മാര്‍ഗരറ്റ് മാഡത്തിന്റെ സത്യാന്വേഷണ പരീക്ഷണം!
എന്റെ പ്രിയ കുട്ടികളെ, നിങ്ങളെ കുട്ടികളായി തന്നെ കാണാനാണു എനിയ്ക്കെന്നും ആഗ്രഹം.
121 total views, 1 views today

പേള്‍ റീജന്‍സി ഹോട്ടലിന്റെ നാലാം നിലയിലെ ‘ഗ്രീഷ്മ’ കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുക്കൂടിയിരിയ്ക്കുന്ന നാല്പത്തഞ്ചോളം പൂര്‍വ്വവിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്ത് മാര്‍ഗരറ്റ് ടീച്ചര്‍ ഇങ്ങനെ തുടങ്ങി.
‘ എന്റെ പ്രിയ കുട്ടികളെ, നിങ്ങളെ കുട്ടികളായി തന്നെ കാണാനാണു എനിയ്ക്കെന്നും ആഗ്രഹം. എങ്കിലും, നിങ്ങള്‍ വളര്‍ന്നതിലും, സ്വയം പര്യാപ്തത നേടിയതിലും, ഗൃഹസ്ഥരായതിലും ഞാന്‍ സന്തോഷിയ്ക്കുന്നു. നമ്മുടെ വിദ്യാലയത്തില്‍ നിന്ന് നിങ്ങള്‍ പടിയിറങ്ങിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ക്ഷണിയ്ക്കാനായി സലാവുദ്ദീനും, കുടുംബവും എന്നെ കാണാനെത്തിയപ്പോള്‍, ഒരു മലയാളം അദ്ധ്യാപികയ്ക്ക് ഇത്തരം വേളകളില്‍ എന്തു പ്രസക്തി എന്നാലോചിച്ച് ഞാന്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങിയതാണു. ‘ഇല്ല’, എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍, ഗള്‍ഫില്‍ നിന്ന് അവധിയ്ക്കെത്തിയ സലാവുദ്ദീന്‍ തന്റെ വിലപ്പെട്ട സമയം മിനക്കെടുത്താതെ ഒഴിഞ്ഞുപോകുകയും ചെയ്തേനെ. എന്നാല്‍, ഞാന്‍ പഠിപ്പിച്ച കവിതകളെക്കാളുപരി എന്റെ ജീവിതം നിങ്ങള്‍ക്കൊരു പാഠപുസ്തകമായെങ്കില് എന്നൊരു ചിന്ത എന്നെ സ്വാര്ത്ഥയാക്കി. നിങ്ങളെ വീണ്ടും കുറച്ച് നേരത്തേയ്ക്കെങ്കിലും വിദ്യാര്‍ത്ഥികളായി ലഭിയ്ക്കുന്ന അസുലഭാവസരം!’
