മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട്

354

Siddharth K S 

 

മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട്

1905ൽ പഴയ റഷ്യൻ സാമ്രാജ്യത്തിലെ ക്രിമിയൻ പെനിന്സുലയിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മരിയ ഒക്ത്യാബര്സകായ (Mariya Oktyabrskaya) ജനിച്ചത്. വലുതായപ്പോൾ സാധാരണ ഉക്രേനിയൻ കുടുംബത്തിലുള്ള സ്ത്രീകളെപ്പോലെ അവളും ചെറിയ ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ സഹായിക്കാൻ തുടങ്ങി. പിന്നീടവൾ ഒരു സോവിയറ്റ് സൈനികനെ വിവാഹം ചെയ്തു. അതിനുശേഷം അവൾ യുദ്ധകാര്യങ്ങളിൽ ആകൃഷ്ടയായി, മിലിറ്ററി വൈവ്സ് കൗൺസിലിൽ സജീവമായി. അങ്ങനെയിരിക്കെ മരിയ ആർമിയിൽ നേഴ്സ് ആയി ജോലി ചെയ്യാൻ തുടങ്ങി. സൈനിക നീക്കങ്ങളും പോരാട്ടങ്ങളുമൊക്കെ അവൾക്ക് നിത്യ കാഴ്ചയായി, അതൊക്കെ അവളെ വളരെയേറെ സ്വാധീനിക്കാനും തുടങ്ങി. സോവിയറ്റ് ആർമിയുടെ വിവിധ ആയുധങ്ങൾ പരിചയപ്പെടാൻ അവൾക്ക് അവസരം ലഭിച്ചിരുന്നു, ക്രമേണ അവ ഉപയോഗിക്കാനും മിലിറ്ററി വാഹനങ്ങൾ കൈകാര്യം ചെയ്യാനും അവൾ പഠിച്ചു.

Image result for FIGHTING GIRLFRIENDഒരിക്കലവൾ പറഞ്ഞു “ഒരു സൈനികനെ വിവാഹം കഴിക്കൂ, നിങ്ങളും ആർമിയിൽ സേവനമനുഷ്ഠിക്കും: ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയിരിക്കുക എന്നത് അഭിമാനം മാത്രമല്ല ഒരു ഉത്തരവാദിത്തപ്പെട്ട ചുമതലയുമാണ്.” സൈനിക കാര്യങ്ങളിലും, യുദ്ധങ്ങളിലും അതീവ തത്പരയായ മരിയ അവയോടൊക്കെ തികഞ്ഞ മനസികാടുപ്പവും ഒരു തരം ആസക്തിയും ഉളവാക്കി.

അങ്ങനെയിരിക്കെ 1939ൽ ജർമ്മനി പോളണ്ടിൽ അധിനിവേശം നടത്തി, ഫ്രാൻസും ബ്രിട്ടനും ജർമനിക്കുമേൽ യുദ്ധം പ്രഖ്യാപിച്ചു. ഇറ്റലിയും ജപ്പാനുമായി ചേർന്ന് ജർമ്മനി അച്യുതണ്ട് ശക്തിയുണ്ടാക്കി. യൂറോപ്യൻ അച്യുതണ്ട് ശക്തികളും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിൽ യുദ്ധം മൂർച്ഛിച്ചു, സോവിയറ്റ് അധിനിവേശം നടന്നു. ജപ്പാൻ അപ്രതീക്ഷിതമായി അമേരിക്കയിലും പസിഫിക് മേഖലയിലെ യൂറോപ്യൻ കോളനികളിലും ആക്രമണം നടത്തി. അമേരിക്ക തിരിച്ച് യുദ്ധം പ്രഖ്യാപിച്ചു, അച്യുതണ്ട് ശക്തികൾ ജപ്പാന് പിന്തുണയുമായി വന്നു. ലോകം രണ്ട് ചേരിയായി യുദ്ധത്തിലേർപ്പെട്ടു, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധം, രണ്ടാം ലോക മഹായുദ്ധം നടമാടി. മരിയയടക്കമുള്ള നഴ്സുമാരെ സൈബീരിയയിലുള്ള തോംസ്കിലേക്ക് മാറ്റി. തന്റെ ഭർത്താവ് എവിടെയാണെന്നോ, എങ്ങനെയുണ്ടെന്നോ ഒന്നും മരിയ അറിയുന്നില്ല, യുദ്ധത്തിൽ പങ്കെടുക്കുകയാണെന്ന് മാത്രമറിയാം. അങ്ങനെ തോംസ്കിൽ ജീവിച്ചുതുടങ്ങുന്നതിനിടയിൽ മരിയയുടെ ഹൃദയം തകർത്തുകൊണ്ട് ഒരു വാർത്തയെത്തി, രണ്ട് വർഷം മുൻപ് നാസികളുമായുള്ള പോരാട്ടത്തിനിടയിൽ കീവിൽ വെച്ച് തന്റെ പ്രിയതമൻ കൊല്ലപ്പെട്ടിരിക്കുന്നു. തികഞ്ഞ പോരാട്ട തത്പരതയുള്ള മരിയയെ ആ വാർത്ത ആകെ അസ്വസ്ഥയാക്കി, കോപാഗ്നിയിൽ അവൾ തീരുമാനിച്ചുറപ്പിച്ചു തന്റെ പ്രിയതമനെ കൊന്ന നാസികളോട് പകരം വീട്ടണം.

