണില്‍ നിന്നും വരുന്ന നിശ്വാസങ്ങള്‍ പലപ്പോഴും ഗദ്ഗദങ്ങള്‍ക്ക് വഴിമാറുന്നുണ്ടായിരുന്നു.

“അരുണ്‍ പ്രതീക്ഷ വെടിയരുത്…. അനുജന്റെ ഭാവി കൂടി തന്റെ കൈകളിലാണന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം… അതിനാല്‍ എന്തു കാര്യത്തിലും വളരെ ചിന്തിച്ച് അതിശക്തമായ ചുവടുവെപ്പുകള്‍ ആയിരിക്കണം ഇനി വേണ്ടത്… ”

“അറിയാം വിശ്വേട്ടാ…. പക്ഷെ… എന്റെ അമ്മ എന്തിന് ഞങ്ങളോട് ഈ ക്രൂരത കാട്ടി…. ഒരു നിമിഷമെങ്കിലും ഞങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു എങ്കില്‍ അമ്മക്ക് അതിനു തോന്നുമായിരുന്നോ…?”

അരുണിന്റെ വികാരങ്ങളിലെ വേലിയേറ്റം അതിര്‍ത്തികള്‍ ലംഘിച്ച് അതുവരെ തടയിണ തീര്‍ത്ത നിശ്വാസങ്ങളെയും, ഗദ്ഗദങ്ങളെയും പിന്തള്ളി പുറത്തേക്കൊഴുകി…

വിശ്വന്‍ ഒരു നിമിഷം കിടക്കയില്‍ ഇളകിയിരുന്നു… അനവസരങ്ങളില്‍ ചൊരിയുന്ന ആശ്വാസ വചനങ്ങള്‍ അധികപ്രസംഗം ആകുമെന്ന തിരിച്ചറിവായിരിക്കണം വിശ്വനെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്.

വീണ്ടും മൌനത്തിന്റെ നീണ്ട ഇടുങ്ങിയ ഇടനാഴിയില്‍ വിശ്വനും അരുണും…..

ചെറു വാക്കുകളുടെ ആശ്വാസ കുളിര്‍ക്കാറ്റിനു വേണ്ടി പരതിയ വിശ്വനെ അരുണിന്റെ നേര്‍ത്ത ഏങ്ങലടികള്‍ അസ്വസ്ഥനാക്കി.

“അരുണ്‍ …. ശരികള്‍ ആപേക്ഷികമാണ്…. വ്യക്തികളാണ് ശരികള്‍ നിശ്ചയിക്കുക…. അമ്മയുടെ ശരി അരുണിന്റെ ശരിയാകണമെന്നില്ല…. ഇനി മുന്നോട്ടേക്ക് ചിന്തിക്കൂ….”

“ വിശ്വേട്ടാ…. ഈ നഷ്ടങ്ങള്‍ക്കു നടുവിലും ഞാന്‍ എന്റെ അമ്മയെ വെറുക്കുന്നു…. സ്നേഹിച്ചു കൊണ്ട് വെറുക്കുന്നു… എനിക്കു വെറുക്കാനെ കഴിയൂ….”

അരുണിന്റെ ശബ്ദം ഇടുങ്ങിയ മുറിയുടെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു…. അതിന്റെ അലയൊലികള്‍ക്കൊടുവില്‍ ഒരു തേങ്ങല്‍ കേട്ടുവോ?

മോനേ എന്ന ആര്‍ദ്രമായ വിളി പുറകില്‍ എവിടെ നിന്നോ……?

വിശ്വന്‍ ഒരു നടുക്കത്തോട്ടെ ഇരുളിലേക്ക് തുറിച്ചു നോക്കി…..

“മോനെ സ്വല്‍പ്പം വഴി തരുമോ? ഞാന്‍ ആ കറിക്കായ ഒന്നെടുത്തോട്ടെ…”

ഷെറഫിയയിലെ ഇടുങ്ങിയ മലയാളിക്കടക്കുള്ളില്‍ ഭാര്യ എഴുതിയ നീണ്ട പട്ടികയില്‍ ഊളിയിടുകയായിരുന്നു താന്‍…. പിറ്റേന്നത്തെ അറേബ്യന്‍ വിഷുവിന് അല്‍പ്പം മലയാളിത്തം ചാര്‍ത്താനുള്ള സാധാരണക്കാരന്റെ എളിയ ശ്രമം.

