മൗദൂദി ഔട്ട്‌?

203

2011 മെയ് 21 ലെ പ്രബോധനത്തിലെ “ഇസ്ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും” എന്ന ലേഖനം ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗവും സൈദ്ധാന്തികനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ഇസ്ലാമിലെ നവോത്ഥാന നായകരെയും അവരുടെ സംഭാവനകളെയും വിവരിക്കുന്ന പ്രസ്തുത ലേഖനത്തിൽ മൗദൂദിയുടെ പേരില്ല!

ജമാഅത്തിന്റെ ആദർശ സഹോദരന്മാരും ബദ്ധവൈരികളുമായ സലഫികളുടെ സ്വന്തം ഇബ്നു വഹാബിന്റെ പേര് വരെ ഉൾപ്പെട്ട ലിസ്റ്റിലാണ് മൗദൂദിയെ കാണ്മാനില്ലാത്തത്. ജമാഅത്തെ ഇസ്ലാമിയുടെ സെക്കുലർവൽക്കരണത്തിന്റെ പുതിയ നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്. കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ 21 മെയ് 2010 ൽ, കോഴിക്കോട് വെച്ച് ജമാഅത്തെ ഇസ്ലാമി കേരള അമീർ ആരിഫലി നടത്തിയ പത്ര സമ്മേളനം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഇലക്ഷൻ അരങ്ങേറ്റത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ സമ്മേളനത്തിൽ മൗദൂദിയെ ഫലത്തിൽ നിരാകരിച്ച അമീറിന്റെ വാക്കുകളിൽ നിന്ന് ഒരു കാര്യം വായിക്കാമായിരുന്നു: മൗദൂദി ജമാഅത്തെ ഇസ്ലാമിക്ക് ഒരു ബാധ്യതയായിക്കഴിഞ്ഞു.

ജമാഅത്തെ ഇസ്ലാമി യുടെ ഒരു സംസ്ഥാന ഘടകത്തിന്റെ അമീർ മൗദൂദിയുടെ ആശയങ്ങളിലല്ല ജമാഅത്തെ ഇസ്ലാമി നില കൊള്ളുന്നതെന്ന് പത്ര സമ്മേളനം വിളിച്ച് കൂട്ടി പ്രഖ്യാപിക്കുന്നതിൽ നിന്ന് അവരുടെ ഗതികേടിന്റെ അളവ് വ്യക്തമാണ്. എന്നാൽ ഇതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ‘അനിസ്ലാമിക ഭരണകൂടത്തിൽ’ ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാവുന്നത് മൗദൂദിയുടെ നിലപാടുകളുമായി എത്രത്തോളം പൊരുത്തപ്പെടുമെന്ന് അണിയറക്കാർക്ക് നല്ല നിശ്ചയമുണ്ടെന്നതത്രേ കാരണം. (ഇത്ര വലിയ ത്യാഗത്തിന് ശേഷവും ജമാഅത്തിന്റെ പഞ്ചായത്ത് സീറ്റുകളുടെ എണ്ണം ഒമ്പതിലൊതുങ്ങിയെന്നത് ആന്റി ക്ലൈമാക്സ്). എന്നാൽ എന്തെങ്കിലും പശ്ചാത്താപത്തിന്റെ പുറത്താണ് ഈ കുമ്പസാരമെന്ന് കരുതാനും വയ്യ.

സ്വന്തം നിലപാടുകളുടെ അപ്രായോഗികതകൾ തിരിച്ചറിഞ്ഞാൽ അത് തിരുത്താനുള്ള പ്രസ്ഥാനത്തിന്റെ വാസന ശ്ലാഘനീയം തന്നെയാണ്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്നും സർക്കാർ ജോലി സ്വീകരിക്കരുതെന്നുമെല്ലാമുള്ള പഴയ മണ്ടത്തരങ്ങൾ തിരുത്തി പ്രസ്ഥാനം ഏറെ കൈയടി വാങ്ങി. പക്ഷെ ഇത്തരത്തിലുള്ള തിരുത്തലുകൾ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമായി കാണുന്ന സമീപനം കൂടി പ്രസ്ഥാനം തിരുത്തുമോ?

ഇപ്പോഴും സ്വന്തമായി സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ പോയിട്ട് തോൽപ്പിക്കാനുള്ള ജനസ്വാധീനം പോലുമില്ലാത്തത് പ്രസ്ഥാനത്തിനെ ഏറെ ക്ഷീണിപ്പിക്കുന്നുണ്ട്. ഈ നിയമ സഭാ തിരഞ്ഞെടുപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ (മുനീർ, ഷാജി) തോൽപിക്കാൻ പത്തൊമ്പതാം അടവു വരെ പയറ്റി നോക്കിയെങ്കിലും ചീറ്റിപ്പോയത് ചരിത്രം. അത് നടന്നിരുന്നെങ്കിൽ ഇപ്രാവശ്യം മാർക്സിസ്റ്റു പാർട്ടിയുടെ കണ്ണിലുണ്ണികളാകാമായിരുന്നെന്ന അതിമോഹം ഇസ്ലാമിക പ്രസ്ഥാനത്തെ ഏറെ മോഹിപ്പിക്കുന്നുണ്ട്. ഭാവിയിലെങ്കിലും അത് സംഭവിക്കാൻ എന്തും ചെയ്യാൻ പ്രസ്ഥാനം തയ്യാറാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം.

ഇവിടെ പ്രസ്ഥാന നേതൃത്വം മനസ്സിലാക്കേണ്ടത് അടിസ്ഥാനപരമായി കുഴപ്പം മൗദൂദിക്കല്ല എന്നതാണ്; മറിച്ച് മത സംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നതിന്റെ അപ്രായോഗികതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മൗദൂദിയെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമി മൗദൂദി സ്ഥാപിച്ചതല്ലാതാവുകയോ, മതസംഘടനയല്ലാതാവുകയോ ഇല്ല. മതസംഘടനയായിരിക്കുന്ന കാലത്തോളം രാഷ്ട്രീയത്തിലിടപെടുന്നത് പ്രായോഗികവുമല്ല. ഇത് മനസ്സിലാക്കി മതസംഘടനയുടെ പരിമിതികൾക്കകത്ത് നിന്ന് പ്രവർത്തിച്ചാൽ മൗലവിമാരുടെ പൊറോട്ടയും ഇറച്ചിയുമെങ്കിലും വെള്ളത്തിലാകാതെ നോക്കാം.

Advertisements