പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തെ സംശയിക്കണമോ ?

95

Mary Lilly

പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തില്‍ പൊതുവെ മലയാളികള്‍ക്കെല്ലാവര്‍ക്കും സംശയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ ഇന്നലത്തെ രാഹുലിന്‍െറ ഒരു പ്രസ്താവന വായിച്ചു. പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ മുസ്ലീംകള്‍ക്കാണെന്ന്. ഒരു ശരാശരി ഇന്ത്യക്കാര്‍ ചിന്തിക്കേണ്ടതും ചിന്തിക്കുന്നതും അതാണ്. ഒരു രാജ്യത്തെ സംബന്ധിച്ച് സ്വന്തം പൗരന്മാരാണ് വലുത്. അല്ലാതെ അയല്‍ രാജ്യക്കാര്‍ക്കല്ല പ്രധാന്യം കൊടുക്കേണ്ടത്. പൗരത്വ ഭേദഗതി വിഷയത്തില്‍ തെരുവിലിറങ്ങിയവരും രാഹുല്‍ ഈശ്വറും ചിന്തിക്കുന്നത് ഒരേ പോലെയാണ്.

സാധാരണ പരിവാരങ്ങളില്‍ നിന്നും രാഹുലിനെ വ്യത്യസ്തനാകുന്നത് വിവരവും വിദ്യാഭ്യാസവുമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പ്ലീസ് എനിക്കൊരു പത്തു സെക്കന്‍റ് തരൂ മുപ്പതു സെക്കന്‍റ് തരൂ എന്നൊക്കെ അക്ഷമനായി അലറി വിളിക്കുമെങ്കിലും സൂര്യനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാനുളള അറിവും വായനാശീലവും അദ്ദേഹത്തിനുണ്ടെന്ന് ചര്‍ച്ചകളിലെ സംഭാഷണങ്ങളില്‍ നിന്നും ഊഹിക്കുന്നു. കേരളത്തില്‍ രണ്ടു മതരാഷ്ട്രീയ സംഘടനകള്‍ കൊമ്പു കോര്‍ത്ത ഹാദിയ വിഷയത്തില്‍ രാഹുലിന്‍െറ നിലപാട് സംശയാസ്പദമെങ്കിലും ശ്രദ്ധേയമായിരുന്നു. അദ്ദേഹം നിന്നത് രണ്ടു മതവിഭാഗങ്ങള്‍ക്കൊപ്പമല്ല. അഖിലാ ഹാദിയ എന്ന് മാത്രം സംബോധന ചെയ്ത ആ പെണ്‍കുട്ടിയുടെ കൂടെയായിരുന്നു. അവളുടെ മനസ്സിനും സ്വപ്നങ്ങള്‍ക്കൊപ്പവുമായിരുന്നു. ആ വിഷയത്തിലും ഒരു പാട് വിമര്‍ശനങ്ങള്‍ രാഹുല്‍ ഈശ്വര്‍ ഏറ്റു വാങ്ങിയിരുന്നു.

പൗരത്വ വിഷയത്തില്‍ ആദ്യമൊന്നും രാഹുല്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ മുമ്പോട്ടു വന്നത് തീര്‍ച്ചയായും അതിന്‍െറ ആഴവും വ്യാപ്തിയും മനസ്സിലാക്കിയിട്ടു തന്നെയായിരിക്കണം. മനുഷ്യര്‍ക്ക് നന്നാവാന്‍ അധികസമയമൊന്നും വേണ്ടല്ലോ. രാഹുല്‍ പൗരത്വ വിഷയത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പറഞ്ഞ ദിവസം തന്നെയാണ് പൗരത്വ ഭേദഗതി സമരം മടുത്തെന്ന് ഒരു ലീഗ് നേതാവ് പറയുന്നത്. ഇവിടെ നിയമം നടപ്പിാക്കിയാലും ഇല്ലെങ്കിലും രാഹുല്‍ ഈശ്വറും അദ്ദേഹത്തിന്‍െറ കുടുംബും സുരക്ഷിതരാണ്. പക്ഷേ അതുപോലെയല്ല മറ്റു ന്യൂനപക്ഷങ്ങളുടെ അവസ്ഥ.

മടുപ്പു ബാധിച്ച നേതാക്കള്‍ മാറി നില്‍ക്കട്ടെ. രാഹുല്‍ ഈശ്വറിനെ പോലെയുള്ളവര്‍ മുന്നോട്ടു വരുമ്പോള്‍ അതിനെ പുറംകാലു കൊണ്ട് തട്ടിയെറിയരുത്. എന്തൊക്കെ പറഞ്ഞാലും രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളിലൂടെയും മറ്റും ദേശീയ തലത്തില്‍ ശ്രദ്ധേയനാണ്. പൗരത്വ ഭേദഗതി ബില്‍ തെറ്റാണ് രാഹുല്‍ ഈശ്വറിനെ പോലെുള്ളവര്‍ തന്നെയാണ് ഉറക്കെ പറയേണ്ടവര്‍. നമ്മള്‍ പത്തു പേര്‍ അവിടെയും ഇവിടെയും നിന്നു പറയുന്നതിനേക്കാള്‍ അതു ഫലം ചെയ്യുകയും വ്യാപിക്കുകയും ചെയ്യും.