പൂർണമായും കൈകൊണ്ട് നിർമിച്ച പാലം, അതും 60 അടി ഉയരത്തിൽ! ഹൈടെക് സാങ്കേതികത തോറ്റുപോകും

31

Mariakutty Mathew

പൂർണമായും കൈകൊണ്ട് നിർമിച്ച പാലം, അതും 60 അടി ഉയരത്തിൽ! ഹൈടെക് സാങ്കേതികത തോറ്റുപോകും

പലതരത്തിലുള്ള പുരാതന പാലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്. അതിൽ മനുഷ്യൻ കൈകൊണ്ട് നിർമിച്ച പാലങ്ങളുമുണ്ട്. കൈകൊണ്ട് നിർമിച്ച അവസാന ഇങ്കൻ പാലങ്ങളിൽ ഒന്നാണ് ക്യൂസ്വാച്ച, പെറുവിലെ അപുരിമാക് മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇങ്ക സംസ്കാരത്തിലെ നിർമാണ രീതികളിൽ സാധാരണമായിരുന്ന കൈകൊണ്ട് നെയ്ത പാലങ്ങളുടെ അവശേഷിക്കുന്ന ഒരേയൊരു ഉദാഹരണമാണിത്. പുല്ല് ഉപയോഗിച്ച് നെയ്ത് നിർമിച്ച 118 അടി വിസ്തീർണ്ണമുള്ള ഈ പാലം മലയിടുക്കിലെ നദിക്ക് കുറുകെ 60 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ക്യൂസ്വാച്ച പാലം പൂർണമായും കൈകൊണ്ട് നിർമിച്ചതാണ്. കുറഞ്ഞത് 600 വർഷത്തിന്റെ പഴക്കമുണ്ട് ഇൗ പാലത്തിന്. ഇങ്ക സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കിന്റെ ഭാഗമായിരുന്ന ക്യൂസ്വാച്ച പാലം യുനെസ്കോ 2013 ൽ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. എല്ലാവർഷവും ഒരു പ്രത്യേക ദിവസം പാലം മലയിടുക്ക് അപ്പുറവും ഇപ്പുറവുമുള്ള ഗോത്ര വർഗക്കാർ ചേർന്ന് പുതുക്കിപ്പണിയും. പാരമ്പര്യം അനുസരിച്ച് പാലം നിർമിക്കുന്നതിൽ പുരുഷന്മാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. കയറുകൾ നെയ്യുന്ന ജോലി മാത്രമാണ് സ്ത്രീകൾക്ക് ഉള്ളത്. പാലം പണിയുന്നതിനുള്ള മുഴുവൻ പ്രക്രിയയിലും ആധുനിക വസ്തുക്കളോ ഉപകരണങ്ങളോ യന്ത്രങ്ങളോ ഉപയോഗിക്കുന്നില്ല – പുല്ലും മനുഷ്യശക്തിയും മാത്രം. പുതിയ പാലം പണിയുന്നതിന് മുമ്പ് പഴയ പാലം മുറിച്ച് താഴെ നദിയിലേക്ക് ഒഴുക്കും. പുല്ല് കൊണ്ട് നിർമിച്ചതിനാൽ അത് അഴുകിപ്പോകും.

500 വർഷത്തിലേറെ മുമ്പ് ഇങ്ക എൻജിനീയർമാർ ഉപയോഗിച്ച അതേ വസ്തുക്കൾ ഉപയോഗിച്ച് അതേ ശൈലി നിലനിർത്തുക എന്നതാണ് എന്നും ഈ പാലം പുനർ നിർമിക്കുന്നവരുടെ ലക്ഷ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്കൻ എൻജിനീയറിങ് ജോലികൾ നിലനില്‍ക്കുന്ന ഒന്നാണ്‌.