ചില അനുഭവങ്ങളെ മറക്കാൻ മോഹമുണ്ടാകും, മനുഷ്യനെപ്പോലെ ചില നാടുകൾക്കും !

553

MC Abdul Nazar എഴുതുന്നു 

MC Abdul Nazar
MC Abdul Nazar

ഒന്ന് മറക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്ന ചില അനുഭവങ്ങളുണ്ടാവില്ലേ ആർക്കും?വ്യക്തികൾക്ക് മാത്രമല്ല, നാടുകൾക്കുമുണ്ടാവും അങ്ങനെ.
1940 മുതൽ 44 വരെയുള്ള വർഷങ്ങൾ, ഫ്രഞ്ചുകാർ മറക്കാനാഗ്രഹിച്ചിട്ടും കുറ്റബോധത്തോടെ മാത്രം നിരന്തരം ഓർക്കുന്ന കാലമാണ്.
Occupation എന്നാണ് ഫ്രഞ്ച് ചരിത്രത്തിൽ ആ കാലം അടയാളപ്പെട്ടുകിടക്കുന്നത്. അക്കാലത്താണ് ജൂതവിരോധം മുറ്റി നിൽക്കുന്ന ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രം ഫ്രാൻസിനെയും കീഴടക്കിയത്.മാൻഷൽ പെറ്റെയ്ൻ എന്ന മനുഷ്യവിരുദ്ധനായ ഭരണാധികാരി നാടു വാണത്. ഫ്രഞ്ച് ജൂതൻമാർ കൂട്ടം കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് ആട്ടിത്തെളിയ്ക്കപ്പെട്ടത്.

ഏതു ഫ്രാൻസാണെന്നറിയാമോ? മനുഷ്യരാശിക്ക് അത് നിലനിൽക്കുന്നിടത്തോളം കാലം മറക്കാനാവാത്ത, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ സമർപ്പിച്ച ഒരു ധീരജനതയുടെ നാട്; മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും പരമമായ പവിത്രത കല്പിച്ച ദർശനങ്ങൾ പിറന്നു വീണ മണ്ണ്. അവിടെത്തന്നെയാണ് മനുഷ്യവിരുദ്ധതയുടെ അളിഞ്ഞ ചരിത്രം അരങ്ങേറിയത്. ജൂതസഹോദരങ്ങളെ നാടുകടത്താനും തടങ്കൽ പാളയങ്ങളിലയക്കാനും അന്ന് കൂട്ടുനിന്നതിനെക്കുറിച്ചുള്ള കുറ്റബോധം പിന്നീട് ആ നാടിനെ വിട്ടുമാറിയിട്ടില്ല. പിന്നീടുള്ള ഫ്രഞ്ച്സാഹിത്യത്തിലുടനീളം അതിന്റെ കനത്ത നിഴൽ വീണുകിടപ്പുണ്ട്. നോബേൽ ജേതാവായ പാട്രിക് മൊദിയാനോയുടെ എഴുത്തുകളിലെല്ലാം ഈ പോസ്റ്റ് ഒക്യുപേഷൻ കാലത്തെ ആത്മവിചാരണകൾ കാണാം. ആത്മാവിലേറ്റ കറകൾ കഴുകിക്കളയാനുള്ള ഒരു ജനതയുടെ തീവ്രശ്രമം.

പൗരത്വനിഷേധങ്ങളുടേയും ആൾക്കൂട്ടകൊലപാതകങ്ങളുടേയും ദലിത് വേട്ടകളുടേയും വർഗീയമായ ചേരിതിരിക്കലുകളുടേയും കണക്കുകൾ ഇരച്ചു കയറിയ ഒരു കാലത്തിനു ശേഷം ഇന്ത്യയിൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ്.

‘ഇന്ത ഉലകത്തിലേ മനിതർക്കെല്ലാം ഒരേ ജാതി, ഒരേ മതം, ഒരേ കടവുൾ’ എന്നു പ്രഖ്യാപിച്ച ശൈവ-സിദ്ധ ദർശനങ്ങൾ പിറന്നു വീണ മണ്ണിൽ, ആത്മവിചാരണയുടെ നടവഴിയിലെ ആദ്യശില സമ്മതിദാനാവകാശമാണ്.