റോഡ് നിയമങ്ങൾ അറിയുന്നൊരു ജനത ഇന്ത്യയിൽ ചിലയിടത്തെങ്കിലും ഉണ്ടെന്നതു ആശ്വാസകരമാണ്

0
46

Mathewson Robins

ഏതാണ്ട് 12 വർഷം മുമ്പാണ് ഞാൻ നോർത്തീസ്റ്റിലേയ്ക്ക് ആദ്യമായി യാത്ര പോകുന്നത്.
ഷില്ലോങ് അതിമനോഹരമായ ഒരു സ്ഥലമാണ് കടൽനിരപ്പിൽ നിന്ന് ഏതാണ്ട് അടി 1,525 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷൻ. ഞാൻ അതുവരെ കണ്ടിട്ടില്ലാത്തതും പരിചയിച്ചിട്ടില്ലാത്തതുമായ ഭൂപ്രകൃതിയും ,വ്യത്യസ്തമായ കെട്ടിടങ്ങളും, ആളുകളും നിരത്തും എല്ലാം എന്നിൽ കൗതുകമുണർത്തി .തണുത്തു മരക്കുന്ന കാലാവസ്ഥ .പക്ഷേ നല്ല സുഖമുണ്ട് .
തീവ്രവാദി ആക്രമണ ഭീഷണി ഉള്ളതുകൊണ്ട് തന്നെ ഷില്ലോങ്ങിൽ മിലിറ്ററി പാരാമിലിറ്ററി പോലീസ് എന്നിവയുടെ സജീവ സാന്നിധ്യമുണ്ട് സാധാരണ ജനങ്ങൾ എത്രയുണ്ടോ അത്രയും തന്നെ യൂണിഫോം ഇട്ട നിയമപാലകരും ഇവിടെയുണ്ട് എന്ന് തോന്നിപ്പോകും. എല്ലാവരും ആയുധധാരികൾ ആണ്.

ഷില്ലോങ്ങിൽ നമ്മളെ ഏറ്റവും ആകർഷിക്കുന്നത് അവിടുത്തെ വൃത്തിയാണ്. . വളരെ പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ പോലും വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു.ഷില്ലോങ്ങിൽ എത്തിയ ദിവസം തന്നെ വൈകിട്ട് മേഘാലയ സംസ്ഥാനത്തെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ആസ്ഥാനമായ നോങ്‌സ്റ്റോയിൻ എന്ന ഗ്രാമത്തിലേക്ക് ഞങ്ങൾ യാത്ര വിളിച്ചു തിരിച്ചു.ഷില്ലോങ് നഗരം വിട്ട് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റോഡിൽനിന്ന് വാഹനങ്ങൾ അപ്രത്യക്ഷമായതു പോലെ ട്രാഫിക്ക് വളരെ കുറവ്. കുറച്ചുകൂടി കഴിഞ്ഞപ്പോൾ വിജനമായ വഴി.ഏതാണ്ട് 100 കിലോമീറ്റർ യാത്രയുണ്ട് നോങ്‌സ്റ്റോയിൻ ഗ്രാമത്തിൽ എത്തുവാൻ. കുറച്ചു കഴിഞ്ഞപ്പോൾ റോഡിൽ വലിയ മെറ്റൽ കഷണങ്ങൾ മാത്രമുള്ള ഒരു വഴി .പുറത്തു മരം കോച്ചുന്ന തണുപ്പ്. തികച്ചും വിജനമായ പാത .കൊള്ളക്കാരും തീവ്രവാദികളും ഒക്കെ ഉള്ള സ്ഥലം .വണ്ടി വലിയ മെറ്റൽ കല്ലുകൾക്ക് മുകളിലൂടെ ഓളം വെട്ടി ഉരുളുകയാണ്.
കാർ ഒന്ന് കേടായി പോയി കഴിഞ്ഞാൽ ആ രാത്രി അവിടെ തണുപ്പത്തു കിടന്ന് മരിച്ചുപോകും എന്നുറപ്പ് .ഒരു വണ്ടി പോലും കാണ്മാനില്ല . ഭാര്യാപിതാവ് ഇതൊന്നും കൂസാതെ വണ്ടി ഓടിക്കുകയാണ് .

