അയ്യപ്പനും കോശിയിലും വിക്രം വേദയിലും പോലെ നായക-വില്ലൻ സങ്കല്പമില്ലാത്ത ബ്രില്യൻ്റ് സൃഷ്ടിയാണ് മാസ്റ്റർ

61

Athul Vijay

മാസ്റ്റർ പറയുന്ന രാഷ്ട്രീയം

അയ്യപ്പനും കോശിയിലും, വിക്രം വേദയിലും പറഞ്ഞു വെക്കുന്നതു പോലെ കൃത്യമായ ഒരു നായക-വില്ലൻ സങ്കല്പമില്ലാത്ത ലോകേഷ് കനകരാജിൻ്റെ ഒരു ബ്രില്യൻ്റ് സൃഷ്ടിയാണ് മാസ്റ്ററും. അതെങ്ങനെയാണെന്നൊന്ന് പരിശോധിച്ചു നോക്കാം.
വിജയ് സേതുപതിയുടെ ഭവാനിയെന്ന കഥാപാത്രം തൻ്റെ കുട്ടിക്കാലത്ത് തന്നെ ‘പിടിപാടുകളുള്ള’ ആളുകൾ കാരണം സ്വന്തം കുടുംബം കൺമുന്നിൽ കത്തിയെരിയുന്നത് കണ്ടു നിൽക്കേണ്ടി വരികയും, അവരാൽ പിന്നീടുള്ള നീണ്ട വർഷക്കാലം ജയിലിനുള്ളിൽ നീതി നിഷേധിക്കപ്പെട്ട് അധികാരികളാൽ അടിച്ചമർത്തപ്പെട്ടു കൊണ്ടേയിരുന്ന ഒരു വ്യക്തിയാണ്. അതിനാൽ തന്നെ ഭവാനിക്കുള്ളിൽ രൂപപ്പെട്ടു വന്ന പകയും പ്രതികാരവും തൻ്റെ പിതൃഘാതകരോടുള്ളതിനെക്കാൾ ഈ വ്യവസ്ഥിതിയോടായിരുന്നു.

ചുമരിൽ മുഷ്ടി ചുരുട്ടിയിടിക്കുമ്പോഴൊക്കെയും പണവും അധികാരവുമാണ് ഈ വ്യവസ്ഥിതിയെ മുന്നോട്ട് നയിക്കുന്നതെന്ന് ഭവാനി തിരിച്ചറിയുന്നു.ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ഭവാനി ഈ തിരിച്ചറിവിൽ നിന്നും കഴിയാവുന്നത്ര പണം സമ്പാദിക്കുകയും എതിർ പക്ഷത്തുള്ളവരെയെല്ലാം തൻ്റെ വരുതിയിൽ കൊണ്ട് വന്ന് തൻ്റെ കുടുംബത്തെ ഇല്ലാതാക്കിയവരെ ഇല്ലായ്മ ചെയ്യുകയും, ലോറി തൊഴിലാളികളുടെ വിശ്വസ്തനായ മുതലാളിയായി മാറുകയും തൻ്റെ നിലനിൽപിന് കോട്ടം തട്ടാത്ത രീതിയിൽ പണത്തിനെക്കാൾ സ്നേഹത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകുന്നവരെ കണ്ടെത്തി അവരുടെ കയ്യിൽ പച്ച കുത്തിച്ച് കൊണ്ട് കുട്ടികളിലൂടെ തൻ്റെതായ രീതിയിൽ പുതിയൊരു സമൂഹത്തെ വാർത്തെടുക്കുന്നു.

ഇനി വിജയുടെ ജെ.ഡി. എന്ന കഥാപാത്രത്തെയെടുത്താൽ പ്രൊഫഷണലി അദ്ദേഹമൊരു അധ്യാപകനാണ്. കൃത്യമായി പറഞ്ഞാൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതും മറ്റധ്യാപകർക്ക് രസിക്കാത്തതുമായ ഫിസിക്കൽ ട്രെയിനർ. വിദ്യാർത്ഥി രാഷട്രീയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും, സ്ത്രീകളുടെ വസ്ത്രധാരണം മൂലമല്ല അവർക്കെതിരെ അക്രമണങ്ങളുണ്ടാകുന്നതെന്നൊക്കെ ഒരു വേള പറഞ്ഞു വെക്കുന്നുമുണ്ട്. പുറത്ത് നിന്നുള്ള ഗുണ്ടകൾ കാരണമാണ് ജെ.ഡി കോളേജിൽ നിന്നും പുറത്താക്കപ്പെടുന്നതും ജയിലിലെ വാദ്യാരായി എത്തുന്നതും.ജയിലിൽ വെച്ച് തൻ്റെ എതിരാളികളെ കൊന്നതിൻ്റെ പേരിലെത്തപ്പെടുന്ന രണ്ട് കുട്ടികളെ കൊലപ്പെടുത്തുന്നിടത്താണ് ജെ.ഡിയെയും ഭവാനിയെയും ലിങ്ക് ചെയ്യിക്കുന്നത്. ആ കുട്ടികളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഭവാനിക്കുള്ളിലെ കംസൻ ഭാവിയിൽ തനിക്കെതിരെ മറ്റൊരു ഭവാനിയുണ്ടാകാതിരിക്കാനുള്ള പഴുതുകളടക്കുകയാണ്. ജനിതക വിത്തുകളാലും കുട്ടിക്കാലത്തെ കാഴ്ചകളാലുമുണ്ടാക്കപ്പെടുന്നവനാണ് മനുഷ്യൻ എന്ന് പറയുന്നത് ഒരു തരത്തിൽ ബട്ടർഫ്ലൈ ഇഫക്ട് ആണ്.