ഏതാണ്ട് ഭൂരിഭാഗവും വെള്ളിനര ആക്രമിച്ച മുഖശ്രീയുള്ള ഒരു മലയാളി മങ്ക…. സീമന്തരേഖയിലെ സിന്തൂരക്കുറിയില്‍ ജ്വലിക്കുന്ന, ഐശ്വര്യമുള്ള, ആരേയും പെട്ടെന്ന് ആകര്‍ഷിക്കുന്ന ഒരു മുഖം.

ഒരു നിമിഷം തന്റെ മനസ്സിലൂടെ ചില പരിചിത മുഖങ്ങള്‍ മിന്നല്‍ പിണറുകള്‍ തീര്‍ത്ത് കടന്നു പോയി….

“അമ്മേ…. വീട് ചങ്ങനാശ്ശേരിയിലാണോ….?”

തന്റെ ചോദ്യവും, ചോദ്യത്തിലെ അമ്മേ എന്ന സംബോധനയും ഒരു നിമിഷം അവരില്‍ അത്ഭുതമുണര്‍ത്തിയോ?

“എന്താ അങ്ങനെ ചോദിക്കാന്‍ കാരണം…?” അത്ഭുതം വിട്ടു മാറാത്ത മറു ചോദ്യം‍…..

“അല്ല…. എന്റെ സഹപാഠി ഒരു മഹേഷ് ചങ്ങനാശ്ശേരിക്കാരന്‍ ഉണ്ട്…… അവന്റെ അമ്മയുടെ അതേ ഛായ…. അവനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാനായി ചോദിച്ചു എന്നു മാത്രം.”

അത്ഭുതം ചെറു പുഞ്ചിരിയിലേക്ക് വഴിമാറി….. “ ഹേയ് ഇല്ല കേട്ടോ….. ഞാന്‍ അടൂരാണ്… ചങ്ങനാശ്ശേരിയുമായി ഒരു ബന്ധവുമില്ല..”

“ആട്ടെ…. മോന്‍ നാട്ടില്‍ എവിടെയാ…?”

“ഞാന്‍ അമ്മയുടെ അടുത്ത നാട്ടുകാരനാ…. ആറന്മുള…. ആറന്മുളക്ക് അടുത്തുള്ള നീര്‍വിളാകം…”

“അതേയോ….” വീണ്ടും ആ മുഖത്ത് അത്ഭുതത്തിന്റെ നെറ്റിച്ചുളുവുകള്‍ വിടരുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.

“ബാലേട്ടാ…. ഒന്നു വരുമോ….?”

ഇടുങ്ങിയ കടയുടെ തിരക്കില്‍ പെടാന്‍ ഇഷ്ടപ്പെടാതെ ഒതുങ്ങി നിന്നിരുന്ന അറുപതിന്റെ പടിവാതുക്കല്‍ എത്തി നില്‍ക്കുന്ന കൃശഗാത്രനെ അവര്‍ അടുത്തേക്ക് വിളിച്ചു വരുത്തി…

“ദേ ഈ മോന്‍ നീളാത്തിക്കാരന്‍ ആണെന്ന്…!”

പിന്നെ ആഗതനെ തനിക്കു പരിചയപ്പെടുത്തി…. “എന്റെ ബാലേട്ടന്‍….” പിന്നെ ആറടിയില്‍ കൂടുതല്‍ ഉയരമുള്ള അദ്ദേഹത്തിന്റെ തോളിലേക്ക് ആയാസപ്പെട്ട് കൈ കടത്തി അടുത്തേക്ക് അടുപ്പിച്ചു…”

വാമഭാഗത്തിന്റെ പരിസരം മറന്നുള്ള പ്രവര്‍ത്തിയില്‍ അല്‍പ്പം ചമ്മല്‍ ഉണ്ടായെങ്കിലും അതു മുഖത്ത് പ്രകടിപ്പിക്കാതെ ആഗതന്‍ തന്റെ നേരെ കൈനീട്ടി….

ഔപചാരികതക്ക് പറ്റിയ വാക്കിനു പരതിയ തന്റെ കൈ പിടിച്ചു കുലുക്കി ആദ്ദേഹം പറഞ്ഞു…..“ഞാന്‍ ബാലന്‍…. നിസാന്‍ കമ്പനിയില്‍ സീനിയര്‍ അക്കുണ്ടന്റ്….“

നേര്‍ത്ത കാറ്റുപോലെ മുറിഞ്ഞു വരുന്ന ശബ്ദം അദ്ദേഹത്തിന്റെ ആകാരത്തിലെ ഗാംഭീരതക്ക് മാറ്റു കുറക്കുന്നുവല്ലോ എന്നു മനസ്സില്‍ ചിന്തിക്കുമ്പോള്‍ തന്നെ അതു മനസ്സിലാക്കിയെന്നവണ്ണം അവര്‍ പ്രതികരിച്ചു….

