Education
ഒരു മൊട്ടു സൂചി കൊണ്ട് കുത്തിയാൽ തീരാവുന്ന പ്രശ്നത്തിന് ഡിസ്മിസ്സൽ എന്ന ബ്രഹ്മസ്ത്രം ആദ്യം തന്നെ എടുത്തു പ്രയോഗിക്കുക എന്നത് ഭീരുത്വം ആണ്
ഞാൻ ബിരുദത്തിന് പഠിക്കുന്ന സമയം. എന്റെ സീനിയർ ആയി പഠിച്ച ഒരു വിദ്യാർത്ഥിയെ അന്നത്തെ സ്ഥാപന മേധാവി നിഷ്ക്കരുണം ആ കാലയത്തിൽ നിന്ന് പുറത്താക്കിയ സംഭവം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.ആ വിദ്യാർത്ഥിയോട്
267 total views, 1 views today

ഞാൻ ബിരുദത്തിന് പഠിക്കുന്ന സമയം. എന്റെ സീനിയർ ആയി പഠിച്ച ഒരു വിദ്യാർത്ഥിയെ അന്നത്തെ സ്ഥാപന മേധാവി നിഷ്ക്കരുണം ആ കാലയത്തിൽ നിന്ന് പുറത്താക്കിയ സംഭവം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.ആ വിദ്യാർത്ഥിയോട് വ്യക്തമായ ഇഷ്ട്ടക്കേട് ഉണ്ടായിരുന്ന മേധാവിയായ വൈദികൻ അവനെ പുറത്താക്കുവാൻ അവസരം കാത്തിരിക്കുകയിരുന്നു.അവസാന സെമസ്റ്റർ തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന് ഒരു അവസരം വീണു കിട്ടി ..ഒരു മോഡൽ പരീക്ഷയിൽ കോപ്പിയടിച്ചു എന്നതായിരുന്നു കുറ്റം. ഒരു സസ്പെൻഷനിലോ ,വാർണിംഗിലോ ഒതുക്കാൻ സാധിക്കുന്ന ഒരു ചെറിയ തെറ്റിന്റെ പേരിൽ അവൻ കരഞ്ഞു കൊണ്ട് ,മൂന്ന് വർഷം പഠിച്ച കലാലയത്തിൽ നിന്ന് തന്റെ സുഹൃത്തുക്കളെയും,ഓർമ്മകളെയും,കൂട്ടുകാരിയേയും എല്ലാം വിട്ട് ഇറങ്ങുമ്പോൾ ആ വന്ദ്യ വൈദികൻ പറഞ്ഞുവത്രേ “ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം ”
അവൻ എന്തായി തീരുമെന്നും,അവൻ എന്തെങ്കിലും കടും കൈയ് ചെയ്യുമോ എന്നുമൊക്കെ ഞങ്ങൾ ഭയപ്പെട്ടു.പക്ഷെ അവന്റെ പിതാവ് അവനെ വളരെ കഷ്ട്ടപെട്ടു മറ്റൊരു കോളേജ്ജിൽ കയറ്റി.അവൻ വളരെ നല്ല നിലയിൽ പഠിച്ചിറങ്ങി ഇപ്പോൾ അമേരിക്കയിൽ ഉയർന്ന ജോലി നോക്കുന്നു,കുറച്ചു നാൾ മുൻപ് തിരുവന്തപുരത്തെ വളരെ പ്രശസ്തമായ ഒരു സ്ക്കൂളിൽ രണ്ടു കുട്ടികളെ ഡിസ്സ്മിസ് ചെയ്തിരുന്നു.അവർ ചെയ്ത രാജ്യ ദ്രോഹ കുറ്റമാകട്ടെ -ഒരു മത്സരത്തിന് സമ്മാനം കിട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്തു എന്നതാണ്. നമ്മുടെ മഹത്തായ സംസ്ക്കാരം ഇടിഞ്ഞു മറിഞ്ഞു സ്ക്കൂൾ കെട്ടിടം തകരും എന്നായപ്പോൾ പ്രിൻസിപ്പൽ അവരെ തൊഴിച്ചു വെളിയിലേയ്ക്കിട്ടു..രണ്ടു കുട്ടികളുടെ ഭാവി മുളയിലേ നുള്ളിയല്ലോ എന്ന് ചിന്തിക്കുവാനോ ഉണർന്ന് പ്രതികരിക്കുവാനോ ഇവിടുത്തെ ഒരു പുരോഗമന വിപ്ലവ പ്രസ്ഥാങ്ങളും ,സാംസ്ക്കാരിക നായകരും മുൻപോട്ട് വന്നില്ല.ഒടുവിൽ ഡോ.ശശി തരൂർ എം പി ഇടപെട്ടാണ് കുട്ടികളെ തിരിച്ചു കയറ്റിയത്.
