ശബരിമലയും അയ്യനും: മലഅരയരുടെ വാമൊഴി സാഹിത്യവും

460

ശബരിമലയും അയ്യനും: മലഅരയരുടെ വാമൊഴി സാഹിത്യവും
എം. ബി. മനോജ്

കരിമലഅരയന്റെ കഥ

പന്തളം രാജാവിന്റെ രാജവാഴ്ച തുടങ്ങുന്ന എ.ഡി 904-ൽ ആണ് (10-ാം നൂറ്റാണ്ടിൽ ആണ്) ഈ രാജവാഴ്ച എന്നു വ്യക്തമാകുന്നു.
എന്നാൽ ഈ ഘട്ടത്തിൽ വിവിധ ഗോത്രവിഭാഗങ്ങൾ ഭരണം നടത്തി വന്നിരുന്നു.
നിരവധി ഗോത്രഭരണ പ്രദേശങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നു കാണാം. കരിമല, നീലമല, തലപ്പാറമല, ശ്രീപാദമല, തേവർമല, മയിലാടുമേട്, ശബരിമല, നിലയ്ക്കൽ, ചിറ്റമ്പലമേട്, കക്കിമല, ഗൗണ്ടമല, പൊന്നമ്പലമേട്, മതംഗമല, സുന്ദരമല, നാഗമല, ഉടുമ്പാറമല, കോപ്പാറമല, പുതുശ്ശേരിമല, തുടങ്ങിയ പതിനെട്ട് മലകളിലുമായി ഗോത്രവിഭാഗങ്ങൾ താമസിച്ചു വന്നിരുന്നു. കരിമല അരയരാജാവിന്റെ ഭരണപ്രദേശമായിരുന്നു ഇത്. കരിമലരാജാവ് അനാഥനായ ഒരു കുട്ടിയെ എടുത്തുവളർത്തി. ‘കരിങ്കുട്ടി’ എന്നായിരുന്നു അവന്റെ പേര്. രാജാവിന്റെ മകൻ കണ്ടനും കരിങ്കുട്ടിയും ഉറ്റചങ്ങാതിമാരായി വളർന്നു.

ഒരിക്കൽ, കരിങ്കുട്ടിയാണ്, സുന്ദരിയായ കറുത്തമ്മ എന്ന പെൺകുട്ടിയെ പന്തളം കൊട്ടാരത്തിലെ കുളത്തിൽ വെച്ച് കണ്ടത്. രാജാവിന്റെ സഹോദരിയായിരുന്നു, കറുത്തമ്മ എന്ന ഈ പെൺകുട്ടി. അവളെക്കുറിച്ചുള്ള വിവരണങ്ങൾ കണ്ടനോടും, കരിമല അരയനോടും കരിങ്കുട്ടി വിവരിച്ചു. കാട്ടരചൻ മകനുവേണ്ടി നാട്ടരചനോട് വിവാഹാലോചന നടത്തി. നാട്ടരചന് അത് ഉചിതമായി തോന്നിയില്ല. എന്നാൽ കരിങ്കുട്ടിയാകട്ടെ, ആ യുവതിയെ കണ്ടനു മുന്നിലേക്ക് തട്ടിക്കൊണ്ടുവന്നു. അങ്ങനെ കണ്ടൻ, കറുത്തമ്മയെ വിവാഹം കഴിച്ചു ജീവിച്ചുവന്നു.

മറവന്മാരുടെ ആക്രമണവും ഒളിച്ചുതാമസവും

ഇങ്ങനെ സമാധാനപരമായി ജീവിച്ചുവരുന്ന കാലത്താണ് മറവപ്പടയുടെ ആക്രമണം ഉണ്ടാകുന്നത്. അവരുടെ നേതാവിന്റെ പേര് ഉദയനൻ എന്നായിരുന്നു. മറവന്മാരുടെ കുലദൈവവും ശിവൻ ആയിരുന്നതിനാൽ, നിലയ്ക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ശിവപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ തകർത്തില്ല. (പുറം-62). എന്നാൽ ഈ കഥയിൽ മലഅരയൻ പറയാത്ത മറ്റൊരുകഥയാണ് ദേവസ്വം ബോർഡ് പുറത്തിറക്കിയ പുസ്തകത്തിലുള്ളത് എന്നാണ് കണ്ണാട് പറയുന്നത്. ആ കഥ ഇങ്ങനെയാണ്, ‘പന്തളം കൊട്ടാരത്തിൽ നിന്നും ഉദയനാണ് രാജകുമാരിയെ തട്ടിക്കൊണ്ടുപോയതെന്നും, ജയന്തൻ നമ്പൂതിരി കാട്ടിൽ ചെന്ന് കുമാരിയെ രക്ഷിച്ച് പൊന്നമ്പലമേട്ടിൽ താമസിച്ചു, ആ ജയന്തന്റെ മകനാണ് അയ്യപ്പനെന്നുമാണ്’ (പുറം-63) എന്നാൽ കണ്ണാട്ട് ഈ കഥയെ വമർശിക്കുന്നുണ്ട്. കണ്ണാട്ട് ഇങ്ങനെ എഴുതുന്നു. ‘ആദിവാസികളെ പുറംതള്ളുകയും അവരുടെ പൂർവ്വികദൈവങ്ങളെ പ്രയോജനപ്പെടുത്തി പണം തട്ടുന്നതിനുള്ള തന്ത്രത്തിൽ ഒന്നുമാത്രമാണ് ഈ ജയന്തൻ കഥ വിരൽചൂണ്ടുന്നത്’ എന്നുമാണ്. കണ്ണാട്ടിന്റെ അഭിപ്രായം മറവപ്പടയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി ഒരു ഗുഹയിൽ കഴിഞ്ഞിരുന്ന കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച കുട്ടിയാണ് മണികണ്ടൻ. (പുറം-63) ഉദയനന്റെ ശല്യംനിമിത്തം പൊന്നമ്പലമേട്ടിൽ വിദ്യകളൊന്നും വശമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള അമ്മാവനോടൊപ്പം താമസിച്ചാണ് അയ്യൻ വിദ്യകൾ അഭ്യസിച്ചത് എന്നു കരുതപ്പെടുന്നു. എ.ഡി. 1120-ൽ തമിഴനാട്ടിൽ നിന്ന് കേരളത്തിലെത്തിയ മാനവിക്രമനെ പെരിയാറിന്റെ തീരത്തുള്ള വനത്തിൽ വെച്ച് കൊള്ളക്കാരിൽ നിന്നും രക്ഷിച്ചത് അയ്യനാണെന്നും ചരിത്രം പറയുന്നുണ്ട്. കടുവയുടെ ആക്രമത്തിൽ നിന്നും ഒരു പറച്ചിയെ രക്ഷിക്കുന്നുണ്ട്. മല്ലൻ, വില്ലൻ, കൊച്ചുകടുത്ത മുതലായവരിൽ നിന്നും മല്ലയുദ്ധങ്ങളും ഈഴവ കുടുംബമായ ചീരപ്പൻചിറയിലെ കളരിയിലെത്തി പൂഴിഅങ്കവും പയറ്റും വശമാക്കുകയും ചെയ്യുന്നുണ്ട്. മറവപ്പടയെ പരാജയപ്പെടുത്തുവാൻ ശക്തിയും പിൻബലവും ആവശ്യമുള്ളതിനാൽ, പാണ്ഡ്യരാജാവിനെ കാണാൻ തീരുമാനിക്കുകയും, മാതാപിതാക്കൾ അതിനെ വിലക്കിയെങ്കിലും പാണ്ഡ്യരാജാവിന്റെ കൊട്ടാരത്തിൽ എത്തുകയുമായിരുന്നു എന്നാണ് കഥ. (പുറം-64)