ശീതീകരിച്ച ഹാളിലെ തണുപ്പ് സഹിയ്ക്കാഞ്ഞിട്ടെന്നോണം സാരിത്തലപ്പു കൊണ്ട് ടീച്ചര്‍ തല മൂടി. ചന്ദനനിറത്തിലുള്ള ഓര്‍ഗണ്ടി സാരിയിലും അവരുടെ ശരീരം അല്പം പോലും സ്ഥൂലിച്ചതായി തോന്നിയില്ല. പ്ലാറ്റ്ഫോമിലേയ്ക്ക് നിരങ്ങിക്കയറിയ ഒരു കൊച്ചുകുട്ടിയെ കൈകളിലെടുത്ത്, നെറ്റിയില്‍ മുകര്‍ന്ന്, സാവകാശം സ്റ്റേജിലെ ഒരു കസേരയില്‍ ഇരുത്തി. ടീച്ചര്‍ തുടര്‍ന്നു,
‘…. നിങ്ങള്‍ക്കറിയാവുന്ന പോലെ എന്റെ ഔദ്യോഗികജീവിതം ആരംഭിയ്ക്കുന്നത്, ഇതേ വിദ്യാലയത്തില്‍ നിങ്ങള്‍ എട്ടാംതരത്തില്‍ പഠിയ്ക്കുമ്പോഴായിരുന്നല്ലോ? ഒരു തുടക്കക്കാരിയെ നിങ്ങള്‍ ആദ്യമാദ്യം പാഠഭാഗങ്ങളിലെ അനാവശ്യ സംശയങ്ങള്‍ കൊണ്ട് കുഴപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, അധികം വൈകാതെ ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നുവെന്നാണു എന്റെ വിശ്വാസം. കൃഷ്ണഗാഥയിലെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിത്തന്ന്, ഞാന്‍ ക്ളാസ് റൂമിന്റെ നടുവിലൂടെ നടക്കുമ്പോള്‍, നിങ്ങളില്‍ കുസൃതിക്കാര്‍ പിറകില്‍ നിന്ന് ഞാനറിയാതെ എന്റെ സാരിത്തലപ്പ് തൊട്ടുനോക്കിയിരുന്നതും, കുറെക്കൂടെ ധൈര്യമുള്ളവര്‍ മുടിയിഴകള്‍ തൊടാന്‍ ശ്രമിച്ചിരുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ലെന്നാണോ നിങ്ങള്‍ കരുതിയിരുന്നത്?
അതെ കുട്ടികളെ, ഞാന്‍ നിങ്ങളുടെ ആ കുസൃതികളോരോന്നും ആസ്വദിയ്ക്കുകയായിരുന്നു. അവിവാഹിതയായ, രസകരമായി പഠിപ്പിയ്ക്കുന്ന, അതിസുന്ദരിയല്ലെങ്കിലും കാണാന്‍ തരക്കേടില്ലാത്ത ഒരു അദ്ധ്യപികയുടെ ആകര്‍ഷണവലയത്തില്‍ കഴിയുന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍! വൈകീട്ട് വീട്ടിലെത്തിയാല്‍, അന്നത്തെ മുഴുവന്‍ സംഭവങ്ങളും അമ്മയും, അനുജത്തിമാരുമായി പങ്കുവെച്ച്, പൊട്ടിചിരിച്ചിരുന്ന സായാഹ്നങ്ങള്‍! കുടുംബപ്രാര്‍ത്ഥനയ്ക്കും, അത്താഴത്തിനും ശേഷം വിലാസിനിയുടെയും, കെ. സുരേന്ദ്രന്റെയും, മലയാറ്റൂരിന്റെയും കഥാപാത്രങ്ങളുമായുള്ള സല്ലാപങ്ങള്‍! വര്‍ണ്ണാഭമായ ആ ദിനങ്ങളില്‍ സ്വന്തമായി എന്തൊക്കെയോ കുത്തികുറിയ്ക്കാനും ഞാന്‍ സമയം കണ്ടെത്തിയിരുന്നു. എന്റെ ജീവിതത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്നുതന്നെ വിശേഷിപ്പിയ്ക്കാവുന്ന ഏതാനും വര്‍ഷങ്ങള്‍!
ഇതിനിടയില്‍ സ്ക്കൂളിന്റെ അന്നത്തെ ഡയറക്ടറച്ചന് വഴിയും, ഹെഡ്മാസ്റ്റര് വഴിയും എനിയ്ക്ക് ധാരാളം വിവാഹാലോചനകള്‍ വന്നിരുന്നു. നമ്മുടെ രസതന്ത്രം വകുപ്പിലെ സണ്ണിമാഷും അവരുടെ അപ്പച്ചന് വഴി ഒരിയ്ക്കല്‍ എന്റെ അമ്മയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് എങ്ങനെയൊ പരസ്യമാകുകയും, ഏതാനും ദിനങ്ങള്‍ വിദ്യാലയത്തില്‍ ‘മാര്‍ഗരറ്റ് + സണ്ണി’ എന്ന ചുവരെഴുത്ത് പ്രചരിയ്ക്കുകയും ചെയ്തിരുന്നല്ലോ? അതില്‍ നിങ്ങളിലാര്‍ക്കും തന്നെ പങ്കുണ്ടായിരുന്നില്ലെന്ന് നിങ്ങളുടെ സഹധര്മ്മിണിമാരെപ്പോലെ ഞാനും വിശ്വസിയ്ക്കാന്‍ ശ്രമിയ്ക്കാം.” ടീച്ചര്‍ പുഞ്ചിരിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നെന്ന് അവരുടെ നേര്‍ത്ത മേല്‍ചുണ്ടിനു മീതെയുള്ള നനുത്ത രോമങ്ങളുടെ ചലനങ്ങളില്‍ നിന്ന് സദസ്സ് ഊഹിച്ചുകാണണം.
