അംബേദ്കറെന്ന അയിത്തജാതിക്കാരനൊത്ത് ഒപ്പുവെക്കാനിരുന്നതിൻ്റെ അയിത്തം അങ്ങനെ അവർ ശുദ്ധമാക്കി

52

MC Abdul Nazar

പൂനാ കരാർ എന്തിനു വേണ്ടിയായിരുന്നു എന്നോർമയുണ്ടോ?

1931 ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ ദലിത് സമൂഹത്തിൻ്റെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടി ഡോ.ബി.ആർ.അംബേദ്കർ ഉയർത്തിയ ശക്തമായ വാദങ്ങൾക്കു ശേഷം 1932ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റാം സെ മക്ഡൊണാൾഡ് ഒരു കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പാർലമെൻ്റിൽ നിർബന്ധമായും നിശ്ചിത പ്രാതിനിധ്യമുണ്ടായിരിക്കണമെന്ന് തീരുമാനമായി. ഗാന്ധിജി അതിനെതിരെ നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചു. സത്യാഗ്രഹം നീണ്ടു പോകെ, കടുത്ത സാമൂഹിക സമ്മർദ്ദത്തിനൊടുവിൽ അംബേദ്കർക്ക് ഗാന്ധിയുമായി ഒപ്പിടേണ്ടി വന്ന ഒത്തുതീർപ്പ് കരാറാണ് പൂനാ കരാർ.

പൂനാ കരാറിനു വേണ്ടി ഗാന്ധി മുന്നോട്ടുവെച്ച യുക്തി എന്തായിരുന്നു എന്നോർമയുണ്ടോ?

അടിസ്ഥാനജനവിഭാഗങ്ങളും ഹിന്ദുക്കളാണ്. അവരെ ഞങ്ങൾ ഞങ്ങളുടെ സഹോദരരായി സ്വീകരിക്കും. അതു കൊണ്ട് അവർക്ക് പാർലമെൻ്റിൽ പ്രത്യേക അവകാശം ആവശ്യമില്ല.
ഇനി ഇതു നോക്കൂ.
അന്ന്, ബാബാസാഹേബ് അംബേദ്കറും, ഗാന്ധിജിക്കു വേണ്ടി കരാറിൽ ഒപ്പിട്ട ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുമുൾപ്പെടെ 18 പേരാണ് കരാറിൽ ഒപ്പുവെച്ചത്.അതിനു ശേഷം, അതിൽ ഒപ്പുവെച്ച ഗാന്ധിയൻമാർ ചേർന്ന് ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് മദൻമോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അവർ, തങ്ങൾ നേരത്തേ കരുതി വെച്ചിരുന്ന ഗംഗാജലം, സ്വയം ശരീരത്തിൽ തളിക്കുകയും കുടിക്കുകയും ചെയ്ത് അംബേദ്കർ എന്ന അയിത്തജാതിക്കാരനൊത്ത് ഒപ്പുവെക്കാനിരുന്നതിൻ്റെ അയിത്തം ശുദ്ധമാക്കി.

ഇനി മുകളിൽ കൊടുത്ത ഗാന്ധിയുടെ യുക്തി ഒന്നുകൂടി വായിക്കൂ.
ഓർക്കണം, ഇന്ത്യ അതിൻ്റെ ചരിത്രത്തിലിന്നോളം കണ്ട ഏറ്റവും വലിയ ധിഷണകളിലൊന്നിൻ്റെ , ഡോ.ബി.ആർ.അംബേദ്കറുടെ, സാന്നിധ്യം പങ്കുവെച്ചതിൻ്റെ ശുദ്ധികർമ്മമായിരുന്നു അത്.
ഇന്ത്യയ്ക്ക് സഞ്ചരിക്കേണ്ടത് ഈ തമോഗർത്തങ്ങളിൽ നിന്നാണ്. പ്രകാശത്തിലേക്കുള്ള ആ പാതയുടെ ചരിത്രത്തിൽ ഈ ദിവസത്തിൻ്റെ തിളക്കമുണ്ട്.

ഏപ്രിൽ 14
അംബേദ്കർ ജയന്തി ആശംസകൾ ..
NB : അടിസ്ഥാന ജനവിഭാഗങ്ങൾക്കു വേണ്ടി ശബ്ദിച്ചതിന് കേസെടുക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ ചിന്തകൻമാരിലൊരാളായ ഡോ.ആനന്ദ് തെൽതുംബ്ഡേ അറസ്റ്റ് വരിക്കുന്നത് ഇന്നാണ്.