‘ മാത്തപ്പന്‍ ചേട്ടനെ പോലീസ്സു പിടിച്ചു.’
വാര്‍ത്ത കാട്ടു തീ പോലെ പരന്നു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ച് അന്തിച്ചു നിന്നു.
കര്‍ത്താവേ എന്താ കാരണം?
‘കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്‌സ്‌റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്’
ചോദ്യ കര്‍ത്താവിനു ദൃക്‌സാക്ഷിയുടെ മറുപടി.
‘ അയ്യോ ഇനി വല്ല സ്ത്രീ പീഡനവും?’
‘ആര്‍ക്കറിയാം? മനുഷ്യരുടെ കാര്യമല്ലേ ?’
‘അതു തന്നെ ആയിരിക്കും കാരണം. അല്ലെങ്കില്‍ പിന്നെ വനിതാ എസ് ഐ നേരിട്ട് വന്നു പിടിക്കുമോ?’
‘അത് ശരിയാ ..എന്നാലും ഈ പ്രായത്തില്‍..?’
‘ഇന്നത്തെ കാലത്ത് പ്രായമൊക്കെ ആരെങ്കിലും നോക്കുമോ’. അനുഭവസ്ഥന്റെ മറുപടി.
അതോടെ സംഭവം കമ്പിയില്ലാ കമ്പി വഴി മാത്തന്‍ ചേട്ടന്റെ റെസിഡന്‍സിയായ മാത്തന്‍സ് വില്ലയില്‍ എത്തി.
അത് കേട്ട അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഒറോത ചേടത്തി നിന്ന നില്പില്‍ ഞെട്ടി. ഒപ്പം ഭിത്തിയില്‍ വച്ചിരിക്കുന്ന തമ്പുരാന്‍ കര്‍ത്താവിന്റെ ഫോട്ടോയിലേയ്ക്കു നോക്കി ‘കര്‍ത്താവേ നീ ഇത് കേട്ടോ’ എന്നൊരു ചോദ്യവും ചോദിച്ചു. എന്നിട്ട് ചെണ്ട മേളക്കാരന്‍ തന്റെ ചെണ്ടയുടെ പുറത്തു വീക്കുന്ന പോലെ രണ്ടു കയ്യും വലിച്ചു സ്വന്തം നെഞ്ചത്ത് മൂന്നു നാല് വീക്ക് വീക്കി. പിന്നെ അധികം സമയം കളയാതെ ബോധംകെട്ടു വീണു.
‘പിടിച്ചിരിക്കുന്നത് ഇടിയന്‍ ഭവാനിയാ …ആണുങ്ങളെ കാണുന്നത് തന്നെ അവര്‍ക്ക് കലിപ്പാ … മാത്തപ്പന്‍ ചേട്ടനെ ജീവനോടെ തിരിച്ചു കിട്ടിയാല്‍ ഭാഗ്യം.’
കൂടി നിന്നവരില്‍ ആരോ സ്വകാര്യം പറഞ്ഞു..
‘നല്ല പയറു പോലെയുള്ള ഒരു പെമ്പ്രന്നോത്തി വീട്ടിലുള്ളപ്പോള്‍ അങ്ങേരു ചെയ്ത ഒരു പണിയേ’
അയല്‍ക്കാരന്‍ തോമസ് ചേട്ടന്‍ ആത്മഗതമെന്നോണം പറഞ്ഞു… എന്നിട്ട് ബോധം കെട്ടു കിടക്കുന്ന ഒറോത ചേടത്തിയെ നോക്കി ആസ്ത്മാ രോഗി ശ്വാസം എടുക്കുന്നതു പോലെ ഒരു നെടുവീര്‍പ്പു വലിച്ചു വിട്ടു.
ഇനി ഒരു ചെറിയ ഇടവേള.