ഇതിന്റെ തുടർച്ചയായുള്ള കഥകൾ മലയാളികൾക്കു ചിരപരിചിതമാണ്. എന്നാൽ ചിലകാര്യങ്ങളിൽ നിന്നും ഇവിടെ അയ്യപ്പന്റെ കഥ വേറിട്ടുനിൽക്കുന്നതു കാണാം. ഒന്നാമതായി, ഒരു ഗോത്രരാജാവിന്റെ മകനാണ് മണികണ്ടൻ എന്നത്. രണ്ടാമതായി പന്തളരാജാവ് ഈ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയോ, എടുത്തുവളർത്തുകയോ ചെയ്യുന്നില്ല എന്നത്. മൂന്നാമതായി, അക്കാലത്തു നിലനിന്നിരുന്ന വിജ്ഞാന സമ്പാദനങ്ങൾ നടത്തുന്നതിനും, അക്കാലത്തെ ഇതരസമൂഹങ്ങളുമായുള്ള ബന്ധങ്ങളും നിലനിർത്തിയിരുന്ന ഗോത്രരാജകുടുംബത്തിന്റെ എല്ലാത്തരം വ്യക്തതയും നൽകിക്കൊണ്ടാണ് ഈ കഥ വികസിക്കുന്നത് എന്ന കാര്യം. നാലമത്തേതാകട്ടെ, പന്തളം രാജാവിനല്ല, പകരം പാണ്ഡ്യരാജാവിനാണ് കഥയിൽ പ്രാധാന്യം നൽകിയിരിക്കുന്നത് എന്നകാര്യം.

ചീരപ്പൻചിറ തറവാടും അയ്യപ്പൻ കഥയും

ഇതുപോലെ തന്നെ രൂപപ്പെട്ട മറ്റൊരു കഥയാണ് ചീരപ്പൻചിറ തറവാടുമായി ബന്ധപ്പെട്ട അയ്യപ്പന്റെ കഥയും. ചീരപ്പൻചിറക്കാർ ഈഴവരാണ്. എ.ടി ഋഷികുമാർ രചിച്ച ‘ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല’ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തി ഈ കഥ കൂടി പരാമർശിക്കാമെന്നു കരുതുന്നു. അതിൽ രണ്ട് കഥകൾ ഉണ്ട്. അവയെ ചുരുക്കി വിവരിക്കാം. ഒന്നാമത്തെ കഥയിൽ, മറവപ്പടയിൽ നിന്നും രക്ഷപ്പെടുന്നതിന്റെ ഭാഗമായി പന്തളം രാജാവ്, മകൾ മായയെ ചീരപ്പൻചിറ കുടുംബത്തിൽ സുരക്ഷിതമായി എത്തിക്കുകയും, എന്നാൽ കുമാരി അശുദ്ധപ്പെട്ടു പോയതിനാൽ അവിടെ ഏൽപ്പിക്കുകയും, പണിക്കരുടെ അനന്തിരവൻ മായയെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാമത്തെ കഥയാകട്ടെ, പന്തളം കൊട്ടാരത്തിൽ നിന്നും മറവപ്പടയുടെ നേതാവ് ഉദയനനൻ മായയെ വനാന്തരത്തിലേക്ക് തട്ടിക്കൊണ്ടു പോവുകയും, പന്തളം രാജാവ്, ചീരപ്പൻചിറ കുടുംബത്തിന്റെ സഹായത്തോടെ, മറവപ്പടയെ, പരാജയപ്പെടുത്തുകയും, മായയെ തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാൽ അശുദ്ധപ്പെട്ടതിനാൽ, രാജാവ് മകളെ മടക്കിക്കൊണ്ടുപോയില്ല. തുടർന്ന് പണിക്കരുടെ അനന്തിരവൻ മായയെ വിവാഹം കഴിക്കുകയും അവർക്കുണ്ടായ മകനാണ് അയ്യപ്പൻ എന്നുമാണ്. (പുറം-83)

മണികണ്ടൻ എന്ന അയ്യപ്പൻ: കഥയുടെ വ്യാപനം വാമൊഴിപ്പട്ടിൽ

ഈ കഥയിലും നമ്മൾ പ്രബലമായി കേട്ടുവരുന്ന കഥകൾ ഇല്ല. ഉപേക്ഷിക്കപ്പെട്ട ബാലൻ, എടുത്തുവളർത്തിയ പന്തളരാജാവ് എന്ന കഥ ഇവിടെയും ഇല്ല. മറിച്ചാവട്ടെ, തന്റെ മകൾ അശുദ്ധിപ്പെട്ടതിനാൽ ഒഴിവാക്കുന്ന ഒരു പിതാവിനെക്കുറിച്ച് ഈ രണ്ടു കഥയും വിവരിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം സ്മരണീയവുമാണ്. എന്നാൽ ചീരപ്പൻചിറയിലെ കഥയിൽ, അയ്യപ്പൻ ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുമ്പോൾ, മലഅരയരുടെ കഥയിൽ ഒരു സമൂഹത്തിലേക്ക് വ്യാപരിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. എന്നാൽ മറവപ്പടയോടു ഏറ്റുമുട്ടുകയും തങ്ങളുടെ ദേശം തിരിച്ചുപിടിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് മണികണ്ടനുള്ളത്. പാണ്ഡിപ്പട, ആലങ്ങാട്ടുപാട, അമ്പലപ്പുഴപ്പട, ചീരപ്പൻചിറപ്പട, മല്ലൻ, വില്ലൻ, വല്യകടുത്ത, കൊച്ചുകടുത്ത, വാവർ, ക്രൈസ്തവ പ്രമാണിമാർ തുടങ്ങിയ സംഘത്തിന്റെ അകമ്പടിയോടുകൂടിയാണ് മണികണ്ടൻ ഉദയനെയും സംഘത്തെയും ആക്രമിച്ച് തോൽപ്പിക്കുന്നത്. അഥവാ വിവിധ സമൂഹങ്ങളെ കൂട്ടിയിണക്കിയ ഒരു നേതാവായിട്ട് മാറിത്തീരുകയായിരുന്നു ഇവിടെ മണികണ്ടൻ. മണികണ്ടനെക്കുറിച്ചുള്ള കഥ, മലഅരയരിൽ വിപുലമാം വിധം വ്യാപിച്ചിട്ടുണ്ട്. അതേസമയം, ക്രൈസ്തവ, ഈഴവ, ഇതര ഗോത്രസമൂഹങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന കഥകളും വാമൊഴികളും കൂടിചേർത്താൽ മാത്രമേ അന്വേഷണങ്ങൾക്ക് പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂ എന്നു കരുതാം. ഈ കുറിപ്പ് അതിലേക്ക് മുതിരുന്നില്ല.

