വർഗ്ഗവെറി കൊണ്ട് ഉറഞ്ഞുതുള്ളിയ സംഘിയെ വർണ്ണവെറി കൊണ്ട് പരിഹസിക്കുന്നത് നല്ലതാണോ ?

101

Masharsha I

മനുഷ്യനെ കൊല്ലണം എന്നാഹ്വാനം ചെയ്ത സങ്കിയെ പോലീസ് തൂക്കി അകത്തിട്ടു . നല്ലത് . വേണ്ടതാണ് ..മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ആളുകൾ അകത്ത് കിടക്കുന്നതാണ് നല്ലത് . അയാളെ കൊണ്ടുവരുന്ന കണ്ടിട്ട് കാര്യമായി പരിക്കും ഉണ്ടായിട്ടുണ്ട് . മനുഷ്യ ശരീരത്തിന്റെ വേദന എന്താണെന്ന് അറിയുന്നത് നല്ലതാണ് . ആ മുഖത്ത് നിറയെ പരിഭ്രമവും ഭയവും കാണാം . ലോക്കപ്പിന്റെ മുന്നിൽ നിൽക്കുമ്പോ എലിക്കെണിയിൽ കുടുങ്ങിയ പെരുച്ചാഴിയെ പോലെ നിന്ന് വിറക്കുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളിൽ ഉക്കടത്തും മേട്ടുപ്പാളയത്തും ഒക്കെ പാഞ്ഞു നടന്ന് വിദ്വേഷ വീഡിയോ ചെയ്ത മനുഷ്യനാണോ ഇതെന്ന് അത്ഭുതം തോന്നും . എന്തൊരു അക്രമോത്സുക മനുഷ്യൻ ആയിരുന്നു അയാൾ . ഏതൊരു സങ്കിയും ശരിക്കും ഇതാണ് . അടിസ്ഥാനപരമായി ഭീരുക്കൾ . തിരിഞ്ഞു നിന്നാൽ കാലു പറിച്ച് ഓടുന്ന മനുഷ്യർ .

ഒക്കെ ശരി, സന്തോഷം, വർഗീയതയ്ക്ക് നമ്മുടെ നാട്ടിൽ സ്ഥാനമില്ല അതിനെതിരെ നമ്മൾ ഒറ്റ കെട്ട് . പക്ഷെ വർണ്ണ വെറിക്ക് സ്ഥാനമുണ്ടോ ? ഉവ്വ് .. ഉണ്ട് . നമ്മൾ വർണ്ണ വെറിയന്മാർ ആണ് . എങ്ങനെയാണ് ഉത്തരേന്ത്യയിൽ മനുഷ്യർക്കിടയിൽ വർഗീയത ഒരു സാദാ വിഷയം ആകുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ടായിരുന്നു . ആണും പെണ്ണും ഹിസ്റ്റിരിയ ബാധിച്ചപോലെ മനുഷ്യർക്കെതിരെ ഉറഞ്ഞു തുള്ളുന്നത് എന്നും . നമ്മുടെ വർണ്ണ വെറി പോലെ മാത്രമാണ് അവരുടെ വർഗീയത എന്ന് ഇപ്പോൾ തിരിയുന്നുണ്ട് . നിങ്ങൾ കണ്ടില്ലേ പുരോഗമന പ്രൊഫൈലുകൾ വരെ ശ്രീജിത്തിന്റെ നിറം ആണ് ട്രോളാൻ ഉപയോഗിച്ചത് . കരി മങ്കി ടാർ വീപ്പ എന്നു തുടങ്ങി എന്തെല്ലാം . അയാളുടെ മൂക്ക് മുതൽ പല്ല് വരെ ട്രോളാൻ ഉള്ള വകയായി . ഒരാളുടെ നിറം അയാളുടെ തിരഞ്ഞെടുപ്പല്ല . എന്നിട്ടും ട്രോളാൻ അത് കാരണമാണ് . ഇനി ഒരാൾ കറുപ്പ് തിരഞ്ഞെടുത്താൽ പോലും കറുപ്പ് എങ്ങനെയാണ് കുറവാകുന്നത് എന്നെനിക്ക് മനസ്സിലായിട്ടില്ല .

എന്ത് രാഷ്ട്രീയം പറഞ്ഞാലും എന്ത് വർഗീയ വിരുദ്ധത പറഞ്ഞാലും അവന്റെ നിറം കൊണ്ട് ട്രോളുന്ന മനുഷ്യരെ നിങ്ങളും സങ്കി തന്നെയാണ് . അവൻ മതം കൊണ്ടാണ് എങ്കിൽ നിങ്ങൾ വർണ്ണം കൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുന്നു . നിങ്ങളെല്ലാം ഈ കുളിമുറിയിൽ നഗ്നർ ആണ് . അടിസ്ഥാനപരമായി മനുഷ്യന്റെ അന്തസാണ് വിഷയം . മതം കൊണ്ട് ഒരാൾ ആക്രമിക്കപ്പെടുന്നതും വർണ്ണം കൊണ്ടൊരാൾ ആക്രമിക്കപ്പെടുന്നതും അടിസ്ഥാനപരമായി മനുഷ്യന്റെ അന്തസ്സിനെതിരെയാണ് ആക്രമണം . അത് ചെയ്തിട്ട് നിങ്ങൾ എത്ര പുരോഗമനം പറഞ്ഞാലും അത് സങ്കിയുടെ സഹിഷ്ണുതാ തള്ള് പോലൊരു തള്ള് മാത്രമാണ് ..കാരണം നിങ്ങടെ കണ്ണിൽ മനുഷ്യരില്ല . നിങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ പുസ്തകത്തിൽ രാഷ്ട്രീയമെന്നാൽ മനുഷ്യരുടെ അന്തസ്സിനെ കുറിച്ചുള്ള ഓര്മയാണെന്നൊരു പാഠം ഇല്ല .തരം കിട്ടിയാൽ നിങ്ങളും സാമൂഹിക വിരുദ്ധർ ആണ് . കഷ്ടമാണ് കാര്യങ്ങൾ.