ടിക്ടോക് വീഡിയോയിൽ അസഭ്യം പറഞ്ഞതിന് മൂന്ന് പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് ഡിസ്മിസ് ചെയ്തുവെന്നാണ് അറിയാൻ കഴിയുന്നത് .. അസഭ്യം പരസ്യമായി ആര് പറഞ്ഞാലും അത് തെറ്റ് തന്നെയാണ്.അതിൽ ആൺപെൺ വ്യത്യാസങ്ങളുടെയും ലിംഗ സമത്വത്തിന്റെയും , ഫെമിനിസ്റ്റ്,സവർണ,ന്യുനപക്ഷ വാദങ്ങളുടെയും പുക കുത്തിനിറയ്ക്കുന്നത് വികലമാണ്. ഈ തെറ്റിന്റെ പേരിൽ കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കിയത് അത് പെൺകുട്ടികൾ ആയതു കൊണ്ടല്ല.അധ്യാപകർ ,പുരോഹിതർ ,സന്ന്യാസികൾ എന്നീ മഹത്വവൽക്കരിച്ച തൊഴിൽ ചെയ്യുന്ന ആളുകൾ തല്ലികെടുത്തിയ ജീവിതങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ,.. ഒരു പക്ഷെ ഒന്നുറക്കെ സ്നേഹിച്ചിരുന്നെങ്കിൽ ,സ്നേഹത്തോടെ അടുത്തു വിളിച്ചു അവനു പറയുവാൻ ഉള്ളത് ക്ഷമയോടെ കേട്ടിരുന്നെങ്കിൽ,ഒരു മാനസിക പിന്തുണ കൊടുത്തിരുന്നവെങ്കിൽ തീരാവുന്ന പ്രശ്നങ്ങളാണ് പലതും ,പക്ഷെ സമ്മതിക്കില്ല …ആരെയും,ശ്രവിക്കാത്ത,ആരെയും അംഗീകരിക്കാത്ത നിങ്ങളുടെ ഈഗോ ഇതിനൊന്നും സമ്മതിക്കില്ല എന്നറിയാം സർ..ഓർക്കുക ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ് വിദ്യാഭ്യാസമെന്നത്.പലർക്കും കലയാലയവും, സുഹൃത്തുക്കളും അവരുടെ ജീവ നാഡി പോലെയാണ്. ശരീത്തിൽ ഒരു അവയവത്തിനു ഒരു രോഗം വന്നാൽ അത് ഉടനെ മുറിച്ചു മാറ്റി കളയാം എന്ന് ചിന്തിക്കുന്നത് പോലെയാണ് ചെറിയ തെറ്റുകൾക്ക് പോലും കുട്ടികളെ അവരുടെ കലയാളങ്ങളിൽ നിന്നു പുറംതള്ളുന്നത് .
ഒരു മൊട്ടു സൂചി കൊണ്ട് കുത്തിയാൽ തീരാവുന്ന പ്രശ്നത്തിന് ഡിസ്മിസ്സൽ എന്ന ബ്രഹ്മസ്ത്രം ആദ്യം തന്നെ എടുത്തു പ്രയോഗിക്കുക എന്നത് ഭീരുത്വം ആണ്..സർവ്വകലാശാലകളിൽ PhD ഗൈഡ് മുതൽ പ്രൈമറി സ്ക്കൂൾ ടീച്ചർ വരെ , അറിവിന്റെ ഭണ്ഡാരമായി സ്വയം നിനച്ചു വശായി നിക്കുന്ന ഇവരിൽ പലരും വിദ്യാർത്ഥികളുടെ ജീവിതം , നരകമാക്കി പോരുന്നു.
എങ്ങനെ തെറ്റുകൾ തിരുത്തി ഇവരെ നവീകരിച്ചു മുൻപോട്ട് പോകാം എന്നാണ് ഒരു അധ്യാപകൻ ചിന്തിക്കേണ്ടത്.അതാണ് വിദ്യാഭ്യാസം..ഗാന്ധിജി പറയുന്നു- ഒരു മനുഷ്യന്റെ ഉള്ളിലെ നന്മകളെയും,കഴിവുകളെയും പുറത്തു കൊണ്ട് വരുവാൻ ഒരുവനെ സഹായിക്കുന്നതാവണം. വിദ്യാഭ്യാസം..ഓരോ അപജയവും ഓരോ വീഴ്ചകളും ഉണ്ടാവുമ്പോൾ എങ്ങനെ ധൈര്യത്തോടെ ജീവിക്കാം എന്ന പരിശീലനം ആണ് മാതാപിതാക്കളും, അദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടത്..അല്ലാതെ എങ്ങനെ ആത്മഹത്യ ചെയ്യാം എന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടി പോകാം എന്നുമല്ല..ചത്തത് കീചകൻ ആയത് കൊണ്ട് മാത്രം ഭീമൻ എന്നു പേരുള്ള സകലരെയും കുറ്റപ്പെടുത്തുന്ന ഈ പ്രതിഷേധ പ്രകടനങ്ങനത്തോട് തീർച്ചയായും യോജിപ്പില്ല.തകർക്കുക എന്ന പ്രക്രിയ വളരെ എളുപ്പമാണ് ,നിർമിക്കുക അതി കഠിനവും..
268 total views, 2 views today