മായാ മഹാദേവൻ
നിഖിലാ വിമലിന്റെ ‘പശു’ പരാമർശം വിവാദമായി ചിലർ കൊണ്ടാടുന്നുണ്ട്. ചില മാധ്യമങ്ങൾ വളരെ മൃഗീയമായ ഭാഷയിലൊക്കെ ആണ് നിഖിലയുടെ പരാമർശത്തെ ദുരുപയോഗം ചെയ്തത്. എന്നാൽ എന്താണ് സംഭവിച്ചത്. പുതിയ കാലത്തു ചില യുട്യൂബ്-മാധ്യമ ‘അഭിമുഖന്മാരു’ണ്ട് . സെലിബ്രിറ്റികളുടെ വായിലിട്ടു കുത്തി ചിലതു ഒപ്പിച്ചെടുക്കും. അതിനെ ഹെഡിങ് ആക്കി വായനക്കാരെ കയറ്റും, വിവാദമാക്കും, ചാനൽ ക്ളച് പിടിക്കും. എങ്ങനെ ഒരാളെ വിവാദത്തിൽ ചാടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ആ ഇന്റർവ്യൂ. അതിലെ ആ സംഭാഷണ ശകലം ശ്രദ്ധിക്കാം
*******
അവതാരകൻ: “അവസാനായിട്ടൊരു കുസൃതിച്ചോദ്യം. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം?”
നിഖില വിമൽ: “അതിനു ചെസ് കളിക്കണം”
അവ: “അതിലൊരു മാറ്റം വരുത്തിയാലോ. അതായത് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി. പശുവിനെ വെട്ടാന്‍ പറ്റില്ലല്ലോ! അപ്പോ ജയിക്കാം. ഹുഹുഹു”
നിഖില: “അതെങ്ങനെ? ആരു പറഞ്ഞു പശുവിനെ വെട്ടാൻ പറ്റില്ലെന്ന്”
അവ: “മുകളിലോട്ടങ്ങ് ചെല്ല്”
നിഖില: “അതവിടെ. ഇവിടെ പറ്റും. പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ല.”
അവ: “എന്റെ എല്ലാ സുഹൃത്തുക്കളും ഇത് കാണുന്നുണ്ടല്ലോ അല്ലെ?…. നമ്മൾ ഇന്ത്യയിലല്ലെ?”
നിഖില: “അതിനു? ഇന്ത്യയിലും (അങ്ങനൊരു നിയമം) ഇല്ലായിരുന്നല്ലോ. അത് പിന്നെ കൊണ്ടുവന്നത് അല്ലേ?. ഞാൻ ഇഷ്ടമുള്ളതിനെയെല്ലാം കഴിക്കും”
അവ: “അപ്പോ സിംഹത്തിനെ തിന്നുമോ?”
നിഖില: “മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. എല്ലാ മൃഗങ്ങൾക്കും ഒരു നിയമം വേണം. പശുവിന് മാത്രമായി ഒരു പ്രത്യേകനിയമം പാടില്ല. അത് ശരിയല്ല”
അവ: “അതിനു ആളുകൾ സമ്മതിക്കില്ലല്ലൊ!”
നിഖില: “ഞാൻ ഒരു കൺസിഡറേഷനും എടുക്കാത്ത ആളാണു. ഒന്നുകിൽ നിങ്ങൾ കമ്പ്ലീറ്റ് വെജായിട്ട് സംസാരിക്കണം. ഒന്നിനെയും കൊല്ലരുത്. ഒരു മൃഗത്തിനു മാത്രം പരിഗണന പാടില്ല”
അവതാരകൻ : “നമുക്ക് വിഷയം മാറ്റാം. അതാ നല്ലത്..”
*********
ഇപ്പോൾ കാര്യം മനസിലായല്ലോ. ഒരുവിധമുള്ള എല്ലാ മാധ്യമങ്ങളുടെയും രീതി ഇതാണ്. നിങ്ങൾ കാണാറില്ലേ ഓരോ നടിയുടെയും ചിത്രം എടുത്തുവച്ചു അവൾ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് എഴുതി വിടുന്നത്. അതിനടിയിൽ ആണെങ്കിൽ സകല സദാചാര പോക്രികളുടെയും തെറിവിളിയും കാണാം. ശരിക്കും ഇത്തരം അഭിമുഖന്മാരെയും മാധ്യമങ്ങളെയുമാണ് തെറി വിളിക്കേണ്ടത്. ഇപ്പോൾ ഈ പശു വിവാദത്തിൽ പ്രസ്തുത നടി നന്നായി തന്നെ തെറിയഭിഷേകം ഏറ്റുവാങ്ങുന്നുണ്ട് . അവർ ഒരു തെറ്റും ചെയ്തില്ല, അനാവശ്യമായൊരു ചോദ്യത്തിന് ഉത്തരം നല്കിയെന്ന് ഉള്ളൂ.
Video