അതേസമയം മലഅരയസമൂഹത്തിൽ സവിശേമായി നിലനിൽക്കുന്ന വായ്‌മൊഴിപ്പാട്ടുകൾ പരിശോധിച്ചാൽ കേവലമായി ഒരു ഗോത്രത്തിനുള്ളിലേക്ക് ചുരുങ്ങിപ്പോയതല്ല അയ്യപ്പന്റെ കഥയെന്നും പത്താം നൂറ്റാണ്ടിലെയോ, അതിനുശേഷമോ രൂപപ്പെട്ട സാമൂഹിക ജീവിതത്തിന്റെ വിപുലമായ സൂചനകൾ നൽകുവാൻ പാര്യാപ്തവുമാണെന്ന് ഈ പാട്ടുകൾ എന്നും കാണാവുന്നതുമാണ്.

‘ആറാകും ആനി മാസം തന്നിലെ
അന്നരസങ്ങൾ കൊടുത്തുരസിച്ചു
ഏഴാകും തൻതിരുവയസ്സിങ്കൽ
കാതുകൾ കുത്തി കുരടുപകർന്നു
പാരാതെ അമ്മാവൻ തന്നോടെ,
പരിചൊടെഴുത്തു കണക്കു പഠിച്ചു’ (അയ്യപ്പൻ കഥ)

മലയാളത്തിൽ പരിചിതമായ, വാമൊഴിപ്പാട്ടുകളുടെ സാമ്പ്രദായിക ഘടനകൾക്കകത്താണ് ഈ ഗാനശാഖയും രൂപപ്പെട്ടിരിക്കുന്നത്. അതുപോലെ, ഗോത്രപ്പേച്ചുകൾ ഈ ഗാനങ്ങളിൽ ഇല്ല എന്നും കാണാവുന്നതാണ്. ഗുരുവന്ദനവും ഗണപതി, ശിവ വന്ദനങ്ങളും ഒക്കെ പറഞ്ഞു കൊണ്ടുതന്നെയാണ് ഈ വാമൊഴി രൂപപ്പെട്ടിരിക്കുന്നത്.

മലയാള വാമൊഴി ഗാനശാഖകളിൽ കാണുന്നതുപോലെ, ആര്യവൽക്കരണത്തിന്റെ കൈക്കടത്തലുകളും സ്വാഭാവികമായ കൂട്ടിച്ചേർക്കലും പരിണാമവും ഇവിടെയും ദർശിക്കാവുന്നതുമാണ്. കൊച്ചുകുട്ടിയായിരുന്ന അയ്യപ്പന് നൽകുന്ന പലതരം സവിശേഷതകൾ ഈ പാട്ടിലുണ്ട്. ഗോത്രരാജകുമാരന് ലഭിക്കുന്ന പരിഗണനകൾ ഇവിടെ കാണാം. ഗുഹയിൽ ഒളിച്ചു താമസിച്ചവർ ഇങ്ങനെയുള്ള ചടങ്ങുകൾ ഒക്കെ നടത്തി വന്നിരുന്നുവോ എന്ന ചോദ്യത്തിന് ഒരുപക്ഷെ, പിൽക്കാലത്ത് ചേർത്തതും നവീകരിച്ചതുമാകാം ഇത്തരം വരികൾ എന്നു കാണുന്നത് ഉചിതമാവുകയും ചെയ്യും.

ഇനിയാരേപോയ് സേവിക്കേണ്ടു
ഈഴപെരുമാളെ സേവിക്കാം
ഈഴലെനിക്കു വരുത്തുവതിനെ
ചോഴപെരുമാളെ സേവിക്കാം (അയ്യപ്പൻ പാട്ട്)

വളർന്നു യുവാവായ മണികണ്ടൻ തന്റെ ലക്ഷ്യം, മറവപ്പടയെ തുരത്തുകയാണെന്നു തിരിച്ചറിയുന്നു. എന്നാൽ ശ്രമപ്പെട്ട കാര്യമാണെന്നു മനസ്സിലാക്കുന്നുണ്ട്. ഈഴപ്പെരുമാളും, ചോഴപ്പെരുമാളും, പാണ്ഡ്യപ്പെരുമാളും ഉണ്ടായിരുന്നു. ഇവരുടെ പിന്തുണ ആവശ്യമാണെന്ന്, മണികണ്ടൻ തിരിച്ചറിയുകയും ചെയ്തിരുന്നു. പാണ്ഡ്യരാജ്യത്തേക്ക് യാത്രചെയ്യുവാൻ തീരുമാനിക്കുന്നുണ്ട്. അതിനോടുള്ള മറ്റുളവരുടെ പ്രതികരണം നോക്കുക.

‘നീ പോകുന്നതു പരരാജ്യത്തിന്
ഏവരുമേ ഒരുതുണ കൂടാതെ
പോവരുതേ മകനേ പരരാജ്യത്ത്
നാരികൾ പിള്ളേർ നായന്മാരും
ഈഴക്കുടികളുമൊക്കെ വിലക്കി” (അയ്യപ്പൻ പാട്ട്)