Related image38മത്തെ വയസ്സിൽ, തന്റെ പക്കലുള്ള സകലമാന വസ്തുക്കളും പെറുക്കിവിറ്റു കാശാക്കി അവളൊരു സാധനം വാങ്ങി. സാക്ഷാൽ T 34 ടാങ്ക്, സോവിയറ്റ് സേനയുടെ ശക്തിദുർഗമായിരുന്നു T 34. അക്കാലത്ത് നിർമ്മിക്കപ്പെട്ട മാറ്റ് ടാങ്കുകളേക്കാൾ വെടിക്കോപ്പുകളുടെയും, വേഗതയുടെയും, പരുഷതയുടെയും അനുബന്ധത്തിന്റെ തോതിൽ വളരെ മേന്മേയേറിയതായിരുന്നു T 34, വില 1942ൽ USD 25,000. നാസി പട്ടാള ജനറലായിരുന്ന പോൽ ലുഡ്വിങ് അതിനെ വിശേഷിപ്പിച്ചത്, ലോകത്തിലെ ഏറ്റവും മികച്ച ടാങ്ക് എന്നായിരുന്നു.

സ്വന്തമാക്കിയ യുദ്ധ ടാങ്ക് അവൾ സോവിയറ്റ് സേനയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു, കൂടാതെ ടാങ്കിന് “ഫൈറ്റിങ് ഗേൾഫ്രണ്ട്” എന്ന് നാമകരണം ചെയ്യാനും, ടാങ്ക് കൈകാര്യം ചെയ്യാൻ തന്നെ അനുവദിക്കാനും അവൾ സ്റ്റേറ്റ് ഡിഫെൻസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു, അവരത് അംഗീകരിക്കുകയും ചെയ്തു. ശേഷം അവൾ ടാങ്ക് കൈകാര്യം ചെയ്യാനുള്ള 5 മാസത്തെ ട്രൈനിങ്ങിൽ ഏർപ്പെട്ടു, യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ സമയത്ത് 5 മാസത്തെ ട്രെയിനിങ് ചെയ്യുന്നത് അസാധാരണമായിരുന്നു, പക്ഷെ 5 മാസം നീണ്ട ട്രെയിനിങ് പൂർത്തിയാക്കിയവൾ ഒരു ടാങ്ക് ബ്രിഗേഡിൽ ഡ്രൈവറും, മെക്കാനിക്കുമായി നിയമിക്കപ്പെട്ടു. ഒരു ഇരുമ്പ് കഷ്ണം ഉപയോഗിച്ച് T 34ന്റെ തോക്ക് ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന ഭാഗത്ത് അവൾ എഴുതി “ഫൈറ്റിങ് ഗേൾഫ്രണ്ട്”. എന്നാൽ മരിയയുടെ സഹപ്രവർത്തകർ അതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കണ്ടുള്ളു, അവളുടെ അമിതമായ ആക്രമണോല്സുകതയെ അവർ കളിയാക്കുകയും ചെയ്തു. എന്നാൽ സ്മോലെൻസ്കിൽവെച്ച് നടന്ന പോരാട്ടത്തോടെ അവർക്ക് ബോധ്യമായി മരിയയുടെ ശൗര്യം.

