കാൻസറാണെന്ന് കണ്ടാൽ കീമോയോ റേഡിയേഷനോ സർജറിയോ ആണ് ചികിത്സ. അതിനൊക്കെ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. അതറിയാവുന്നത് കൊണ്ടുതന്നെ നമുക്കൽപ്പം ഭയവുമുണ്ട്. ഈ ഭയത്തെ മുതലെടുത്ത്, ഒറ്റമൂലിയെന്ന പേരിൽ കുറേ പച്ചിലകളും പൊടികളും അരച്ചു കൊടുത്ത്, രോഗികളുടെ മേൽ കൊലപാതകങ്ങൾ നടത്തി ജീവിക്കുന്നവരാണ് വ്യാജ ചികിത്സകർ. പലപ്പോഴും രോഗികൾ ഇവരുടെ അടുത്തേയ്ക്കെത്തുന്നത്, രോഗവിവരം അറിയാനെത്തുന്ന കേശവൻ മാമൻ വിഭാഗത്തിൽപ്പെട്ട ബന്ധുവോ സുഹൃത്തോ വഴിയായിരിക്കും.

സ്വന്തം അച്ഛനുണ്ടായ അത്തരമൊരനുഭവം ഇതാ, Masharsha I എഴുതിയത് വായിക്കൂ..

എന്റെ വാപ്പക്ക് ലിംഫ് നോഡ്സ് കാൻസർ ആയിരുന്നു . ഇടുപ്പിൽ ഒരു മുഴയായി ആദ്യമത് പ്രത്യക്ഷപ്പെട്ടു . ഒപ്പം കടുത്ത പനിയും . പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ആദ്യകാല ചികിത്സ . സ്ഥിരമായി ചികിത്സ നടത്തിയതോടെ രോഗം ഭേദമായി . പക്ഷെ മരുന്ന് തുടരണം എന്ന് ഡോക്റ്റർ പറഞ്ഞു . കീമോയുടെ ഭാഗമായി കൊഴിഞ്ഞു പോയ മുടിയൊക്കെ തിരികെയെത്തി . പൂർണ്ണ ആരോവ്യവൻ ആയി .

Masharsha I 
Masharsha I 

ആ സമയത്താണ് എനിക്ക് അറിയാത്ത ഏതോ ഒരു ക്രിമിനൽ ബുദ്ധിക്കാരൻ കോട്ടയത്തിന് കിഴക്ക് ഒരു ക്രിസ്ത്യൻ പാതിരിയുടെയോ അതോ എഞ്ചിനീയറുടെയോ എന്ന് ഓർക്കുന്നില്ല ഒരാശ്രമം ഉണ്ടെന്നും അവിടെ ചെന്ന് പച്ച മരുന്ന് കഴിച്ചാൽ അസുഖം ഭേദമാകും എന്നും പറഞ്ഞത് . ഇതിനിടയിൽ മണ്ണൂത്തി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി വി സി ആയിരുന്ന കെ ആർ വിശ്വംഭരന്റെ നിർബന്ധ പ്രകാരവും മമ്മൂട്ടി പറഞ്ഞത് കൊണ്ടും ഗംഗാധരൻ ഡോക്റ്ററെ കാണാൻ ലേക്ഷോറിൽ പോയിരുന്നു . ഡോക്റ്ററുടെ പരിശോധനയിൽ കണ്ട്രോൾ ചെയ്തു പോകാൻ പറ്റുന്ന അസുഖം ആണെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു . ആ സമയത്ത് തന്നെയാണ് ഇന്നസെന്റും ഗംഗാധരൻ ഡോക്റ്ററുടെ അടുത്ത് ഇതേ ലിംഫ് നോഡ് കാൻസറും ആയി ചികിത്സ തേടി എത്തുന്നത് . അവിടെ വച്ചാണ് ഇന്നസെന്റും വാപ്പയും പരിചയപ്പെടുന്നത് . അങ്ങേരും വാപ്പക്ക് ധൈര്യം കൊടുത്തു . പേടിക്കാനില്ല മരുന്ന് കഴിച്ചാൽ മതി .