പരരാജ്യത്തേക്ക് യാത്ര ചെയ്യുന്ന വീരന്മാരുടെ കഥകൾ മലയാളത്തിന് പരിചിതമായതുകൊണ്ടു തന്നെ, അത്തരം ഗാനങ്ങളുടെ, ചേർക്കലും, ആഭിമുഖ്യവും ഇവിടെയും കാണുന്നുണ്ട്. കുടകുനാട്ടിൽ യാത്രപോവുന്ന വടക്കൻ പാട്ടുകളിലെ നായകന്മാരെപ്പോലെയും നായകവീരത്തെ കേന്ദ്രീകരിക്കുന്ന തമിഴ് കാവ്യങ്ങളുടെയും സ്വഭാവവും ഈ പാട്ടിലുണ്ട്. അതുകൊണ്ടു തന്നെയും വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. മലഅരയ സമൂഹത്തിൽ മാത്രം ഒതുങ്ങിനിന്നതല്ല. മറിച്ച് വിവിധ സമൂഹങ്ങളിലേക്ക് പടർന്നിറങ്ങിയവയായിരുന്നു ഈ ഗാനങ്ങൾ എന്നാണ്. പരരാജ്യം, നാരികൾ, പിള്ളേർ, നായർമാർ, ഈഴക്കുടികൾ തുടങ്ങിയ സമൂഹത്തിലെ വൈവിധ്യങ്ങളൊക്കെയും മണികണ്ടനെ വിലക്കുകയും, അപകടങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാകാം ഇത്തരം വിപുലമായ ഒരു സമൂഹത്തെ ഉൾക്കൊള്ളുവാൻ ഈ ഗാനശാഖയ്ക്കു സാധിച്ചത്. വളരെ പ്രധാനപ്പെട്ട ചിലകാര്യങ്ങൾ അതു വ്യക്തമാക്കിത്തരുന്നുണ്ട്.

‘അന്നൊരുവനവാസത്തിൽ ചെന്ന്
വഴിയിൽകണ്ടൊരു പറശ്ശിയുമപ്പോൾ
പോടീവഴിതാ പോയ് വഴിനീങ്ങ്
പാപീ അടിയൻ വഴിനീങ്ങുമ്പോൾ
പാത്തുകിടക്കും കടുവയുണ്ടേ
കടുവാ ഇവിടെ വരുന്നെന്നാകിൽ
ചുരികയ്ക്കിടയാക്കി കളവാൻ ഞാൻ’ (അയ്യപ്പൻ കഥ)

മണികണ്ടൻ പാണ്ടിനാട്ടിലേക്കു പോകുന്ന വഴിയിൽ പറച്ചി നിൽക്കുകയും പറച്ചിയോട് വഴിയിൽ നിന്ന് മാറി നിൽക്കടി എന്നു പറയുന്നതും പാപിയായ അടിയൻ വഴിമാറിയാൽ പാത്തു കിടക്കുന്ന കടുവ എന്നെ പിടിച്ചു തിന്നുമെന്നും, കടുവ നിന്നെ പിടിച്ചാൽ ചുരിക കൊണ്ട് അതിനെ കൊല്ലുമെന്നതും, അങ്ങനെ വഴിമാറിയ പറച്ചിയെ കടുവ പിടിക്കുന്നതും കടുവയെ കൊന്ന് ആ സ്ത്രീയെ രക്ഷിക്കുന്നതും ഈ പാട്ടിൽ വിവരിക്കുന്നു. ഒരു നായകനു ആവശ്യമുള്ള എല്ലാതരത്തിലുമുള്ള ധീരതയും സാഹസികതയും മണികണ്ടനുണ്ട്. പറച്ചിയോടുള്ളത് ഗോത്രപരമായ അകലമോ അയിത്തമോ സ്ത്രീവിരോധമോ ഒക്കെയാകാം. അതേസമയം മറ്റൊരു കഥയെ ഇവിടെ ഓർമിപ്പിക്കുന്നുണ്ട്. പാണ്ടിനാട്ടിലേക്കു യാത്ര ചെയ്ത ശങ്കരാചാര്യർ, ചണ്ഡാളനെ കണ്ട് വഴിമാറാൻ പറഞ്ഞ കഥയാണ് അത്. എന്നാൽ അതിന്റെ ആവർത്തനമോ, സ്വീകരിക്കലോ ആണെന്നു പറയാനാവില്ലയെങ്കിലും, ഒരു കഥ മറ്റൊരു കഥയെ ഓർമ്മപ്പെടുത്തുന്നു എന്ന നിലയിലാണ് അവ കെട്ടിച്ചമച്ചിട്ടുള്ളത് എന്നു കാണാം.

‘അയ്യപ്പൻ വരും ഇന്നിവിടേക്ക്
കച്ചകെട്ടി കരിമ്പുലി തിരുമെയ്യും കറുപ്പിച്ചേ\
പച്ചതലപ്പുലികെട്ടി പുലിക്കുഞ്ഞും കയ്യിലേന്തി
ആര്യനാടും മലനാടും പാണ്ടിനാടും നോക്കിചുറ്റി
നാലുനാടും നോക്കിച്ചുറ്റി
നായാടി പുലികൊള്ളുന്നയ്യൻ
ശക്തിയേറും ശബരിമല
ഭൂക്തിയേറും പെരുവന്താനം
കട്ടിയേറും കല്ലടിക്കാടൻ
തെരുവേറും ചൂരക്കാടൻ (അയ്യപ്പനെക്കൊണ്ട്)

എന്ന പാട്ട് അയ്യപ്പന്റെ ഗോത്രരൂപങ്ങളെ വ്യക്തമാക്കി തരുന്നുണ്ട്. കച്ചകെട്ടിയും, പച്ചതലപ്പുലി കെട്ടിയും, പുലിക്കുഞ്ഞിനെയും കയ്യിലേന്തി വരുന്ന കാഴ്ച പ്രധാനപ്പെട്ടതാണ്. എന്നാൽ ഒരു ചെറിയ ദേശത്ത് ഒതുങ്ങി നിൽക്കുന്നില്ല അയ്യപ്പന്റെ നാമം എന്ന് ഈ പാട്ടുവ്യക്തമാക്കുന്നുണ്ട്. ആര്യനാട് – ഉത്തരദേശം മലനാട് -കേരളം, പാണ്ടിനാട്, എന്നിങ്ങനെ വിവിധ ദേശങ്ങളിൽ പരിചിതമാണ് ആ നാമം. നായാടി-വേട്ടയാടി പുലികൊള്ളുന്നനവയ്യൻ, ശബരിമല, പെരുന്താവനം, കല്ലിക്കാടൻ, പൂരക്കാടൻ എന്നിങ്ങനെ വിവധഗോത്ര ദേശങ്ങളിലും അയ്യപ്പൻ പ്രശസ്തനായിരിക്കുന്നത് വ്യക്തമാക്കിത്തരുന്നു.