Related image1943 ഒക്ടോബർ 21നു നടന്ന ഉഗ്രമായ പോരാട്ടത്തിൽ മരിയ തന്റെ “ഫൈറ്റിങ് ഗേൾഫ്രണ്ട്” അതിവേഗം ചലിപ്പിച്ചു. ശത്രുക്കളുടെ മെഷീൻ ഗണ്ണുകളും, ആർട്ടിലറിയും തകർത്തുകൊണ്ട് “ഫൈറ്റിങ് ഗേൾഫ്രണ്ട്” മുന്നേറി. ശക്തമായ വെടിവെപ്പിൽ ടാങ്കിന് തകരാറുപറ്റി, മുന്നറിയിപ്പുകൾ മറികടന്ന് മരിയ ചാടിയിറങ്ങി ടാങ്ക് നന്നാക്കാൻ തുടങ്ങി, ശക്തമായ വെടിവെപ്പ് തുടർന്നുകൊണ്ടിരുന്നു. പോരാട്ട വീര്യവും, ധൈര്യവും കണക്കിലെടുത്ത് മരിയക്ക് സോവിയറ്റ് ആർമിയിൽ സെർജന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചു.

സോവിയറ്റ് സൈന്യം മുന്നേറി, നവംബർ 17നു രാത്രി ബെലാറസിലെ വിറ്റെബിസ്ക് പ്രദേശത്തുള്ള നൊവാലെ സിയാലോ പട്ടണം അവർ പിടിച്ചെടുത്തു. പട്ടണത്തിൽവെച്ച് സോവിയറ്റ് സൈന്യം നാസികളുമായി ഘോരമായ പോരാട്ടത്തിൽ ഏർപ്പെട്ടു. അപ്പോഴേക്കും മരിയ വളരെ നിപുണയായ ടാങ്ക് ഡ്രൈവറായ മാറിയിരുന്നു. പക്ഷെ, നാസികൾ വർഷിച്ച ഷെൽ പൊട്ടിത്തെറിച്ച് മരിയയുടെ ടാങ്കിന് കാര്യമായ കേടുപാട് സംഭവിച്ചു, അതവരുടെ മുന്നേറ്റത്തെ തടഞ്ഞു. പ്രശ്നം പരിഹരിക്കാനായി മരിയ ടാങ്കിൽ നിന്നും ചാടി ഇറങ്ങി, സഹായത്തിനായി മറ്റ് ക്രൂ മെമ്പേഴ്സും വന്നു. ശക്തമായ വെടിവെപ്പിൽ നിന്നും ടാങ്ക് ശരിയാക്കുന്ന മരിയയെ അവർ സംരക്ഷിച്ചു. അറ്റകുറ്റപണികൾ കഴിഞ്ഞു കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് “ഫൈറ്റിങ് ഗേൾഫ്രണ്ട്” പ്രധാന സൈനിക യൂണിറ്റിൽ വീണ്ടും ചേർന്നത്.

മരിയ ഉൾപ്പെടുന്ന സംഘം ഒരുപാട് മുന്നേറി. രണ്ട് മാസങ്ങൾക്ക് ശേഷം 1944 ജനുവരി 17ന് രാത്രി അതിശക്തമായ പോരാട്ടമാണ് ലെനിൻഗ്രാഡിൽ നടന്നത്, 1991ൽ കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷം സെൻറ് പീറ്റേഴ്‌സ്ബർഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്ഥലമാണ് ലെനിൻഗ്രാഡ്, 1924ൽ ലെനിന്റെ മരണശേഷമാണ് പെട്രോഗ്രാഡ് ലെനിൻഗ്രാടായത്.

