മഴയറിവുകൾ

0
474

Vijayakumar Blathur എഴുതുന്നു 

Vijayakumar Blathur
Vijayakumar Blathur

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കര പ്രദേശമായി പണ്ട് കണക്കാക്കിയിരുന്നത് മേഘാലയയിലെ ചിറാപുഞ്ചി ആയിരുന്നു. കിഴക്കാൻ ഖാസി കുന്നുകളിൽ പെട്ട സൊഹ്റ- എന്ന പ്രദേശത്തിന് ബ്രിട്ടീഷ്കാരാണ് , ചുറ എന്നും ചുറാപുഞ്ചി എന്നും പേരിട്ടത്. നാരങ്ങയുടെ നാട് എന്നാണ് അർത്ഥം .1861 ജൂലൈ മാസമാണിവിടെ ഏറ്റവും വലിയ മഴ പെയ്തത് -9300 മില്ലീമീറ്റർ മഴ! . ആ വർഷം ചിറാപുഞ്ചിയിൽ ആകെ പെയ്ത മഴയുടെ അളവ് 26471 മില്ലീ മീറ്റർ ആയിരുന്നു. പക്ഷെ ഇപ്പോൾ സൊറയ്ക്ക് അടുത്തു തന്നെയുള്ള മൗസിന്രം എന്ന പ്രദേശമാണ് ആ പഥവിക്ക് ഉടമ. മൗസിന്രം പ്രദേശത്ത് ഒരു വർഷം ശരാശരി 11872 മില്ലീ മീറ്റർ മഴ ലഭിക്കുന്നുണ്ട്, സൊറയിൽ അത്11777 മില്ലീ മീറ്റർ മാത്രമാണ്. അതിനാൽ ഭൂമിയിലെ ഏറ്റവും നനവാർന്ന കരപ്രദേശമായി ഇതിനെ കണക്കാക്കുന്നു എങ്കിലും കൊളംബിയയിലെ ചില പ്രദേശങ്ങളിൽ ഇതിലും ഏറെ മഴ ലഭിക്കുന്നുണ്ട് എന്ന് അവകാശവാദം ഉയർന്നിട്ടുണ്ട്.

ഓറോഗ്രാഫിക് പ്രതിഭാസ മഴ!

