ജൂനിയർ ജയൻ എന്ന മിത്ത് :
Mb Manoj Mb
ജൂനിയർ ജയൻ ഒരു മിത്ത് ആയിരുന്നുവോ ? കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിദ്ധിഖ് എന്ന സീനിയർ നടൻ. എന്നാൽ ഓരോ നാട്ടിലും ജൂനിയർ ജയന്മാർ ഉണ്ടായിരുന്നു എന്നത് യാഥാത്ഥ്യങ്ങളാണ് . കേവലമായ മിത്തുകളല്ല മറിച്ച് കാലം നല്കിയ യാഥാർത്ഥ്യങ്ങളായിരുന്നു അത് . കട്ടപ്പന ചന്തയിൽ ചുമട്ടുതൊഴിലാളിയായിട്ടാണ് സിനിമയിലെ ജൂനിയർ ജയൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആ പേരിൽ അറിയപ്പെട്ട നിരവധി ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ടായിരുന്നു . ഞങ്ങളുടെ കൗമാരകാലത്ത് പരിചയപ്പെട്ട ഒരു ജൂനിയർ ജയനെ ഓർമ്മവരുന്നു . കട്ടപ്പനയിൽ നിന്നും ഏതാനും കിലോമീറ്റർ മാറി ഇരട്ടയാർ എന്ന സ്ഥലത്തായിരുന്നു ഇവിടെ പ്രതിപാദിക്കുന്ന യുവാവിന്റെ നാട് . ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ .
ആരും ഒന്നു നോക്കിപ്പോകുന്ന മെയ്യഴക് . തന്റെ യൗവ്വനയുക്തമായ ഉടല് യുവതികളും മറ്റുള്ളവരും കാണട്ടെ എന്ന് ആഗ്രഹിച്ചയാൾ . ഗായകൻ. സ്പോർട്സ്മാൻ സ്പിരിട്ടുള്ളയാൾ . ബ്രൂസ്ലിയെപ്പോലെ പലതരം അഭ്യാസങ്ങളും മറ്റും കാണിച്ചുകൊണ്ടാണ് പുഴയിലുള്ള അദ്ദേഹത്തിന്റെ വിസ്തരിച്ചുള്ള കുളി . ആളുകളൊക്കെയും ശ്രദ്ധിക്കും വിധം ആകർഷണത്ത്വം ആ യുവാവിൽ ഉണ്ടായിരുന്നു . അക്കാലത്ത് നാട്ടിൽ ഒരു സർക്കസ് ടീം വന്നു. തന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം അവരോടു ചോദിച്ചു .തുടർന്ന് സർക്കസ്സ് ടീമിന്റെ ഭാഗമായി നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ആ യുവാവിന്റെ പ്രകടനങ്ങൾ . ഇക്കാലത്താണ് അയാൾക്ക് ജൂനിയർ ജയൻ എന്ന പേര് വീണത് . ആ സർക്കസ് ടീമിനൊപ്പം അയാൾ മറ്റിടങ്ങളിൽ സഞ്ചരിച്ചു . പിന്നെ അയാളെക്കുറിച്ച് കൂടുതലൊന്നും അറിയാൻ സാധിച്ചിട്ടില്ല . ജയൻ എന്ന അതുല്യ നടൻ രൂപപ്പെടുത്തിയ എത്രയോ ജൂനിയർ ജയന്മാർ നമുക്കുണ്ടായിരുന്നു . അങ്ങനെയുമുണ്ട് നമ്മുടെ സാംസ്കാരിക ജീവിതത്തിനൊരു ചരിത്രം .