മയിലാടുംപാറയിലെ നന്നങ്ങാടികൾ!

49

Pallikkonam Rajeev

മയിലാടുംപാറയിലെ നന്നങ്ങാടികൾ!

ഇടുക്കി ജില്ലയിൽ ചെല്ലാർകോവിലിന് സമീപമുള്ള മയിലാടുംപാറ എന്ന സ്ഥലത്ത് മഴക്കുഴിക്കായി മണ്ണെടുത്തപ്പോൾ അയോയുഗത്തിലേത് എന്നു കരുതാവുന്ന നന്നങ്ങാടികൾ കണ്ടെത്തിയതായി ഇന്നലെ ചില സുഹൃത്തുക്കൾ വിളിച്ചറിയിക്കുകയും ചിത്രങ്ങൾ അയച്ചുതരുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ദിനപ്പത്രങ്ങളിൽ വന്ന വാർത്തയെ കൂടാതെ മറ്റൊരു വിശദീകരണവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് കാണാനിടയായി. നന്നങ്ങാടികളടക്കമുള്ള മെഗാലിത്തിക് (പെരുങ്കൽ) കാലഘട്ടത്തിലെ അവശേഷിപ്പുകളെ കുറിച്ച് നിലവിൽ ലഭ്യമായ വിവരങ്ങൾക്കൊപ്പം കുറച്ചു “ഭാവന”യും അതിലേറെ അബദ്ധനിഗമനങ്ങളും ഒന്നിച്ചുചേർത്തുള്ള ആ കുറിപ്പിൻ്റെ കർത്താവ് ആരെന്ന് അതിൽ ഒരു സൂചനയുമില്ല.

ഇന്നലെ കണ്ടെടുത്ത നന്നങ്ങാടിയുടെ അവശിഷ്ടങ്ങൾ പുരാവസ്തുവിദഗ്ധരുടെ നേരിട്ടുള്ള നിരീക്ഷണത്തിന് ഇതുവരെ വിധേയമായിട്ടില്ല എന്നറിയിക്കട്ടെ. നെടുങ്കണ്ടത്തെ താലൂക്ക് ആസ്ഥാനത്തേക്ക് മാറ്റിയ അവ വൈകാതെ കേരള പുരാവസ്തുവകുപ്പിലെ വിദഗ്ധർ പരിശോധിക്കുകയും സൂക്ഷ്മമായ പഠന ഗവേഷണത്തിന് വിധേയമാക്കുകയും ചെയ്യുമെന്ന് അറിവായിട്ടുണ്ട്. അതിനു ശേഷം മാത്രമേ ഈ അമൂല്യമായ “ഭൂതകാല ചരിത്രപേടക “ത്തിൻ്റെ ഉള്ളിലിരുപ്പ് കൃത്യമായും വെളിവാക്കപ്പെടൂ.

കേരള -തമിഴ്നാട് അതിർത്തിയോടടുത്ത് സഹ്യപർവ്വതനിരയുടെ പടിഞ്ഞാറേ ചെരുവിലാണ് മയിലാടുംപാറ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ JCB ഉപയോഗിച്ച് മണ്ണു നീക്കുന്നതിനിടയിലാണ് നന്നങ്ങാടികൾ (മുതുമക്കത്താഴികൾ) കണ്ടെത്തിയത്. മൂന്നരയടിയോളം ഉയരമുള്ള കളിമൺ ഭരണികളായ നന്നങ്ങാടികൾ ഭാഗികമായി തകർന്നുപോയിരുന്നു. അവയിൽ നിന്ന് ചെറിയ മൺപാത്രങ്ങളും തുരുമ്പിച്ച ഇരുമ്പ് ആയുധങ്ങളും കല്ലുമാലയുടെ മുത്തുകളും ധാന്യങ്ങളും ലഭിച്ചതായി അറിയുന്നു.

ദക്ഷിണേന്ത്യയിലെ അയോയുഗ (Iron Age) സംസ്കാരത്തിൻ്റെ ഭാഗമാണ് ഇതെന്നതിൽ സംശയമില്ല. ദക്ഷിണേന്ത്യയിൽ BC 1200 മുതൽ AD 400 വരെയാണ് ഇരുമ്പുയുഗമായി പൊതുവേ കണക്കാക്കപ്പെടുന്നതെങ്കിലും BC 900 മുതൽ AD 400 വരെയാണ് കേരളത്തിൽ നിലനിന്നിരുന്നതായുള്ള തെളിവുകൾ കിട്ടുന്നത്. അതിൽ അവസാനഭാഗമായ BC 400 മുതൽ AD 400 വരെ പ്രാചീന ചരിത്രയുഗമായും കണക്കാക്കപ്പെടുന്നു. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വിപുലമായ വാണിജ്യവും സംഘകാല സംസ്കൃതിയും കൂടി ഈ കാലഘട്ടത്തിലാണ്.

മയിലാടുംപാറയിലെ കണ്ടെത്തലിനെ സവിശേഷമാക്കുന്നത് അവിടെനിന്ന് ധാന്യങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചു എന്നതാണ്. കാർബൺ ഡേറ്റിംഗിലൂടെയും മറ്റു ആധുനിക സാങ്കേതിക മാർഗ്ഗങ്ങളിലൂടെയും കാലഗണന കൃത്യമായി നിശ്ചയിക്കാനാവും എന്നതു മാത്രമല്ല, ഏതുതരം ധാന്യങ്ങളാണ് അക്കാലത്ത് ഉപയോഗത്തിലിരുന്നത് എന്ന് മനസിലാക്കാനുമാകും. ആ കാലഘട്ടത്തെ സംബന്ധിച്ച് ഇതുവരെയുണ്ടായ പഠനങ്ങളിൽ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന അനവധി സമസ്യകൾക്ക് ഉത്തരം നൽകാൻ ഇതിനാലാവും.
ഇടുക്കി ജില്ലയുടെ ഉയർന്ന മേഖലകളിൽ നിന്ന് മുനിയറ (Dolman)കളും കല്ലറ (Buried Cist)കളും കണ്ടെടുക്കാനായിട്ടുണ്ടെങ്കിലും നന്നങ്ങാടികൾ കണ്ടെടുക്കുന്നത് അപൂർവ്വമാണ്. നെടുങ്കണ്ടത്തു നിന്നും മുമ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇടനാട്ടിൽ നിന്നാണ് നന്നങ്ങാടികൾ കൂടുതലായി ലഭിച്ചിട്ടുള്ളത്.