‘… അമ്മയും, അനുജത്തിമാരും ആയിടെ നിത്യേന എന്നെ വിവാഹത്തിനു നിര്ബന്ധിയ്ക്കാറുണ്ടായിരുന്നു. ഒരു ആണ്‍തുണ എനിയ്ക്കും, അതുവഴി കുടുംബത്തിനു ഒരു സംരക്ഷകനും എല്ലാവരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുതാനും. എന്നാല്‍ ഞാന്‍ പറഞ്ഞല്ലോ, അദ്ധ്യാപനവും, വായനയും, എഴുത്തുമായി ജീവിതം ആസ്വദിച്ചിരുന്ന എനിയ്ക്ക് വിവാഹം ഒരു ബാദ്ധ്യതയാകുമോ എന്ന ശങ്കയായിരുന്നു. ഒരു അപരിചിതന് കടന്നുവന്ന് എന്റെ പകിട്ടാര്‍ന്ന സ്വകാര്യജീവിതത്തിന്റെ നിറം കെടുത്തുന്നത് അനുവദിയ്ക്കാന്‍ എനിയ്ക്കെന്തോ മനസ്സുവന്നില്ല. ഒരു വിധത്തില്‍ അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ച്, അനിയത്തിമാര്‍ക്ക് വഴി മാറി കൊടുക്കുകയായിരുന്നു, ഞാന്‍.’
നേരിയ പച്ച ഷെയ്ഡുള്ള പവര്‍ ഗ്ളാസ്സ് കണ്ണില്‍ നിന്നെടുത്ത് ടീച്ചര്‍ ഹാളില്‍ വെളിച്ചം കുറവാണോ എന്ന് സംശയിയ്ക്കുന്നതുപോലെ നടുവിലായി തൂക്കിയിരിയ്ക്കുന്ന ഷാണ്ട്ലിയറിലേയ്ക്ക് നോക്കി. കണ്ണട കൈലേസുകൊണ്ട് തുടച്ച് തിരിച്ച് വെയ്ക്കുന്നതിനിടയില്‍, നനഞ്ഞുതുടങ്ങിയ കണ്‍കോണുകള്‍ മൃദുവായി ഒപ്പിയപ്പോഴും, ഒരു ചെറുപുഞ്ചിരി ചുണ്ടുകളില്‍നിന്ന് മായാതിരിയ്ക്കാന് അവര്‍ ശ്രദ്ധിച്ചിരുന്നു.
‘..കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ നിങ്ങളുടെ ജൂനിയേഴ്സ് എന്നോട് ക്ളാസ്സ് റൂമില്‍ കുസൃതികളൊന്നും കാണിയ്ക്കാതായി. എനിയ്ക്കതില് അസ്വഭാവികതയൊന്നും തോന്നിയില്ല. ആരോ എഴുതിയതു പോലെ ‘അവര്‍ക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍’ എന്ന് ഞാന്‍ ആശ്വസിച്ചു. എഴുത്തിലും, വായനയിലും അധികം സമയം ചെലവഴിച്ചു. എന്റെ രചനകള്‍ അക്കാലത്ത് അനുകാലികങ്ങളില് അച്ചടിമഷി പുരണ്ട് പുറത്തിറങ്ങുന്നതില്‍ കൗതുകം തോന്നിയിരുന്നു. എങ്കിലും, ആ ഘട്ടത്തില്‍ ഞാന്‍ സ്കൂളില്‍ കൂടുതല്‍ കര്‍ക്കശക്കാരി ആകുകയായിരുന്നെന്ന് സ്വയം വിലയിരുത്തേണ്ടി വരും. ഒറ്റയ്ക്കും, തെറ്റയ്ക്കും വന്നിരുന്ന വിവാഹാലോചനകള്‍, ഒരു പരിധി വരെ എന്റെ ദുരഭിമാനം മൂലം മുന്നോട്ടുപോയതുമില്ല.