കരുന്തടക്കനും വിക്രമാദിത്യവരഗുണനും

മണികണ്ടന്റെ കാലഘട്ടമായ പത്താം നൂറ്റാണ്ട്, അവസാനത്തെ ആയ് രാജാക്കന്മാരുടെ കാലഘട്ടത്തെയാണ് അനുസ്മരിപ്പിക്കുന്നത്. കരുന്തടക്കന്റെയും വിക്രമാദിത്യവരഗുണന്റെയും ശേഷം രൂപപ്പെട്ട ശൈവ-വൈഷ്ണവ കടന്നുകയറ്റവും വർണ്ണവ്യവസ്ഥാധിഷ്ഠിത പരിണാമങ്ങളും ഇതര തദ്ദേശീയ സമൂഹങ്ങളെ ചിതറിച്ചു പരാജയപ്പെടുത്തിയ കാലഘട്ടം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ കരിമല അരയന്റെയും മകൻ കണ്ടന്റെയും, അദ്ദേഹത്തിന്റെ മകൻ മണികണ്ടൻ എന്ന അയ്യപ്പന്റെയും കാലഘട്ടം അവസാനത്തെ ആയ് രാജക്കന്മാരുടെ കാലഘട്ടം ആയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. തെക്കൻ പ്രദേശങ്ങളിൽ കാണിക്കാർ ഉൾപ്പെടെയുള്ള അരയസമൂഹങ്ങൾ മറ്റു രാജവാഴ്ചകൾക്ക് വഴിപ്പെട്ട കാലം കൂടിയായിരുന്നു ഇത്.

മണികണ്ടനു ലഭിച്ച ജനപിന്തുണ, ഗോത്രരാജാവ് എന്ന നിലക്കു മാത്രമായിരുന്നില്ല. വാണിജ്യ- വ്യാപാര ബന്ധങ്ങളെ പുനർ ഏകീകരിക്കുന്നതിനും അതോടൊപ്പം വർണാശ്രമ ധർമവ്യവസ്ഥയിൽ നിന്നും വിടുതൽ നേടുന്നതിനും പ്രത്യേകിച്ചും ശൈവസിദ്ധന്മാരുടെ ശ്രമങ്ങൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നതിന്റെ സൂചന കൂടി വ്യക്തമാക്കുന്നതുമാണ്.

അക്കാലത്തെ ചില പ്രാദേശിക ദൈവങ്ങളെക്കുറിച്ചുള്ള വിവരണവും ലഭ്യമാണ്. കടുത്ത സ്വാമികൾക്കൊരു പൊൻചൂരൽ നേരണം, കറുത്ത സ്വാമികൾക്കൊരു പൊൻചുരിക നേരണം, കറുപ്പ സ്വാമിക്കൊരു കറുപ്പു കച്ച നേരണം എന്നിങ്ങനെ വരുന്ന വിവിധ ദൈവങ്ങളുടെ ഗണത്തിൽ ഇടക്കെട്ടിൽ വാവർ കൂടി ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗോത്രസമൂഹങ്ങളുമായുള്ള ബന്ധം പോലെ തന്നെ, ഇതര ബഹുജനങ്ങളുമായുള്ള ബന്ധവും കൂടി ഉൾപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിച്ചുവല്ലോ. അയ്യപ്പന്റെ പടയിൽ അണിചേർന്ന സമൂഹങ്ങളെ നോക്കുക. പാണ്ഡിപ്പട, ആലങ്ങാട്ടുപട, അമ്പലപ്പുഴപട, ചീരപ്പൻചിറപ്പട എന്നിവരും വാവരുടെ സംഘവും അയ്യപ്പനൊപ്പം നിന്നു.

അയ്യപ്പനും പിമ്പേ വാവരും പൂമലത്തേവരും മല്ലനും വില്ലനും, കൊച്ചുകടുത്തയും പുതുശ്ശേരി മുണ്ടൻ ഉടുമ്പാറ വില്ലനും തലയെടുപ്പുള്ള തലപ്പാറ വില്ലാളിവീരനും കരിമല പൊന്നരയനും പൊൻപാറ അരയനും കലിഹരമതികളതിശൂന്മാർ എന്നിങ്ങനെ നിരവധി പ്രമുഖർ അയ്യപ്പന്റെ ഒപ്പം അണിനിരക്കുന്നുണ്ട്. ആളും അർത്ഥവും മാത്രമല്ല, മരുന്നും മന്ത്രവും കൊണ്ട് സഹായിക്കുവാനും ആളുകൾ ഉണ്ടായിരുന്നു. മയോക്കി അമ്മ എന്ന വേട്ടുവ മാതാവ് ഇതിൽ പ്രമുഖയായിരുന്നു. അവരുടെ ചികിത്സ കൊണ്ട് നിരവധിയാളുകളാണ് രക്ഷ നേടിയത്.

മറവപ്പടയുടെ ശല്യം അവസാനിക്കുക മാത്രമല്ല മെച്ചപ്പെട്ട വാണിജ്യ – വ്യാപാര ബന്ധങ്ങൾ രൂപീകരിക്കുവാനും ഇതിനെത്തുടർന്ന് അയ്യപ്പനും സുഹൃത്തുക്കൾക്കും സാധിച്ചു എന്നു കരുതേണ്ടതുണ്ട്. മരിച്ചുപോകുന്ന മുൻപിതാക്കൾക്കു നൽകുന്ന പൂജയുടെ ഭാഗമായതുകൊണ്ടാകാം കൊച്ചുകടുത്ത, വലിയ കടുത്ത, മായോക്കിയമ്മ, അമ്മദൈവങ്ങൾ കൂടാതെ മുൻപു ചൂണ്ടിക്കാണിച്ച പ്രമുഖർക്ക് ഒക്കെയും പൂജയും വഴിപാടും നടത്തുന്ന ചടങ്ങുകൾ ആരംഭിച്ചത്. അതേസമയം ഇത് മുഴുവൻ മനുഷ്യർക്കും സ്വീകാര്യമായ ഒന്നായി മാറിത്തീരുകയും ചെയ്തു. അയ്യപ്പന്റെ മരണത്തെ നിത്യം അനുസ്മരിക്കേണ്ട ഒന്നായി ബഹുജന സമൂഹം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടാവാം. ഇസ്‌ലാമികളായ സമൂഹത്തിന്റെ കച്ചവടത്തിന്റെ പ്രതീകമായ വാവരും, ക്രൈസ്തവ കച്ചവടപ്രതീകമായ ആർത്തുങ്കൽ പള്ളിയും തദ്ദേശീയമായി തെങ്ങും ഇതിന്റെ പ്രതീകമായി മാറുകയും ചെയ്തു. ആയ് രാജസമൂഹം പുലർത്തിയ ബന്ധങ്ങളുടെ തുടർച്ച എന്ന നിലയിൽ ഈഴവർ ഉൾപ്പെടെ തദ്ദേശസമൂഹത്തിനും ഇതരഗോത്രങ്ങൾക്കും അയ്യപ്പൻ സ്വീകാര്യനായിത്തീരുകയുമായിരുന്നു.

