പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങിയ അതുല്യ ചിത്രങ്ങൾ നമുക്ക് തന്ന സംവിധായകനാണ് മാരി സെൽവരാജ്. പന്ത്രണ്ടുവര്ഷത്തോളം സംവിധായകൻ റാമിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു പരിചയമുള്ള മാരി സെൽവരാജിനു മലയാളത്തിന്റെ സ്വന്തം ബാലചന്ദ്രൻ ചുള്ളിക്കാടുമായി ഒരു വൈകാരികബന്ധമുണ്ട് അത് എന്താണ് എന്നല്ലേ ?
സിനിമ ചെയ്യാൻ ഒരുങ്ങുന്ന മാരിയോട് , സിനിമ അറിയുന്നതിന് മുൻപ് സാഹിത്യം അറിയാൻ ആണ് സംവിധായകൻ റാം ആവശ്യപ്പെട്ടത്. റാം മാരിക്ക് കൊടുത്തത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിഖ്യാത പുസ്തകം ‘ചിദംബര സ്മരണ’കളുടെ തമിഴ് പതിപ്പായ ‘ചിദംബര നിനൈവുകൾ’ ആയിരുന്നു . കെവി ശൈലജ ആയിരുന്നു ആ പുസ്തകം തമിഴിലേക്ക് തർജ്ജമ ചെയ്തത്. ആ വായന മാരി സെൽവരാജ് എന്ന കലാകാരനെ അടിമുടി ഉലച്ചുകളഞ്ഞു. ഒരാളുടെ ജീവിതവായന അത്രമാത്രം തീവ്രമെന്നു മനസിലാക്കിയ മാരിക്ക് അതെ തീവ്രതയിൽ കഥാപാത്രങ്ങളെ ആവിഷ്കരിക്കാനും സാധിച്ചിട്ടുണ്ട്. ആ പുസ്തകമാണ് പ്രചോദനമെന്നു മാരി പറയുന്നു.