Mary Lilly

എടുത്തു പറയാന്‍ തക്കവിധം രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല. ചെറുപ്പത്തില്‍ മുതലക്കുഞ്ഞുങ്ങളെ പുഴക്കരയില്‍ നിന്നും വാലില്‍ പിടിച്ചു വലിച്ചു വീട്ടില്‍ കൊണ്ടു വന്ന് അമ്മമാരെ പേടിപ്പിച്ചിട്ടില്ല. കൗമാരത്തില്‍ ഹിമാലയത്തിലെ മഞ്ഞു തടാകത്തില്‍ പുലര്‍ച്ചെ മീനുകള്‍ക്കൊപ്പം നീന്തിയിട്ടില്ല. സ്കൂളില്‍ പോകാതെ ചായക്കച്ചവടം ചെയ്തിട്ടില്ല. ചായയടിച്ചു പരിചയവുമില്ല.

പക്ഷേ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ രണ്ടു നേതാക്കളാണ് ചന്ദ്രശേഖര്‍ ആസാദും കനയ്യ കുമാറും. രണ്ടു പേരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ദേഭമന്യേ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ജയില്‍ വാസത്തിനും ചികിത്സയ്ക്കും ശേഷം ആസാദ് വിരലിലെണ്ണാന്നത്ര പരിപാടികളിലേ പങ്കെടുത്തുള്ളുവെങ്കിലും ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നതെല്ലാം.

ആസാദിനെക്കാള്‍ കുറച്ചു കൂടി ഊര്‍ജ്ജസ്വലനാണ് കനയ്യ കുമാര്‍. ഇതിനകം അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്‍ ഗണ്‍ മന്‍ ജാഥയ്ക്ക് ബീഹാറില്‍ തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.  ജാഥയുടെ തുടക്കത്തില്‍ പോലീസ് കനയ്യകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ജനങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് ഒഴുകി യെത്തുകയും കനയ്യ കുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന അവസ്ഥയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിട്ട് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു കനയ്യകുമാറിനെ വിട്ടയയ്ക്കാന്‍.

എത്തുന്നയിടത്തെല്ലാം കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനും ജനസാഗരമാണെത്തുന്നത്. അവരില്‍ കര്‍ഷകരുണ്ട്. ചെറുകിട കച്ചവടക്കാരുണ്ട്. വീട്ടമ്മമാരുണ്ട്. വിദ്യാര്‍ഥികളുണ്ട്. കൂലിപണിക്കാരുണ്ട്. തൊഴിലില്ലാത്തവരുണ്ട്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ യുവാവിനെ കേള്‍ക്കാനെത്തുന്നത്. ജനഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗങ്ങളിലൂടെയും ആസാദി മുദ്രാവാക്യത്തിലൂടെയും ഓരോ വേദിയും ഇളക്കി മറിക്കാന്‍ കനയ്യ കുമാറിനാകുന്നുണ്ട്. ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ഒരു പോലെ സംവദിക്കാന്‍ കഴിയുന്നയാളാണ് കനയ്യ കുമാര്‍. നാളെയുടെ പ്രതീക്ഷയാണ് ഈ യുവ നേതാവ്.

ആസാദിനെ പോലെ, കനയ്യ കുമാറിനെ പോലെ, ജിഗ്നേഷ് മേവാനിയെ പോലെ, കണ്ണന്‍ ഗോപിനാഥിനെ പോലെയുള്ളവര്‍ ഇനിയും ഉയര്‍ന്നു വരട്ടെ. ഈ നാടിന് അത്തരക്കാരെയാണ് ആവശ്യം
മേരി ലില്ലി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.