അയ്യപ്പന്റെ മരണശേഷം പ്രസ്തുത കഥകൾ കൂടുതൽ പൊടിപ്പുകളും തൊങ്ങലും വച്ച് വളർത്തിയെടുക്കുകയായിരുന്നു എന്നു കരുതാം. അതോടൊപ്പം പമ്പ നദിയുടെ തീരങ്ങളിൽ വികാസം നേടിയ ആയ് രാജസംസ്‌കാരവും തുടർന്നു വന്ന സംസ്‌കാരവും പലകാരണങ്ങളാൽ തകരുകയും സ്ഥാനവ്യതിയാനം സംഭവിക്കുകയും ചെയ്തും വിലയിരുത്താവുന്നതാണ്. അഥവാ ഗോത്രരാജാവിൽ നിന്നും വികാസം നേടി ബഹുജനങ്ങളിലേക്ക് വ്യപിച്ച വ്യക്തിത്വമായി അയ്യപ്പൻ മാറുകയായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ബ്രാഹ്മണാധികാരം പിടിമുറുക്കുന്നതോടു കൂടി കൂട്ടിച്ചേർക്കപ്പെട്ടതും ആര്യ പുരാണങ്ങളിലേക്കു ബന്ധിപ്പിക്കുന്നതുമായ നിരവധി കൂട്ടിച്ചേർക്കലുകൾ അയ്യപ്പനുമേൽ സംഭവിച്ചു എന്നു വ്യക്തമാണ്. ചാത്തൻ, കരിങ്കുട്ടി, ശാസ്താവ് തുടങ്ങി ബൗദ്ധ ദ്രാവിഡ സങ്കൽപങ്ങളിലേക്ക് വിഷ്ണു അംശം കൽപിക്കുന്നതും നിരവധി വൈഷ്ണവ ദൈവവിചാരങ്ങളെ കൊണ്ടുവരുന്നതും, ഇതോടുകൂടിയായിരുന്നു. അതേസമയം അയ്യപ്പനെ ആരാധിച്ചുവന്ന മലഅരയ പുരോഹിതരെ ഒറ്റയടിക്ക് ഒഴിവാക്കാൻ ബ്രാഹ്മണമേധാവിത്വം തയ്യാറായിരുന്നില്ല. പടിപടിയായിട്ടാണ് അത് സാധിച്ചെടുത്തത്. കരിമല അരയൻ, കോർമ്മൻ അരയൻ, പെരുമല അപ്പൂപ്പൻ, താളനാനിയിൽ കൊച്ചുനാണു അരയൻ എന്നിങ്ങനെയുള്ള നിരവധി പുരോഹിതരെ പടിപടിയായി ഒഴിവാക്കുകയും അതിനായി സ്വതന്ത്രരാജ്യത്തിന്റെ നിയമങ്ങളെയും തെറ്റായി ഉപയോഗിച്ചു എന്നും മനസ്സിലാക്കാവുന്നതാണ്.

പന്തളം രാജകുടുംബവും ക്ഷത്രിയപദവിയും

കേരളത്തിലെ ശാസ്ത്രാക്ഷേത്രങ്ങൾ പരശുരാമൻ സൃഷ്ടിച്ചതല്ല എന്നുവ്യക്തമാക്കുന്ന നിരവധി രേഖകൾ നമുക്കു മുന്നിലുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പന്തളം രാജകുടുംബത്തിന്റെ പ്രവേശനവും. തിരുമലനായ്കരുമായി രൂപപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശിവഗിരിയിലെത്തിയ ഇവർ തെങ്കാശി, ഇലന്തൂർ, മണിയം, എന്നിവിടങ്ങളിൽ ഭൂമി സമ്പാദിക്കുകയും അച്ചൻകോവിൽ (അജ്ജൻ/അയ്യൻ-അയ്യൻകോവിൽ) എന്നറിയപ്പെട്ടിരുന്ന, പ്രദേശത്ത് താമസിച്ചതിനാൽ ആവാം, ആ പ്രദേശം പാണ്ടിത്താവളം എന്നും പിന്നീട് പന്തളം എന്നും അറിയപ്പെട്ടത്. തിരുവാഭരണ റിക്കാർഡിൽ 549 തവണ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി എന്നു കാണുന്നു. ഈ കേരളവർഷത്തെ കൂട്ടിയെടുക്കുകയാണെങ്കിൽ 13-14 നൂറ്റാണ്ടുകളാണ് ഇതിന്റെ കാലം എന്നു വ്യക്തമാണ്.

മറ്റൊരു കാര്യം അയ്യപ്പനെ കുറിക്കുന്ന പദങ്ങളും പൂജാവിധികളും ഭാരതീയ തന്ത്രങ്ങളിൽ കാണുന്നില്ല എന്നതും, ശാസ്താവുമായി ബന്ധപ്പെട്ടാണ് ഇവ കാണുന്നതും എന്നതാണ്. താഴ്മൺ കണ്ഠരര് മഹേശ്വരര് ഇക്കാര്യം എഴുതിയിട്ടുള്ളതിനെക്കുറിച്ച്, കണ്ണാട് വ്യക്തമാക്കുന്നുണ്ട്. (പുറം 146)

സ്ത്രീസാന്നിധ്യവും ശബരിമലയും

ശബരിമലയും സ്ത്രീകളും എന്ന തലക്കെട്ടിൽ (പുറം 76-77) കണ്ണാട് എഴുതുന്നത്, മലഅരയ സ്ത്രീകൾക്ക് ശബരിമല പ്രവേശനത്തിനു വിലക്കുണ്ടായിരുന്നില്ല എന്നാണ്. മയോക്കി അമ്മയെപ്പോലുള്ള മൂർത്തികളെക്കുറിച്ച് നമ്മൾ മുമ്പുതന്നെ കണ്ടതാണല്ലോ. ശബരിമലയുടെ ഊരാഴ്മകുടുംബാംഗമായ കൊച്ചീരിയുടെ ഓർമ്മയിൽ ഇത് വ്യക്തമാക്കുന്നുണ്ട്. അരയസ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയരുന്നതിനെക്കുറിച്ച് പ്രായം ചെന്ന സ്ത്രീകൾ പറഞ്ഞതിനെക്കുറിച്ച് കൊച്ചീരി വെളിപ്പെടുത്തുന്നുണ്ട്. കണ്ണാടിന്റെ രണ്ടാമത്തെ പുസ്തകത്തിൽ (സമ്പൂർണ അയ്യപ്പചരിത്രം) ശബരിമലയിൽ മലഅരയർ സകുടുംബം പോയിരുന്നതായി പരാമർശിക്കുന്നുണ്ട്. (പുറം-147). ഇതിൽ നിന്നും വ്യക്തമാകുന്നത് പിൽക്കാലത്ത് നിർത്തലാക്കപ്പെട്ട ഒരു വസ്തുതയാണ് ശബരിമല സ്ത്രീപ്രവേശം എന്നാണ്. അതേസമയം ശബരിമലയുടെ ആധിപത്യം ബ്രാഹ്മണർക്കു മുന്നിലെത്തിയപ്പോഴും സ്ത്രീപ്രവേശം തുടർന്നുവന്നിരുന്നു എന്നതിന്റെ തെളിവുകളാണ്, കൂട്ടമണിപോറ്റി, രാമചന്ദ്രൻ പോറ്റി തുടങ്ങിയവർ നടത്തിയ വെളിപ്പെടുത്തലുകൾ എന്നും കണ്ണാട് വ്യക്തമാക്കുന്നു. (പുറം-148)