അടുത്ത ഘട്ടം ഏറെ ശ്രമകരമായിരുന്നു. കുട്ടികള്‍ എന്നെ ഭയപ്പെടുന്നതുപോലെ ക്ളാസ്സ്മുറിയില്‍ പെരുമാറിത്തുടങ്ങി. പഠിപ്പിയ്ക്കുന്നതിനിടയില്‍ ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എറിഞ്ഞിടുന്ന നിസ്സാരചോദ്യങ്ങള് പോലും ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു. സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുന്നതില്‍ നിരാശപ്പെട്ട് ഞാനവരോട് പലപ്പോഴും കയര്‍ക്കുമായിരുന്നു. അതിനും പ്രതികരണമില്ലാതെ വരുമ്പോള്‍, കൂടുതല്‍ ദേഷ്യം പ്രകടിപ്പിയ്ക്കുകയോ, അല്ലെങ്കില്‍ അന്നത്തെ ക്ളാസ്സ് ഇടയ്ക്ക് വെച്ച് നിറുത്തുകയോ പതിവായി. ഇത് ഒരു അവിവാഹിതയുടെ ളൃൗേെൃമശേീി ആയി മുദ്രകുത്താന്‍ തുടങ്ങി. കുട്ടികള്‍ അവരുടെ അറിവുകേടു കൊണ്ടാണെങ്കില്‍, സഹപ്രവര്‍ത്തകര്‍ അവരുടെ പരിചയസമ്പത്ത് കൊണ്ട്.
എന്റെ പ്രശ്നങ്ങള്‍ എന്നെക്കാള്‍, അഭ്യുദയാംകാക്ഷികളായ എന്റെ സഹപ്രവര്‍ത്തകരും, നാട്ടുകാരും അവരുടേതായി ഏറ്റെടുത്ത ആ വര്‍ഷങ്ങള്‍ ഞാന്‍ ഓര്‍ക്കാന്‍ കൂടി താല്പര്യപ്പെടുന്നില്ല. ആ ഘട്ടത്തില്‍ എന്റെ അമ്മ ഉണ്ടായിരുന്നത് മാത്രമായിരുന്നു, ആശ്വാസം.”
ഹാളില്‍ തണുപ്പുണ്ടായിരുന്നെങ്കിലും ടീച്ചര്‍ക്ക് തൊണ്ട വരളുന്നത് പോലെ തോന്നിയോ? മേശപ്പുറത്തുനിന്ന് ഒരു ചെറിയ കുപ്പി മിനറല്‍ വാട്ടര്‍ തുറന്ന് ഗ്ളാസ്സിലൊഴിയ്ക്കാന് മിനക്കെടാതെ നേരെ വായിലേക്കൊഴിയ്ക്കുകയായിരുന്നു, അവര്‍. ആ കുപ്പിയുടെ പകുതിയിലധികം കുടിച്ച് തീര്‍ത്തശേഷം, കസേരയില്‍ അനങ്ങാതിരിയ്ക്കുന്ന കുട്ടിക്കുറുമ്പന്റെ കവിളില്‍ കളിയായി നുള്ളി, ആ കുപ്പി അവനു നല്കി. ഒരു ക്ഷമാപണത്തോടെ തുടര്‍ന്നു.