“ചേട്ടന്റെ സ്വനതന്തുക്കളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു…. ശബ്ദം തീരെ വരുന്നുണ്ടായിരുന്നില്ല…. ഓപ്പറേഷന്‍ കഴിഞ്ഞ് ഇപ്പോള്‍ ഫിസിയോതെറാപ്പി നടത്തുന്നു..”

“നീര്‍വിളാകത്തുള്ള ഒരു സുകുമാരന്‍ എന്റെ കൂടെ കുവൈറ്റില്‍ ഉണ്ടായിരുന്നു…. അവന്റെ വീട്ടു പേര്…..” ശബ്ദമില്ലായ്മയിലും ശബ്ദം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു….

പക്ഷെ അവരുടെ സ്നേഹശാസന ഇടക്കു വച്ച് അദ്ദേഹത്തിന്റെ വാക്കുകളെ മുറിച്ചു….” ബാലേട്ടാ… അധികം സ്ട്രയിന്‍ എടുക്കരുതെന്നു ഡോക്ടര്‍ പറഞ്ഞത് മറന്നുവോ….?“

പിന്നെ തന്നോടായി തുടര്‍ന്നു… “ സുകുമാരേട്ടന്റെ വീട്ടുപേര്‍ കുട്ടമത്ത് എന്നാണ്….അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്…. വിപിനും, മനുവും….. മോന് അറിയുമോ…?”

“അറിയും അമ്മേ….. വിപിന്‍ എന്റെ സ്കൂള്‍ മേറ്റാണ്….“

ആ സംഭാഷണം അവിടെ തുടര്‍ന്നു….

പിരിയാന്‍ നേരം…. അദ്ദേഹം ബിസിനെസ്സ് കാര്‍ഡ് തന്റെ നേരെ നീട്ടി, താന്‍ തിരിച്ചും……

“അയ്യോ… ഇതുവരെ മോന്റെ പേര്‍ ഞാനും ചോദിച്ചില്ല, എന്റെ പേര്‍ ഒട്ടു പറഞ്ഞും ഇല്ല…..ഏതായാലും കാര്‍ഡ് കിട്ടിയപ്പോള്‍ മൊന്റെ പേര്‍ മനസ്സിലായി….ഞാന്‍ വത്സല….”

“അതു നന്നായി… എന്റെ അമ്മയും വത്സലയാണ്… അപ്പോള്‍ അമ്മേ എന്നു വിളിക്കുന്നതില്‍ കൂടുതല്‍ അര്‍ത്ഥം ഉണ്ടായി…”

കവിളില്‍ സ്നേഹമാര്‍ന്ന ഒരു തലോടലായിരുന്നു അതിന്റെ പ്രതികരണം….

അത് ഒരു പുതിയ ബന്ധത്തിന്റെ തുടക്കമാകും എന്ന് അപ്പോള്‍ കരുതിയിരുന്നില്ല….

പക്ഷെ പിറ്റേന്ന് അദ്ദേഹത്തിന്റെ നേര്‍ത്ത ശബ്ദം തന്റെ മൊബൈലില്‍ മുഴങ്ങിയപ്പോളാണ് ആ ബന്ധം അവിടെ തീര്‍ന്നില്ല എന്നു മനസ്സിലായത്….

“ വിശ്വാ വീടിന്റെ ലൊക്കേഷന്‍ ഒന്നു പറഞ്ഞു തന്നെ….. ഞങ്ങള്‍ അങ്ങോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്…”

തനിക്കും എന്റെ ഭാര്യക്കും സ്നേഹമുള്ള ഒരമ്മയെ, അച്ഛനെ…. തന്റെ മക്കള്‍ക്ക് ശാസിക്കാനും സ്നേഹിക്കാനും കഥകള്‍ പറഞ്ഞു കൊടുക്കാനും ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും….. അങ്ങനെ ആയി തീര്‍ന്നു അവര്‍…..

മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്ന് കേട്ടിട്ടുള്ള വിശേഷണത്തിന് പകരം വെക്കാവുന്ന ഉത്തമ ദമ്പതികള്‍…..

അടുത്ത സ്കൂള്‍ വെക്കേഷന് അവരോടൊപ്പം രണ്ട് അതിഥികള്‍ കൂടി ഉണ്ടായി….. അരുണും, വരുണും….. അരുണ്‍ ഡിഗ്രിക്ക് പഠിക്കുന്നു…. വരുണ്‍ ഒന്‍പതാം ക്ലാസിലും…. വെക്കേഷന്റെ നാടന്‍ സന്തോഷങ്ങള്‍ മാറ്റി വച്ച് അമ്മകും, അച്ഛനും സന്തോഷം പകരാനായി ഒരു യാത്ര….

