MB Rajesh
ആ അറുപത്തിമൂന്നുപേരുടെയാണ് ഇന്ന് ഇന്ത്യ! ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 63 ശതകോടീശ്വരൻമാരുടെ ആകെ സ്വത്ത് 2018-19 ലെ ഇന്ത്യയുടെ ആകെ ബജറ്റിനേക്കാൾ കൂടുതലാണത്രേ. ബജറ്റ് തുക ഇരുപത്തിനാല് ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുനൂറു കോടി.63 പേരുടെ സ്വത്ത് അതിലുമധികം. ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഓക്സ്ഫാം ഇന്റർനാഷണലിന്റെ ആഗോള അസമത്വ റിപ്പോർട്ടിൽ ഇന്ത്യയെ കുറിച്ചുള്ള ഭാഗത്താണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ ആകെ സ്വത്ത് 95.3 കോടി ഇന്ത്യാക്കാരുടെ ആകെ സ്വത്തിന്റെ നാലിരട്ടി വരുമത്രേ. അതായത് ഏറി വന്നാൽ ഈ ഒരു ശതമാനം അതിസമ്പന്നരുടേതാണ് ഇന്ത്യ. അവരാണ് ഉടമകൾ.അവരോട് അഛേദിൻ എന്ന വാക്ക് പാലിച്ചു എന്ന് സമ്മതിച്ചേ തീരൂ.
ഭീതിദമായ, തല പെരുക്കുന്ന അസമത്വത്തിന്റെ കണക്കാണിത്. ഇനി വേറൊരു താരതമ്യം നോക്കു. ഇന്ത്യയിലെ ഒരു വീട്ടുജോലിക്കാരിക്ക് ഒരു കോർപ്പറേറ്റ് സി.ഇ.ഒ.യുടെ വാർഷിക വരുമാനം ലഭിക്കാൻ ഈ സ്ത്രീ 22 277 വർഷം പണിയെടുക്കണമെന്ന് ! ഒരു സെക്കൻറിൽ 106 രൂപ എന്ന നിലയിൽ സി.ഇ.ഒ. സമ്പാദിക്കുമ്പോൾ വെറും പത്തു മിനിറ്റുകൊണ്ട് വീട്ടുജോലിക്കാരിയുടെ ഒരു വർഷത്തെ വേതനത്തിനൊപ്പമെത്തും. ഇതാണ് പെരുമ്പറയടിക്കുന്ന സബ് കാ സാഥ് സബ് കാ വികാസ്.
ഇന്ത്യയിലെ സ്ത്രീകളെല്ലാം ചേർന്ന് ഒരു ദിവസം പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നത് 326 കോടി മണിക്കൂറാണെന്ന് റിപ്പോർട്ട് പറയുന്നു.ഇതിന്റെ വാർഷിക മൂല്യം കണക്കാക്കിയാൽ 19 ലക്ഷം കോടി രുപ ! അതായത് സ്ത്രീകൾ ഇന്ത്യയിലെ ചൂഷിതരിലെ മഹാ ഭൂരിപക്ഷം എന്നർത്ഥം.
അതോടൊപ്പം അതിസമ്പന്നരിൽ നിന്നുള്ള നികുതി പിരിവ് അങ്ങേയറ്റം അപര്യാപ്തമാണെന്നും ഓക്സ്ഫാം പറയുന്നു.
മാന്ദ്യത്തിന്റെ കെടുതിയൊക്കെ പാവപ്പെട്ടവർക്ക്. ധനികർ വാമനനെപ്പോലെ മാനംമുട്ടെ വളർന്ന് ബാക്കിയെല്ലാവരേയും ചവിട്ടിത്താഴ്ത്തുകയാണ്. ഇതാണ് മോദി പറയുന്ന ന്യു ഇന്ത്യ. ഈ ഒരു ശതമാനത്തിനു വേണ്ടിയാണ് ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിക്കുന്നത്.ഈ ഒരു ശതമാനത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള ബാക്കി 99 ശതമാനത്തിന്റെ പോരാട്ടമാണിന്ന് ഉയരേണ്ടത്.
ഷെല്ലിയുടെ വരികൾ പോലെ
you are many
They are few
വാൽക്കഷണം: ഞാനും ഞാനുമെന്റാളും ആ അറുപത്തിമൂന്നുപേരും പണമരം കൊണ്ടൊരു കപ്പലുണ്ടാക്കിയെന്നാണ് മോദി പാടുന്നത്. 45000 കോടിയുടെ കപ്പൽ അദാനി ഉണ്ടാക്കുന്ന പോലെ.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.