‘ നിങ്ങളുടെ കണ്ണുകളിലെ അക്ഷമ എനിയ്ക്ക് വായിച്ചെടുക്കാനാവുന്നുണ്ട് , കുട്ടികളെ. ഒരു ദീര്‍ഘദൂര ഓട്ടക്കാരനെ പോലെ, മത്സരത്തിന്റെ ഓരോ ലാപ്പിലും എന്തനുഭവപ്പെട്ടു എന്ന് ടീച്ചര്‍ വിശദീകരിയ്ക്കാന്‍ ഒരുമ്പെട്ടാല്‍, ഞങ്ങളുടെ ഈ ഏല േീേഴലവേലൃ …?? ഇല്ല, ഞാന്‍ അടുത്ത അഞ്ചു നിമിഷങ്ങള്‍ക്കകം മൈക്രോഫോണ്‍ വിട്ടു തരുമെന്ന് ഉറപ്പു തരുന്നു.
അനിയത്തിമാരും, അമ്മയുമില്ലാതെ ആ തറവാട്ടുകെട്ടിടത്തില് ഒറ്റയ്ക്ക് കഴിയാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ എന്റെ നാല്പതുകളുടെ രണ്ടാം പകുതിയില്‍ പ്രവേശിച്ചിരുന്നു. കുട്ടികള്‍ക്ക് എന്നോട് ഒരു തരം സഹതാപമായിരുന്നെന്ന് ഞാനറിഞ്ഞു. പലരും എന്നെ ഒരു അമ്മയുടെ സ്ഥാനത്താണു കണ്ടിരുന്നതെന്ന് പറയുമായിരുന്നെങ്കിലും, എനിയ്ക്കത് അരോചകമായിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഞാന്‍ അനുജത്തിമാര്‍ക്കും, അവരുടെ കുടുംബക്കാര്‍ക്കും ഒരു തലവേദനയാണെന്ന് ഒളിഞ്ഞും, തെളിഞ്ഞുമുള്ള സൂചനകള്‍! സ്വന്തമെന്ന് കരുതിയവരില്‍ നിന്നുള്ള തിക്താനുഭവങ്ങള്‍ എന്റെ എഴുത്തിനു മൂര്‍ച്ച കൂട്ടി.
കമ്പ്യൂട്ടര്‍ ലാബിലെ പ്രസന്നടീച്ചറാണു എന്നെ കീബോര്‍ഡിലൂടെ മലയാളം എഴുതാന്‍ പഠിപ്പിച്ചത്. ആദ്യമാദ്യം ആയാസകരമായിരുന്നെങ്കിലും, അക്ഷരങ്ങളോടുള്ള അഭിനിവേശം എന്നെ ആ ടെക്നിക് സ്വായത്തമാക്കാന്‍ സഹായിച്ചു. ഞാന്‍ ‘സായാഹ്നം’ എന്ന പേരില്‍ ഒരു ബ്ളോഗ് തുടങ്ങി. കലാലയജീവിതത്തിലെ നീക്കിയിരുപ്പുകളില്‍ നിന്ന് ചികഞ്ഞെടുത്ത ഒരു പരീക്ഷാ ഹാള്‍ ടിക്കറ്റിലെ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ പ്രസന്നടീച്ചര്‍ എന്റെ പ്രൊഫൈലില്‍ ചേര്‍ത്തു. ആ ഫോട്ടോയുടെ വശ്യതയോ, എന്റെ എഴുത്തിന്റെ മേന്മയോ എന്ന് നിശ്ചയമില്ലെങ്കിലും, ബൂലോകത്ത് എനിയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു.
ബ്ളോഗിലൂടെയുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു. അലസതയില്‍ കുടുങ്ങുന്ന ഇടവേളകളില്‍ പോലും ആസ്വാദകരുടെ ‘പോസ്റ്റൊന്നും കാണാനില്ലല്ലോ?’ എന്ന സ്നേഹാന്വേഷണം എന്നെ തട്ടിയുണര്ത്തുമായിരുന്നു. നിരാശയിലും, കുറ്റബോധത്തിലും, അവഗണനയിലും മനം നൊന്ത് കഴിഞ്ഞിരുന്ന എനിയ്ക്ക് അങ്ങനെ സൗഹൃദങ്ങളുടെ ഒരു പുതിയ ലോകം തുറന്നു കിട്ടുകയായിരുന്നു.
