ഒരു വ്യക്തിക്ക് പ്രത്യേക തരത്തിലുള്ള മനോവിഭ്രാന്തി ഉണ്ടായാൽ അതിന് മാനസികരോഗം എന്നും അതേ മനോവിഭ്രാന്തി ഒരുകൂട്ടം ആൾക്കാർക്ക് ഒരുമിച്ചു ഉണ്ടായാൽ അതിനെ മതംഎന്നും പറയുന്നു

324

സ്ത്രീകൾ ജീൻസിട്ടാൽ ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമോ?

സ്വയംഭോഗം ചെയ്താൽ കുട്ടികൾ ഉണ്ടാകാതെ ഇരിക്കുമോ?
ഗോ മൂത്രം കുടിച്ചാൽ കൊറോണോ വൈറസിനെ പ്രതിരോധിക്കാമോ?
പട്ടിയുടെ അമേദ്യം ആരോഗ്യത്തിന് നല്ലതാണോ?
ഇങ്ങനെ എന്ത് കീവേർഡ് വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്താലും നിങ്ങൾക്ക് അതിന് പോസിറ്റീവ് ആയിട്ടുള്ള ഉത്തരം കിട്ടും.കാരണം അനേകം തരത്തിലുള്ള വിചിത്രമായ മനുഷ്യചിന്തകളും മനോ വിഭ്രാന്തിയും ചിന്താ വൈകല്യങ്ങളും എല്ലാം നിർബാധം നടമാടുന്ന ഒരു ലോകമാണ് സൈബർ ലോകം.
ഇനി എന്തുകൊണ്ടാണ് ചില ആളുകൾ ഓട്ടിസം, ജീൻസ്, ഗർഭം തുടങ്ങിയവയെ പറ്റി ഇത്ര അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്? അവരത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണോ അതോ അറിവില്ലായ്മകൊണ്ട് ചെയ്യുന്നതാണോ ?
വാസ്തവത്തിൽ ഇത് അവർ പബ്ലിസിറ്റിക്കുവേണ്ടി മാത്രം ചെയ്യുന്നതോ, അറിവില്ലായ്മകൊണ്ട് ചെയ്യുന്നതോ അല്ല. ഇതൊരുതരം മനോവിഭ്രാന്തിയാണ് – (ഡിലൂഷ്യൻ)
ഗോമൂത്രത്തിന് അൽഭുതകരമായ സിദ്ധികൾ ഉണ്ടെന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആൾക്കാർ വിശ്വസിക്കുന്നുണ്ട്. അതൊരു മതവിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെ വിശ്വസിക്കുന്ന ഒരാളെ മനോരോഗിയായി ആരും കണക്കാക്കില്ല . എന്നാൽ പൂച്ചയുടെ മൂത്രത്തിന് ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിച്ചാൽ ആ വ്യക്തിക്ക് മനോവിഭ്രാന്തി ഉണ്ടെന്ന് ആളുകൾ പറയും.
ഒരു വ്യക്തിക്ക് ഒരു പ്രത്യേക തരത്തിലുള്ള മനോവിഭ്രാന്തി വിശേഷം ഉണ്ടായാൽ അതിന് മാനസികരോഗം എന്നും അതേ മനോവിഭ്രാന്തി ഒരുകൂട്ടം ആൾക്കാർക്ക് ഒരുമിച്ചു ഉണ്ടായാൽ അതിന് മതം എന്നും പറയുന്നു.
ഈ മനോവിഭ്രാന്തി പകരുമോ ? പകരും എന്നുള്ളതാണ് സത്യം. (ഷെയർഡ് സൈക്കോസിസ്