ചിറാപുഞ്ചിയിലും കേരളത്തിലെ നേര്യമംഗലത്തും ഒക്കെ ഇത്ര കൂടുതൽ മഴ ലഭിക്കുന്നത് ആ പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകൾ കൊണ്ടാണ്.ഫലക ചലന സിദ്ധാന്തപ്രകാരം ഇന്ത്യാ ഫലകം യൂറേഷ്യൻ ഫലകത്തിലേക്ക് ഇടിച്ച് കയറിയപ്പോൾ ഉയർന്ന് ഉണ്ടായതാണ് ഹിമാലയ പർവതം എന്നാണ് ശാസ്ത്ര അറിവ്. .അന്ന് രൂപം കൊണ്ട ഖാസിക്കുന്നുകളുടെ ആകൃതി സമതലത്തിൽ നിന്നും കുത്തനെ പൊങ്ങിയ മതിൽ രൂപത്തിലാണ്.. ബംഗ്ലാദേശിലെ സമതലങ്ങളിലൂടെ ഉൾക്കടലിൽ നിന്നും ജലബാഷ്പം നിറഞ്ഞ കാറ്റ് നാനൂറുകിലോമീറ്റർ പാറി ഇവിടെ എത്തുമ്പോൾ ഖാസിക്കുന്നുകൾ വഴിമുടക്കി നിൽക്കും. 1350 മീറ്റർ മതിൽ തടസം മറികടന്ന് പൊങ്ങി നിവരുമ്പോൾ ഉണ്ടാകുന്ന വാതക മർദ്ദക്കുറവ് മൂലം ജലബാഷപം പെട്ടന്ന് ഘനീഭവിക്കുന്നു. നിരവധി മലമടക്കുകളിൽ ഒതുങ്ങിക്കിടക്കുന്ന ആ മേഘങ്ങൾ പിറകെ വരുന്ന കാറ്റിൽ പെട്ടന്ന് ഉയർത്തപ്പെടുകയും വീണ്ടും തണുത്ത് മഴയായി തകർത്ത് പെയ്യുകയും ചെയ്യുന്നു. ഓറോഗ്രാഫിക്ക് പ്രതിഭാസം എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഇതിനെ പറയുന്നത്. മൺസൂൺ കാലത്ത് ഇവിടെ രാവിലെയാണ് ശക്തമായി മഴ പെയ്യുക. താഴ്വാരങ്ങളിൽ രാത്രികാലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മേഘങ്ങൾ പ്രഭാതത്തിൽ സൂര്യനുയർന്ന് ചൂട് കൂടുമ്പോൾ മുകളിലോട്ട് പൊങ്ങി മഴയായി പെയ്യും.
ബ്രഹ്മപുത്രാതടങ്ങളിൽ നിന്നുള്ള വടക്ക് കിഴക്കൻ മൺസൂൺ കാറ്റും ഇന്ത്യൻ സമതലങ്ങളിലൂടെ വരുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റും ഖാസിക്കുന്നുകളിൽ മുഖാമുഖം കൊമ്പുകോർക്കും. മേഘസ്ഫോടനങ്ങൾ മൂലം അതി ശക്തമായ മഴയും ഇടക്ക് സംഭവിക്കാറുണ്ട്. ഇത്രയധികം മഴ പെയ്യുന്നുണ്ടെങ്കിലും ഈ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി പെയ്യുന്ന മഴയിൽ മേൽമണ്ണിലെ പലഘടകങ്ങളും ഒലിച്ച് പോയി ജൈവാംശവും പോഷകങ്ങളും ഇല്ലാതെ മേൽമണ്ണ് കൃഷിക്ക് അനുയോജ്യമല്ലാതായിട്ടുണ്ട്. കൂടാതെ ആഴത്തിൽ നിന്നല്ലാതെതന്നെ കൽക്കരിയും മറ്റും കുഴിച്ചെടുക്കാമെന്നതുകൊണ്ട് വ്യാപകമായി അനധികൃതമായി ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിലെ മാലിന്യങ്ങൾ ഒഴുകി നിറഞ്ഞ് ഭൂഗർഭ സ്രോതസ്സുകളിലെ വെള്ളവും കുടിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. കൂടാതെ കുന്നുകളുടെ ചരിവ് മൂലം മഴപെയ്ത വെള്ളമെല്ലാം നിമിഷം കൊണ്ട് താഴേക്ക് ഒലിച്ച് ബംഗ്ളാ സമതലങ്ങളിൽ എത്തി ഇവിടത്ത്കാർക്ക് നഷ്ടമാകുകയും ചെയ്യും.

വെള്ളത്തുള്ളി

രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ഇലക്ട്രോണുകൾ പങ്കിട്ടാണ് ജല തന്മാത്ര ഉണ്ടാകുന്നത്. ഹൈഡ്രജന്റെ രണ്ട് ഇലക്ട്രോണുകളും ഓക്സിജന്റെ രണ്ട് ഇലക്ട്രോണുകളും ചേർന്ന് ഉണ്ടാകുന്ന ഇലക്ട്രോൺ ജോഡികൾ ഏറെ സമയവും ഓക്സിജനോട് ചേർന്നാണ് ചലിക്കുക. അതിനാൽ ജലതന്മാത്രയിൽ ഓക്സിജൻ ഭാഗം അത്പം നെഗറ്റീവും ഹൈഡ്രജൻ ഭാഗം അതേ അളവിൽ പോസിറ്റീവും ആയിട്ടാണ് ഉണ്ടാകുക. അങ്ങിനെ ജല തന്മാത്രയ്ക്ക് നെഗറ്റീവും പോസിറ്റീവും ചാർജുള്ള ധ്രുവങ്ങൾ ഉണ്ട് എന്ന് പറയാം. ഈ അവസ്ഥയെ പോളറൈസ്ഡ് സ്വഭാവം എന്ന് പറയുന്നു. ഈ പ്രത്യേകതകൊണ്ട് ജലത്തിന്റെ പ്രതലബലവും കൂടുതലായിരിക്കും. വിപരീത ധ്രുവങ്ങൾ തമ്മിലുള്ള ആകർഷണം കാരണം ഉപരിതലത്തിലെ തന്മാത്രകൾ വലിഞ്ഞ ബലൂൺ സ്തരം പോലെ വലിഞ്ഞ് നിൽക്കും. അതാണ് വെള്ളം തുള്ളിയായി കാണുന്നത്. പോളറൈസ്ഡ് സ്വഭാവം ഇല്ലാത്ത പദാർത്ഥങ്ങൾക്ക് ഇതിന് പകരം ദുർബലമായ വാൻഡർവാൾ ബലമേ അനുഭപ്പെടുകയുള്ളു. അതിനാൽ പ്രതലബലം കുറവായിരിക്കുകയും ചെയ്യും.

