മസ്കിയാമ്മയുടെ മകള്‍
ബസ് കാത്തു കവലയില്‍ നിന്ന എല്ലാ പെണ്ണുങ്ങളും അവരെ ആരാധനയോടെ നോക്കി.മാങ്കകുഴികവലയില് ഒരു തരംഗം സൃഷ്ട്ടിച്ചതിനു ശേഷം അന്നവര്‍ തിരിച്ചു പോയി.
90 total views

കാലത്തെ കോളേജിലേക്കും സ്കൂളിലേക്കും പെണ് പിള്ളേരെ ബസ് കയറ്റിവിടുന്ന ഭാരിച്ച ഉത്തരവാദിത്വതിനു ശേഷം ക്ലബ്ബില്‍ ഇരുന്നു കാരംസ് കളിക്കുമ്പോള്‍ ആയിരുന്നു, മൂന്ന് പേര് കവലയില്‍ കൂടി പാന്റും ഒക്കെ ഇട്ടു പുത്തന്‍ ബി എസ് എ സൈക്കിള്‍ ഒക്കെ ചവിട്ടി വരുന്നത് കണ്ടത്.റാലി,ഹെര്‍ക്കുലീസ് മുതലായ ചാത്തന് സൈക്കിളുകള്‍ കണ്ടും ചവിട്ടിയും പരിചയിച്ച ഞങ്ങളുടെ നാട്ടുകാര്‍ക്കെല്ലാം ഒരു കാഴ്ചവസ്തു ആയിരുന്നു വളഞ്ഞ ഹാന്‍ഡില്‍ ഒക്കെ ഉള്ള തിളങ്ങുന്ന ബി.എസ്.എ. സൈക്കിള്‍.ഒരുത്തന് കറുത്ത കണ്ണാടി വെച്ചിട്ടുണ്ട്. “കണ്ണില്‍ സൂക്കേട് ഈ വര്‍ഷം രണ്ടാം തവണയും ഇറങ്ങിയോ “എന്ന് സംശയം കുഞ്ഞുമോന് എന്ന് ഞങ്ങള്‍ വിളിക്കുന്ന കുഞ്ഞുമോന് സംശയം പറഞ്ഞു. കഴിഞ്ഞ തവണ വീട്ടില്‍ നീ കുറെ ഒഴിച്ച് ബാക്കി എല്ലാവര്ക്കും ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ചിരിച്ചതല്ലേ,ഈ തവണ ഉറപ്പാ എന്ന് ഞാന്‍ പറഞ്ഞു. ബസ് കാത്തു കവലയില്‍ നിന്ന എല്ലാ പെണ്ണുങ്ങളും അവരെ ആരാധനയോടെ നോക്കി.മാങ്കകുഴികവലയില് ഒരു തരംഗം സൃഷ്ട്ടിച്ചതിനു ശേഷം അന്നവര്‍ തിരിച്ചു പോയി.
പിറ്റേന്ന് കാലത്ത് ക്ലബ്ബിന്റെ താഴെ ഉള്ള പീടികയില്‍ പുതിയ തയ്യല്‍കട തുറന്നപ്പോഴാണ് തലേ ദിവസം ചെത്തി നടന്ന പാര്ട്ടിക്കാര് തയ്യല്‍ക്കാര്‍ ആണെന്ന് മനസ്സിലായത്. മൂന്നു നാല് പേര് ഇരുന്നു ഒരു മലര്‍ന്നു കിടക്കുന്ന ടേപ്പ് റിക്കാര്‍ഡറില്‍ ബോണി .എം. ഒക്കെ കേട്ട് തലയാട്ടി കൊണ്ട് ഭയങ്കര പണി. പതിവിനു വിപരീതമായി പെണ്ണുങ്ങള് ഒന്നും ക്ലബ്ബിന്റെ വശത്തേക്ക് നോക്കാതായപ്പോ തയ്യല്ക്കാരന് ഒരു ഭീഷണി ആയി എന്ന് എല്ലാവര്ക്കും മനസ്സിലായി.