കാലങ്ങള്‍ കടലാസുപട്ടം പോലെയാണ്…. അതിന്റെ നടുവില്‍ കെട്ടിയിരിക്കുന്ന നൂലുകളാണ് മനുഷ്യന്‍…… ഇളകിയാടുന്ന കാലമാകുന്ന പട്ടത്തെ നിയന്ത്രിക്കുന്നത് താനാണെന്ന അഹന്തയില്‍…..

പക്ഷെ ഒരു ചെറുകാറ്റില്‍ പൊട്ടി അകന്നാല്‍ തിരികെ പിടിക്കാന്‍ പോലും കഴിയാത്ത പാകത്തില്‍ ദുര്‍ബലനാണ് താനെന്ന് ഒരിക്കലും അവന്‍ മനസ്സിലാക്കുന്നില്ല…

അന്ന് ഒരു വെള്ളിയാഴ്ച്ച…. തലേന്നത്തെ ബെര്‍ത്ത്ഡേ പാര്‍ട്ടിയില്‍ നേരം കളഞ്ഞ് കിടക്കയിലേക്ക് ചരിയുമ്പോള്‍ ഭാര്യയോട് പ്രത്യേകം ഓര്‍മ്മിപ്പിച്ചു…” എന്നെ കാലത്തെ വിളിക്കരുതെ…”

പക്ഷെ തുടര്‍ച്ചയായുള്ള ഫോണ്‍ ബെല്‍ ഉറക്കം കെടുത്തിയതിന്റെ നീരസത്തില്‍ അല്‍പ്പം പൌരുഷമായി “ആരാ” എന്ന ചോദ്യത്തിന് അങ്ങേ തലക്കല്‍ നിന്ന് വന്നത് നിലവിളി ശബ്ദമായിരുന്നു…..

“വിശ്വേട്ടാ വേഗം വരുമോ… അച്ഛന് എന്തോ പോലെ….” അരുണായിരുന്നു അത്….

കാറിന് വേഗം പോരാ എന്നു തോന്നി…. ആക്സിലേറ്ററില്‍ കാലമര്‍ന്നപ്പോള്‍ നീ ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍‌പാലത്തിലാണെന്ന സൂചന ബീപ് ധ്വനികളായി പുറപ്പെടുവിക്കുന്നതു പോലും അലോസമുണര്‍ത്തി…..

ബാലേട്ടന്‍ അര്‍ദ്ധപ്രാണനില്‍ ആയിരുന്നു…. മനോഹരമായ ഈ ലോകത്തെ തന്റെ അവസാന നിമിഷങ്ങളിലൂടെയാണ് തന്റെ പ്രയാണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവോ….?

“വിശ്വാ മോനെ എന്റെ വത്സ… അവളെ ഓര്‍ത്തു മാത്രമാണ് എന്റെ ആശങ്ക…. പൊട്ടിപ്പെണ്ണ്…. അവള്‍ ഞാനില്ലാതെ….?”

“ഒന്നും ഉണ്ടാവില്ല ബാലേട്ടാ…. എല്ലാം തോന്നലുകള്‍ ആണ്…. നമ്മുക്ക് ആശുപത്രിയിലേക്ക് പോകാം….”

തന്റെ വാക്കുകളെ ആ വേദനയുടെ നടുവിലും ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്….

“ഇല്ല മോനെ…. ഇതു ഏതാണ്ട് അവസാനിച്ചു….. എന്റെ മനസ്സ് പറയുന്നു….”

അടുത്ത് അരുണിന്റെയും വരുണിന്റെയും ഗദ്ഗദങ്ങള്‍ക്ക് നടുവില്‍ നിശബ്ദമായ ആ മുഖം അന്ന് ആദ്യമായി പുഞ്ചിരി വറ്റി….

തൊട്ടടുത്ത ആശുപത്രിയില്‍ എത്തുമ്പോഴേക്കും എല്ലാം ഏതാണ്ട് അവസാനിച്ചിരുന്നു.

ഡോക്ടര്‍ അത് പറയുമ്പോഴും പിന്നെയുള്ള നിമിഷങ്ങളില്‍ ഓരോന്നിലും അവരിലെ നിര്‍വ്വികാരത തന്നെ വല്ലാതെ ഭയപ്പെടുത്തി…

“അരുണ്‍ അമ്മയില്‍ ഒരു കണ്ണ് എപ്പോഴും വേണം…”

പിന്നെ അനിവാര്യമായ ഒരു യാത്ര…. അരുണിനും, വരുണിനും ഒപ്പം താനും…..

