അടുത്തയിടെ ഒരു എയ്ഡഡ് കോളജ്ജ് അദ്ധ്യാപിക എന്നെ കാണുവാൻ വന്നു.ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ പെട്ട് കുഴങ്ങുന്ന ഒരു സ്ത്രീയാണ് അവർ.വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ട് കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി. MPhil വിദ്യാഭ്യാസമുള്ള ഒരു എയ്ഡഡ് കോളജ്ജ് അദ്ധ്യാപികക്ക് സാമ്പത്തിക ബുദ്ധിമുട്ടോ? അവർ പറഞ്ഞു. ഇതേ എയ്ഡഡ് കോളജ്ജിന്റെ സെൽഫ് ഫൈനാൻസിംഗ് വിങ്ങിലാണ് അവർ പഠിപ്പിക്കുന്നത്. ശബളം വെറും മാസം 13000 രൂപ. അവർക്കൊപ്പം പഠിച്ച പണമുള്ള വീട്ടിലെ കൂട്ടുകാരി സഭയ്ക്ക് 40 ലക്ഷം കോഴ കൊടുത്തു എയ്ഡഡ് സെക്ഷനിൽ പഠിപ്പിക്കുന്നു. അവർക്കു ശബളം അറുപതിനായിരം മിച്ചം.
നമ്മുടെ നാട്ടിലെ സാമൂഹിക അസമത്വത്തിന്റെ മകുടോദഹരണം തന്നെയാണ് ഇത്.കോട്ടയത്തെ അതി പ്രശസ്തമായ ഒരു കോളേജ്ജിൽ അവിടുത്ത ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടുവാൻ ഒരു സ്ത്രീ കൊടുത്തത് 75 ലക്ഷം രൂപയാണത്രെ.നമ്മുടെ സർവ്വകലാശാലകളിലെ അധ്യാപക നിയമനം പോലും പണത്തിന്റെയും രാഷ്ട്രീയ പിൻ ബലത്തിന്റെയും മേലാണ് മറിയുന്നത് എന്നോർക്കുക. ഒരിക്കൽ കേരളത്തിലെ അതി പ്രസ്തമായ ഒരു CBSE സ്കൂളിന്റെ പ്രിൻസിപ്പൽ എന്നോട് കുട്ടികൾക്ക് ക്ലാസ്സ് എടുക്കണം എന്നാവശ്യപ്പെട്ടു -അവർക്ക് മൂല്യങ്ങൾ കുറവാണ് അത്രേ. കോഴ വാങ്ങുന്ന, കുട്ടികൾക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കാത്ത ഒരു സ്കൂൾ. എന്റെ മനസ്സിൽ വന്ന മറുപടി ഇതായിരുന്നു. എന്ത് കണ്ടാണ് അല്ലെങ്കിൽ എവിടെ നിന്നാണ് സാർ കുട്ടികൾ മൂല്യങ്ങൾ പഠിക്കേണ്ടത്.
ഈ ലോക്ക് ഡൌൺ കാലത്തു മാത്രമല്ല ഇതിനു മുൻപ് പ്രളയം വന്നപ്പോഴും സർക്കാർ ശബളം ദുരിതാശ്വാസത്തിന് പിടിക്കുന്നതിനെതിരെ ഘോര ഘോരം യുദ്ധം ചെയ്തവരാണ് അധ്യാപകർ. ഒറ്റ ചോദ്യം മാത്രം നിങ്ങളോട് .എടുത്താൽ പൊങ്ങാത്ത ഈ ശബളം വാങ്ങുവാൻ തക്ക എന്ത് ജോലിയാണ് നിങ്ങൾ ചെയ്യുന്നത്? പലർക്കും ആഴ്ചയിൽ 15 മണിക്കൂർ പോലും ജോലിയില്ല.അതും പഠിച്ചത് തന്നെ വീണ്ടും പറഞ്ഞു കേൾപ്പിക്കുന്നതിന് ആണ് ഈ ശബളം.
കൂറ്റൻ ശബളം വാങ്ങുന്ന പ്രഫസർമാരും നമ്മുടെ സർവ്വകലാശകളും ഈ രാജ്യത്തിന് എന്ത് പ്രയോജനം ആണ് ചെയ്യുന്നത്. സായിപ്പ് കണ്ടു പിടിച്ചതും ചൈനയിൽ ഉൽപ്പാദിപ്പിക്കുന്നതും അല്ലാതെ എന്തുണ്ട് നമുക്ക് മിച്ചം ? ഇത് വരെ എടുത്ത പറയാവുന്ന ഒരു തീയറിയോ, യന്ത്രമോ മരുന്നോ നിങ്ങൾ കണ്ടു പിടിച്ചിട്ടുണ്ടോ ?
ഈ ലോക്ക് ഡൌൺ നീട്ടികൊണ്ട് പോയാൽ ഇവിടുത്തെ സകല കാര്യങ്ങളും മുടിയും എന്നിരിക്കെ സർക്കാരിന് ധൈര്യത്തോടെ അടച്ചിടാവുന്ന രണ്ടു തരത്തിലുള്ള സ്ഥാപങ്ങളുണ്ട്. ഒന്ന് ആരാധനാലയങ്ങൾ ,രണ്ടു വിദ്യാലയങ്ങൾ. രണ്ടും ഓൺലൈൻ ആയി തന്നെ നല്ല സുഗമമായി മുൻപോട്ട് പൊയ്ക്കോളും. ആകെ ബുദ്ധിമുട്ട് ആളുകൾ തമ്മിലുള്ള ഇടപഴകൽ കുറയും എന്നത് മാത്രം.
അന്നന്നത്തെ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഈ മഹാരാജ്യത്തെ കോടാനുകോടി ജനങ്ങളുടെ മുഖത്തു നോക്കി നിങ്ങൾ കൊഞ്ഞനം കാട്ടുന്നത് നിങ്ങളുടെ വിദ്ധാർത്ഥികൾ കണ്ടു കൊണ്ടാണിരിക്കുന്നത്. ഒരു മനുഷ്യന്റെ ഉള്ളിലെ നന്മകളെയും, കഴിവുകളെയും പുറത്തു കൊണ്ട് വരുവാൻ ഒരുവനെ സഹായിക്കുന്നതാവണം വിദ്യാഭ്യാസം :Gandhiji