ക്ലബ് അംഗങ്ങളെ പരിചയപ്പെടാനായി ഉടമയായ ജോസുകുട്ടി മേലെ കേറി വന്നു . ജോസുകുട്ടി ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കോളറും പോക്കറ്റും ഒക്കെ വേറെ വേറെ നിറം ആയിരുന്നു. ഇതാണിപ്പോ ഫാഷന്‍ എന്നും ചേട്ടന്മാര്ക്ക് വേണമെങ്കില്‍ ഇതേപോലെ ഒക്കെ തയ്ച്ചു തരാം എന്നും പറഞ്ഞപോള്‍ ഞങ്ങള്‍ വലിയ ബലം കൊടുത്തില്ല.തയ്ക്കാന്‍ കൊടുക്കുന്നവരുടെ തുണി വെട്ടി ആരിക്കും ഇവന് പോക്കറ്റ് തയ്ച്ചത് എന്ന് ജോസുകുട്ടി പോയി കഴിഞ്ഞു ഞങ്ങള്‍ പറഞ്ഞു ആശ്വസിച്ചു.
ആ സമയത്തായിരുന്നു ക്ലബ്ബിന്റെ അടുത്ത പുരയിടത്തില്‍ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കാനായി,ഏറണാ കുളത്ത്നിന്നും ഒരു കുടുംബം വന്നത്.ഒരു അച്ചനും # മസ്കിയാമ്മയും. രണ്ടു പെണ്മക്കള് ആയിരുന്നു അവര്‍ക്ക് എന്നുള്ളത് ക്ലബ്ബില്‍ ഏതു നേരവും ആള് കൂടാന്‍ കാരണമായി. മൂത്തവള്‍ ഒരു സൈക്കിളില്‍ കയറി ചുമ്മാ കറങ്ങി നടക്കും.നാട്ടുംപുറത്തു അത് ഒരു കാഴ്ച ആയിരുന്നു. ഒന്നാമത്തെ സൈക്കിള്‍ ഉള്ളവര്‍ തന്നെ കുറവ്,അപ്പൊ പിന്നെ ഒരു പെണ്ണ് അതിന്മേല് കേറി നടന്നാലോ.സൈക്കിളിന് കാറ്റ് അടിക്കാന്‍ ഇടയ്ക്കു അവള് തയ്യല്‍ കടയില്‍ വരും.ജോസുകുട്ടി അവളോട് മിണ്ടുന്നുണ്ടോ എന്നൊക്കെ ഞങ്ങള്‍ മുകളില്‍ ഇരുന്നു നോക്കും.
ഇടയ്ക്കു ജോസുകുട്ടി കുറെ ദിവസം കാണില്ല.അന്നേരം ഞങ്ങള്‍ താഴെ പോയി പാട്ടൊക്കെ കേള്‍ക്കും.വിരോധം ജോസുകുട്ടിയോടു മാത്രമേ ഉള്ളല്ലോ.ഒരിക്കല്‍ ജോസുകുട്ടി ഒരാഴ്ച തുടര്‍ച്ചയായി വന്നില്ല. ചോദിച്ചപ്പോള്‍ ജോസുകുട്ടി ബാഗ്ലൂര് പോയി എന്ന് അസിസ്റ്റന്റ്റ് പയ്യന് പറഞ്ഞു.പിന്നെ ബാഗ്ലൂര്,അവന് വല്ല കപ്പക്കാലായിലും പോയതാരിക്കും എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം കൂടെ ചിരിച്ചു.
ഒരു ദിവസം ഉച്ചയായപ്പോള്‍ വാടകക്കാരുടെ വീട്ടില്‍ ഭയങ്കര ബഹളം. ആരോ മൂത്ത പെണ്ണിന് കത്ത് അയച്ചത്മസ്കിയാമ്മയുടെ കൈയ്യില്‍ കിട്ടിയത്രേ. ഊരും പേരും ഇല്ലാത്ത കത്തായിരുന്നു. എത്ര ചോദ്യം ചെയ്തിട്ടും പെണ്ണ് ആളെ പറയുന്നില്ല. കവലയോട്ചേര്ന്നാണല്ലോ വീട്. അതുകൊണ്ട് തന്നെ ചെറിയ ഒരു ആള്‍ക്കൂട്ടം ഉടനെ അവിടെ ഉണ്ടായി.