ഇന്ന് ബാലേട്ടന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം വീണ്ടും ഒരു കാത്തിരിപ്പ്……. കാത്തിരിപ്പിന്റെ വിരാമമറിയിച്ചു കൊണ്ടെന്നവണ്ണം കതകില്‍ ശക്തമായി ആരോ മുട്ടി.

“അരുണ്‍…. അരുണ്‍……കതകു തുറക്കൂ”

“ബോഡി നടപടികള്‍ എല്ലാം കഴിഞ്ഞ് എത്തിയിട്ടുണ്ട്…. ഇനി അധികനേരം വച്ചുകൊണ്ടിരിക്കുന്നത് അഭികാമ്യമല്ല..“ ബന്ധുക്കളില്‍‍ ആരോ ഒരാള്‍.

ശുഭ്രവസ്ത്ര ധാരിയായി…. എല്ലാം ഉള്ളിലൊതുക്കി ഒരു മയക്കത്തിലെന്നവണ്ണം….. മുഖത്തെ ഐശ്വര്യത്തിന് ഇപ്പോഴും ഒട്ടും കുറവില്ല.

വിശ്വന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി……” എന്റെ അമ്മേ….”

അരുണ്‍ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ച് ജീവനറ്റ ആ ശരീരത്തിലെക്ക് വീണു…..

“അമ്മേ…. എന്തിനാ ഞങ്ങളെ ഉപേക്ഷിച്ചു പോയത്…. ഒരു നിമിഷമെങ്കിലും പറക്കമുറ്റാത്ത ഞങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു എങ്കില്‍ അമ്മക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നോ…” അരുണിനെ സമധാനിപ്പിക്കുമ്പോള്‍ വിശ്വന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് മുജ്ജന്മ ബന്ധത്തിന്റെ ഇനിയും പൊട്ടാത്ത കണ്ണികളുടെ പിന്‍ബലമാവാം….

വിശ്വനാഥന്‍…. ആരാണ്….. കാക്കികുപ്പായക്കാരില്‍ ഒരാളുടെ ഉദ്യോഗഭരിതമായ ചോദ്യം…. കയ്യില്‍ മടക്കിയ ഒരു കടലാസ് കഷണം.

“ബോഡിയില്‍ നിന്ന് കിട്ടിയതാ…”

“മോനേ….. വിശ്വാ…..

എന്റെ ബാലേട്ടനില്ലാത്ത ഒരു ലോകം അതിനെ കുറിച്ചു ചിന്തിക്കാന്‍ എനിക്കു കഴിയുന്നില്ല… എന്നെകൊണ്ട് സ്വന്തമായി ഒരു പൊട്ടു കുത്താന്‍ പോലും അനുവദിച്ചിട്ടില്ലാത്ത അദ്ദേഹം ഇല്ലാതെ ഞാനില്ല എന്നതാണ് സത്യം… കുറ്റപ്പെടുത്താന്‍ ഒരുപാട് പേര്‍ ഉണ്ടാവാം…. എന്റെ കുട്ടികളെ കുറിച്ച് ഓര്‍ത്തില്ലല്ലോ എന്നു പരിതപിക്കുന്നവര്‍ ഉണ്ടാവാം…. പക്ഷെ എനിക്കു കഴിയില്ല മോനെ….. എനിക്ക് പോയേ മതിയാവൂ….. ക്ഷമിക്ക് മോനെ… ഈ അമ്മയോട് ക്ഷമിക്കൂ….

എന്റെ വയറ്റില്‍ ജനിക്കാതെ പോയല്ലോ എന്ന ചിന്ത മാത്രമാണ് നിന്നെ കുറിച്ചാലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുക…. അതിനുള്ള ഭാഗ്യം അടുത്ത ജന്മത്തിലെങ്കിലും ഈ അമ്മക്കുണ്ടാവട്ടെ…. അരുണിനേയും വരുണിനേയും നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു…. അവര്‍ക്ക് ആരുമില്ല വിശ്വാ…. നീ നോക്കില്ലെ അവരെ?……

നിന്റെ സ്വന്തം അമ്മ…”

അരുണിന്റെ കൈകളില്‍ പിടിമുറുക്കുമ്പോള്‍ വിശ്വന്റെ മനസ്സിലേക്ക് തന്റെ കുട്ടികളുടെ മുഖം ഒരു തിരമാലയെന്നവണ്ണം ആര്‍ത്തലച്ചു കയറുകയായിരുന്നു.