കാറിൽ ചാരിയതിന് തൊഴിക്കുന്ന ഷിഹാദും ഷൂസിൽ ചവിട്ടിയതിന് തൊഴിക്കുന്ന വസീമും(തല്ലുമാല) തമ്മിൽ വലിയ വ്യത്യാസമില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
228 VIEWS

ആ ചവിട്ട് ശരിക്കും എന്തിൻ്റെ ലക്ഷണമാണ് എന്ന് ആലോചിക്കുകയായിരുന്നു. ഒരൊറ്റച്ച വിട്ടിന്…… എന്ന തുടക്കങ്ങളെ അനുസരിച്ചും പലപ്പോഴും ആഘോഷിച്ചും ശീലമുള്ളവരാണ് നാം. കലിപ്പന്മാരെ തണ്ടിലേറ്റാൻ വെമ്പി നില്ക്കുന്നവർക്ക് ഈ ചവിട്ടും വീരപുരുഷലക്ഷണമായിത്തീരും സംശയിക്കാനൊന്നുമില്ല. തന്നെയുമല്ല കലിപ്പിനെ അന്തം വിട്ട് ആഘോഷിച്ച് നാം തന്നെ ഉണ്ടാക്കിയതു കൂടിയാണ് ഈ ചവിട്ട്.

MC Abdul Nazar എഴുതിയ കുറിപ്പ് 

ആംഗ്രി യംഗ് മാൻ എന്നത് പഴയ ബോളിവുഡ് സിനിമകളുടെ വിജയ ഫോർമുലയായിരുന്നു. അനീതിക്കെതിരെ പ്രതികരിക്കുന്ന ഒറ്റയാൾ നായകന് അമിതാബ് ബച്ചൻ്റെ രൂപമായത് അങ്ങനെയാണ്. നൊബേൽ ജേതാവായ ആന്ദ്രേ ഴീദിൻ്റെ വത്തിക്കാൻ സെല്ലാർസ് (ലെ കേവ് ദെ വത്തിക്കാൻ) എന്ന നോവലിലെ ലാഫ്കാഡിയോ എന്ന കഥാപാത്രത്തെ ഓർക്കുന്നു. ശക്തനാണെങ്കിലും തൻ്റെ ശക്തി കൊണ്ട് ഒന്നും ചെയ്യാനാവുന്നില്ല എന്ന് പരിതപിക്കുന്ന ലാഫ്കാഡിയോ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തൻ്റെ സഹയാത്രികനെ തള്ളി പുറത്തേക്കിടുന്നു. വിശേഷിച്ച് കാരണമൊന്നുമില്ല. ഒരു ശക്തിപ്രകടനം. അയാൾക്ക് ഒരു കുറ്റബോധവും തോന്നിയില്ല.

എണീറ്റു നിൽക്കാൻ ശേഷിയില്ലാത്ത ആ ആറു വയസ്സുകാരൻ കുഞ്ഞിൻ്റെ നടുവിനിട്ട് ചവിട്ടിയതിൽ മുഹമ്മദ് ഷിഹാദിന് കുറ്റബോധം തോന്നിക്കാണുമോ? സ്ത്രീകളിരിക്കുന്ന ആ കാറിനു പുറത്തു വന്ന് കുഞ്ഞിനെ ചവിട്ടിയ ആ നിമിഷത്തിൽ താനൊരു വിജൃംഭിച്ച വീരപുരുഷനാണെന്ന് അയാൾ കരുതിക്കാണുമോ? എന്തിനെയും തട്ടിത്തെറിപ്പിക്കുന്ന ഒരാണ്?ഒരു വൈരുധ്യം ശ്രദ്ധിക്കേണ്ടതാണ്.

ആണത്തപരിവേഷങ്ങൾക്കെതിരെ വലിയ ഉണർവുകളുണ്ടായത് ഇക്കഴിഞ്ഞ പത്തു വർഷങ്ങളിലാണ്. ഇതേകാലത്തു തന്നെയാണ് , എഴുന്നു നിൽക്കുന്ന പുരുഷൻ, രോഷാകുലനാവുന്ന പുരുഷൻ, തുടങ്ങിയ ഇമേജുകൾ ജനപ്രിയമാവുന്നത്. പഴയ ആൻഗ്രി യംഗ് മാൻ കാലഘട്ടത്തിലേതുപോലെ അനീതിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായൊന്നുമല്ല ഈ ജനപ്രിയരോഷം. കലിപ്പൻ എന്ന വാക്ക് ആരാധനയുളവാക്കുന്നത് അയാളുടെ നിരന്തരം പൊട്ടിത്തെറിക്കാനുള്ള ശേഷിയിലാണ്.കാരണത്തിൻ്റെ പേരിലല്ല.