Image result for FIGHTING GIRLFRIEND3 വര്ഷം മുൻപ് ജർമ്മനി കയ്യേറിയ ലെനിൻഗ്രാഡ് പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 14ന് സോവിയറ്റ് സേന ആക്രമണം തുടങ്ങിയത്. ആക്രമണത്തിന്റെ ഭാഗമായി മരിയയും സംഘവും വിറ്റെബിസ്‌കിനടുത്തുള്ള സ്വീഡി എന്ന ഗ്രാമത്തിൽവെച്ച് നാസി പട്ടാളവുമായി ജനുവരി 17ന് ഏറ്റുമുട്ടി. നാസി ട്രെഞ്ചുകളും, മെഷീൻ ഗൺ നെസ്റ്റുകളും തകർത്തെറിഞ്ഞുകൊണ്ട് മരിയ “ഫൈറ്റിങ് ഗേൾഫ്രണ്ട്” മുന്നോട്ട് പായിച്ചു. നാസികളുടെ ഒരു സെല്ഫ് പ്രൊപെൽഡ് വെടിക്കോപ്പും മരിയയും സംഘവും തകർത്തു. മരിയയുടെ ശൗര്യവും, പ്രതികാര മനോഭാവവും ടാങ്കിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചു. എന്നാൽ, പെട്ടെന്നായിരുന്നു ഒരു ജർമൻ ഷെൽ മരിയയുടെ ടാങ്കിന് നേരെ വന്നത്, കൃത്യമായി അത് ടാങ്കിൽ വർഷിക്കുകയും ചെയ്തു. പക്ഷെ ആർക്കും പരിക്ക് പറ്റിയില്ല, ടാങ്ക് വീണ്ടും തകരാറിലായി. നാസി ആക്രമണം തുടർന്നുകൊണ്ടിരുന്നു. പക്ഷെ അതൊന്നും മരിയയെ തളർത്താൻ പോന്നതായിരുന്നില്ല, സഹപ്രവർത്തകരുടെ ഉപദേശം വകവെക്കാതെ മരിയ ടാങ്കിൽ നിന്നും പുറത്തേക്ക് ചാടി. ആർട്ടില്ലെറികളും, ചെറു തോക്കുകളും വെടിയുതിർത്തുകൊണ്ടിരുന്നു… മരിയ എങ്ങനെയൊക്കെയോ ടാങ്ക് ശരിയാക്കാൻ തുടങ്ങി. മരിയക്ക് പ്രതിരോധം തീർക്കാൻ സഹപ്രവർത്തകർ നാസികൾക്ക് നേരെ വെടിയുതിർത്തു. നാസികൾ ഷെല്ലാക്രമണം തുടർന്നു, വീണ്ടുമൊരു ഷെൽ മരിയയുടെ ടാങ്കിന് നേരെ വന്നു പൊട്ടിച്ചിതറി, അപ്പോഴേക്കും അവൾ ടാങ്ക് ശരിയാക്കിയിരുന്നു, പക്ഷെ പൊട്ടിച്ചിതറിയ ഷെല്ലിന്റെ ഒരു ഭാഗം അവളുടെ തലയിൽ തുളച്ചുകയറി, മരിയ ബോധരഹിതയായി. സഹപ്രവർത്തകർ അവളെ ടാങ്കിൽ കയറ്റി എത്രയും പെട്ടെന്ന് കീവിനടുത്തുള്ള മിലിറ്ററി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് മാസം മരിയ കോമയിലായിരുന്നു, മാർച്ച് 15ന് അവൾ മരണത്തിന് കീഴടങ്ങി. സംഭവബഹുലമായ മരിയയുടെ ജീവിതം അവിടെ അവസാനിച്ചുവെങ്കിലും, ഇന്നും യുദ്ധഭൂമിയിലെ സ്ത്രീശക്തിയുടെ പ്രതീകമാണ് മരിയ. മരണാന്തരം സോവിയറ്റ് യൂണിയന്റെ ഉന്നത പുരസ്‌കാരമായ “ഹീറോ ഓഫ് ദി സോവിയറ്റ് യൂണിയൻ” മരിയക്ക് സമ്മാനിക്കുകയുണ്ടായി.

മരിയയുടെകൂടി അശ്രാന്ത പരിശ്രമഫലമായി ജനുവരി 17ന് നേരം വെളുക്കുമ്പോഴേക്കും നാസികളെ നിഷ്പ്രഭമാക്കികൊണ്ട് സോവിയറ്റ് സേന ലെനിൻഗ്രാഡിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. തന്റെ ഭർത്താവിനെ കൊന്നവരോട് പകരം ചോദിച്ചാണ് മരിയ മരണത്തിന് കീഴടങ്ങിയത്.