ആര്യാധിനിവേശത്തിന്റെ പീഢനങ്ങളും കാട്ടരചന്മാരുടെ സ്ഥാനചലനങ്ങളും

ആര്യാധിനിവേശത്തെ തുടർന്ന് തദ്ദേശീയരായിരുന്ന രാജാക്കന്മാർക്ക് സ്ഥാനത്യാഗം വരുന്നതിന്റെ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ആര്യൻ സമൂഹത്തോട് ചേർന്നു നിന്നവർക്ക് ക്ഷാത്രിയപദവിയോ, ശൂദ്രപദവിയോ കൽപിച്ചുകൊണ്ട് കൂടെ നിർത്തുകയായിരുന്നു ഈ സമ്പ്രദായം. പല നാട്ടുരാജാക്കന്മാരും മലഅരയരെയും കാണിക്കാരെയും അയിത്തവിഭാഗങ്ങൾക്കു സമാനമായി സാമൂഹികപദവിയൽ നിന്നും തരംതാഴ്ത്തുകയായിരുന്നു. അയിത്തക്കാരാക്കിത്തീർത്ത ഇത്തരം തരംതാഴ്ത്തലുകൾ എന്തുകൊണ്ടായിരുന്നു എന്ന കാര്യം അംബേദ്കർ നടത്തിയിട്ടുള്ള വിശകലനത്തിലേക്കാണ് എത്തിക്കുന്നത്. ബ്രാഹ്മണികമായ ദർശനങ്ങൾക്കു പുറത്തുനിൽക്കുന്നവരെ തരംതാഴ്ത്തുന്ന ഒരു സമ്പ്രദായത്തിന്റെ ഭാഗമാണ് ഇത് എന്ന് അംബേദ്കർ വിലയിരുത്തുന്നുണ്ട്. അതിനു സമാനമായിരുന്നു മലഅരയരും – കാണിക്കാരും – ഇതര ഗോത്രസമൂഹങ്ങളും അനുഭവിച്ച സാമൂഹിക ബഹിഷ്‌കരണവും. രാജ്യവും പദവിയും അധികാരനഷ്ടവും മാത്രമല്ല സാമൂഹിക ബഹിഷ്‌കരണവും ഇവർക്കു സംഭവിച്ചു എന്നു കാണാം.

കണ്ണാട് വിലയിരുത്തുന്നതു നോക്കുക: ‘ആദിവാസികൾക്ക് മഞ്ഞൾ ഉപയോഗിക്കാൻ ഇവർ സമ്മതിച്ചിരുന്നില്ല. പുതിയ വസ്ത്രങ്ങളൊ ചാക്കോ മറ്റൊ വാങ്ങിയാൽ പുകപിടിപ്പിച്ച ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂ, സ്വന്തമായി നെല്ലോ കുരുമുളകോ മാറ്റിവെയ്ക്കാൻ പാടില്ല. ഇവ കണ്ടുപിടിച്ചാൽ കഠിനശിക്ഷയായിരിക്കും ഫലം. കുനിച്ചുനിർത്തി കല്ല് മുതുകിൽ വെയ്ക്കുകയും, ചാട്ടവാറിനടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയുടെ ഒരു ഘട്ടത്തിലാണ് മലഅരയരിൽ ഒരു വിഭാഗം ക്രൈസ്തവമതം സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നു.’

മലഅരയർ പൂർണമായും പുറത്താക്കപ്പെടുന്നു

കണ്ണാട് പറയുന്നതുനോക്കുക, ശബരിമലയിൽ ആര്യസിദ്ധാന്തമനുസരിച്ച് പ്രതിഷ്ഠ നടത്തിയത് കൊല്ലവർഷം 1126 ഇടവം 4-ാം തിയ്യതി അത്തം നക്ഷത്രത്തിൽ, വെള്ളിയാഴ്ച, ബ്രഹ്മകണ്ഠരരു ശങ്കരൻ നമ്പൂരതിരിയാണ്. അഥവാ 1951-ലാണ് ഇത് എന്നു വ്യക്തം. അതേസമയം 1079-വരെ മലഅരയരുടെ ആചാരത്തിലായിരുന്നു ശബരിമല എന്നു കാണുന്നു. അഥവാ 1904 വരെ മലഅരയരുടെ കൈവശം ആയിരുന്നു ഇത്. ഇക്കാലത്താണ് പുല്ലുമേഞ്ഞിരുന്ന ക്ഷേത്രത്തിന് തീപിടിച്ചത്. ക്ഷേത്രം പുതുക്കിപ്പണിയാൻ പന്തളം രാജാവ് ക്വട്ടേഷൻ ക്ഷണിച്ചു. മൂന്നുപ്രാവശ്യം കൊട്ട്വേഷൻ ക്ഷണിച്ചിട്ടും ക്ഷേത്രം പണിയാൻ ആരും തയ്യാറായില്ല. ഒടുവിൽ പോളച്ചിറ കൊച്ചുതൊമ്മൻ കോണ്ടാക്ടർ പണി ഏറ്റെടുത്തു. ഇദ്ദേഹം ഇതിനിടയിൽ മരണപ്പെട്ടു. തുടർന്ന് വടക്കേതലയ്ക്കൽ സ്‌കറിയാ കത്തനാർ പണി പൂർത്തീകരിച്ചു. അനാര്യ ക്ഷേത്രം ആയതിനാലാണ് മറ്റാരും ക്ഷേത്രനിർമാണത്തിന് താൽപര്യം കാണിക്കാതിരുന്നത്. അതേസമയം അയ്യപ്പനിൽ മതേതരമുഖം വളരെമുമ്പുതന്നെ ഉള്ളതുകൊണ്ടാണ് സ്‌കറിയാ കത്തനാർ തുടങ്ങിയവർ ഇതിനു മുൻകയ്യെടുത്തതും.

മലഅരയർ – പുറത്താവുന്നു, വഴിപാടുകൾ തുടരുന്നു

മലഅരയരെ ആ പ്രദേശങ്ങളിൽ നിന്നും പടിപടിയായി പുറത്താക്കുകയായിരുന്നു തുടർന്നു. അപ്പോഴും പൂജവഴിപാടിൽ നിന്നു പൂർണമായും ഒഴിവാക്കിയിരുന്നില്ല. ഇരുമ്പൂന്നിക്കര, മൂഴിക്കൽ, കാളകെട്ടി എന്നീ പ്രദേശങ്ങളിലെ മലഅരയരുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ ബ്രാഹ്മണ പൂജാരിമാർ ഗോത്രഅമ്പലങ്ങൾ കൈവശപ്പെടുത്തിവരുന്ന കാലമായിരുന്നു ഇത്. തുടർന്ന് ഈ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗമാവുകയും മലഅരയർ പുറത്താവുകയും ചെയ്തു.

ഗോത്രങ്ങൾ സ്വന്തം വിശ്വാസങ്ങൾ തുടരുന്നു

ഒരുവശത്ത് ആര്യവൽക്കരിച്ച അയ്യപ്പനും, അതിന്റെ സാംസ്‌കാരികലോകവും നിലനിൽക്കുമ്പോൾത്തന്നെ മറുവശത്ത് ഗോത്രബോധവും അതിന്റെ ജീവിതചിഹ്നങ്ങളും നിലനിൽക്കുകയും ചെയ്തിരുന്നു. അന്തരിച്ച പൂർവ്വപിതാക്കന്മാരും മലദൈവങ്ങളും മണ്ണ്, പിച്ചള, ഇരുമ്പ്, കല്ല് എന്നിവ കൊണ്ട് നിർമ്മിച്ച അപൂർവ്വം ചില ബിംബങ്ങൾ ഇവർ സൂക്ഷിച്ചുവന്നു. പ്രകൃതിയോടുള്ള ബഹുമാന സൂചകമായും അടുപ്പവും, മലമൂർത്തി, നാട്ടുപേ തുടങ്ങിയവയും ഒരുകാലത്ത് ഗോത്രദൈവങ്ങളുടെ ഉദാഹരണങ്ങളായിരുന്നു. എന്നാൽ അവയുടെ തുടർച്ചകൾ പലരൂപത്തിലും കാണാൻ സാധിക്കുമെങ്കിലും പുതുതായി രൂപപ്പെട്ട ദൈവങ്ങൾ കൂടിച്ചേരുന്നതാണ് മലഅരയരുടെ ദൈവിക-ആത്മീയ ഇടങ്ങൾ. 1950-ൽ ദേവസ്വത്തെ കേരളഗവൺമെന്റ് ഏറ്റെടുത്തതോടുകൂടി പടിപടിയായി പുറത്താക്കപ്പെട്ട ഒരു ജനതയെ ആണ് നാമിവിടെ കാണുന്നത്. അവസാന പുരോഹിതനെയും ഒഴിവാക്കുവാൻ ഏറെക്കാലം വേണ്ടിവന്നു. അവയെക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് കണ്ണാട്. ബ്രാഹ്മണരായ വെളിച്ചപ്പാടുമാർ, വനപാലകർ, അധികാരികൾ, വനനിയമങ്ങൾ, അങ്ങനെ പലതിന്റെയും സമ്മിശ്രമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് മലഅരയസമൂഹത്തെയും ഇതരഗോത്രസമൂഹത്തെയും ശബരിമലയിൽ നിന്നും തുടച്ചുനീക്കിയത് എന്നു വ്യക്തമാണ്.

മലഅരയരും ബൗദ്ധരും

ബൗദ്ധസമൂഹവുമായി ശബരിമല അയ്യപ്പന് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്നതാണ് അവസാനത്തെ ചോദ്യം. ഇന്ത്യയിലെയും കേരളത്തിലെയും അടിസ്ഥാനജനതകൾക്ക് ബുദ്ധിസവുമായി എന്താണ് അടുപ്പം എന്ന ചോദ്യവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യവും നിലനിൽക്കുന്നത്. ഈഴവസമൂഹത്തിലും തദ്ദേശസമൂഹങ്ങളിലും ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധസംസ്‌കാരത്തെ കണ്ടെത്താൻ സാധിക്കുമോ എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രധാനമായിട്ടുള്ളത്. ആയ് വംശം ബൗദ്ധസംസ്‌കാരത്തെ മാതൃകയാക്കിയ സമൂഹം ആയിരുന്നു. കരുനന്ദടക്കനും, വിക്രമാദിത്യവരഗുണനും അതിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന വ്യക്തിത്വങ്ങളാണ്.
അതേസമയം ജനാധിപത്യബോധവും വർണ്യ-ജാതിബോധത്തെ സ്വീകരിക്കാത്തതും മതേതരവുമായ പ്രവർത്തിപഥവും അയ്യപ്പൻ മുന്നോട്ടുവെച്ചു. ബൗദ്ധമായതും ശൈവസിദ്ധമായതുമ.

അതേസമയം ജനാധിപത്യബോധവും വർണ്യ-ജാതിബോധത്തെ സ്വീകരിക്കാത്തതും മതേതരവുമായ പ്രവർത്തിപഥവും അയ്യപ്പൻ മുന്നോട്ടുവെച്ചു. ബൗദ്ധമായതും ശൈവസിദ്ധമായതുമായ അംശങ്ങളുടെ തുടർച്ചയാണ് നമുക്ക് ഇതിൽ ദർശിക്കാൻ സാധിക്കുക. അതേസമയം ഇതരസമൂഹങ്ങളുമായി മിശ്രപ്പെട്ടു മലീമസമാകുവാൻ ആഗ്രഹിക്കാത്ത ജാതിബോധവും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. സാംസ്‌കാരികമായ ഈ സമ്മിശ്രതയിൽ ബുദ്ധിസത്തിന്റെ സ്വാധീനവും നമുക്കു കണ്ടെടുക്കാൻ സാധിക്കും. അതേസമയം ഒന്നാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടുവരെ കേരളം ഉൾപ്പെടുന്ന ദ്രാവിഡ ദേശങ്ങളിൽ ബുദ്ധസംസ്‌കാരം നിർണായകസ്വാധീനം ചെലുത്തിയിരുന്നു എന്നത് പകൽപോലെ വ്യക്തമാണ്. പുലയർ ഉൾപ്പെടുന്ന തദ്ദേശീയരും
ഈഴവരും,
മലഅരയർ,
ഉൾപ്പെടെയുള്ള ഗോത്രസമൂഹവും, വിശ്വകർമ്മജനസമൂഹങ്ങളും
ഒക്കെയും ബൗദ്ധസമൂഹങ്ങളായിരുന്നു എന്നത് അദൃശ്യതപോലെ ദൃശ്യവുമാണല്ലോ.