അതിന്റെ ഒരാശ്വാസവും സന്തോഷവും വീട്ടിലേക്ക് തിരികെ വന്നു കഴിഞ്ഞിരുന്നു . രോഗിയെ കാണാനും ആശ്വസിപ്പിക്കാനും സ്ഥിരമായി വീട്ടിൽ ആളുകൾ വന്നിരുന്നു. അതിൽ പെട്ട ഏതോ ഒരു കുബുദ്ധി ആണ് വാപ്പക്ക് കോട്ടയത്തെ ആശ്രമം സജസ്റ്റ് ചെയ്തത് . അയാളുടെ അനുഭവത്തിൽ സ്‌ട്രേക്ച്ചറിൽ കൊണ്ടുവന്ന ആളുകൾ വീട്ടിലേക്ക് ഓടി പോകുന്ന കഥകൾ ഉണ്ടായിരുന്നു . എങ്കിൽ എന്ത്കൊണ്ട് അതൊന്ന് പരീക്ഷിച്ചു കൂടാ എന്നായി എല്ലാവരും . എനിക്ക് പ്രത്യേകിച്ച് അഭിപ്രായം ഉണ്ടായിരുന്നില്ല . അങ്ങനെ മോഡേണ് മെഡിസിൻ നിറുത്തി പച്ചില തിന്നാൻ പോയി .പച്ചില തിന്നാൻ മോഡേണ് മരുന്ന് നിറുത്തിയപ്പോ വാപ്പക്ക് പെട്ടെന്ന് ഒരാശ്വാസം കിട്ടി . ആരോഗ്യം ഒക്കെ തിരികെ വന്നത് പോലെ . ആഴ്ചയിൽ ഒരിക്കൽ പോയി മരുന്ന് തിന്നും . കാലം പോയി . അഞ്ചാറ് മാസം കഴിഞ്ഞപ്പോൾ വീണ്ടും കണ്ണിന്റെ മുകളിൽ ആയി ഒരു മുഴ പ്രത്യക്ഷപ്പെട്ടു . പരിശോധനയിൽ അത് രണ്ടാം ഘട്ടം ആരംഭം ആണെന്ന് അറിഞ്ഞു . ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതായും തെളിഞ്ഞു . കീമോ ഒക്കെ എത്ര ഫലപ്രദം ആണെന്ന് ഗംഗാധരൻ ഡോക്റ്റർ സംശയിച്ചു . ആ സമയവും ഇന്നസെന്റ് സിനിമാ അഭിനയവും മരുന്നുമായി തുടരുന്നുണ്ടായിരുന്നു . മരുന്ന് നിറുത്തിയതിന് ഗംഗാധരൻ ഡോക്ടർ വാപ്പയെ വഴക്ക് പറഞ്ഞു . തല കുമ്പിട്ടിരുന്നു വാപ്പയത് കേട്ടു . ചില ആശ്വാസ മരുന്നുകൾ നൽകി പറഞ്ഞു വിട്ടു . വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാണ്ടായി . വീട് ശോകമൂകം ആയി . അവസാന കാലങ്ങൾ മോർഫിൻ മാത്രമായി മരുന്ന് . കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ലേക്ഷോറിൽ ഒരു രാവിലെ വാപ്പ അന്ത്യശ്വാസം വലിച്ചു . തെറ്റായതും ക്രൂരമായതുമായ ഒരു ചികിത്സയുടെ ഇരയാണ് എന്റെ വാപ്പ എന്ന് ഞാനിന്നും വിശ്വസിക്കുന്നു . ശരിയായ ചികിത്സയിൽ വിശ്വസിച്ച ഒരേ സമയം ഒരേ അസുഖം വന്ന ഇന്നസെന്റ് ഇപ്പോഴും അദ്ദേഹത്തിന്റെ കർമ്മ മേഖലകളിൽ സജീവമാണ് . പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകൾ ഒഴിച്ചു നിറുത്തിയാൽ ഇന്നും അദ്ദേഹം സജീവമാണ് .