മാത്തപ്പന്‍ ഒറോത ദമ്പതികളെക്കുറിച്ച് രണ്ടു കവിള്‍ സംസാരിക്കുവാന്‍ ഞാന്‍ ഈ ചെറിയ ഇടവേള വിനിയോഗിക്കുകയാണ്.
എന്റെ അയല്‍ക്കാരനും സുഹൃത്തും മാതൃകാ പുരുഷനുമാണ് മാത്തപ്പന്‍ ചേട്ടന്‍. ഉദ്ദേശം അഞ്ചടി പൊക്കവും കറുത്തു തടിച്ച ദേഹവും കഷണ്ടിത്തയും മുറി മീശയുമാണ് മാത്തപ്പന്‍ ചേട്ടന്റെ പ്രത്യേകതകള്‍. മാത്തപ്പന്‍ ചേട്ടന്റെ അതെ പൊക്കവും അദ്ദേഹത്തെക്കാള്‍ അല്പം കൂടുതല്‍ വണ്ണവും വെളുത്ത നിറവും അടുക്കിട്ടുടുത്ത ചട്ടയും മുണ്ടും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി ആകെ രണ്ടു മക്കള്‍. മൂത്തവന്‍ മാത്തുക്കുട്ടിയും ഭാര്യയും അവരുടെ മൂന്ന് വയസ്സുള്ള ഏക മകളും സൌദിയിലാണ്. നാട്ടില്‍ എവിടെയെങ്കിലും കുറച്ചു സ്ഥലവും വീടും വാങ്ങി നാട്ടില്‍ തന്നെ സെറ്റില്‍ ആകാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ മാത്തുക്കുട്ടി !. ഇളയ മകള്‍ കുഞ്ഞന്നാമ്മ ബാംഗളൂരില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും ഒറ്റക്കാണ് താമസം. പശു വളര്‍ത്തലാണ് മാത്തപ്പന്‍ ചേട്ടന്റെ ഇഷ്ട വിനോദം.
രാവിലെ പാലും കൊണ്ടു സൊസൈറ്റിയില്‍ പോകുന്ന സമയമൊഴിച്ചാല്‍ ഏതു സമയത്തും മാത്തപ്പന്‍ ചേട്ടന്റെ ഒപ്പം ഒറോത ചേടത്തി കാണും. ‘ബോബനും മോളിയും’ എന്നാണു മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിക്കും ഞങ്ങള്‍ ഇട്ടിരിക്കുന്ന ‘വിളിപ്പേര്’. സൌദിയില്‍ നിന്നും മാത്തുക്കുട്ടിയും ബാംഗലൂരില്‍ നിന്ന് കുഞ്ഞന്നാമ്മയും അയക്കുന്ന പണം മുഴുവന്‍ വരുന്നത് ഒറോത ചേടത്തിയുടെ അക്കൌണ്ടിലേയ്ക്കാണ്. അതില്‍ മാത്തപ്പന്‍ ചേട്ടന് പരാതിയില്ല. കാരണം പാല് വിറ്റു കിട്ടുന്ന പണം മുഴുവന്‍ മാത്തപ്പന്‍ ചേട്ടനാണ് ‘കൈകാര്യം’ ചെയ്യുന്നത്.
ഈയ്യിടയായി മാത്തപ്പന്‍ ചേട്ടന്‍ അല്പം ഹൈടെക് ആയി വിലസുകയാണ്. കാരണം രണ്ടു മാസം മുന്‍പ് മാത്തുക്കുട്ടി വന്നപ്പോള്‍ കൊടുത്ത ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ എപ്പോഴും കയ്യിലുണ്ടാകും. അതില്‍ ഫോട്ടോ എടുക്കുന്ന വിധം മാത്തപ്പന്‍ ചേട്ടനെ പഠിപ്പിച്ചത് ഞാനാണ്. അതില്‍ അദ്ദേഹം തന്റെ പശുവിന്റെയും കിടാവിന്റെയും നിരവധി ഫോട്ടോകള്‍ എടുത്തു വച്ചിട്ടുണ്ട്. ഒറോത ചേടത്തി പശുവിനു തീറ്റ കൊടുക്കുന്നതും അതിന്റെ കയറില്‍ പിടിച്ചു നില്‍ക്കുന്നതുമടക്കമുള്ള പല ഫോട്ടോകളും മാത്തപ്പന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം എനിക്ക് കാണിച്ചു തരികയുണ്ടായി.
