വിപ്ളവങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന രക്തസാക്ഷ്യങ്ങള്‍

  225

  പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന വളയം സ്വദേശി ജിഷ്ണു പ്രണോയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങിയിട്ടില്ലെങ്കിലും കേരളത്തിലെ ചില സ്വാശ്രയ കോളേജുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളുടെയും കേട്ടുകേള്‍വിയില്ലാത്ത നിയമങ്ങളുടെയും അടിസ്ഥാന സൌകര്യങ്ങളുടെ പരിമിതികളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകര്‍ന്നത് ആ  രക്തസാക്ഷ്യത്തോടെയായിരുന്നു.

  2014ല്‍ അനധികൃതമായി അംഗീകാരം നേടി തുടങ്ങിയ കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിംഗ് കോളേജ് പ്രവര്‍ത്തിച്ചിരുന്നത് കേവലം അമ്പത് സെന്റ്‌ ഭൂമിയിലായിരുന്നുവേത്രേ. കോണ്‍സന്‍ട്രേഷന്‍ കേമ്പിനെപ്പോലും നാണിപ്പിക്കുന്ന ക്രൂരമായ നിയമങ്ങളുള്ള പ്രസ്തുത കോളേജ് വിദ്യാര്‍ഥിസമരങ്ങള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൂട്ടേണ്ടിവന്നു.

  ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രകടനം നടത്താനുള്ള അനുമതി നിഷേധത്തില്‍ തുടങ്ങിയ കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായ കേരള ലോ അക്കാദമിയിലെ സമരം ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് പുറത്തു കൊണ്ടുവന്നത്. കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത പ്രസ്തുത കോളേജിലെ വിദ്യാര്‍ഥിനികളും സമര രംഗത്ത്‌ ഇറങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അകമഴിഞ്ഞപിന്തുണയോട് കൂടി, കാമ്പസുകളില്‍ വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ ധീരമായി ഇടപെടുന്നവരെന്നു മേനി പറഞ്ഞു നടക്കുന്ന എസ്.എഫ്.ഐ വിലക്കെടുത്തുകൊണ്ട് സംയുക്ത വിദ്യാര്‍ഥി സമരം പൊളിക്കാനുള്ള മാനേജുമെന്റ് ശ്രമം പാളിയത് ശുഭ സൂചനയാണ്‌.

  വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ഇതര സ്വാശ്രയ സ്ഥാപനങ്ങളിലും ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ അരങ്ങേറുമെന്നതില്‍ സംശയമില്ല.

  ചുരുക്കത്തില്‍ രോഹിത്, വിഷ്ണു തുടങ്ങിയവരുടെ രക്തസാക്ഷ്യങ്ങള്‍ നമ്മുടെ കേമ്പസുകളില്‍ പുതിയൊരു മാറ്റത്തിന് ഊര്‍ജ്ജം പകരാന്‍ കാരണമായിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്.