അങ്ങനെയൊരു തരത്തിൽ രാത്രി 11 മണിയോടുകൂടി ഞങ്ങൾ നോങ്‌സ്റ്റോയിൻ ഗ്രാമത്തിൽ എത്തി. അവിടെ അന്ന് രാത്രി ഞങ്ങൾ മലയാളിയായ ഫാ.തോമസിന്റ അതിഥികൾ ആയി.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം നോങ്‌സ്റ്റോയിൻ റിവർ ഐലന്റ് കാണുവാൻ പുറപ്പെട്ടു .മേഘാലയയിലെ ഏറ്റവും വലിയ നദി ദ്വീപാണ് നോങ്‌സ്റ്റോയിൻ റിവർ ഐലന്റ്. .താരതമ്യേന വിജനമായ പ്രദേശം ,നല്ല തണുപ്പും ഉണ്ട് ,ഒരു വള്ളക്കാരൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്, ഞങ്ങളോടൊപ്പം വന്ന ഫാദർ തോമസിനു അവരുടെ ഗോത്രഭാഷ നല്ല വശമായിരുന്നു. ഞങ്ങൾ ഏഴ് പേർ വള്ളത്തിൽ കയറി .ഏതാനും മീറ്റർ അകലെയുള്ള ദ്വീപിലേയ്ക്ക് . പോവുകയാണ് ലക്ഷ്യം. വള്ളം മുൻപോട്ട് കുറച്ചു പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. വള്ളത്തിന്റെ ഒത്ത നടുക്ക് സാമാന്യം വലിയൊരു തുള ഉണ്ട് .അതിലൂടെ വെള്ളം മുകളിലേക്ക് ഇരച്ചു കയറുകയാണ്. കുറച്ചധികം വെള്ളം കയറി എന്നു തോന്നുമ്പോൾ വള്ളക്കാരൻ ഒരു പാത്രം വെച്ച് അത് കോരി കളഞ്ഞു കൊണ്ടിരുന്നു .എനിക്ക് ചെറിയ അങ്കലാപ്പായി .അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ വെള്ളം കോരി കളയുന്ന ജോലി ഞാൻ സ്വയം ഏറ്റെടുത്തു.

ദ്വീപ് മുഴുവൻ ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് ചുറ്റിക്കണ്ടു. ചുറ്റും വനമാണ്. ഏതാണ്ട് 11 30 ആയപ്പോൾ അവിടെ നിന്ന് ഞങ്ങൾ ഒരു ആദിവാസി ഗ്രാമത്തിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി മുഴുവൻ ഒരേ സമയം നമ്മളെ രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ദുഃഖിക്കുകയും ചെയ്യും. മുട്ട കുന്നുകൾക്കിടയിൽ കൂടെ ചെങ്കുത്തായ ചെമ്മൺപാത .വളഞ്ഞും തിരിഞ്ഞും ഉള്ള യാത്ര അബുദാബിയിലെ മരുഭൂമിയിലൂടെ പിന്നീട് നടത്തിയ യാത്ര പോലെ ഉണ്ടായിരുന്നു.

മരങ്ങൾ മുഴുവൻ വെട്ടി അത് ഉണക്കി കരി ഉണ്ടാക്കിയാണ് അവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്നത്. ഇനി ആ പ്രദേശത്ത് വെട്ടി വിൽക്കുവാൻ ഒരു മരം പോലും ശേഷിക്കുന്നുണ്ടായിരുന്നില്ല. ഗ്രാമം കൊടിയ പട്ടിണിയിലാണ്. വികസനം ഒന്ന് എത്തി പോലും നോക്കാത്ത പ്രദേശം. അവിടുത്തെ ജനങ്ങൾ അവർ തന്നെ തിരഞ്ഞെടുത്ത രാഷ്ട്രീയക്കാരാൽ വഞ്ചിക്കപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാരിൻറെ പ്രത്യേക ആനുകൂല്യങ്ങളും വികസനത്തിനായി കോടിക്കണക്കിന് രൂപ ലഭിക്കുന്ന സ്ഥലം ആയിട്ടും അതുമുഴുവൻ രാഷ്ട്രീയക്കാരും ഇടനിലക്കാരും സർക്കാർ ഉദ്യോഗസ്ഥരും കൂടി വീതിച്ചു എടുക്കുകയാണ്.അവർ ജനങ്ങളെ മുഴു പട്ടിണിയിലേക്ക് തള്ളി വിടുകയായിരുന്നു.

കേരളത്തിൽ അഴിമതി ഉണ്ടെന്ന് നമുക്കറിയാം.എന്നാൽ കേരളത്തിലെ രാഷ്ട്രീയവും ഉദ്യോഗസ്ഥവൃന്ദവും മുട്ടോളം അഴിമതിയിൽ മുങ്ങി നിൽക്കുകയാണെങ്കിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ അവർ തലവരെ മുഴുവനായി അഴിമതിയുടെ കയത്തിൽ മുങ്ങി കിടന്ന് ഒരു കുഴൽ മുകളിലേക്ക് ഇട്ടാണ് ശ്വാസം വലിക്കുന്നത് എന്ന് തോന്നി പോകും.
ഞങ്ങൾ അവിടെ വെളിമ്പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പള്ളിയുടെ അടുത്തെത്തി. അത് ഒരു ആദിവാസി ഗ്രാമമാണ്. അവിടിവിടെയായി ആദിവാസി കുടിലുകൾ. അതിൽ ഒരു കുടിലിലേക്ക് ഫാദർ തോമസ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം അവർക്ക് സർവ്വസമ്മതമായ വ്യക്തിയാണ് .വളരെ ചെറിയൊരു കുടിൽ .ഞങ്ങൾക്ക് ഇരിക്കാൻ അവർ ബെഞ്ചു പോലെയുള്ള ഒന്ന് തന്നു. വളരെ ഭയഭക്തി ബഹുമാനത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി.

ഓലമേഞ്ഞ ആ കുടിലും കുടിലിന്റെ പരിസരവും തികച്ചും അപരിഷ്‌കൃതമായിരുന്നുവെങ്കിലും അത് ഒരു യൂറോപ്യൻ ഗ്രാമത്തിൻറെ വൃത്തിയോട് വൃത്തിയോട് കൂടിയാണ് സംരക്ഷിച്ചിരുന്നത്. ഞങ്ങൾ കുടിലിലെത്തി. ആദ്യം താമസിക്കാതെ തന്നെ ഒരു ഒരു തദ്ദേശവാസി ഓടിവന്ന് ഫാദർ തോമസിനോട് എന്തോ പറഞ്ഞു.
ഫാദർ തോമസ് ഞങ്ങളോട് പറഞ്ഞു.അവിടെയൊരു കുടിലിലെ ഒരാൾ മരിക്കാൻ കിടക്കുകയാണ്. നാല് ദിവസമായി അയാൾ എന്തെങ്കിലും കഴിച്ചിട്ട്. പട്ടിണിയാണ്. ഫാദർ തോമസും സർക്കാർ ഡോക്ടറായ എൻറെ ഭാര്യാപിതാവും ഞങ്ങളെ അവിടെ ഇരുത്തിയിട്ട് വേഗം അങ്ങോട്ട് തിരിച്ചു.

ഏതാണ്ട് ഒരു മണിക്കൂർ ഞങ്ങൾ ആ കുടിലിൽ കാത്തിരുന്നു . ഉച്ചഭക്ഷണത്തിനുള്ള സമയമായപ്പോൾ വീട്ടുകാർ ഞങ്ങൾക്ക് കട്ടൻചായയും ഓരോ പാത്രത്തിൽ ഞങ്ങൾ അതുവരെ കാണാത്ത ഒരു ഇല പുഴുങ്ങിയതും ,അൽപ്പം ചോറും നൽകി.
എടുത്തു പറയേണ്ട ഒരു കാര്യം അവരുടെ വൃത്തി ആയിരുന്നു. ഭക്ഷണം തന്ന പാത്രം ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയിരുന്നു .പാത്രത്തിന് അപ്പോഴും ചൂടുണ്ട്. ആ കുടിലിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വൃത്തി ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല
ആ ഇല്ല എന്താണ് എന്നോ അത് കഴിച്ചു പരിചയമില്ലാത്തവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് അറിയില്ലാത്ത കൊണ്ടും,അത് അവർക്ക് ആകെയുള്ള ഭക്ഷണമായിരിക്കും എന്നറിയാവുന്നത് കൊണ്ടും ഞങ്ങൾ സ്നേഹപൂർവ്വം ആ ഭക്ഷണം നിരസിച്ചു .ചായ മാത്രം കുടിച്ചു ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഓറഞ്ച് അവരുമായി പങ്കുവെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മുമ്പ് രോഗിയുടെ വിവരം പറയാൻ എത്തിയ ആ യുവാവ് അങ്ങോട്ട് വന്നു ഞങ്ങളോട് എന്തോ ആവശ്യപ്പെട്ടു. പക്ഷേ അയാൾ എന്താണ് പറയുന്നത് എന്ന് യാതൊരു ഊഹവും ഞങ്ങൾക്കാർക്കും ലഭിച്ചില്ല .അവസാനം അയാൾ ഓറഞ്ച് തൊലി എടുത്ത് ഞങ്ങളെ കാണിച്ചു. രോഗിക്ക് നൽകുവാൻ കൊണ്ടുവരാൻ ഫാ. തോമസ് പറഞ്ഞു വിട്ടതാണ് അയാളെ എന്ന് ഞങ്ങൾക്ക് മനസ്സിലായി.