ഭവാനി പച്ചകുത്തിയവരിലൂടെ പുതുതായി ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണെന്നും, അതേ സമയം പൊതു സമൂഹം തെറ്റെന്ന് കല്പിക്കുന്ന വഴിയിലൂടെ പണം സമ്പാദിച്ച് തൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി എതിരാളികളെയെല്ലാം മറ്റുള്ളവരിലൂടെ ഇല്ലാതാക്കുകയും ചെയ്തു കൊണ്ടേയിരിക്കുകയാണെന്ന് ജെ.ഡി തിരിച്ചറിയുന്നു.ജെ.ഡിയുടെ മുഖത്ത് രണ്ട് വെള്ള വരകൾ പോലെ ബാൻഡ് എയ്ഡ് ഒട്ടിച്ചതും ഭവാനിയുടെ മുഖത്ത് അതുപോലെ രണ്ട് കറുത്ത അടയാളങ്ങളും കാണാം. വിജയ്‌യുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങൾ ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളായി കണക്കാക്കാവുന്നതാണെന്ന് സംവിധായകൻ പറഞ്ഞു വെക്കുന്നു. ജയിലിൽ വെച്ച് ജെ.ഡിയോട് മറ്റൊരു പോലീസുദ്യോഗസ്ഥൻ പറയുകയും ചെയ്യുന്നുണ്ട് നിങ്ങളെ പോലെ തന്നെ മറ്റൊരു മാസ്റ്റർ ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന്.

ജെ.ഡി എന്ന കഥാപാത്രത്തിൻ്റെ ഫ്ലാഷ്ബാക്ക് ഒന്നും കാണിക്കുന്നില്ലെങ്കിൽ കൂടെ ഭവാനിയുടെ ഫ്ലാഷ്ബാക്ക് സീനിൽ ഒരിടത്ത് മറ്റൊരു കുട്ടി അവിടെ ഭവാനിയോട് ചെയ്യുന്ന അസമത്വങ്ങളെല്ലാം നിർവികാരമായി വീക്ഷിക്കുന്നത് കാണാം. അത് ഒരു പക്ഷേ ജെ.ഡി ആകാം.
സിനിമയുടെ അന്ത്യത്തോടടുക്കുമ്പോഴാണ് ഇവർ രണ്ട് പേരും നേർക്കുനേർ കണ്ടുമുട്ടുന്നത്. റാഷമോൻ എഫക്ട് പോലെ ഇവരിലാരാണ് യഥാർത്ഥ ശരി എന്നത് പ്രേക്ഷകൻ്റെ ചോയിസാണ്. ഏറ്റവുമൊടുവിൽ തന്നെ കൊല്ലാതിരുന്നാൽ ഞാൻ രാഷ്ട്രീയത്തിലിറങ്ങിക്കോളാമെന്നും ജെ.ഡിയോട് ഭവാനി പറയുന്നുണ്ട്.വിക്രം വേദയുടെ ക്ലൈമാക്സിൽ രണ്ട് പേരും തോക്ക് ചൂണ്ടി നിർത്തുകയാണെങ്കിൽ ഇവിടെ അടിച്ചമർത്തപ്പെടുന്നവരുടെ പ്രതിനിധിയായ ഭവാനിയെ അധികാര വർഗത്തിലുള്ള ജെ.ഡി കൊല ചെയ്യുകയാണ്. ഭവാനി എന്നത് പൊതുവെ സ്ത്രീകൾക്ക് നൽകുന്ന പേരാണ്, ഭവാനിയെ കൊല ചെയ്യുന്നതിലൂടെ പുരുഷാധിപത്യം തന്നെയാണ് വിജയിച്ചു പോകുന്നത് എന്നു കൂടെ വേണമെങ്കിൽ നോക്കി കാണാം. നിലവിലെ വ്യവസ്ഥിതിയോട് യുദ്ധം ചെയ്യണമെന്നുള്ള കൃത്യമായ രാഷ്ട്രീയം മാസ്റ്റർ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. There is no black or white, everything is shades of grey എന്ന പോലെയാണ് ആത്യന്തികമായ ശരിതെറ്റുകൾ എന്ന് സിനിമ പറഞ്ഞു വെക്കുന്നു. ഷഹബാസ് അമൻ പാടിയ പോലെ, എല്ലാം നിൻ്റെയുള്ളിൽ.. നിൻ്റെയുള്ളിൽ…