ഇടവേള കഴിഞ്ഞു….ഇനി വാര്‍ത്തകള്‍ വിശദമായി…
ഇടിയന്‍ ഭവാനി എന്ന് വിളിപ്പേരുള്ള വനിതാ എസ് ഐ പിടിച്ചു കൊണ്ടുപോയ മാത്തപ്പന്‍ ചേട്ടനെ ജാമ്യത്തില്‍ ഇറക്കാനുള്ള ആലോചനകള്‍ മെമ്പര്‍ കുട്ടച്ചന്റെ നേതൃത്തത്തില്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. സംഭവം പീഡനമായത് കൊണ്ട് ഉടനെ ജാമ്യം കിട്ടാനും വഴിയില്ല. തന്നെയുമല്ല മെമ്പര്‍ ആണെങ്കിലും സ്‌റ്റേഷനില്‍ പോകാന്‍ കുട്ടച്ചനും ഒരു പേടി. കാരണം ആണുങ്ങളെ കണ്ടാല്‍ ഹാലിളകുന്ന ഒരു താടകയായ ഇടിയന്‍ ഭവാനിയുടെ മുന്‍പില്‍ നേരിട്ട് ചെന്ന് അവരുടെ കയ്യില്‍ നിന്നും ഇടി പാഴ്‌സലായി മേടിക്കേണ്ട കാര്യമുണ്ടോ?
ഏതായാലും കുട്ടച്ചന്‍ ഉടന്‍ തന്നെ തന്റെ പാര്‍ട്ടി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ജാമ്യം നില്‍ക്കാന്‍ തയ്യാറുള്ള ഒന്ന് രണ്ടു പേരുമായി ഉടനെ സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം കിട്ടിയതനുസരിച്ച് മെമ്പര്‍ കുട്ടച്ചനും ധൈര്യശാലികളായ (അതില്‍ ഞാനും പെടും !) രണ്ടു മൂന്ന് പേരെയും കൂട്ടി സ്‌റ്റേഷനിലേയ്ക്ക് വിട്ടു. സ്‌റ്റേഷന് മുന്‍പിലുള്ള നാല്‍ക്കവലയില്‍ എത്തിയ ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞെട്ടി..
എതിരെ വരുന്ന പോലീസ് ജീപ്പ്…അതിന്റെ മുന്‍സീറ്റില്‍ വലതു കാല്‍ ഫുട്ട് ബോര്‍ഡില്‍ ഉയര്‍ത്തിക്കുത്തി പ്രതാപത്തോടെ ഇരിക്കുന്ന ഇടിയന്‍ ഭവാനി..!
മാത്തപ്പന്‍ ചേട്ടന്‍ എവിടെ..? ഞങ്ങള്‍ പരസ്പരം ചോദിച്ചു.
‘പുറകില്‍ കാണും. തെളിവെടുക്കാന്‍ കൊണ്ടുപോവാരിക്കും’. മെമ്പര്‍ കുട്ടച്ചന്‍ വിറയലോടെ പറഞ്ഞു.
‘ഇനി ഇപ്പൊ എന്താ ചെയ്യുക? അവരുടെ കണ്ണില്‍ പെടുന്നതിനു മുന്‍പ് വണ്ടി തിരിക്ക്.’