ഭാഗ്യത്തിന് ഞങ്ങളുടെ കയ്യിൽ ഒരു ഓറഞ്ച് മിച്ചം ഉണ്ടായിരുന്നു .അതും ആയി അയാൾ ഓടി.
പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഭാര്യാപിതാവും ഫാദർ തോമസും തിരിച്ചെത്തി . ആ ആദിവാസി യുവാവിന് പ്രഥമ ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിട്ടാണ് അവർ വരുന്നത്. അയാളുടെ നില മെച്ചപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങൾ ആ സമയത്ത് അവിടെ സന്ദർശനം നടത്തി കൊണ്ട് മാത്രം ഒരു ജീവൻ രക്ഷിക്കാനായി.
ഷില്ലോങ് നഗരത്തിൽ എന്നെ ആകർഷിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം അവിടത്തെ നിരത്തുകളിലെ അച്ചടക്കമാണ്. അവിടെ അനാവശ്യമായ ഒരു ഫോൺ അടി പോലുമില്ല. വാഹനങ്ങൾ കൃത്യമായ അകലം പാലിച്ച് ,വേഗത കുറച്ച്, അന്യനെ മാനിച്ച് നിരനിരയായി പോകുന്ന വാഹനങ്ങളുടെ കാഴ്ച ഇന്ത്യാമഹാരാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ സംശയമാണ്.. അവിടുത്തെ ടാക്സികൾ അക്കാലത്ത് കറുത്ത ഫിയറ്റ് കാറുകൾ ആയിരുന്നു .അവിടെ ഓട്ടോറിക്ഷകളുടെ തലങ്ങും വിലങ്ങും പാച്ചിലൊ ,ഇടയ്ക്ക് കൂടിയുള്ള കുത്തി കയറ്റുമോ സിഗ്നൽ കാണിക്കാതെയുള്ള വണ്ടി തിരിക്കലോ ,കാതടപ്പിക്കുന്ന അസഹിഷിഷ്ണുതയുടെ ഹോൺ അടികളോ ,പരസ്പ്പരമുള്ള ആക്രോശമോ ഒന്നുമില്ല.

റോഡ് നിയമങ്ങൾ അനുസരിക്കാൻ അറിയാവുന്ന ഒരു ജനത ഇന്ത്യയിൽഉണ്ട് എന്നത് തന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. പ്രബുദ്ധ കേരളം പോലും ഇവരെ അപേക്ഷിച്ച് ബഹുദൂരം പുറകിൽ പ്രാകൃതമായ അവസ്ഥയിലാണ് എന്നോർക്കണം.
ഷില്ലോങ്ങിൽ ചെലവിട്ട് മൂന്നാഴ്ച സമയം പല പ്രമുഖരുയും സന്ദർശിക്കാൻ അവസരം ലഭിച്ചു .അതിൽ ഏറ്റവും പ്രധാനം അവിടുത്തെ ഗവർണർ ബി എസ് മുശാഹരിയുടെ അതിഥികൾ ആകാൻ സാധിച്ചതാണ്. മലയാളികളായ പല ഉയർന്ന പട്ടാള/ പോലീസ് ഉദ്യോഗസ്ഥരുടെയും ആതിഥ്യം സ്വീകരിക്കുവാനായി .എല്ലാം ഭാര്യ പിതാവിന്റെ സൗഹൃദങ്ങളായിരുന്നു.
ഇന്നേവരെ നടത്തിയ യാത്രകളിൽ തികച്ചും അവിസ്മരണീയമായ യാത്ര ഒന്നായിരുന്നു എൻറെ മേഘാലയ യാത്ര .കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്ത് ജീവിക്കണം എന്ന് എന്നോട് ആരെങ്കിലും പറഞ്ഞാൽ ഞാൻ മേഘാലയ തിരഞ്ഞെടുക്കും.