ഒറ്റപ്പെടുന്നവരുടെ വിങ്ങലുകളും, ഏങ്ങലുകളുമായിരുന്നു എന്റെ എഴുത്തിനു വിഷയീഭവിച്ചിരുന്നത്. അതു കൊണ്ടുതന്നെ എന്റെ കടുത്ത ആരാധകര്‍ക്ക് പോലും അവ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ കഴിയുമായിരുന്നോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്റെ കവിതകളില്‍ ഞാന്‍ ഒളിപ്പിച്ച് വെച്ചിരുന്ന സ്വകാര്യദു:ഖങ്ങള്‍ പോലും ഒരേ ഫ്രീക്വന്‍സിയില്‍ ആസ്വദിച്ചിരുന്ന ഒരു വായനക്കാരന് ഇതിനിടെ എന്നെ വിസ്മയിപ്പിച്ചുക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോലും മുതിര്‍ന്ന അദ്ദേഹത്തിന്റെ കവിതാപ്രേമം എത്ര തീവ്രമായിരുന്നെന്ന് ഞാന്‍ വിശദീകരിയ്ക്കേണ്ടതില്ലല്ലോ? ഞാന്‍ അമ്പതിനോടടുത്ത് പ്രായമുള്ള ഒരു അദ്ധ്യാപികയാണെന്ന് അറിയിച്ചിട്ടും, അദ്ദേഹം പിന്തിരിയാന് തയ്യാറായില്ല. കുടുംബവുമായി ചേര്‍ന്നുപോകാന്‍ സാധിയ്ക്കുന്നില്ലെന്നും, ബന്ധങ്ങളുടെ കെട്ടഴിച്ച് മനസ്സിനിണങ്ങിയ ഒരു ജീവിതത്തിലേയ്ക്ക് അതെത്ര ഹ്രസ്വമായാലും കടന്നുവരാന്‍ അനുവദിയ്ക്കണമെന്നും യാചനാഭാവം.
ആദ്യം ചിരിച്ചുതള്ളാന്‍ തുടങ്ങിയ എനിയ്ക്ക് അദ്ദേഹത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ കണ്ടില്ലെന്ന് നടിയ്ക്കാനായില്ല. ദുര്‍വ്വാശികളും, തെറ്റായ തീരുമാനങ്ങളും എന്നെ തോല്പിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് ആത്മപരിശോധനയിലൂടെ അംഗീകരിച്ചുകൊണ്ടിരുന്ന ദിനങ്ങള്‍! ഒറ്റപ്പെട്ട വിജയങ്ങള്‍ക്കായി ഞാനും കൊതിച്ചു. പ്രസന്നടീച്ചറുടെ സഹായത്തോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഒരു ഞെട്ടലോടെയാണു ഞങ്ങള്‍ ആ സത്യം മനസ്സിലാക്കിയത്. ‘അദ്ദേഹം’ എന്ന് ഞാന്‍ വിശേഷിപ്പിച്ചയാള്‍ ഇന്ന് കുടുംബസമേതം ഈ ഹാളില്‍ സന്നിഹിതനാണു. എന്റെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി തന്നെയാണു ഈ വിഷമഘട്ടത്തില്‍ എന്നറിഞ്ഞപ്പോള്‍, ഇതെങ്ങനെ അഭിമുഖീകരിയ്ക്കുമെന്ന ആശയക്കുഴപ്പത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണു, സലാവുദ്ദീന്‍ എന്നെ ക്ഷണിയ്ക്കാന് വന്നു കയറുന്നത്.’