ഭർത്താവ്/ പിതാവ് പറയുന്നത് അതേപടി വിശ്വസിക്കുന്നത് ഒരു മനോരോഗമോ മിഥ്യാഭ്രമമോ ആകണമെന്നില്ല. അങ്ങനെയാണെങ്കിൽ ചില ദിവ്യന്മാരുടെ തികച്ചും യുക്തിരഹിതമായ വചനങ്ങൾ അതേപടി വിശ്വസിക്കുന്നതും ചില നേതാക്കന്മാരുടെ വിഷലിപ്തമായ പ്രസംഗങ്ങൾ ശ്രവിച്ചു ഒരു ജനക്കൂട്ടത്തെ മുഴുവൻ കൊല്ലുവാൻ വേണ്ടി ഒരു വലിയൊരു ജനക്കൂട്ടം ഇറങ്ങിത്തിരിക്കുന്നതും , മറ്റു ചില അവസരങ്ങളിൽ മരണത്തിനു ശേഷമുള്ള ജീവിതത്തിനുവേണ്ടി ഭൂമിയിലുള്ളവരെ കൊന്നൊടുക്കുവാൻ മടിക്കാത്തതുമൊന്നും ഇത് വരെ മനോരോഗമായി ഇന്നേവരെ കണക്കാക്കപ്പെട്ടിട്ടില്ല.
ഒരു സമൂഹത്തിൽ സാംസ്കാരികമായോ ,മതപരമായോ നിലനിൽക്കുന്ന അന്ധ വിശ്വാസങ്ങളെ മനോരോഗത്തിന്റെ ഗണത്തിൽ പെടുത്തിയിട്ടില്ല .ദിവ്യതയുള്ളവർ എന്ന് സമൂഹം ചിന്തിക്കുന്നവർക്ക് ഉണ്ടാകുന്ന മിഥ്യാ ദർശനങ്ങളെ ഇന്ത്യപോലൊരു സമൂഹത്തിൽ മിഥ്യാദർശനമായോ , മനോവിഭ്രാന്തിയായോ ആരും കരുതുന്നില്ല .
കേരളത്തിലെ വളരെ പ്രശസ്തനായ ഒരു വ്യക്തിക്ക് മരിച്ചുപോയ തന്റെ ഭാര്യയുമായി സംസാരിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ ആ വ്യക്തിയെപ്പോലെ ഉന്നതനായ ഒരു വ്യക്തി പറയുമ്പോൾ അത് സത്യമായിരിക്കും എന്ന് മിക്ക മലയാളികളും വിശ്വസിച്ചു. കൂടെ താമസിക്കുന്ന ആൾ മനോരോഗത്തിന്റെ പ്രവണതയുള്ള ആളാണെങ്കിൽ ഈ ചിന്തകൾ അതുപോലെതന്നെ പടർന്നു സ്വന്തമായിത്തന്നെ ഒരു വിഭ്രാന്തിയായി തീരാം .
പീപ്പിൾസ് ടെമ്പിൾ
1955 ൽ ജിം ജോൺസ് അമേരിക്കയിൽ ഇന്ത്യാന സംസഥാനത്തിൽ ആരംഭിച്ച ആത്മീയ പ്രസ്ഥാനമായിരുന്നു പീപ്പിൾസ് ടെമ്പിൾ അല്ലെങ്കിൽ ജനങ്ങളുടെ ക്ഷേത്രം. സോഷ്യലിസത്തിന്റെയും , ക്രിസ്തുമതത്തിന്റെയും ,കമ്മ്യൂണിസത്തിന്റെയും സാമൂഹ്യ സമത്വത്തി ന്റെയും ആശയങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച ഈ പ്രസ്ഥാനം ആദ്യകാലത്തു ഒരുപാട് നന്മകൾ ചെയ്തു മുന്നേറി . എന്നാൽ ക്രമേണ ജിം ജോൺസ് ക്രിസ്തുവിൻറെ ഒരു അവതാരം എന്ന നിലയിലേക്ക് മാറുകയും നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളിലേർപ്പെടുകയും, അവസാനം അമേരിക്കൻ സർക്കാരിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു
ഗയാനയിലെ ജോൺസ് ടൌൺ എന്ന സ്ഥലത്തേയ്ക് ജിം തന്റെ കമ്മ്യുണ് മാറ്റിയിരുന്നു.തനിക്കൊപ്പം താൻ പറയുന്ന രീതിയിൽ മരിക്കുന്ന എല്ലാവർക്കും ജിം ആകർഷകമായ പറുദീസ ഉറപ്പ് നൽകി .നവംബർ 17 ,1978 ൽ തന്റെ അനുയായികളോട് സയനൈഡ് കലർത്തിയ മുന്തിരിച്ചാറിന്റെ ചുവയുള്ള വിശുദ്ദ പാനീയം കുടിക്കുവാൻ ജിം ആവശ്യപ്പെട്ടു . 918 പേരാണ് അന്ന് കൂട്ട ആത്മഹത്യ ചെയ്തത് .അത് ഒരു വിശ്വാസത്തിന്റെ പേരിൽ മാത്രം.