തയ്യക്കാരന്‍ ജോസുകുട്ടി ആരിക്കും ഇതിന്റെ പിന്നില്‍ എന്ന കുഞ്ഞവറാന് ചേട്ടന്റെ നിഷ്ക്കളങ്കമായ ചെറിയ ആത്മഗതം മൂലം അച്ചന് വയലന്റായി.രണ്ടാഴ്ച മുന്നേ തയ്യക്കടയുടെ മുന്നില്‍ വെച്ച് കുഞ്ഞവറാന് ചേട്ടന് നിര്‍ദോഷകരമായ ഒരു പൊതു വിജ്ഞാനം വിളമ്പിയിരുന്നു .അങ്ങേരു ബാഗ്ലൂര് ഉള്ള മോന്റെ അടുത്ത് പോയ വിവരം വര്‍ണ്ണിച്ചു വരവേ ” അവിടെ ഒക്കെ ഇതേപോലെ ആണോ, ഒരു അഞ്ഞൂറ് പ്രാവ് ( വണ്ടി ആണ് ഉദ്ദേശിച്ചത് ) അങ്ങോട്ട് പോകുമ്പോള്‍, ഒരു അഞ്ഞൂറ് പ്രാവ് എതിരെ വരും” എന്ന് പറഞ്ഞു. ചുമ്മാ കാലത്തെ പൂള് പൂളാതെ ചേട്ടാ, ബാഗ്ലൂര് ഒക്കെ പോകുന്ന എന്നോടാണോ ഇങ്ങനെ പറയുന്നേ എന്ന് പറഞ്ഞു തയ്യക്കാരന്മാര് എല്ലാം കൂടെ ആര്‍ത്തു ചിരിച്ചപ്പോള്‍, കേട്ട് നിന്നവരും കൂടെ കൂടി. അന്നത്തെ കലിപ്പ് ഇങ്ങനെ തീര്‍ന്നല്ലോ എന്ന് കുഞ്ഞവറാന് ചേട്ടന് ആശ്വസിച്ചു.
ജോസ് കുട്ടി ബാഗ്ലൂര് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നപ്പോള്‍,അച്ചനും മസ്കിയാമ്മയും സ്ഥലത്തെ ചില മാന്യന്മാരും കൂടി കൂട്ടിചോദിക്കാന്‍ തയ്യല്‍ കടയില്‍ എത്തി.വിവരം പറഞ്ഞപ്പോ ജോസുകുട്ടി നിഷേധിച്ചു.ഇത്രേം അടുത്തിരുന്നോണ്ട്കത്തയക്കേണ്ട കാര്യം ഉണ്ടോ, ഇഷ്ട്ടമാണേല്‍ നേരിട്ട് പറയാല്ലോ എന്ന് ചോദിച്ചപ്പോ നേരാണല്ലോ എന്ന് അച്ചനും തോന്നി.
ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ എന്ന് അഭിമാനിക്കയും അങ്ങനെ ഞങ്ങള്‍ പുകഴ്താറും ഉള്ള റജി ഏകദേശം മുഴുവന്‍ സമയവും ക്ലബ്ബിലും പരിസരത്തും ആയിരുന്നു. അച്ചന്റെ മൂത്ത മകളെ വളക്കുക എന്ന ശ്രമകരമായ ദൌത്യത്തില്‍ ആയിരുന്നു റജി. ഒരിക്കല്‍ റജിയും കുഞ്ഞുമോനും പള്ളിയില്‍ നിന്ന് വരുന്ന വഴി അവളെ കണ്ടു. റജി പേരെന്നാ എന്ന് ചോദിച്ചിട്ട് അവള് ഒരക്ഷരം മിണ്ടിയില്ല എന്ന് തന്നെ അല്ല കൂടെ ഉണ്ടായിരുന്ന കുഞ്ഞുമോനോട് എന്നാത്തിനാ പഠിക്കുന്നെ എന്ന് ചോദിക്കുവേം ചെയ്തത് റജിക്ക് വലിയ ക്ഷീണമായിപ്പോയി.
