മാര്‍വാഡികളുടെ രുചിവൈവിധ്യങ്ങള്‍ ഏതെല്ലാം ?

അറിവ് തേടുന്ന പാവം പ്രവാസി

കിഴക്കൻ രാജസ്ഥാനിലെ മാർവാഡാണ് മാർവാഡികളെന്നും മാർവാരികളെന്നുമൊക്കെ അറിയപ്പെടുന്ന ജനതയുടെ ജന്മദേശം. താർ മരുഭൂമിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തിന്റെ രുചികൾ ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വേനലിലെ കൊടും ചൂടിനും, മഞ്ഞുകാലത്തെ കൊടും തണുപ്പിനും അനുയോജ്യമായ ഭക്ഷണരീതികളാണ് ഇവിടുത്തുകാരുടേത്. കടുത്ത ജലക്ഷാമവും, വരണ്ടഭൂപ്രകൃതിയും ഇവിടത്തെ ജനങ്ങളുടെ പാചകരീതിയെയും ശീലങ്ങളെയുമൊക്കെ സ്വാധീനിച്ചിട്ടുണ്ട്.

 ദിവസങ്ങളോളം കേടുകൂടാതെയിരിക്കുന്ന വിധത്തിലാണ് മാർവാഡി വിഭവങ്ങളുണ്ടാ ക്കുന്നത്. കാര്യമായൊന്നും വിളയാത്ത മണ്ണായതിനാൽ ഭക്ഷണത്തിൽ വളരെക്കുറച്ച് പച്ചക്കറികൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ചെറുപയർ കൊണ്ടുണ്ടാകുന്ന വിശേഷപ്പെട്ട കറിയായ സാൻഗ്രിയും, അരിയും, നുറുക്കിയ ഗോതമ്പുകൊണ്ടുണ്ടാക്കിയ മധുരപലഹാ രമായ ലാപ്സിയും ഇല്ലാതെ മാർവാഡി ആഘോഷങ്ങളില്ല. പിറന്നാളിനും, വിവാഹച്ചടങ്ങുകൾക്കുമൊക്കെ വിശിഷ്ട വിഭവങ്ങളായി നൽകുന്നതും സാൻഗ്രിയും, ലാപ്സിയും തന്നെ.പയറുപൊടി കുഴച്ചുണ്ടാക്കി നെയ്യിൽ വറുത്തെടുത്ത ബഡിയാണ് മറ്റൊരു വിഭവം.

കാഴ്ചയിൽ തുളയില്ലാത്ത ഉഴുന്നുവട പോലെയിരിക്കും. ഇതും പരിപ്പുകൊണ്ടു ണ്ടാക്കിയ ദാൽ ബാട്ടിയും ചേർത്താണ് കഴിക്കുക. ദൂരയാത്ര ചെയ്യുന്ന ലോറി ജീവനക്കാരും മറ്റും നെയ്യിൽ വറുത്തെടുക്കുന്ന ബഡിയാണ് ഭക്ഷണമാക്കാറുള്ളത് .ഇലകളും, പയറുവർഗങ്ങളുമൊക്കെ ഉണക്കി സൂക്ഷിക്കുന്നത് മാർവാഡികളുടെ പതിവാണ്. ഇലകളുണക്കിയുണ്ടാക്കുന്ന സാങ്കരി എന്നറിയപ്പെടുന്ന വിഭവവും, ബാജര റൊട്ടിയും, ഖിച്ഡിയുമൊക്കെ ലഭ്യമായ ധാന്യങ്ങളും, വിഭവങ്ങളുമൊക്കെ ഉപയോഗിച്ചു ഭക്ഷണമുണ്ടാക്കാനുള്ള മാർവാഡികളുടെ വൈദഗ്ധ്യമാണ് കാണിക്കുന്നത് .ചെറുപയറു പൊടിയും, പരിപ്പും അരച്ച് ഉള്ളിൽ ഉണങ്ങിയ പഴങ്ങൾ നിറച്ചാണ് ദഹി വടി എന്നറിയപ്പെടുന്ന വടയുണ്ടാക്കുന്നത്. കടുക് ചേർത്തുണ്ടാക്കുന്ന കാഞ്ചി വടയും, കടലപ്പരിപ്പുകൊണ്ടുള്ള ഖട്ട എന്ന വാടയുമൊക്കെ മാർവാഡി സദ്യയുടെ മാത്രം പ്രത്യേകതയാണ് .

ചെറുപയർ പരിപ്പ് കറികളിൽ മാത്രമല്ല മധുരപലഹാരങ്ങളിലും ധാരാളമായി ഉപയോഗി ക്കാറുണ്ട്. ചെറുപയർ പൊടികൊണ്ടുണ്ടാക്കിയ ഹൽവയാണ് ദീപാവലിക്കും, ഹോളിക്കുമൊ ക്കെ മാർവാഡികൾ കഴിക്കുന്ന മധുരം. ഇതുകൊണ്ടു തന്നെയുണ്ടാക്കുന്ന ഗോന്ദ് കാ ലഡ്ഡുവും, കടലമാവ് കുഴച്ചുണ്ടാക്കുന്ന ബേസൻ ലഡ്ഡുവും ഒഴിവാക്കാനാവാത്ത മധുരങ്ങളാണ്. നൂലുപോലെ വെള്ളയും, മഞ്ഞയും നിറങ്ങളിൽ ചുരുണ്ടിരിക്കുന്ന ഫിനിയാണ് തണുപ്പുകാലങ്ങ ളിൽ മാർവാഡികൾ തിരഞ്ഞെടുക്കുന്ന മധുരം. മൈദയും, ചാഷ്ണി എന്നറിയപ്പെടുന്ന പഞ്ചസാരപ്പാനിയും ചേർത്താണ് ഫിനിയുണ്ടാക്കുന്നത്.പാൽ വറ്റിച്ചുണ്ടാക്കുന്ന റബടിയിൽ മൈദയും, പഞ്ചസാരയും ചേർത്താണ് മാൽപുവ എന്നറിയപ്പെടുന്ന പ്രസിദ്ധമായ മധുരപലഹാരം ഉണ്ടാക്കുന്നത്. ഗോതമ്പു പൊടിയും, ഉണക്കിയ പഴങ്ങളും ചേർത്തുണ്ടാക്കുന്ന ചൂർമയും മറ്റൊരു പ്രത്യേകമധുരപലഹാരമാണ്. അക്ഷയ തൃതീയ ദിനത്തിൽ പലതരം ഖിച്ചടികൾ കഴിക്കാനാണ് മാർവാഡികൾ ഇഷ്ടപ്പെടുന്നത്.