മാര്‍ഗരറ്റ് ടീച്ചര്‍ തൂവാല കൊണ്ട് കഴുത്തിലും, മേല്‍ചുണ്ടിലും ഉരുണ്ടുകൂടിയ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുത്തു. മുന്നിലിരിയ്ക്കുന്നവരുടെ പ്രതികരണം അറിയാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്റെ നോട്ടം ആരിലെങ്കിലും തറച്ചുനിന്നെങ്കിലോ എന്ന് ഭയപ്പെട്ടതു കൊണ്ട്, ഹാളിന്റെ പിന്‍ഭാഗത്തായി ഭക്ഷണം സജ്ജീകരിയ്ക്കുന്ന ജോലിക്കാര്ക്കുനേരെ അലക്ഷ്യമായി കണ്ണുകളയച്ചു കൊണ്ട് തുടര്‍ന്നു.
‘.. എന്റെ വിദ്യാര്‍ത്ഥികളില്‍ ആരെയും ഞാന്‍ അധമരായി കാണുന്നില്ല. എന്നാല്‍ നാം സൗകര്യപൂര്‍വ്വം വിസ്മരിയ്ക്കുന്ന ഒരു വസ്തുത ഞാനിവിടെ ഓര്പ്പിയ്ക്കാന് ആഗ്രഹിയ്ക്കുന്നു. വിദ്യാഭ്യാസത്തിനു ശേഷം ജീവിതയാഥാര്ത്ഥ്യങ്ങളുമായുള്ള ഏറ്റുമുട്ടുന്നതിനിടയില്‍, നമ്മുടെ ജീവിതപങ്കാളിയില്‍ നിന്ന് ചോര്‍ന്നു പോകുന്ന സര്‍ഗ്ഗവാസനകള്‍ കണ്ടറിഞ്ഞ്, പിന്നീട് സാഹചര്യമൊരുങ്ങുമ്പോള്‍ അവ പരിപോഷിപ്പിയ്ക്കുവാന് ശ്രദ്ധിയ്ക്കേണ്ട ബാദ്ധ്യത നിങ്ങള്‍ക്കുണ്ട്. ലൈഫ് പാര്‍ട്ണറെ കുട്ടികളെ വളര്‍ത്താനോ, പണമുണ്ടാക്കാനോ ഉള്ള യന്ത്രങ്ങള്‍ മാത്രമായി കാണുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ജീവിതത്തിലേയ്ക്ക് കടന്നുവരാന്‍ അവസരമൊരുങ്ങുന്നു.
ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ എളിയ വാക്കുകള്‍ അവസാനിപ്പിയ്ക്കട്ടെ. നിങ്ങളൊരുക്കിയ ഈ സ്നേഹവിരുന്നില്‍ പങ്കെടുക്കാന്‍ എനിയ്ക്ക് നിര്‍വ്വാഹമില്ല. നിങ്ങളുടെ ആകാംക്ഷയും, ആശങ്കയും വകവെയ്ക്കാതെ ഞാന്‍ കടന്നുപോയാലേ, ഇന്നിവിടെ പരാമര്‍ശിച്ച നിങ്ങളുടെ സഹപാഠിയ്ക്ക് ഇതൊരു അടഞ്ഞ അദ്ധ്യായമായി കരുതി ജീവിതം തുടരാനാകൂ. എന്റേത്, ഒരു ജീവിതം എങ്ങനെ ആയിക്കൂടാ എന്ന് നിങ്ങളെ പഠിപ്പിയ്ക്കുന്ന ഒരു തുറന്ന പുസ്തകവുമായി അവശേഷിയ്ക്കട്ടെ!
കുട്ടികളേ, നിങ്ങള്‍ക്ക് എന്നും നന്മകള് മാത്രം ആശംസിയ്ക്കുന്നു! ‘
സ്തബ്ധരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഇടയിലൂടെ മാര്‍ഗരറ്റ് ടീച്ചര്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ, സാരിയുടെ ഞൊറികള്‍ ഒതുക്കിപ്പിടിച്ച് ധൃതിയില്‍ പുറത്തേയ്ക്ക് നടന്നു?
122 total views, 2 views today