സംശയം കുഞ്ഞുമോന്റെ ചേട്ടന്റെ കല്യാണത്തലേന്നു ബാച്ചിലേര്‍സ് പാര്‍ട്ടി കഴിഞ്ഞു അടിച്ചു വീലായി വരുന്ന വഴി മസ്കിയാമ്മയുടെ മകളോട് റജിക്ക് പെട്ടെന്ന് കലിപ്പ് തോന്നി .റജിയും മൂന്നു നാല് പേരും കൂടി മസ്കിയാമ്മയുടെ വീടിന്റെ മുന്നില്‍ ചെന്നു .മകള്‍ കിടക്കുന്ന മുറിയുടെ പുറത്തു ചെന്നപ്പോള്‍ ജനല്‍ തുറന്നിട്ടിരിക്കുന്നു. എന്നാ ഒന്ന് നോക്കിയേക്കാം എന്ന് വെച്ച് റജി ബാക്കിയുള്ളവരെ പുറത്തു നിര്‍ത്തി മതില് ചാടി അകത്തു ചെന്നു. ജനലില്‍ കൂടി നോക്കാന്‍ ചെന്നപ്പോള്‍ ചവിട്ടിയത് അവിടെ കെട്ടിയിരുന്ന ആടിന്റെ മുതുകത്തു.ആട് വേദനകൊണ്ട് ഭയങ്കര കരച്ചില്.കരച്ചിലു കേട്ട് അവിടെ ഉണ്ടായിരുന്ന ആട്ടുംകുട്ടികളും കൂടി കരഞ്ഞപ്പോള്‍ റജിയും പാര്‍ട്ടികളും കൂടി ഓടി.ഒച്ചകേട്ട് അടുത്ത വീടുകളിലെല്ലാം ലൈറ്റ് ഇട്ടു. കുറെ ആള്ക്കാര് പുറകെ ഓടി. കൈയില്‍ കിട്ടിയ കല്ലും ഒക്കെ വെച്ച് ഭയങ്കര ഏറു. അവസാനം ചെട്ടിപ്പടിക്കടുത്തുള്ള പൊന്തക്കാട്ടില്‍ എല്ലാവരും കൂടി ഒരു വിധത്തില്‍ എത്തി ഒളിച്ചിരുന്നു.ഏറ്റവും കൂടുതല്‍ ഏറു കിട്ടിയത് വിനോദിനായിരുന്നു. വിഷമത്തോടെ വിനോദു പറഞ്ഞു. “എടാ നമ്മള് നാലഞ്ചു പേര് ഉണ്ടായിട്ടും എനിക്ക് മാത്രം എന്താ ഏറു കിട്ടിയത്” . റജി പറഞ്ഞു, എടാ പൊട്ടാ ഇനി എങ്കിലും കൈയില്‍ ഇരിക്കുന്ന ടോര്‍ച് ഓഫ് ചെയ്യാന്‍ !
മസ്കിയാമ്മയുടെ മകളെ കാണാന്‍ ആരാണ്ട് പാതിരാക്ക് ചെന്നു എന്ന് പിറ്റേന്ന് കവലയില്‍ ഫ്ലാഷ് ആയി. മസ്കിയാമ്മയുടെ വീട്ടില്‍ പെണ്ണിനിട്ടു അടിയും ഭയങ്കര ബഹളോം കേട്ടു എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞു. പതിവുപോലെ അതും ജോസുകുട്ടിയുടെ മണ്ടക്ക് തന്നെ. അതിന്റെ പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് റജി ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ .
തൊട്ടടുത്ത ദിവസം തന്നെ ആയിരുന്നു നാടിനെ ഞെട്ടിച്ച ആ സംഭവം. മസ്കിയാമ്മയുടെ മകള്‍ അതുവഴി സര്‍വീസ് നടത്തിയിരുന്ന കെ.സി. എം. എസ്. ബസിലെ കണ്ടക്ട്ടര് പട്ടിണി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സുഭാഷിന്റെ കൂടെ ഒളിച്ചോടി.
അവശ കാമുകന് കരോട്ടുംകലെ റജി ഒരു നേഴ്സിനെ കെട്ടി അമേരിക്കയില്‍ ജീവിക്കുന്നു. കുഞ്ഞുമോന് വീടിനടുത് തന്നെ ഒരു പലചരക്ക് കടയില്‍ തന്റെ തീരാത്ത സംശയങ്ങളും ആയി കഴിയുന്നു .
മസ്കിയാമ്മയുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവിന്റെതാണ് ഇന്ന് മാങ്കകുഴി കവലയില്‍ ഉള്ള വലിയ തുണിക്കടയും ടെയിലറിംഗ് ഷോപ്പും. പ്രൊ . ജോസുകുട്ടി എന്ന് കടയുടെ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത്നാട്ടുകാര് പലരും പ്രോഫസ്സര്‍ ജോസുകുട്ടി എന്നും വായിക്കും !
# മസ്കിയാമ്മ : അച്ചന്റെ ഭാര്യ
91 total views, 1 views today