ബാജ്റ, അരി, റാഗി ഇവയൊക്കെ ചേർത്താണ് ഖിച്ടിയുണ്ടാക്കുന്നത് .മലയാളികളെപ്പോലെ ഒന്നോ , രണ്ടോ തരം പപ്പടങ്ങളല്ല മാർവാഡികൾക്കുള്ളത്. ചെറുപയറും, ഉഴുന്നുപരിപ്പും ചേർത്തരച്ച ബിക്കാനീറി പപ്പടത്തിനുപുറമേ ഉരുളക്കിഴങ്ങും, കപ്പയും, അരിയുമൊക്കെ ഉപയോഗിച്ചും ഇവർ പപ്പടങ്ങൾ ഉണ്ടാക്കാറുണ്ട്.മോരിൽ ധാന്യപ്പൊടിയും, ഉപ്പും, ജീരകപ്പൊടിയും ചേർത്തുണ്ടാക്കുന്ന പാനീയത്തെയാണ് മാർവാഡികൾ റാബ് എന്ന് വിളിക്കുന്നത്. വീട്ടിലെത്തുന്ന അതിഥികൾക്ക് ചെറു ചൂടുള്ള റാബ് കുടിക്കാൻകൊടുക്കുന്നത് മാർവാഡി പാരമ്പര്യമാണ്.റാബ് പോലെ വേനലിൽ പച്ചമാങ്ങകൊണ്ടുണ്ടാക്കിയ മറ്റൊരു പാനീയവും മാർവാഡികൾ ഉണ്ടാക്കാറുണ്ട്.

സാധാരണ ഉപ്പ് കിട്ടാനില്ലാത്തതിനാൽ മരുഭൂമിയോടടുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇന്ദുപ്പാണ് ഇതിൽ ചേർക്കാറ്. വരൾച്ചയും, ജലക്ഷാമവുമൊക്കെയുള്ള നാട്ടിൽ കിട്ടാവുന്നതെല്ലാമുപയോഗിച്ചും ഭക്ഷ്യവസ്തുക്കൾ വറുതിയുടെ നാളുകളിലേക്ക് സൂക്ഷിച്ചുവെച്ചുമുള്ള മാർവാഡികളുടെ ഭക്ഷണരീതി എല്ലാവർക്കും മാതൃകയാണ് .
സംഗതി വെജിറ്റേറിയണെങ്കിലും മാർവാഡികളുടെ ഭക്ഷണം കഴിക്കേണ്ടത് തന്നെയാണ്. ഈ രുചിവൈവിധ്യത്തിനു മരുഭൂമിയുടെ ചൂടും ചൂരുമുണ്ട്, നിറങ്ങളും സംഗീതവുമിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ താളവും.

You May Also Like

ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്..

ഉയർന്ന ആർദ്രത കാരണം താപനില വർദ്ധിക്കുന്ന കാലാവസ്ഥ സാധാരണയായി നമ്മെ അസ്വസ്ഥരാക്കുന്നു. ഇത് വേനൽക്കാലത്ത് ഗ്യാസ്, വയറിളക്കം, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു, പ്രധാനമായും നമ്മുടെ ഭക്ഷണ ശീലങ്ങൾ കാരണം.

“ചെട്ടിനാട് ഭക്ഷണം” എന്താണ് ?

തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു കീഴിലെ കാവേരിപട്ടണത്ത് ജീവിച്ചിരുന്ന സസ്യാഹാരി കളായ വ്യാപാരി സമൂഹമായിരുന്നു ആദ്യകാലത്ത് ചെട്ടിയാർമാർ.

അൾട്രാപ്രോസസ്ഡ് ഭക്ഷണൾ കൊണ്ടുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങൾ

പ്രഭാതഭക്ഷണ ധാന്യങ്ങളും പ്രോട്ടീൻ ബാറുകളും മുതൽ രുചിയുള്ള തൈരും ശീതീകരിച്ച പിസ്സകളും വരെ എല്ലായിടത്തും അൾട്രാപ്രോസസ്…

കാപ്പിയുടെ സാർവത്രികമായ ആകർഷണ ശക്തി എന്താണ് ?

നാഗരികതയുടെ പുരോഗതിയിലൂടെ കണ്ണോടിച്ചാൽ മൂന്ന് ലഹരിരഹിത പാനീയങ്ങൾ മാത്രമേ ഉൽപ്പാദിപ്പിച്ചിട്ടുള്ളൂ – തേയില ചെടിയുടെ സത്ത്,…