ബന്ധുക്കൾക്ക് വേണ്ടി അബുബക്കർ പ്രവാസിയായി, നാട്ടിലെത്തിയപ്പോൾ തെരുവിലുമായി

183

എഴുതിയത് : Mary Lilly

ഇന്നലെ കണ്ട ഒരു വാര്‍ത്തയാണിത്. പാലക്കാടാണ് സംഭവം. മുപ്പതു വര്‍ഷം കുടുംബത്തിനു വേണ്ടി പ്രവാസിയായ അബൂബക്കറിന് ഇപ്പോള്‍ തണലായിരിക്കുന്നത് ചാലിശ്ശേരി ജനമൈത്രി പോലീസാണ്.

കപ്പൂര്‍ എറവക്കാട് കോലയില്‍ വീട്ടില്‍ അബൂബക്കര്‍ ഭാര്യയെയും രണ്ടു പെണ്‍കുട്ടികളെയും നല്ല രീതിയില്‍ സംരക്ഷിക്കാനാണ് പ്രവാസിയായത്. മക്കളുടെ വിവാഹമൊക്കെ നല്ല നിലയില്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളോടെ അബൂബക്കര്‍ തിരിച്ചത്തിയപ്പോള്‍ കുടുംബം മുന്നോട്ടു വച്ചത് അദ്ദേഹത്തിന്‍െറ പേരില്‍ ബാക്കിയുള്ളതൊക്കെ അവരുടെ പേരില്‍ എഴുതി കൊടുക്കണമെന്നായിരുന്നു. ഇതു നിഷേധിച്ചതോടെ അബൂബക്കര്‍ കുടുംബത്തില്‍ നിന്നും പുറത്തായി.

നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ നൂറുകണക്കിന് സംഭവങ്ങള്‍ ഓരോ ദിവസവും നടക്കുന്നുണ്ട്. പലതും പത്ര വാര്‍ത്തകളില്‍ ഇടം പിടിക്കുന്നില്ലെന്നു മാത്രം. ഈ പ്രശ്നം പ്രവാസികള്‍ ഒറ്റയ്ക്ക് നേരിടുന്നതുമല്ല. വീടിനും മക്കള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന സ്ത്രീയോ പുരുഷനോ ആരുമായി കൊള്ളട്ടെ. കുടുംബം തള്ളി പറയുന്ന ഒരവസ്ഥ ആരുടെ ജീവിതത്തിലും ഉണ്ടാകാം.

ഇതൊക്കെ വായിക്കുമ്പോള്‍ നമ്മള്‍ കരുതും എന്‍െറ ജീവിതത്തില്‍ ഇങ്ങനെയുണ്ടാകില്ല. എന്‍െറ ഭാര്യ ഇങ്ങനെ ചെയ്യില്ല. അല്ലെങ്കില്‍ ഭര്‍ത്താവ് അങ്ങനെ ചെയ്യില്ല. ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളര്‍ത്തിയ മക്കള്‍ ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യില്ലെന്ന്. ഇത്തരത്തിലുള്ള ആകാശക്കോട്ടകള്‍ ഒക്കെ വെറുതെയാണ്. ഏതു നിമിഷവും അതു പൊളിഞ്ഞു വീഴാം.

കുടുംബത്തിന്‍െറ ഉള്ളില്‍ നിന്നാലും കുടുംബത്തിന്‍െറ പുറത്തു നിന്നാലും ഒറ്റപ്പെടല്‍ എന്നൊരവസ്ഥ ഏതൊരു മനുഷ്യനും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരും. അതാണ് ജീവിതം. ഇന്നു ചിരിച്ചവര്‍, കൂടെ നിന്നവര്‍ അന്നുണ്ടായി കൊള്ളണം എന്നില്ല.

ഇത്രയും പറഞ്ഞത് പ്രവാസികളെ കുറിച്ചു മാത്രമല്ല. ഇനി പ്രവാസികളെ പറ്റി രണ്ടു വാക്ക്. ചില പ്രവാസി സുഹൃത്തുകള്‍ പറയാറുള്ള പ്രധാന വിഷമം വീട്ടിലേക്ക് വിളിക്കുമ്പോള്‍ തങ്ങളോട് സംസാരിക്കാന്‍ വീട്ടിലുള്ളവര്‍ക്ക് സമയമില്ല അല്ലെങ്കില്‍ താല്പര്യമില്ല എന്നാണ്. മറ്റൊന്ന് പ്രവാസത്തിന് പുറത്തു കടന്നവരുടെ പ്രശ്നമാണ്. അവരും അഭിമുഖീകരിക്കുന്നത് ഇതേ പ്രശ്നമാണ്. അവരെ കേള്‍ക്കാന്‍, അവരെ ശ്രദ്ധിക്കാന്‍ വീട്ടുകാരോ മക്കളോ തയ്യാറാകുന്നില്ല. രണ്ടും വേദനാജനകമായ അവസ്ഥകളാണ്.

ഇനി അബൂബക്കറിലേക്ക് തിരിച്ചു വരാം. അദ്ദേഹത്തിന്‍െ മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന്, ഒരായുഷിന്‍െറ പകുതിയിലേറെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി മരുഭൂമിയില്‍ പാഴാക്കിയതോര്‍ത്തും വിധിയെന്നു സമാധാനിച്ചും ശിഷ്ടകാലം ജീവിക്കാം. ഇതൊന്നുമല്ലാത്ത രണ്ടാമതൊരു വഴി കൂടിയുണ്ട്. നിയമത്തിന്‍െറ വഴി.

അദ്ദേഹത്തിന് ഇപ്പോള്‍ തണലായിരിക്കുന്ന ചാലിശ്ശേരി ജനമൈത്രി പോലീസ് തീര്‍ച്ചയായും നിയമത്തിന്‍െറ വഴിയിലൂടെ അദ്ദേഹത്തെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്. വീട്ടുകാര്‍ക്കോ മക്കള്‍ക്കോ തല്ലി തകര്‍ക്കാനുള്ളതല്ല ആരുടെ ജീവിതവും.