മഴയൊട്ടും പെയ്യാത്ത ഇടങ്ങൾ മരുഭൂമികൾ മാത്രമല്ല.

ഭൂമിയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം നാം കരുതുന്നത് പോലെ ഏതെങ്കിലും മരുഭൂമിയല്ല. അന്റാർട്ടിക്ക് പ്രദേശത്ത് ഒരു വർഷം ലഭിക്കുന്ന മഴയുയുടെ അളവ് 6.5 ഇഞ്ചിൽ കുറവ് മാത്രമാണ്. അതേ സമയം പെയ്യുന്ന മഴ മുഴുവനും നിലം തൊടും മുമ്പേ ആവിയായി പോകുന്ന സ്ഥലങ്ങളും ഉണ്ട്. മഴ പെയ്താലും മണ്ണ് നനയില്ല.

പുല

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ കറൻസിയാണ് പുല. പുല എന്നാൽ അവരുടെ സെറ്റ്സ്വാന ഭാഷയിൽ മഴ എന്നാണ് അർത്ഥം .ഒൻപത് ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്ന് കിടക്കുന്ന കലഹാരി മരുഭൂമിയുടെ വലിയ ഭാഗം ബോട്സ്വാനയിൽ ആണ്. ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത ചുവപ്പ് മണൽ പരന്ന വിശാലമായ മരുപ്പരപ്പുകൾ കലഹാരിയുടെ ഭാഗമായുണ്ട്. വരൾച്ചകൊണ്ട് പൊറുതിമുട്ടാറുള്ള ബോട്സ്വാനയിൽ ഏറ്റവും വിലപിടിപ്പുള്ളതും അപൂർവ്വവും ആണ് വെള്ളം. കൊടും ദാഹം, വെള്ളമില്ലാത്ത പ്രദേശം എന്നിങ്ങനെ അർത്ഥമുള്ള, ക്ഗ്ള, ക്ഗ്ളാഗഡി എന്നീ സെറ്റ്സ്വാന പദങ്ങളിൽ നിന്നാണ് മഴ ഇല്ലാത്ത കലഹാരിയ്ക്ക് ആ പേര് ലഭിച്ചത്. പ്രതി വർഷം 110–200 മില്ലീ മീറ്റർ മഴ മാത്രമാണ് ഈ മരുപ്രദേശങ്ങളിൽ ലഭിക്കുന്നത്.

മഴ അടയാളങ്ങൾ

2.7 ബില്ല്യൺ വർഷങ്ങൾക്ക് മുമ്പ് പെയ്ത മഴയുടെ അടയാളങ്ങൾ ഫോസിലുകളിൽ ലഭിച്ചിട്ടുണ്ട്. അഗ്നി പർവ്വത സ്ഫോടനങ്ങളിൽ പൊങ്ങിയ അടിഞ്ഞ ചാരത്തിന്റെ പാളികളിലേക്ക് ആദ്യ മഴത്തുള്ളികൾ പെയ്തയുടൻ വീണ്ടും അതിൽ ചാരം വീണ് മൂടിയപ്പോൾ മഴത്തുള്ളിക്കുഴികൾ അതിൽ സംരക്ഷിക്കപ്പെടുകയും ഫോസിലുകളായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരം മഴ അടയാളങ്ങളുടെ ഫോസിൽ പഠനങ്ങൾ ഭൂമിയിൽ പെയ്ത ആദ്യ മഴയേക്കുറിച്ചും കടലുകളുടെ ആരംഭത്തേപറ്റിയും അറിവുകൾ നൽകുന്നുണ്ട്.

വിജയകുമാർ ബ്ലാത്തൂർ
(21-6-19- മലയാള മനോരമ പഠിപ്പുരയിൽ )

Advertisements