െ്രെഡവര്‍ തിരക്കിട്ട് വണ്ടി തിരിക്കാന്‍ ശ്രമിച്ചു. പക്ഷെ അതിനുമുന്‍പ് തന്നെ പോലീസ് ജീപ്പ് ഞങ്ങളുടെ വണ്ടിയുടെ അരികിലെത്തി. ജീപ്പിലിരുന്നു കൊണ്ട് ഇടിയന്‍ ഭവാനി ഞങ്ങളെ ആകെ ഒന്ന് വീക്ഷിച്ചു.
ദൈവമേ മാത്തപ്പന്‍ ചേട്ടനെ ജാമ്യത്തില്‍ ഇറക്കാന്‍ ചെന്ന ഞങ്ങളെ ഇനി ആര് ജാമ്യത്തില്‍ ഇറക്കും?
പെട്ടെന്നൊരു ശബ്ദം..’ എന്നെ ഇവിടെ ഇറക്കിയാല്‍ മതി…ഇത് എന്റെ വീടിനടുത്തുള്ള വണ്ടിയാ’
ആ ശബ്ദത്തിന്റെ ഉടമസ്ഥനെ കണ്ട ഞങ്ങള്‍ വീണ്ടും ഞെട്ടി. ആഹ്ലാദത്തോടെ മാത്തപ്പന്‍ ചേട്ടന്‍. കയ്യില്‍ സന്തത സഹചാരിയായ മൊബൈല്‍ ഫോണ്‍.
മാത്തപ്പന്‍ ചേട്ടനെ ഇറക്കിയിട്ട് പോലീസ്സു ജീപ്പ് ഇടിയന്‍ ഭാവാനിയുമായി തിരിച്ചു പോയി.
ഇടിയന്‍ ഭവാനിയുടെ ഇടി കൊണ്ട് തളര്‍ന്ന മാത്തപ്പന്‍ ചേട്ടനെ കാണാന്‍ വന്ന ഞങ്ങള്‍ ഇടി കൊള്ളാതെ തളര്‍ന്നു.
ഒടുവില്‍ മെമ്പര്‍ കുട്ടച്ചന്‍ വിക്കി വിക്കി മാത്തപ്പന്‍ ചേട്ടനോട് ചോദിച്ചു.
‘അപ്പൊ ചേട്ടന്‍ പീഡിപ്പിച്ചില്ലേ?’
‘പീഡനമോ എന്ത് പീഡനം? എടാ നമ്മുടെ ബസ് സ്‌റ്റോപ്പിനടുത്തുള്ള ശിവരാമന്റെ പുതിയ വീടില്ലേ? അതു ഞാന്‍ മാത്തുക്കുട്ടിക്കു വേണ്ടി ആലോചിക്കുവാ’
‘ങേ അപ്പോള്‍ ഇടിയന്‍ ഭവാനി ചേട്ടനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയതോ?’ ഞാന്‍ ചോദിച്ചു..
‘ആഹാ അതോ അതവര്‍ക്കൊരു തെറ്റിദ്ധാരണ ഉണ്ടായതാ. ഞാന്‍ മാത്തുക്കുട്ടിക്കു അയച്ചു കൊടുക്കാനായി ആ വീടിന്റെ ഒരു ഫോട്ടോ എന്റെ മൊബൈലില്‍ എടുത്തു. ഇടിയന്‍ ഭവാനി കരുതിയത് ഞാന്‍ ആ വീടിന്റെ മുന്‍പില്‍ ബസ്സ് കാത്തുനിന്ന പെണ്‍പിള്ളാരുടെ ഫോട്ടോ എടുക്കുകയാണെന്നാ’.
‘മൊബൈലിലെ ഫോട്ടോ കണ്ടപ്പം അതവര്‍ക്ക് മനസ്സിലായി. അതാ എന്നെ തിരിച്ചു കൊണ്ട് വന്നു വിട്ടത്’. മാത്തപ്പന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി ഇരുന്നു..
മാത്തപ്പന്‍ ചേട്ടനെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന ഇടിയന്‍ ഭാനിയുടെ ഭീകര രൂപമായിരുന്നു അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍.