വെറും 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് ഏകദേശം 3.75 ലക്ഷം കോടി രൂപ, 130 കോടി ജനങ്ങളുള്ള ഇന്ത്യ 15000 കോടി

83
MB Rajesh
പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് കേൾക്കുകയായിരുന്നു. പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. അക്ഷരംപ്രതി. പക്ഷേ പറയാതെ പോയത് ഞെട്ടിച്ചു. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായി.
21 ദിവസം പുറത്തിറങ്ങാൻ കഴിയാത്തവർ, ദിവസക്കൂലിക്ക് പണിയെടുത്തു ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യർ എന്ത് കഴിക്കും? എങ്ങിനെ കഴിക്കും? ആര് കൊടുക്കും? അതിന് കേന്ദ്ര സർക്കാറിൻ്റെ സഹായമെന്ത്? ലോക്ക് ഡൗൺപ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി ഇതെല്ലാം പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.അദ്ദേഹം ആകെ പറഞ്ഞത് 15000 കോടിയുടെ ആരോഗ്യപാക്കേജിനെക്കുറിച്ച് മാത്രം. കേരളം പോലൊരു ചെറിയ സംസ്ഥാനം 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതോർക്കുക. 135 കോടി ജനങ്ങളുള്ള ഒരു രാജ്യം ദീർഘകാലം പൂട്ടിയിടേണ്ടി വരുന്നത്ര ഗുരുതരമായ ഒരു സാഹചര്യം നേരിടാൻ ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും മിനിമം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് 50 ബില്യൺ ഡോളർ (ഏകദേശം 3.75 ലക്ഷം കോടി രൂപ.), അഞ്ചു കോടി ജനസംഖ്യയുള്ള ബ്രിട്ടൻ 900 ബില്യൺ ഡോളർ (67.5 ലക്ഷം കോടി രൂ) അമേരിക്ക 2.2 ട്രില്യൺ ഡോളർ ( 165 ലക്ഷം കോടി രൂപ) എന്നിങ്ങനെ പോകുന്നു സാമ്പത്തിക പാക്കേജുകൾ ! രാജ്യത്തെ ജീവിതം കൊറോണക്കും പട്ടിണി കുമിടയിൽ പൂട്ടിയിടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്തേ തീരൂ. ഒട്ടും കാലതാമസമില്ലാതെ. ഇപ്പോൾ. പ്രധാനമന്ത്രി പറഞ്ഞതിലൊന്നും തർക്കത്തിനില്ല. എല്ലാം അംഗീകരിക്കാം. പക്ഷേ പറയേണ്ടതു പറയും.