ഇക്കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവുമധികം ഫാൻ ബേസ് നേടിയ ഡോക്ടർ എന്ന മത്സരാർത്ഥിയുടെ ജനപ്രീതി ,നിരന്തരം ക്ഷോഭിച്ചു കൊണ്ടേയിരിക്കുന്ന ആണത്തപ്രകടനങ്ങളുടെ പേരിലായിരുന്നു. സമീപകാലത്ത് വലിയ തോതിൽ സ്വീകരിക്കപ്പെട്ട തല്ലുമാല എന്ന സിനിമയിലെ നായകനായ വസീം നിരന്തരം തല്ലിക്കൊണ്ടിരിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ്? തൻ്റെ ഷൂസ്, തൻ്റെ അറ്റയർ, തൻ്റെ സ്റ്റൈൽ, തൻ്റെ ‘പെണ്ണ് ‘ , ഇങ്ങനെ പോവുന്നു കാരണങ്ങൾ. എതിർപക്ഷത്ത് ഒരു കുഞ്ഞായിപ്പോയി എന്നതൊഴിച്ചാൽ, കാറിൽ ചാരിയതിന് തൊഴിക്കുന്ന ഷിഹാദും ഷൂസിൽ ചവിട്ടിയതിന് തൊഴിക്കുന്ന വസീമും(തല്ലുമാല) തമ്മിൽ വലിയ വ്യത്യാസമില്ല. അഴിമതിക്കും കള്ളക്കടത്തിനും എതിരെയോ, തറവാടിത്തത്തിനുവേണ്ടിയോ തല്ലിയ സുരേഷ് ഗോപി-മോഹൻലാൽ – മമ്മൂട്ടി നായകപരിവേഷത്തിൽ നിന്നു പോലും ഏറെ അകലെയാണ് തന്നിലേക്ക് മാത്രം നോക്കി സ്വയം ഞെരിഞ്ഞു പൊട്ടുന്ന ഈ ആണുങ്ങൾ.

1980കളോടെ ശക്തമായ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വലതുപക്ഷവൽക്കരണത്തിൻ്റെ പശ്ചാത്തലത്തിൽക്കൂടി ഈ യൗവനപ്രവണതയെ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ധർമ്മമൂർത്തിയായ ശ്രീരാമനേയും നിഷ്കളങ്ക ഭക്താഗ്രേസരനായ ഹനൂമാനേയും വരെ മസിൽമാൻമാരും രോഷാകുലരുമാക്കിയത് ഇക്കാലത്തായിരുന്നല്ലോ. ദൈവ സങ്കല്പങ്ങളിലെ ഈ മാറ്റങ്ങളെ പ്രത്യയശാസ്ത്രപരമായി വായിക്കുന്ന അനുരാധാ കപൂറിൻ്റെ പഠനമുണ്ട്.Diety to Crusader: The Changing Iconography of Ram.

ആഗോളതലത്തിലും ശാരീരികഘോഷണങ്ങൾക്ക് ജനപ്രീതി കൂടുകയാണ്. ഇസ്ലാമിക – ക്രിസ്തീയ വംശീയ ഗ്രൂപ്പുകളും വർണ സംഘടനകളും യുവാക്കളെ ആകർഷിക്കുന്നത് ആണത്തപ്രഘോഷണത്തെ മുന്നിൽ വെച്ചു തന്നെയാണ്. തുർക്കിയിലെ എർത്രൂഗൽ പോലുള്ള വെബ് സീരീസുകളെക്കുറിച്ചു വന്ന പഠനങ്ങൾ ഇത് വിശകലനം ചെയ്യുന്നുണ്ട്.

പറഞ്ഞു വന്നത് ഷിഹാദിൻ്റെ ചവിട്ടിനെ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമായി കണ്ടു കൂടാ എന്നു തന്നെയാണ്. കുറ്റബോധമില്ലാത്ത ലാഫ്കാഡിയോമാരുടെ തൊഴിയിലേക്ക് അതിൽ നിന്ന് വലിയ ദൂരമൊന്നുമില്ല. ഒരു കാര്യത്തിൽ അഭിമാനമുണ്ട്. മുഹമ്മദ് ഷിഹാദിനെ അങ്ങനെയങ്ങ് രക്ഷപ്പെട്ടു പോവാൻ തലശ്ശേരിയിലേയും ബാക്കി കേരളത്തിലേയും പൗരസമൂഹം അനുവദിച്ചില്ലല്ലോ. നൈതികതയുടെ ചൂണ്ടുവിരലുകൾ ഇപ്പോഴും ശേഷിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