MB Rajesh

രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ കൊടുക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക

പൗരത്വബിൽ പാസ്സായ ഇരുട്ടു കനത്ത ഈ രാത്രിയിൽ ആ പഴയ പുസ്തകം ഒരിക്കൽ കൂടി മറിച്ചു നോക്കി.പ്രസംഗിക്കുമ്പോൾ ഒരു പാട് ഉദ്ധരിച്ച വിഷലിപ്തമായ വാക്യങ്ങൾ ഇത്രവേഗം അതിൽ നിന്ന് ഇഴഞ്ഞ് വന്ന് ഇന്ത്യൻ ജീവിതത്തെ ദംശിക്കുമെന്ന് കരുതിയിരുന്നില്ല. ചിത്രത്തിലുള്ളത് 1939 ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ പുസ്തകവും അതിലെ പേജ് 47 ഉം 48 ഉം. പുസ്തകത്തിന്റെ പേര് ‘ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവ്വചിക്കപ്പെടുന്നു.’ ഗോൾവാൾക്കർ അന്ന് നിർവ്വചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് ഈ രാത്രിയിലെ ഇരുളിൽ പാസ്സാക്കിയ പൗരത്വ നിയമം. മതനിരപേക്ഷ ഭരണഘടനയെ പിച്ചിച്ചീന്തി, മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്ന ഈ നിയമത്തിന്റെ വേര് ഗോൾവാൾക്കറുടെ ഈ പുസ്തകത്തിലാണ്.
പേജ് 47: അടിവരയിട്ടഭാഗം
“വൈദേശിക ഘടകങ്ങൾക്ക് മുന്നിൽ രണ്ട് വഴികളേയുള്ളൂ, ദേശീയ വംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്കാരം സ്വീകരിക്കുകയും ചെയ്യുക, അല്ലെങ്കിൽ ദേശീയ വംശത്തിന്റെ ദയയിൽ അവർ അനുവദിക്കുന്ന കാലത്തോളം ഇവിടെ കഴിയുകയും അവരുടെ ഔദാര്യത്തിൽ രാജ്യം വിടുകയും ചെയ്യുക.”

വിദേശ ഘടകങ്ങൾ എന്നാൽ മുസ്ലീം, കൃസ്ത്യൻ, കമ്യുണിസ്റ്റ്
അനുവദിച്ച സമയം കഴിഞ്ഞു എന്നതിന്റെ മണിമുഴക്കമാണ് ഈ നിയമം.

പേജ്47 ൽ തുടർന്നു പറയുന്നു.
” ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം, ഹിന്ദു വംശത്തേയും സംസ്കാരത്തേയും അതായത് ഹിന്ദു രാഷ്ട്രത്തേയും മഹത്വവൽക്കരിക്കുക എന്നതല്ലാതെ മറ്റൊരു ആശയവും വെച്ചു പൊറുപ്പിക്കരുത് എന്നു മാത്രമല്ല അവർ പ്രത്യേക അസ്തിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണ്ണമായും കീഴടങ്ങിയും ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേ ഷാവകാശത്തിനും അർഹതയില്ലാതെയും-പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം.”

ഗോൾവാൾക്കർ ഈ പറഞ്ഞതാണ് ഇന്ന് നിയമമായത്.രാജ്യത്തെ ആഴത്തിൽ വിഭജിക്കുകയാണ്. ഇപ്പോൾ അവർക്ക് അങ്ങിനെ ചെയ്തേ പറ്റൂ.കാരണം രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ലായ് 45 വർഷത്തെ ഉയർന്ന നിലയിൽ.ഉപഭോഗച്ചെലവ് നാൽപതു വർഷത്തിലാദ്യമായി താഴെ പോയി. രൂപ റെക്കോഡ് തകർച്ചയിലാണ്. കിട്ടാക്കടം റെക്കോഡ് വർദ്ധനയിലും. പെട്രോൾ-ഡീസൽ വില ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. കള്ള വാഗ്ദാനങ്ങളെല്ലാം പൊളിഞ്ഞു വീണിരിക്കുന്നു. ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ. രാജ്യത്തിന് തീ കൊടുക്കുക. ജനങ്ങളെ ഭിന്നിപ്പിക്കുക. ആ പുകപടലങ്ങൾക്കു പിന്നിൽ എല്ലാം മറയ്ക്കുക. രാജ്യത്തെയാകെ വിറ്റ് തുലക്കുക.1992 ഡിസ.6 ന് മതനിരപേക്ഷ ഇന്ത്യയുടെ അടിത്തറ പൊളിച്ചിട്ടതാണ്. ഇന്ന് 2019 ഡിസ.11 ന് ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസം നടത്തിയിരിക്കുന്നു. ഇനി പണി വേഗം പുരോഗമിക്കും.

മരിച്ചു പോയ പാകിസ്താനി കവയത്രി ഫഹ് മിദ റിയാസ് മൂന്നു വർഷം മുമ്പ് പറഞ്ഞത് എത്ര ശരി. “നിങ്ങൾ അതിവേഗം ഞങ്ങളെപ്പോലെയായിക്കൊണ്ടിരിക്കുകയാണ് ” പാകിസ്ഥാന നെപ്പോലെ ഇന്ത്യയെ മറ്റൊരു മത രാഷ്ട്രമാക്കാൻ അനുവദിക്കാതെ പൊരുതുക എന്ന പോംവഴി മാത്രമേയുള്ളൂ. ഗോൾവാൾക്കറുടേയും സവർക്കറുടേയും കുടില സ്വപ്നങ്ങളെ ചെറുക്കാനുള്ള പോരാട്ടം. അല്ലെങ്കിൽ നാസികാലത്തെ കുറിച്ചുള്ള ഏലീ വീസലിന്റെ ‘രാത്രി ‘ നോവൽ പോലെ ഇതുമൊരു നീണ്ട, തണുത്തു മരവിച്ച രാത്രിയുടെ തുടക്കമാവും.ചെറുത്തേ പറ്റൂ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.