നന്നങ്ങാടികൾ സാധാരണയായി കുഴിച്ചെടുക്കാറുള്ളത് രണ്ടോ മൂന്നോ അടി താഴ്ചയിൽ നിന്നാണ് എങ്കിൽ ഇവിടെ അഞ്ചടിയോളം താഴ്ചയിൽ ചെങ്കൽ മണ്ണിലാണ് കാണപ്പെട്ടത്. ഇരുമ്പുയുഗത്തിൽ മനുഷ്യരുടെ ശവസംസ്കാരച്ചടങ്ങുകളുടെ ഭാഗമായാണ് നന്നങ്ങാടികൾ കുഴിച്ചിടുന്നത്. മുനിയറകൾ പോലെയുള്ള ശിലാനിർമ്മിതികളിൽ തുടങ്ങി കളിമൺപാത്രങ്ങളിലേക്ക് ഈ സമ്പ്രദായം കാലക്രമേണ പരിഷ്കരിക്കപ്പെട്ടതാകാം. മരിച്ച വ്യക്തിയുടെ ശരീരാവശിഷ്ടമായ അസ്ഥിഖണ്ഡങ്ങൾ ശേഖരിച്ച് മൺകുടങ്ങളിലാക്കി അതോടൊപ്പം ആ വ്യക്തിയുടെ ഇരുമ്പ് ആയുധങ്ങൾ, ആഭരണങ്ങൾ, ഇഷ്ട ഭക്ഷണ -ധാന്യങ്ങൾ ഒക്കെയും നന്നങ്ങാടിക്കുള്ളിൽ നിക്ഷേപിക്കുന്നു. കൽപ്പഴുതറയ്ക്ക് വൃത്താകൃതിയിൽ ചെറിയ പാർശ്വദ്വാരം കാണപ്പെടുന്നതു പോലെ തന്നെ നന്നങ്ങാടിയുടെ അടപ്പിലും ചെറിയ ദ്വാരം കാണാവുന്നതാണ്. പരേതൻ്റെ ആത്മാവിന് സൗകര്യം പോലെ വരാനും പോകാനുമുള്ള പഴുതാണിത് എന്ന് അന്നുള്ളവർ വിശ്വസിച്ചിരുന്നു.

ഇവിടെ നിന്നു കിട്ടിയതിൽ വിശേഷപ്പെട്ട മറ്റൊരു വസ്തു Carnelian Quartz എന്ന പ്രത്യേകതരം ഇളംചുവപ്പുകല്ലിൽ നിർമ്മിച്ച മാലയുടെ നീണ്ടുരുണ്ട മുത്തുമണി (beads)കളാണ്. വളരെ വിദഗ്ധമായും സൂക്ഷ്മമായും വെളുത്ത നിറത്തിൽ കുറുകെ ചിത്രപ്പണികൾ ചെയ്തിരിക്കുന്നത് ഇതിനെ അപൂർവ്വമാക്കുന്നു. ഇത്തരം കൽമുത്തുകൾ ലോകത്ത് പലയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തതയുള്ള ചിത്രപ്പണികൾ കാണാറില്ലത്രേ. ഹാരപ്പൻ സംസ്കാരത്തിലും പെർഷ്യയിലെ സസ്സാനിയൻ ഭരണകാലത്തുമൊക്കെ കാർണിലിയൻ കൽമുത്തുകൾ വലിയ തോതിൽ ഉപയോഗിച്ചിരുന്നു.

ദക്ഷിണേന്ത്യയിൽ തന്നെ കർണ്ണാടകത്തിലെ കാഡേബകലേ, തമിഴ്നാട്ടിലെ അരിക്കമേട്, കേരളത്തിലെ പട്ടണം എന്നിവിടങ്ങളിലെ ഉദ്ഖനനങ്ങളിൽ നിന്ന് കാർണിലിയൻ കൽമുത്തുകൾ ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തന്നെ കൊടുമണൽ എന്ന സ്ഥലത്ത് കാർണിലിയൻ ക്വാർട്സ് ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണശാല തന്നെ പ്രവർത്തിച്ചിരുന്നതായി പുരാവസ്തുഗവേഷകരുടെ പഠനങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ വസ്തുവിൻ്റെ ദേശങ്ങൾ താണ്ടിയുള്ള ക്രയവിക്രയവും ഉണ്ടായിരുന്നു എന്നും മനസിലാക്കാനാവുന്നു.

ഏതായാലും കേരളത്തിൻ്റെ പ്രാചീനകാലത്തിലേക്കും അന്നുണ്ടായിരുന്ന സംസ്കാരത്തിലേക്കും കൂടുതൽ വെളിച്ചം തരുന്ന കണ്ടെത്തലുകൾക്ക് മയിലാടുംപാറയിൽ നിന്നു ലഭിച്ച അയോയുഗ അവശേഷിപ്പുകൾ കാരണമാകുമെന്ന് തീർച്ചയായും കരുതാം.

Advertisements