മോഹനൻ വൈദ്യന്മാർ ഇങ്ങനെ ആളെ കൊല്ലികൾ ആണ് . യാതൊരു ശാസ്‌ത്രീയതയും ഇല്ലാതെ കെട്ടുകഥകൾ പറഞ്ഞു പരത്തുന്നവർ അശാസ്ത്രീയമായ നാട്ടു വൈദ്യ ചികിത്സയ്ക്ക് അമിത പ്രാധാന്യം കൊടുകുമ്പോ ഒളിപ്പിച്ചു വെക്കുന്ന ഒരു സത്യമുണ്ട് . നമ്മുടെ ശരാശരി ആയുസ് 1900 ന്റെ ആരംഭ സമയം വെറും 25 മുപ്പത് ഒക്കെ ആയിരുന്നു എന്ന് . ഉണ്ണാനും ഉടുക്കാനും എമ്പാടും ഉണ്ടായിരുന്ന രാജാക്കന്മാർ പോലും നാൽപ്പതുകളിൽ തന്നെ മരിച്ചു പോയിരുന്നു എന്ന് . അതിനെല്ലാം കണക്കുകൾ ലഭ്യമാണെന്ന് . നാട്ടു വൈദ്യം ചികിത്സിച്ചു ഇവരുടെ 100 ഉം 150 വർഷത്തെ ആയുസ്സിന്റെ കണക്കുകൾക്ക് തെളിവുകൾ ഇല്ലെന്ന് . ആയുർവേദം പോലും രോഗ ചികിത്സക്ക് ഫലപ്രദം ആണെന്ന് ഞാൻ കരുതുന്നില്ല . സപ്ലിമെന്റുകൾ പോലെ ഉപയോഗിക്കാം എന്നല്ലാതെ ഒരു ഗുണവും അതിനും ഇല്ല . ആയുർവേദവും അവകാശപ്പെടുന്നത് അത് മാത്രമാണ് . പക്ഷെ ഈ ആയുർവേദം ഒക്കെ ചികിത്സിക്കാൻ പാങ്ങുള്ളവർ പോലും പണ്ടുകാലത്ത് ബഹുഭൂരിപക്ഷവും അൻപത് വയസ്സ് വരെ പോലും ജീവിച്ചിരുന്നില്ല . നമ്മുടെ ഉയർന്ന ആയുസ്സും രോഗ പ്രതിരോധ ശേഷിയും ആധുനിക വൈദ്യ ശാസ്‌ത്രത്തിന്റെ സംഭാവനയാണ് . അതെല്ലാം സൗകര്യങ്ങൾ ആയപ്പോ റദ്ദ് ചെയ്യുന്നത് എത്ര അപകടകരം ആണ് . നമ്മുടെ നാട്ടിലെ വസൂരി മുതൽ പ്ളേഗ് വരെ ഇന്ന് കേട്ട് കേൾവി ആയത് ആധുനിക മെഡിസിൻ കൊണ്ടല്ലാതെ വേറെ എന്താണ് . പണ്ടും ആയുർവേദവും നാട്ടു വൈദ്യവും ഉണ്ടായിട്ടും പ്ളേഗും വസൂരിയും കോളറയും എന്തേ ഇവർക്ക് നിർമ്മാർജ്ജനം ചെയ്യാൻ പറ്റിയില്ല . എന്റെയൊക്കെ ചെറുപ്പ കാലങ്ങളിൽ കുഷ്ഠം വന്നു മുറിഞ്ഞ കൈ കാലുകൾ ഉള്ള വസൂരിയുടെ വടുക്കൾ നിറഞ്ഞ മുഖമുള്ളവർ നാട്ടു കാഴ്ച ആയിരുന്നു .

ജനങ്ങളോട് പറയാനുള്ളത് ഇവർ നമ്മളെ കൊന്നുകൊണ്ടു വലിയ മണിമാളികകൾ കെട്ടി ഉയർത്തുന്നു . നമ്മുടെയൊക്കെ കുടുംബത്തെ അനാഥമാക്കുന്നു . നമ്മുടെ സന്തോഷങ്ങളെ നശിപ്പിക്കുന്നു . ഇവർ കാണിക്കുന്ന ചെപ്പടി വിദ്യകളാൽ വാഗ് വിലാസത്താൽ ഇല്ലാതെ ആവുന്നത് നമ്മുടെ മുഖത്തെ ചിരിയാണ് . അപ്പോഴും അവർ ചിരിച്ചു കൊണ്ടിരിക്കും . മോഹനൻ വൈദ്യന്മാരെ കാപ്പ ചുമത്തി ഗുണ്ടാ നിയമ പ്രകാരം സ്ഥിരം തടങ്കലിൽ പാർപ്പിക്കണം . ഒപ്പം അവരെ മനശാസ്ത്ര ചികിത്സക്ക് വിധേയമാക്കണം

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.